ഒരു അപരിചിതനെ സ്വന്തം ഭാര്യയെ ഏൽപിച്ചു എന്ത് വിശ്വാസത്തിൽ ആണ് നരേന്ദ്രൻ നടന്നകന്നത് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
527 VIEWS

പദ്മരാജൻ്റെ അതിമനോഹരമായ സിനിമയാണ് ഇന്നലെ. ഒരു ബസ്സപകടത്തിൽ ഭൂതകാലം നഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയും അവൾ ചെന്നെത്തിയ ഇടത്തെ അനുഭവങ്ങളും ഒടുവിൽ ഭൂതകാലം അവളെ അന്വേഷിച്ചു വരുന്നതും എല്ലാം തന്നെ അത്ര മനോഹരമായാണ് ആ പ്രതിഭാധനനായ സംവിധായകൻ പകർത്തിയത്. കഥയിൽ ചോദ്യമില്ല എന്ന പഴയധാരണകളെ പൊളിച്ചെഴുതുകയാണ് വർത്തമാനകാല സിനിമാസ്വാദകർ . ദീപുവിന്റെ ഈ എഴുത്തു മനോഹരമാകുന്നത് , കഥാപാത്രങ്ങളുടെ പ്രതിസന്ധികളെയും ചിന്തകളെയും പൊളിച്ചെഴുതുന്നു എന്നതുകൊണ്ടുതന്നെയാണ്. വായിക്കാം

ദീപു

പ്രിയപ്പെട്ട നരേന്ദ്രൻ,

എന്റെ പേര് വിക്ടർ സാമുവൽ..താങ്കൾക്കോർമ കാണും എന്ന് വിശ്വസിക്കുന്നു, ഒരിക്കൽ നമ്മൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്..താങ്കൾ തമ്പുരാൻകുന്നിൽ വന്നപ്പോൾ ക്ലബ്ബിൽ വച്ചു നമ്മൾ കണ്ടിരുന്നു..ക്ലബിലെ രജിസ്റ്ററിൽ നിന്നാണ് താങ്കളുടെ അഡ്രസ് കിട്ടിയത്, അതൊരു നല്ല ലക്ഷണമായി കരുതുന്നു..അന്ന് പെട്ടെന്ന് ശരത് കയറി വന്നത് കൊണ്ട് എനിക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല..എന്നെ കുറിച്ച് നല്ല കാര്യങ്ങളായിരിക്കില്ല അവൻ താങ്കളോട് പറഞ്ഞിട്ടുണ്ടാവുക എന്നെനിക്ക് നല്ല പോലെ അറിയാം…ഞാൻ അത്ര നല്ലവനും അല്ല… അത് സ്ഥാപിക്കാനുമല്ല ഞാൻ ഈ കത്ത് താങ്കൾക്കെഴുതുന്നത്…പകരം താങ്കൾ അറിയേണ്ടുന്ന കുറച്ചു കാര്യങ്ങൾ ഉണ്ടെന്നു തോന്നി..

കുറച്ചു നാൾ മുൻപ് വരെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശരത്..മണിപ്പാൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു ജയിലിൽ കിടക്കേണ്ടി വരും എന്ന അവസ്ഥയിൽ നിന്നും ഒളിച്ചോടി നാട്ടിലെത്തിയ കാലം മുതൽ അവനെ എനിക്കറിയാം…കോട്ടയത്ത് നിന്ന് ഞാനും ഇങ്ങോട്ടു മാറിയിട്ട് അധികനാളായിരുന്നില്ല..ആ കേസൊക്കെ അവന്റെ അമ്മയുടെ സ്വാധീനം കൊണ്ട് ഒതുക്കി എങ്കിലും അവന്റെ പഠനം അതോടെ നിന്നു..അതിനു ശേഷമാണ് ആ ഹോസ്പിറ്റൽ നടത്തിപ്പുമൊക്കെയായി അവനിവിടെ കൂടിയത്…നമ്മൾ അന്ന് കണ്ട അതെ ക്ലബ്ബിൽ വച്ചാണ് ഞാൻ അവനെയും ആദ്യമായി കാണുന്നത്..ഇത് പോലെ മദ്യപിക്കുന്ന ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ മുൻപ് കണ്ടിട്ടില്ല..അത് തന്നെയാവണം എന്നോട് പെട്ടെന്ന് കമ്പനിയായത്…

