നിനക്കത് മനസ്സിലാവില്ല, അവർ എന്റെ അച്ഛനെ എന്റെ മുന്നിലിട്ട് കത്തിച്ചു

480

ദീപക് ശങ്കരനാരായണൻ എഴുതുന്നു

അയാളും ഞാനും ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു അക്കാലത്ത്. 2003-2004 കാലം. പേര്‌ പറയുന്നില്ല. തൽക്കാലം സലിം എന്ന് വിളിക്കാം.

അയാൾ ആരോടും സംസാരിക്കില്ല. ചെയ്യാനുള്ള പണി വൃത്തിയായി ചെയ്യും. മീറ്റിങുകളിൽ ഒന്നും മിണ്ടില്ല, അത് ആവശ്യപ്പെടുന്ന സമയത്തുപോലും. ഇരുന്ന് കുറിപ്പെടുത്തുകൊണ്ടിരിക്കും. വല്ലപ്പോഴും വളരെ കാര്യമാത്രപ്രസക്തമായി രാജ്ഞിയുടെ ഇംഗ്ലീഷിൽ ഒന്നോ രണ്ടോ വാചകം. രീതികളിലും പെരുമാറ്റത്തിലും ഒക്കെ പരിശീലനം സിദ്ധിച്ച എറ്റിക്വിറ്റ് വ്യക്തമായി കാണാം.

ദീപക് ശങ്കരനാരായണൻ
ദീപക് ശങ്കരനാരായണൻ

പാതിരാത്രി വരെ ഞങ്ങൾ രണ്ടുപേരും ഓഫീസിൽ കാണും. മിക്കവാരും വേറെ ആരും കാണുകയുമില്ല. മിണ്ടാതിരിക്കൽ അസഹ്യമായപ്പോൾ അന്നത്തെ ചെറുപ്പത്തിന്റെ ധൈര്യത്തിന്‌ ഞാൻ കേറി പറഞ്ഞു. വല്ലപ്പോഴും സംസാരിച്ചുകൂടേ, നമ്മൾ ഒരുമിച്ച് ജോലി ചെയ്യുന്നതല്ലേ എന്ന്.

“You don’t get it, man. They burned my father in front of me. I couldn’t, or rather I am such a coward to, budge an inch. It was my appearance which saved me.

It’s not the mere pain, I may overcome that at some point. My silence is the guilt of being alive”

(“നിനക്കത് മനസ്സിലാവില്ല. അവർ എന്റെ അച്ഛനെ എന്റെ മുന്നിലിട്ട് കത്തിച്ചു. എനിക്ക അനങ്ങാൻ കഴിഞ്ഞില്ല, അഥവാ അനങ്ങാതിരിക്കാൻ മാത്രം ഭീരുവായിരുന്നു ഞാൻ. എന്റെ രൂപവും രീതികളും ആണ്‌ എന്നെ അവരുടെ കണ്ണിൽനിന്ന് രക്ഷിച്ചത്.

വേദന മാത്രമല്ല, അത് ഞാനെന്നെങ്കിലും മറികടന്നേക്കാം. ജീവിച്ചിരിക്കുന്നതിലെ കുറ്റബോധമാണ്‌ എന്റെ നിശ്ശബ്ദത”)

ഗുജറാത്ത് കലാപത്തിന്‌ ശേഷം ഏതാണ്ട് രണ്ടുവർഷം കഴിഞ്ഞിരുന്നു.

************
അവിടെനിന്ന് പോന്നശേഷം ഞാൻ സലീമിനെ എവിടെയും കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിലോ പ്രൊഫഷണൽ നെറ്റ്‌‌വർക്ക് സൈറ്റുകളിലോ സലീം ഇല്ല. കുറ്റബോധത്തിൽ അയാൾ സ്വയം നഷ്ടപ്പെട്ടുകാണില്ല എന്ന് ആശിക്കാനേ എനിക്ക് സാധിക്കൂ.