ദീപൻ വെളമ്പത്ത്
‘ ഞാൻ സ്വന്തം കാലിൽ നിൽക്കുന്നു ‘ എന്ന് അഭിമാനത്തോടെ പറയുന്നവരേ, ഞാനൊന്ന് പറയട്ടെ.
ഇന്നലെ രാവിലെ എണീറ്റത് മുതൽ ഇന്ന് രാവിലെ എണീക്കുന്നത് വരെയുള്ള ഇരുപത്തിനാല് മണിക്കൂർ ജീവിക്കാൻ ഞാൻ ആരെയൊക്കെ ആശ്രയിച്ചു എന്നൊന്ന് ആലോചിച്ചുനോക്കിയപ്പോൾ ഭൂമിയിലെ ജീവികളിൽ ഏറ്റവും വലിയ പരാദമാണീ ഞാൻ എന്നൊരു ബോധമാണുണ്ടായത്.
രാവിലെ എണീറ്റ് പല്ലു തേക്കൽ കർമ്മത്തിനായി കയ്യിലെടുത്ത ബ്രഷ്, പേസ്റ്റ്, നാക്കു വടിക്കുന്ന ഉപകരണം എന്നിവയെല്ലാം ആരൊക്കെയോ ഉണ്ടാക്കിയത്. വെള്ളം കനിയാനുള്ള കിണർ ആരോ പണിതത്. അതിൽ നിന്നും കയ്യിൽ വെള്ളം കയ്യിലെത്താൻ കാരണമായ മോട്ടോർ, പൈപ്പ്, വൈദ്യുതി, ടാങ്ക് ഇതൊക്കെ പരസഹായം കൊണ്ടു മാത്രം .
അടുത്തത് പാചകം. അരി, പച്ചക്കറികൾ, എണ്ണ, ഇത്യാദിയും പിന്നെ അടുക്കള, പാത്രങ്ങൾ, അടുപ്പ്, ഗ്യാസ്, ഇതൊക്കെ വേറാരോ ഉണ്ടാക്കിയത്.
കുളിക്കാൻ പോയതോർത്തപ്പോൾ – കുളിമുറി, തോർത്തുമുണ്ട്, സോപ്പ്, ബക്കറ്റ്, ( വെള്ളം വരുന്ന വഴി മുൻപ് പറഞ്ഞു ) അതും ആരുടെയൊക്കെയോ കർമ്മത്താൽ ഉണ്ടായത്.
പണിക്ക് പോകാനൊരുക്കം : വസ്ത്രം, ഇസ്തിരിപ്പെട്ടി, മുടി ചീകാനുള്ള സോപ്പ്, ഷേവ് ചെയ്യാനുള്ള ബ്ലേഡ്, അതു ഘടിപ്പിക്കുന്ന ഉപകരണം, ബാഗ്, പാദരക്ഷ, വാഹനം, ഇതും ആരുടെയോ കൈകളാൽ നിർമ്മിക്കപ്പെട്ടത്.
വീട്ടിൽ നിന്നും ഇറങ്ങുന്നത് വരെ വാർത്തയും പാട്ടും കേട്ട റേഡിയോ ആരുടെയൊക്കെയോ കൈകളാൽ രൂപപ്പെട്ടത്.
സ്ഥിരമായി കൊണ്ടുനടക്കുന്ന മൊബൈൽ, പേന, ഇതൊക്കെയും ആരൊക്കെയാലോ ഉണ്ടാക്കപ്പെട്ടത്. താമസിക്കുന്ന വീടും അതിനകത്തെ സംഘ ഉപകരണങ്ങളും ഉറങ്ങാനായുള്ള കട്ടിലും കിടക്കയും തലയിണയും ഞാനുണ്ടാക്കിയതല്ല. അങ്ങനെ നമ്മൾ എന്തൊക്കെ ഈ ഭൂമിയിൽ അനുഭവിക്കുന്നോ അതെല്ലാം മറ്റാരുടെയോ സൃഷ്ടിയാണ്. ചുരുക്കത്തിൽ മറ്റുള്ളവരുടെ അധ്വാനത്താലും മറ്റുള്ളവരെ ആശ്രയിച്ചും അധിനിവേശിച്ചും, ചൂഷണം ചെയ്തും ജീവിതം ആസ്വദിക്കുന്ന ഒരു പരാദമാണ് മനുഷ്യവർഗ്ഗം. മനുഷ്യവർഗ്ഗത്തിൽത്തന്നെ ഏറ്റവും പണക്കാരാണ് ഏറ്റവുമധികം ആശ്രിതരും ചൂഷകരുമായി ആർഭാടമായി ജീവിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ഭൂമിയിലെ ജീവഗണങ്ങളിൽ ഏറ്റവും വില കുറഞ്ഞവർ അവരാണ്.
എന്നാൽ സ്വയം ചെയ്യുന്നതിൽ നിന്നോ , സ്വയം സൃഷ്ടിച്ചതിൽ നിന്നോ നമ്മളോരോരുത്തരും അനുഭവിക്കുന്നതെന്തൊക്കെയെന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്തുക ദുഷ്കരം തന്നെ. അൽപ്പംകൂടി ആഴത്തിൽ ചിന്തിച്ചാൽ നമ്മൾ അധ്വാനിക്കുന്നതിന്റെ ഫലം ഏതാണ്ട് മുഴുവനും അനുഭവിക്കുന്നത് മറ്റുള്ളവരാണ് എന്നർത്ഥം. ഇതിനു ചെറിയൊരു അപവാദം കർഷകൻ മാത്രമാണ്. സൗജന്യമായി കിട്ടുന്ന അടിസ്ഥാനാവശ്യങ്ങളായ വായു, വെള്ളം എന്നിവ കഴിഞ്ഞാൽ വേണ്ട അദ്ദേഹത്തിന് വേണ്ട ഭക്ഷണത്തിന്റെ ഒരു ഭാഗം ( പലപ്പോഴും ഒരു ഭാഗം മാത്രം) സ്വയം ഉത്പാദിപ്പിക്കുന്നു.
സത്യത്തിൽ ഈ ഭൂമിയിൽ ആരെയും ആശ്രയിക്കാതെ ഒരാൾക്കും ജീവിക്കാനാവില്ല. ഇത്രയധികം പരാശ്രയരായ നമ്മൾ ജീവിക്കാനായി ഈ ലോകത്തിലെ എല്ലാ സമൂഹവുമായും ബന്ധിതരാണ് എന്നോർക്കാം. എല്ലാർക്കും എല്ലാരേയും പ്രത്യക്ഷമായോ പരോക്ഷമായോ ജീവിതത്തിലെ പല ഘട്ടങ്ങളിൽ ആശ്രയിക്കേണ്ടതായി വരും. എന്നിട്ടും നമുക്കിടയിൽ അഹങ്കാരത്തിനും ദുരഭിമാനത്തിനും പോരാട്ടങ്ങൾക്കും ഒരു കുറവുമില്ലല്ലോ !!!
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.