അഭിനേതാക്കളിൽ മാത്രം ആശ്രയിച്ചുനിൽക്കാതെ ഉണ്ടാക്കുന്ന സിനിമകൾ /സീനുകൾ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉറപ്പായും എത്തിക്കുമെന്നതിന്റെ ഉദാഹരണങ്ങൾ

76

Deepak Vijayan Kaliparambil

സോളമന് സോഫിയയെ ഇഷ്ടമാണ്.ചെറിയ ഒരു ചമ്മലോടെ ചെന്ന് ഇഷ്ടമാണെന്ന് പറയുകയോ,അല്ലെങ്കിൽ ഒരു മാസ് ഹീറോയിസം കാണിച്ചു, തിരിച്ചു ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കുകയോ സോളമൻ ചെയ്യുമായിരിക്കും എന്നാണ് സാധാരണ ഗതിയിൽ ഒരു പ്രേക്ഷകൻ ചിന്തിക്കുക. കാരണം അങ്ങനെയായിരുന്നു നമ്മള് അതുവരെ കണ്ടു പരിചയിച്ച പ്രൊപോസൽ സീനുകൾ. എന്നാൽ സോളമൻ സോഫിയയോട് കുശലം ചോദിക്കാൻ ചെല്ലുകയും, സംസാരം സോളമന്റെ മുന്തിരിത്തോപ്പുകളിലേക്കും, അവിടെ നിന്നു ബൈബിളിലെ സോങ് ഓഫ് സോങ്‌സിലേ അതിമനോഹരമായ ഒരു ഭാഗം, സോളമൻ പാതിപറഞ്ഞു അവസാനിപിക്കുന്നിടത്തേക്കും…. അതിന്റെ ബാക്കി അറിയാൻ , സോഫിയ ആകാംഷയോടെ ഓടിപോയി ബൈബിൾ തുറന്നു അതിന്റെ ബാക്കി കണ്ടുപിടിക്കുകയും സോളമനിലെ കാമുകനെ കണ്ടെത്തുകയും ചെയ്യുമ്പോൾ സോഫിയയിലെന്ന പോലെ പ്രേക്ഷകനിലും കൗതുകം ജനിക്കുന്നുണ്ട് .

All Time Favorites - NAMUKKU PARKKAN MUNTHIRI THOPPUKALനമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ.. ഇറങ്ങി ഇരുപത്തഞ്ചു വര്ഷമെങ്കിലും കഴിഞ്ഞിട്ടായിരിക്കണം ഞാനിത് കാണുന്നത്. എന്നിട്ടും ഈ ഒരു രംഗം എന്നെ വല്ലാണ്ട് ആകർഷിച്ചിരുന്നു. അതുവരെ കണ്ടിരുന്ന എല്ലാ പ്രൊപോസൽ സീനുകളെയും മറവിയിലേക്ക് തള്ളിവിടാൻ ഈ ഒരു സീൻ ധാരാളമായിരുന്നു.

സുഖമോ ദേവി എന്ന സിനിമയിൽ,സണ്ണി (മോഹൻലാലിന്റെ കഥാപാത്രം) മരിച്ചതിറിഞ്ഞു, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വീട്ടിലോട്ട് വന്ന് കയറുന്ന ഒരു സീനുണ്ട്. അവിടെ കൂടി നിൽക്കുന്നവരോടെല്ലാം ഒന്ന് നോക്കി പുഞ്ചിരിച്ചു, സണ്ണിയുടെ കൂട്ടുകാരോട് കുശലമന്വേഷിച്ചു, ഒരു സിഗരറ്റെടുത്തു കഷ്ടപ്പെട്ട് വലിക്കാൻ ശ്രമിക്കുന്ന ഒരു സീൻ.
കാണുന്ന പ്രേക്ഷകന്റെ കൂടി ഉള്ളുരുകി പോകുന്ന ഒരു സീൻ ആയിരുന്നു ഇത്.
സണ്ണി, എന്ന അതുല്യ പ്രതിഭയുടെ പ്രകടനം എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. പക്ഷെ അഭിനേതാക്കളുടെ മാസ്മരിക പ്രകടനം മാത്രമായിരുന്നില്ല ഇത്തരം സീനുകളെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റിയിരുന്നത്. അതില് ഒരു സംവിധായകന്റെ /തിരക്കഥാകൃത്തിന്റെ കയ്യൊപ്പുകൂടി, ആ സീനുകളിൽ പതിഞ്ഞിരുന്നു.
മറ്റൊരു ഉദാഹരണം കൂടി പറയാം

വരണ്ട ഒരു പ്രദേശം കാണിക്കാൻ, സാധാരണ സിനിമാക്കാർ ആശ്രയിക്കാറ്, കള്ളിമുൾ ചെടികളെയും, വരണ്ട പാടത്തെയും, മരുപ്രദേശത്തെയുമൊക്കെയാണ്. പക്ഷെ അഞ്ഞൂറുമീറ്ററോളം അകലെയുള്ള ഒരു കിണറിൽ നിന്ന് രണ്ടുബക്കറ്റിലും വെള്ളമെടുത്തു പൊരിവെയിലത് എന്തൊക്കെയോ സംസാരിച്ചു കിതച്ചുകൊണ്ട് നടന്നു വരുന്ന കള്ളനെയും പോലീസിനെയും പ്രേക്ഷകർ അത്രപെട്ടെന്നൊന്നും മറക്കാനിടയില്ല.

കുമ്പളങ്ങിയിൽ… ബോബി, സജിയോട് സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങുന്നതിനു തൊട്ടുമുൻപ് ആ ഫാൻ ഓൺ ചെയ്യുന്നത്, അതിനുള്ള സജിയുടെ അപ്രതീക്ഷിത മറുപടി, അതൊക്കെ ഇത്തരത്തിലുള്ള സീനുകൾക്ക് ഉദാഹരണമാണ്.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, അഭിനേതാക്കളുടെ മികച്ച പ്രകടനവും, മികച്ച കഥയും ഒന്നും, ഒരു സിനിമക്ക് മികച്ച cinema എന്ന ലേബൽ ചാർത്തികൊടുക്കുമോ എന്ന് ഞാൻ സംശയിക്കുന്നുണ്ട് . പകരം മുൻമാതൃകകളെ പിന്തുടരാതെ, അഭിനേതാക്കളിൽ മാത്രം ആശ്രയിച്ചുനിൽക്കാതെ ഉണ്ടാക്കുന്ന സിനിമകൾ /സീനുകൾ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉറപ്പായും എത്തിക്കുക തന്നെ ചെയ്യും.