നമ്മൾ എന്തുകൊണ്ട് ജെ.എൻ.യുവിന്റെ ഒപ്പം നിൽക്കണം? ഇതിനേക്കാൾ അത് വിശദീകരിക്കാനാക്കില്ല

0
367

 

Deepak Pacha

രാമന്തളി ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂടെ പഠിച്ചവരിൽ ബഹുഭൂരിഭാഗവും കൂലി പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും ബസ്സ്‌ പണിക്കാരുടെയും മക്കളായിരുന്നു. ചെറിയ വല്ല സർക്കാർ ജോലിയുമുള്ളവരുടെയും ഗൾഫ് ജോലിക്കാരുടെ മക്കളുമാണ് ക്ലാസ്സിലെ പണവും പത്രാസുമുള്ളവർ. കുഞ്ഞി മംഗലം ഹൈസ്ക്കൂളിൽ എത്തിയപ്പോ കാര്യങ്ങൾ ഇത്തിരി മാറി. സാധാരക്കാരുടെ മക്കളും ഉണ്ട്. പക്ഷേ പകുതിയിലധികം സാമ്പത്തികമായി മുന്നിൽ തന്നെ ഉള്ളവരാണ്. എൻജിനീയറിങ് കോളേജിൽ പഠിക്കുമ്പോൾ കൂലിപണിക്കാരുടെ മക്കൾ ന്യൂനപക്ഷമാണ്. ബാങ്ക് ജീവനക്കാർ, അദ്ധ്യാപകർ ബിസ്‌നസ്സുകാർ, സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ മക്കളാണ് കൂടുതലും. ഐ. ഐ. ടി യിൽ എത്തിയപ്പോ കൂലി പണിക്കാരുടെ മക്കളൊക്കെ അവിടെ അപൂർവങ്ങളിൽ അപൂർവമാണ്. ഉയർന്ന ബിസിനസുകാർ, IAS, IPS അടക്കമുള്ള ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എൻജിനീയർമാർ ഇവരുടെ പിള്ളേരാണ് കൂടുതലും. M.Tech ന് തന്നെ ഓരോ ബാച്ചിലും ഒന്നോ രണ്ടോ പേരാണ് സാധാരക്കാരുടെ മക്കൾ. പിന്നെ BTech, MA ക്കാരുടെ കാര്യം പറയേണ്ടല്ലോ. ഇതിനെയാണ് നമ്മൾ മെറിറ്റോക്രസി എന്ന് കാലങ്ങളായി വിളിച്ചു പോരുന്നത്. പക്ഷേ JNU അങ്ങനെയല്ല. ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാകുമ്പോഴും സാധാരണക്കാരായ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ പാകത്തിലായിരുന്നു അതിന്റെ പ്രവേശനരീതികൾ. ഫീസ് വർധനവും ആ പ്രവേശന മാതൃകയുടെ അട്ടിമറിയും ലക്ഷ്യം വയ്ക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൽ നിന്നും സാധാരണക്കാരനെ അകറ്റി നിർത്തുക എന്നത് തന്നെയാണ്. അതൊരു രാഷ്ട്രീയ കർമ്മ പദ്ധതിയുടെ ഭാഗമാണ്. അതിനാൽ സാധാരണക്കാർ എല്ലാവരും മറ്റെല്ലാ വിയോജിപ്പുകളും മറന്നു JNU വിന്റെ ഒപ്പം നിൽക്കേണ്ട സമയമാണ്. അവർ തെരുവിൽ തല്ലു കൊള്ളുന്നത് നമ്മുടെ കുട്ടികൾക്ക് വേണ്ടി കൂടിയാണ്.