കള്ളും കഞ്ചാവും പെണ്ണും പിടിയുമായി എത്രയോ രാത്രികൾ എന്റെ എസ്റ്റേറ്റിൽ തന്നെ ഞങ്ങൾ ചിലവഴിച്ചിരിക്കുന്നു…ഇതൊന്നും ഞാൻ പറഞ്ഞത് കൊണ്ട് മാത്രം താങ്കൾ വിശ്വസിക്കേണ്ട, ഇതോടൊപ്പം ഞാൻ കുറച്ചു ഫോട്ടോസ് കൂടി വച്ചിട്ടുണ്ട്..അത് കണ്ടിട്ട് താങ്കൾ തന്നെ ഒരു തീരുമാനം എടുത്താൽ മതി…ഇപ്പോ അവൻ്റെ കൂടെയുള്ള ആ പെണ്ണിനൊപ്പം അവൻ താമസിച്ചിരിപ്പിക്കുന്ന ഒരു സ്ത്രീയുണ്ട് റാഹേൽ..സ്വന്തം മകളെ എനിക്കും അവനും കൂട്ടി തന്നവളാണവർ…ആ വകക്ക് എന്റെ കയ്യിൽ നിന്നും, കുറെ പിടിച്ചു പറിച്ചിട്ടുമുണ്ട്..ആ പെണ്ണിപ്പൊ അവന്റെ കീപ്പാണ്…അവള് മാത്രമല്ല ഹോസ്പിറ്റലിലെ മേഴ്സി എന്നൊരു നഴ്‌സുമായും അവനു ഇപ്പോഴും ബന്ധമുണ്ട്…അവളുടെ ഗർഭം അലസിപ്പിക്കാൻ അവരുടെ കൂടെ പോയിട്ടു വരെയുണ്ട് ഈ സാമുവൽ…അങ്ങിനെ ഒരിക്കൽ ഇത് പോലെ ഒരു പെൺവിഷയത്തിൽ തന്നെയാണ് ഞങ്ങൾ തമ്മിൽ തെറ്റിയതും..

എന്തൊക്കെ ആണേലും പരസ്പരം പങ്കു വക്കാം എന്നതായിരുന്നു ഞങ്ങൾ തമ്മിലുള്ള ധാരണ…സംശയമുണ്ടേൽ നിങ്ങളെന്റെ ജാൻസിയോടൊന്നു ചോദിച്ചു നോക്കണം…പക്ഷെ ഒടുവിൽ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കിട്ടിയപ്പോ അവനു ഒറ്റയ്ക്ക് തിന്നണം…ഞാൻ അത് സമ്മതിച്ചില്ല… ഒടുവിൽ വഴക്കായി… എന്തൊക്കെയായാലും ഞാൻ ഒരു വരത്തനാണല്ലോ. അവരാണെങ്കിൽ നാട്ടിലെ പ്രമാണിമാരും. എനിക്ക് പരിമിതികൾ ഉണ്ടായിരുന്നു…പിന്നെ, താങ്കളോടുള്ള യാതൊരു താല്പര്യത്തിന്റെ പുറത്തുമല്ല ഈ കത്തെഴുതുന്നത്…അവൻ അങ്ങിനെ സുഖമായി നടക്കേണ്ടവൻ അല്ല എന്നത് എന്റെ ആവശ്യം കൂടിയായതു കൊണ്ട് മാത്രമാണെന്ന് പറയാൻ അച്ചായന് യാതൊരു മടിയും ഇല്ല…

ആ പെൺകുട്ടി നിങ്ങളുടെ ആരെങ്കിലും ആണെങ്കിൽ ഇത് പോലൊരുത്തന്റെ പക്കൽ ഉപേക്ഷിക്കണോ എന്ന് ചിന്തിക്കുക…ഉചിതമായ തീരുമാനമെടുക്കുക…വിശ്വാസപൂർവ്വം,വിക്ടർ സാമുവൽ

പ്രിയമുള്ളവരെ,യാദൃശ്ചികമായാണ് അച്ചായൻ ഡോക്ടർ നരേന്ദ്രനെഴുതിയ ഈ കത്ത് എന്റെ കയ്യിൽ കിട്ടിയത്…ഈ പറഞ്ഞതെല്ലാം ശരിയാണെങ്കിൽ എത്ര വലിയ പാതകം ആണ് അയാൾ ആ പെൺകുട്ടിയോട് ചെയ്തത്…ഇനി ശരത് അച്ചായൻ പറയുന്ന പോലുള്ള ആളല്ലെങ്കിൽ കൂടിയും അവളെ ചികിത്സിച്ച ഡോക്ട്ടർ സന്ധ്യ തന്നെ പറയുന്നുണ്ട് നാളുകൾ ചെല്ലുംതോറും അവളുടെ ഓർമ്മകൾ തിരിച്ചു കിട്ടാൻ ഉള്ള സാധ്യത ഉണ്ട് എന്ന്…ഒരു നാൾ തന്റെ ഓർമ്മകൾ തിരിച്ചു കിട്ടിയാൽ എത്ര മാത്രം മാനസിക സമ്മർദത്തിൽ ആയിരിക്കും അവൾ അനുഭവിക്കേണ്ടി വരിക…ഇനി ഓർമ്മകൾ തിരികെ വരാത്ത ഒരു സാഹചര്യമാണെങ്കിൽ ശരത് ഒന്ന് പിണങ്ങിയാൽ, ഒന്ന് മിണ്ടാതിരുന്നാൽ പോലും എന്ത് മാത്രം അനാഥത്വം ആയിരിക്കും അവൾ അനുഭവിക്കേണ്ടി വരിക??..

