Deepak Raju എഴുതുന്നു 

ഒരു കാശ്മീരി സുഹൃത്തിനോട് സംസാരിച്ച് ഫോൺ വച്ചതേയുള്ളൂ. എന്റെകൂടെ കുറേക്കാലം ജോലി ചെയ്ത അവളിപ്പോൾ ജെർമനിയിലാണ്. ഇന്ന് രാവിലെ അവളുടെ അമ്മയെയും അമ്മയുടെ എൺപത്തി രണ്ടു വയസുള്ള അമ്മായിയേയും അറസ്റ്റ് ചെയ്തു എന്ന വാർത്ത വന്നിട്ടുണ്ട്. അറസ്റ്റിലായത് പതിനഞ്ച് സ്ത്രീകളാണ്. പലരും എൺപതോ അതിൽ കൂടുതലോ പ്രായമുള്ള, നടക്കാൻ വടികുത്തേണ്ടവർ. നാൽപത് പോലീസുകാർ ചേർന്ന് ഈ പതിനഞ്ച് സ്ത്രീകളെ പിടിച്ചു വലിച്ച് ജയിലിലാക്കിയിട്ടുണ്ട്. ഇവരാരും വിഘടനവാദികളൊന്നുമല്ല. ഇതിൽ ഒരു സ്ത്രീ മുൻ ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യയാണ്.

സ്വന്തം അമ്മയെ അറസ്റ്റ് ചെയ്ത വിവരം എൻ്റെ സുഹൃത്ത് അറിഞ്ഞത് ടിവിയിൽ കണ്ട ഒരാൾ വിളിച്ച് പറഞ്ഞപ്പോഴാണ് (വീഡിയോ താഴെ കമന്റിൽ ഉണ്ട്). ഡൽഹിയിൽ താമസിക്കുന്ന അവളുടെ ആങ്ങള കാശ്മീരിലേക്ക് പോയിട്ടുണ്ട്. കാശ്മീരിൽ എത്തിയതിൽപ്പിന്നെ അയാളെ ബന്ധപ്പെടാനും വഴിയൊന്നുമില്ല.എങ്ങനുണ്ട് “സബ് കുച്ച് ടീക്ക്”? ഇങ്ങനത്തെ “നോർമൽസി” രാജ്യം മുഴുവൻ വ്യാപിപ്പിക്കട്ടേ? എന്തിനാണ് മധ്യവയസ്കരും വൃദ്ധരുമായ ഈ പതിനഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തത്? ഒരു പാർക്കിൽ “മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക” എന്നെഴുതിയ പ്ലക്കാർഡുമായി ഇരുന്നതിന്.

ആർട്ടിക്കിൾ 370ന്റെ പ്രശ്നം എന്തായിരുന്നു? ഇന്ത്യൻ ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും കാശ്മീരിന് ബാധകമല്ല എന്ന് പറഞ്ഞത്. ഇപ്പൊ ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും കാശ്മീരിൽ ബാധകമാണോ? അതിൽ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന മൂന്നാം ഭാഗം പെടുമോ? പെടുമെങ്കിൽ ആ പാർട്ടിൽ പറഞ്ഞ മൗലികാവകാശങ്ങൾ ഉറപ്പു വരുത്തണം എന്ന് പറയുന്ന പ്ലക്കാർഡ് പിടിച്ചതിന് പതിനഞ്ച് സ്ത്രീകളെ ജയിലിൽ അടച്ചത് എന്തിനാണ് ? ഇതിനൊക്കെ കയ്യടിക്കുന്നവർ ഓർക്കുക. മൂവായിരത്തി എഴുനൂറ് കിലോമീറ്റർ വലിയ ദൂരമൊന്നുമല്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.