COVID 19
ഒരായിരം ശവം വീണാൽ അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാമായിരുന്നു എന്ന ചിന്തയുമായി ചിലർ കുത്തിത്തിരിപ്പുമായി ഇറങ്ങിയിട്ടുണ്ട്
ജനീവയിൽ നിന്ന് കേരളത്തിലേയ്ക്ക് എണ്ണായിരം കിലോമീറ്ററോളം ദൂരമുണ്ട്. വർഷത്തിൽ ഒരിക്കലാണ് ഞാൻ വരാറുള്ളത്. വരുമ്പോൾ രണ്ടാഴ്ചയിൽ കൂടുതൽ നിൽക്കാറില്ല.കേരളം വിടുമ്പോൾ എനിക്ക് പതിനേഴ് വയസായിരുന്നു.
247 total views

Deepak Raju (Geneva, switzerland)
ജനീവയിൽ നിന്ന് കേരളത്തിലേയ്ക്ക് എണ്ണായിരം കിലോമീറ്ററോളം ദൂരമുണ്ട്. വർഷത്തിൽ ഒരിക്കലാണ് ഞാൻ വരാറുള്ളത്. വരുമ്പോൾ രണ്ടാഴ്ചയിൽ കൂടുതൽ നിൽക്കാറില്ല.കേരളം വിടുമ്പോൾ എനിക്ക് പതിനേഴ് വയസായിരുന്നു. പിന്നീട് ഒരിക്കലും നാട്ടിൽ വന്ന് ഒരു മാസം പോലും തുടർച്ചയായി നിന്നിട്ടില്ല. കേരളത്തിൽ നിന്ന് പോയ ബഹുഭൂരിപക്ഷം പ്രവാസികളും എന്നെങ്കിലും നാട്ടിൽ തിരിച്ച് വന്ന് സെറ്റിൽ ആകണം എന്ന ആഗ്രഹമുള്ളവരാണ് എന്ന് പറയപ്പെടുന്നു; എനിക്ക് അങ്ങനെയുള്ള പദ്ധതികൾ ഒന്നുമില്ല. നാട്ടിൽ തിരിച്ചു വന്ന് ജീവിക്കുക എന്ന പ്ലാനിൽ വീടോ ഫ്ളാറ്റോ ഒന്നും വാങ്ങിയിട്ടിട്ടില്ല.
ഈ കൊറോണക്കാലത്ത് കേരളത്തിന്റെ നാലിലൊന്ന് ജനസംഖ്യയുള്ള, മുപ്പതിനായിരത്തോളം ആളുകൾ രോഗബാധിതരായിട്ടുള്ള, ആയിരത്തി അഞ്ഞൂറോളം ആളുകൾ ഇതിനകം മരിച്ച ഒരു രാജ്യത്താണ് ഞാൻ ജീവിക്കുന്നത്. പുറത്തിറങ്ങിയിട്ട് ഇപ്പോൾ ഏഴ് ആഴ്ച കഴിഞ്ഞു. എനിക്ക് കൊറോണ വന്നാൽ എണ്ണായിരം കിലോമീറ്റർ അകലെയുള്ള കേരളത്തിലെ സർക്കാർ സൗകര്യങ്ങൾ, അവ വളരെ മികച്ചതാണെങ്കിലും, എനിക്ക് ലഭ്യമാകില്ല. അല്ലെങ്കിൽ തന്നെ, കേരളത്തിലെ ഏതെങ്കിലും ഒരു ആശുപത്രി സന്ദർശിച്ചിട്ട് വർഷം അഞ്ചെങ്കിലും ആയി.
ഇനി കൊറോണ പിടിച്ച് ഞാൻ തട്ടിപ്പോയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബോഡി നാട്ടിൽ എത്തും എന്നുറപ്പില്ല. പക്ഷേ, അതിൽ വ്യക്തിപരമായി പരാതിയില്ല. മരണാന്തര ക്രിയകളിൽ, അവയവദാനം ഒഴികെ വേറെ ദുർവാശികൾ ഒന്നും ഇല്ലാത്ത ആളാണ് ഞാൻ. ഈയൊരു സാഹചര്യത്തിൽ നിൽക്കുമ്പോഴും, കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലും, ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക ഇട്ടിട്ടുണ്ട്. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ, എത്ര ദൂരെ പോയാലും ജനിച്ച് വളർന്ന നാടും അവിടെ ഉള്ളവരും ഒരു വൈകാരികതയാണെന്നേ പറയാനാകൂ.
