interesting
നിങ്ങളിൽ ഇരട്ടപ്പേരില്ലാത്തവർ ഈ പോസ്റ്റ് വായിക്കേണ്ടതില്ല, കാരണം നിങ്ങൾ ഈ സമൂഹത്തിൽ ജീവിച്ചിരുന്നിട്ടില്ല
നിങ്ങൾ, നിങ്ങളുടെ വിവാഹ റിസപ്ഷൻ ഹാളിൽ സുന്ദരിയായ ഭാര്യയുമൊന്നിച്ച് സിംഹാസനം പോലുള്ള കസേരയിൽ, രാജാവിനെപ്പോലെ വസ്ത്രധാരണം ചെയ്ത്, പുതിയ
812 total views

Deepesh Raj S
നിങ്ങളിൽ ഇരട്ടപ്പേരില്ലാത്തവർ ഈ പോസ്റ്റ് വായിക്കേണ്ടതില്ല, കാരണം നിങ്ങൾ ഈ സമൂഹത്തിൽ ജീവിച്ചിരുന്നിട്ടില്ല.
നിങ്ങൾ, നിങ്ങളുടെ വിവാഹ റിസപ്ഷൻ ഹാളിൽ സുന്ദരിയായ ഭാര്യയുമൊന്നിച്ച് സിംഹാസനം പോലുള്ള കസേരയിൽ, രാജാവിനെപ്പോലെ വസ്ത്രധാരണം ചെയ്ത്, പുതിയ ബന്ധുക്കളോടൊപ്പം ഫോട്ടോ ഒക്കെ എടുത്ത് ഇങ്ങനെ ഇരിക്കുകയാണ്, അപ്പോഴാണ് നിങ്ങളുടെ ആത്മമിത്രങ്ങൾ (ചങ്ക് ബ്രോകൾ ) കടന്നു വരുന്നത്, അപകടം മണത്ത നിങ്ങൾ തലപ്പാവ് ഊരിവെച്ച് അവരുടരികിലേക്ക് ചെല്ലുകയും ദയവ് ചെയ്ത് ‘ആ പേര് ‘ വിളിക്കരുതെന്നപേക്ഷിക്കുകയും അവരുമായി ഒരു ഒത്തുതീർപ്പിന് തയ്യാറായി ഒരു രണ്ടായിരത്തിന്റെ നോട്ട് നല്കുകയും ചെയ്യുന്നു. സീനുകൾ സിറ്റുവേഷൻസ് ഒക്കെ പലതാകാം.., പക്ഷേ നിങ്ങൾ ആരും വിളിക്കരുതേയെന്നും , ആരും കേൾക്കരുതേയെന്നുമാഗ്രഹിച്ച ആ പേര് നിങ്ങളുടെ ഇരട്ടപ്പേരാണ് . ഇരട്ടപ്പേരിനെ ഗൃഹാതുര സ്മരണയായും പേടിസ്വപ്നമായുമൊക്കെ കൊണ്ടുനടക്കുന്ന നിരവധിയാളുകളുണ്ട്.
സമൂഹം നമുക്ക് നല്കുന്ന ചെല്ലപ്പേരാണത്, നമ്മുടെ കുറ്റങ്ങളോ കുറവുകളോ സാദൃശ്യങ്ങളോയൊക്കെ സൂഷ്മമായി വിലയിരുത്തി വളരെ വിദഗ്ദ്ധമായാണ് അവരത് നിർവ്വഹിക്കുന്നത്. എല്ലാ സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും നാട്ടിൽപുറങ്ങളിലുമെല്ലാം ഇരട്ടപ്പേരിടുന്നതിൽ ഡോക്ടറേറ്റ് നേടിയ ചിലരുണ്ടാകും. ഇരട്ടപ്പേരിടുന്നവർക്കും വിളിക്കുന്നവർക്കുമൊന്നും വലിയ പൊളിറ്റിക്കൽ കറക്ട്നസ് ഒന്നുമില്ലാത്തതുകൊണ്ട് കൂടുതലും വണ്ണമുള്ളവരും മെലിഞ്ഞവരും കഷണ്ടിയുള്ളവരും നീളം കുറഞ്ഞവരും കറുത്തവരുമൊക്കെ ഇരട്ടപ്പേര് വിളികേട്ട് അപമാനപ്പെട്ടുകൊണ്ടേയിരിക്കും.
