ചിലർ പുസ്തകങ്ങൾ വായിക്കാനല്ല, പുസ്തകങ്ങൾ ആവാൻ വേണ്ടിയുള്ളവരാണ്

337

ദീപേഷ് ദേവി എഴുതുന്നു

സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും എന്നാൽ അങ്ങനെ പ്രവർത്തിക്കാൻ തയ്യാറാത്തവരുടെ നാടാണ് നമ്മുടേതെന്ന് സധൈര്യം പറയാൻ തയാറായ കായിക താരമാണ് പി വി സിന്ധു.

അതേ പെൺകുട്ടിയാണ് മി ടൂ ക്യാംപയിനേ പിന്തുണച്ച്, പെൺകുട്ടികൾ, സ്ത്രീകൾ ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത് നല്ലതാണെന്നും നമ്മൾക്ക് അവരെ പിന്തുണക്കാം എന്നും ആഹ്വാനം ചെയ്തത് . ( നമ്മൾ മലയാളികൾ അപ്പൊൾ, കേരളത്തിലെ സ്ത്രീ പക്ഷ പ്രവർത്തകരെ ഫെമിനിച്ചി പട്ടം നൽകി ആദരിക്കുന്ന തിരക്കിൽ ആയിരുന്നു)

അവള് തന്നെയാണ് സെക്ഷ്വൽ ഹാറസ്മെന്റ് ഇസ് നോട്ട് ഒൺലി അബൗട് സെക്സ് , ബട്ട്‌ ഇട്സ് എബൗട് ഫിസിക്കൽ ആൻഡ് മെന്റൽ അറ്റാക്ക് എന്ന് അർത്ഥശങ്കക്ക്‌ ഇടയില്ലാത്ത വിധം വ്യക്തമാക്കിയത്.

അതേ, ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്രയിലും തൻറെ ചുറ്റുമുള്ള സാമൂഹ്യ യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് ആണവൾ മുന്നേറിയത്..

ഫൈനലിലെ തുടർച്ചയായ തോൽവികൾ
തലയ്ക്ക് പകരം ഹൃദയം കൊണ്ട് കളിക്കുന്നവൾ എന്ന് ‘പേര് ദോഷം ‘ നൽകിയിരുന്നു സിന്ധുവിന്. ചിര വൈരി ആയ ഒക്കു ഹാരയ്ക്കെതിരെ 21-7, 21-7 എന്ന ഏകപക്ഷീയ വിജയം ആ നല്ല ഹൃദയത്തിന്റെ വിജയം കൂടിയാണ്.

ഇപ്പോഴും ശുചിമുറി ഇല്ലാത്ത വീട്ടിലേക്ക് വിവാഹം കഴിച്ചു പോവാൻ തയ്യാറാവരുത് എന്ന് കോടികണക്കിന് രൂപ മുടക്കി പരസ്യം നൽകേണ്ടി വരുന്ന ഒരു രാജ്യത്തിന്റെ പ്രതിനിധിയാണ് സിന്ധു.
അത് കൊണ്ട് തന്നെ,
ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന കായിക താ രങ്ങളിൽ ഒരാളായി ഇന്ത്യൻ ആൺ- പെൺ വേതന വ്യത്യാസത്തെ മറികടക്കുന്നത് കാണുന്നത് നമ്മെ സന്തോഷിപ്പിക്കണം.

കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായി ഇൗ പെണ്ണ് മാറിയെന്ന് അഭിമാനത്തോടെ പറയാൻ കഴിയണം..

പണ്ട് സൈനയോടൊപ്പം ഒരു അഭിമുഖത്തിൽ ഇഷ്ട്ടപെട്ട പുസ്തകം ഏതെന്ന് ചോദിച്ചപ്പോൾ സിന്ധു പറഞ്ഞ മറുപടി ഐ ഡോണ്ട് റീഡ് ബുക്സ് എന്നാണ്. ഫിലാന്ത്രോപിസ്റ്റ് എന്ന് വികിപീഡിയ എഴുതി വെച്ചിരിക്കുന്ന സൈനയുടെ അടുത്തിരുന്നാണ് സിന്ധു ഇത് പറഞ്ഞത്. അതെ, ചിലർ പുസ്തകങ്ങൾ വായിക്കാനല്ല, പുസ്തകങ്ങൾ ആവാൻ വേണ്ടിയുള്ളവരാണ്.–