പറയേണ്ട എന്ന് കരുതിയതാണ്, പറയിപ്പിച്ചതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഒരു പോസ്റ്റ് ഇട്ടപ്പോൾ ഞങ്ങടെ നാട്ടിലെ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവ് ഒരു പോസ്റ്റർ ഇട്ടു. സർക്കാരിന്റെ പ്രധാന വരുമാനം മദ്യവും ലോട്ടറിയും തെണ്ടലും ആണെന്നാണ് ആക്ഷേപം.
കേരള സർക്കാർ മദ്യത്തിൽനിന്നും ലോട്ടറിയിൽനിന്നും വരുമാനം കണ്ടെത്തുന്നത് ഇന്നോ 2016ഇലോ തുടങ്ങിയതല്ല. അത് മാറ്റണോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങൾ ഉണ്ടാകാം. പക്ഷേ, നികുതി വരുമാനം പൂർണമായി ഇല്ലാതാക്കുന്ന ഒരു മഹാമാരിയുടെ നടുവിൽ നിന്നുകൊണ്ട് ഈ വരുമാന സ്രോതസുകൾ വേണ്ടെന്ന് വയ്ക്കാനുള്ള ആഡംബരം കേരളത്തിന് ഉണ്ടെന്ന് തോന്നുന്നില്ല.
പിന്നെ തെണ്ടൽ! കേരള സർക്കാരിന്റെ ഒരു സേവനവും സ്വീകരിക്കാൻ പറ്റാതെ എണ്ണായിരം കിലോമീറ്റർ അകലെയിരുന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക ഞാൻ ഇടുമ്പോൾ, കേരള സർക്കാരിന്റെ എല്ലാ സേവനങ്ങളും സ്വീകരിച്ച് താരതമ്യേന സുരക്ഷിതനായി കഴിയുന്ന നേതാവിന് ദുരിതാശ്വാസ നിധി “തെണ്ടൽ” ആണ്!
ചെന്നിത്തലയും പി.ടി തോമസും ഒക്കെ വാർത്താ സമ്മേളനത്തിൽ വന്ന് കുത്തിത്തിരിപ്പുണ്ടാക്കുമ്പോൾ വലിയ അത്ഭുതം തോന്നാറില്ല. പതിറ്റാണ്ടുകൾ ഗ്രൂപ്പ് കളിച്ചവർക്ക് എന്തും അധികാരക്കസേരയിലേക്കുള്ള വഴിയിൽ ഒരു ചവിട്ടുപടിയോ പ്രതിബന്ധമോ ആണ്. പക്ഷേ, എന്റെ പ്രായം പോലും ഇല്ലാത്ത ഒരു യുവനേതാവ് ഇങ്ങനെ പറയുമ്പോൾ വിഷമമുണ്ട്. ആ പ്രായത്തിൽ പോലും അൽപം ഐഡിയലിസവും സഹജീവികളോട് എംപതിയും ഇല്ലാത്ത മനുഷ്യരുണ്ടോ?
പണം കൊണ്ട് മാത്രം മറികടക്കാവുന്ന ഒരു പ്രതിസന്ധി അല്ല ഇപ്പോഴുള്ളത്. പക്ഷേ, പണമില്ലാതെ ഒട്ടും മറികടക്കാവുന്ന ഒരു പ്രതിസന്ധിയല്ല. ഒരായിരം ശവം വീണാൽ അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാമായിരുന്നു എന്ന ചിന്തയുമായി ചിലർ കുത്തിത്തിരിപ്പുമായി ഇറങ്ങിയിട്ടുണ്ട്. സർക്കാരിന് കിട്ടാവുന്ന പണം എങ്ങനെയും ഇല്ലാതാക്കുക എന്നതും അവരുടെ തന്ത്രങ്ങളിൽ ഒന്നാണ്. മറ്റുള്ളവർ കയ്യയച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് അതിനുള്ള മറുപടി.
248 total views, 1 views today