“എസ് . ഐ സോമനെ പൊട്ടക്കിണറ്റിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി ആടുതോമ.., ആടുതോമ ”
കോടതി വരാന്തയിൽ നിന്നാൽ ഇത്തരം ആടുതോമാമാരെയും ഓന്ത് ഗോപാലൻമാരെയുമൊക്കെ നിരവധി കാണാൻ കഴിയും. മൃഗങ്ങളുടെയോ പക്ഷികളുടെയോ എന്തിനേറെ ഉരഗങ്ങളുടെയും ഷഡ്പദങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും ഫല,ധാന്യ,കിഴങ്ങ് വർഗങ്ങളുടെയുമൊക്കെ പേരുവരെ ചേർത്തിട്ട ഇരട്ടപ്പേരുകളുണ്ട്!!
കൊതുക് നാണപ്പൻ,
മൂർഖൻ സുരേഷ്,
കാള മോഹനൻ,
ഈച്ച വാസു, ചക്ക ഗണേശ്, കാച്ചിൽ സുമേഷ്, സുനാമി സുജിത്.. അങ്ങനെ ആ നിര നീണ്ട് പോകും.
പുരാണത്തിലെ പേരുകൾക്കും, സിനിമകളിലെ പേരുകൾക്കും ചിത്രകഥകളിലെപ്പേരുകൾക്കുമൊക്കെ ഇരട്ടപ്പേര് മാർക്കറ്റിൽ വൻ ഡിമാൻഡാണ്, അതുകൊണ്ടാണ് നമുക്കിടയിൽ ഡ്രാക്കുളമാരും ലുട്ടാപ്പിമാരും ഡാകിനിമാരും അസുരൻമാരുമൊക്കെ ജീവിക്കുന്നത്. 90 വയസു കഴിഞ്ഞ കട്ടിക്കണ്ണട ധരിക്കുന്ന ഒരു അമ്മൂമ്മയുടെ ഇരട്ടപ്പേര് ‘പ്രഡേറ്റർ’ എന്നാണ്.
വട്ടപ്പേരില്ലാത്ത കള്ളൻമാർ കാണില്ല, മീശമാധവനെപ്പോലെ വട്ടപ്പേരിൽ മാത്രമായിരിക്കും അവർ അറിയപ്പെടുന്നത്. ചിലർക്ക് രാജ്യമാണിക്യത്തെപ്പോലെ പല സ്ഥലങ്ങളിൽ പല കാലങ്ങളിൽ പല പേരായിരിക്കും.നിങ്ങൾ ഒരു അദ്ധ്യാപകൻ / അദ്ധ്യാപികയാണെങ്കിൽ നിങ്ങൾ എത്ര മസിലുപിടിച്ചിട്ടോ എത്ര കോൺഷ്യസായിട്ടോ ഒരു കാര്യവുമില്ല കുട്ടികൾ നിങ്ങൾക്കൊരു പേരിട്ടിരിക്കും, മിക്കവാറും ആ പേര് കേൾക്കുന്ന മാത്രയിൽ, അല്ലെങ്കിൽ അറിയാനിടയാകുന്ന നിമിഷത്തിൽ ജനിക്കേണ്ടിയിരുന്നില്ല എന്ന് തന്നെ നിങ്ങൾക്ക് തോന്നിപ്പോകും. സ്കൂൾ കാലഘട്ടത്തിൽ അദ്ധ്യാപകരെ വിളിച്ചിരുന്ന പേരുകളൊന്നും പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാൽ ഇവിടെ എഴുതുന്നില്ല.
പറഞ്ഞ് വരുന്നതിതാണ്, ഇരട്ടപ്പേരില്ല എന്ന് ആത്മാർത്ഥമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ മസിലൊക്കെവിട്ട് വെറുതെ സുഹൃത്തുക്കളോടൊ അയലത്തുകാരോടോ സഹപ്രവർത്തകരോടോ വിദ്യാർത്ഥികളോടോ മക്കളോടൊ ഭാര്യയോടോ ഒക്കെ ഒന്നു ചോദിക്കുക.
” എന്താണ് എന്റെ ഇരട്ടപ്പേരെന്ന് ?
813 total views, 1 views today