വിവാഹത്തെ കുറിച്ച് വീട്ടുകാർ ഗൗരവമായി സംസാരിച്ചു തുടങ്ങുമ്പോൾ ആവശ്യപ്പെട്ട പ്രധാനകാര്യം

349

Deepthi Js

സർവ്വാഭരണവിഭൂഷിതയായി നില്ക്കുന്ന പെണ്ണ്.
ചുറ്റിനും അപരിചിതരാൽ വളയപ്പെട്ടിരിക്കുന്നു. കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള എല്ലാ തരം മനുഷ്യരുമുണ്ട്.അവരുടെയെല്ലാം മദ്ധ്യത്തിൽ ആണ് ആ പെണ്ണ്‌.വായ് മൂടിക്കെട്ടി, കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച്..
അവളുടെ വിചാരണ ദിവസം ആണ്.

“തലമുടി ഒരിഞ്ച് നീളം കൂടി വേണമായിരുന്നു..”
“നിറം കുറവാണ്”
“പൊക്കം കൂടുതലാണ്.”
“ആഭരണങ്ങൾ മുക്കുപണ്ടം ആകും.”
“ആ സാരിയുടെ നിറം അവൾക്ക് ചേരുന്നില്ല.”
“അയ്യേ,മൂക്ക് പരന്നിട്ടാണ്.”
” ലിപ്സ്റ്റിക് കൂടിപ്പോയി”
………..
പിന്നെയും തുടരുകയാണ്. നേരിട്ടും അല്ലാതെയും.ചിരിച്ചുകൊണ്ടും മുഖം കറുപ്പിച്ചും…..

പെണ്ണ്‌..!!!!!

അവൾ ആൾക്കൂട്ട വിചാരണയ്ക്ക് മുന്നിൽ,മുഖം കുനിച്ച്, നിശബ്ദയായി…..
*****************(

ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭയാനകമായ സ്വപ്നമായിരുന്നോ അത്.
ഞാൻ!!
കാൽനൂറ്റാണ്ടിലേറെയായി പഠിച്ചതോ അറിഞ്ഞതോ ഞാനായി തീർന്നതോ എന്റെ ആശയങ്ങളോ ഒന്നും അല്ലാതെ, കേവലം ബാഹ്യരൂപം കൊണ്ട് വിചാരണ ചെയ്യപ്പെടുക.
ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, കാണാത്ത ഏതൊക്കെയോ മനുഷ്യർക്ക് മുന്നിൽ,അവരുടെ അംഗീകാരത്തിനായി വേഷംകെട്ടി നിൽക്കുക.

ഒരല്പമെങ്കിലും സ്വാഭിമാനം ഉള്ള ഒരു വ്യക്തിക്ക് ഇത്തരം ഒരു വൃത്തികേടിനു മുന്നിൽ സന്തോഷത്തോടെ നില്ക്കാൻ ആകുമെന്ന് ഞാൻ കരുതുന്നില്ല.

അതുകൊണ്ട് തന്നെ, വിവാഹത്തെ കുറിച്ച് വീട്ടുകാർ ഗൗരവമായി സംസാരിച്ചു തുടങ്ങുമ്പോൾ ആവശ്യപ്പെട്ട പ്രധാനകാര്യം,
രജിസ്റ്റർ മ്യാരേജ് ആയിരിക്കണം എന്നും,
താലി കെട്ടാൻ പാടില്ല എന്നോം ആയിരുന്നു.
മലയാളി ‘പുരുഷന്മാരെ’ കുറിച്ച് ഒരുവിധം ഐഡിയ ഉണ്ടായിരുന്നതിനാൽ തന്നെ, ഇത് നടക്കാൻ പോകുന്നില്ല എന്നതിൽ ഉറപ്പായിരുന്നു. ആശ്വാസത്തിലും.

“നീ കരുതും പോലൊന്നുമല്ല.ഇപ്പോഴത്തെ പയ്യൻമാർ സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്ന ന്യൂ ജെൻറേഷൻ ആണ്” എന്നതായിരുന്നു സഹ പെണ്ണുങ്ങളുടെ പ്രധാന ആശ്വാസവചനങ്ങൾ.

ആഹാ!!

രാവിലെ ചായ ഇട്ടോണ്ട് വരാൻ ആവശ്യപ്പെടുന്ന ആ XY ക്രോമോസോം ഉടമയെ ഓർത്ത് പലതവണ രക്തംഇരച്ചിട്ടുണ്ട്.
ച്ഛീ!! പിന്നേയും, ‘വെറും പെണ്ണ് മാത്രം ആയതിനാൽ’ ഞാൻ ചെയ്യേണ്ട അഡ്ജസ്റ്റ്മെന്റുകൾ ഓർത്ത് അപമാനം തോന്നിയിട്ടുണ്ട്.
*******************

രാവിലെ ചുമ്മാ എണീറ്റ്, കുളിച്ച് റെഡിയായി കോളെജിൽ പോകുന്ന ലാഘവത്തോടെ, സ്വാതന്ത്ര്യത്തോടെ, ഒരു ചുരിദാറും എടുത്തിട്ട്, വീട്ടുകാരുടെ കൂടെ കെ.എസ്.ആർ.ടി.സിയിൽ കേറി ചുമ്മാ ഒരു കല്ല്യാണം കഴിച്ച്,
താഴെ തട്ടുകടേന്ന് ചായേം കുടിച്ച്,
അവന്റെ കൂടെ കയ്യുംപിടിച്ച് പുതിയ ജീവിതത്തിലോട്ട് നടന്നുകേറുന്ന ആ ഒരു സുഖോണ്ടല്ലോ……

ആഹാ…..എന്താ രസം.☺️

*********

“ഓഹ് ,അവള് തീവ്രവാദിയോ ഫെമിനിസ്റ്റോ ക്കെ ആണ്.കണ്ടില്ലേ, കല്ല്യാണം കഴിഞ്ഞെന്നും പറയണ്,കഴുത്തിൽ താലി പോലും ഇല്ല..” എന്നൊക്കെ ചില ക്ഷുദ്രജീവികൾ ചുമ്മാ ചൊറിഞ്ഞെന്നിരിക്കും.
നീട്ടി വലിച്ച്…….

“ഓട് മലരോളെ കണ്ടം വഴി….”