ഓർമ പോയത് അവളുടെ മാത്രമായിരുന്നു അവൾക്കു വേണ്ടപ്പെട്ട ഒരാൾ എല്ലാ തെളിവുകളോട് കൂടിയും അവിടെ ഉണ്ടായിരുന്നു…എന്നിട്ടും അവൾ ഉപേക്ഷിക്കപ്പെട്ടു ദാരുണമായി തന്നെ എന്ന് പറയേണ്ടി വരും…അയാൾക്കറിയേണ്ടിയിരുന്നത് അവൾ മരിച്ചോ ഇല്ലയോ എന്നത് മാത്രമായിരുന്നു എന്ന് കരുതേണ്ടി വരുന്നു ..അതും അയാളുടെ മനഃസമാധാനത്തിനു വേണ്ടി മാത്രമായിരുന്നിരിക്കണം…ആ അനാഥപ്പെണ്ണിന് വേണ്ടി ആരും ചോദിയ്ക്കാൻ വരില്ല എന്നയാൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു…കേവലം കത്തുകളിലൂടെ മാത്രം ഇടപഴകുകയും ഒരു മാസത്തോളം മാത്രം ഒരുമിച്ചു താമസിക്കുകയും ചെയ്ത ഒരുവളോട് പാശ്ചാത്യ സംസ്കാരത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന നരേന്ദ്രനെന്ത് സഹാനുഭൂതി??അല്ല വെറുതെ എന്തിനു പാശ്‌ചാത്യ സംസ്കാരത്തെ കുറ്റം പറയണം…

കേവലം മനുഷ്യനായി ചിന്തിച്ചിരുന്നു എങ്കിൽ പോലും ഒരു പരിചയവും ഇല്ലാത്ത ഒരു പറ്റം മനുഷ്യരുടെ നടുവിൽ സ്വന്തമായി ഓർമ്മകൾ പോലും ഇല്ലാത്ത ഒരു പെൺകുട്ടിയെ ഉപേക്ഷിച്ചു പോരില്ലായിരുന്നല്ലോ…ഒരു പക്ഷെ ഇവരുടെ മൂവരുടെയും അൽപകാല ജീവിതം കണ്മുന്നിൽ കണ്ട നിങ്ങൾക്ക് ചിലപ്പോ ശരത്തിൽ ഒരു വിശ്വാസം ഉണ്ടായെന്നു വരാം…പക്ഷെ കേവലം ഫോൺ പരിചയം മാത്രം ഉണ്ടായിരുന്ന ശരത്തിനെ പോലൊരു അപരിചിതനെ സ്വന്തം ഭാര്യയെ ഏൽപിച്ചു എന്ത് വിശ്വാസത്തിൽ ആണ് നരേന്ദ്രൻ നടന്നകന്നത് ? ഒന്ന് ചോദിക്കട്ടെ,നരേന്ദ്രന്റെ സ്ഥാനത്തു നിങ്ങളായിരുന്നു എങ്കിൽ അവളെ ശരത്തിനെ പോലെ ഒരപരിചിതനെ ഏല്പിച്ചു നിങ്ങൾ മടങ്ങുമായിരുന്നോ?ഞാനാണെങ്കിൽ മടങ്ങില്ല ട്ടോ…എനിക്കറിയാം അവൾ നരേന്ദ്രന്റെ മകളായിരുന്നെങ്കിലും സ്ഥിതി മാറിയേനെ..

അയാളൊരിക്കലും അവളെ അങ്ങിനെ ഉപേക്ഷിക്കില്ലായിരുന്നു എന്ന് തീർച്ചയാണ്…ആരുമില്ലാത്തവരെ ഉപേക്ഷിക്കാൻ എളുപ്പമാണ്,അവർക്കു വേണ്ടി ചോദിക്കാൻ ദൈവം പോലും മുന്നോട്ടു വരില്ല…ഒരുമിച്ചുള്ള ഒരു സിനിമാകാഴ്ചയ്ക്കു ശേഷം ഒരിക്കൽ എന്റെ കുഞ്ഞു എന്നോട് ചോദിച്ചു…
”ഏട്ടാ, പെട്ടെന്ന് നമ്മുടെ എല്ലാ ഓർമകളും നശിച്ചു പുതിയ കാലത്തേക്കുള്ള പ്രതീക്ഷകൾ മാത്രമുള്ള നാളെകൾ മാത്രം സ്വന്തമായ രണ്ടു പേരാകുന്നതിനെ കുറിച്ച് എന്ത് തോന്നുന്നു?
ഭൂതകാലത്തെ എല്ലാ ദുഖങ്ങളും കഴുകി കളഞ്ഞു സുന്ദരമായ സ്വപ്നങ്ങൾ മാത്രം സ്വന്തമായ രണ്ടു പേര്…
എന്ത് രസായിരിക്കുമല്ലേ…”
”കുഞ്ഞൂ, അങ്ങിനെ ഓർമകളെല്ലാം പോയാൽ നാം പരസ്പരം സ്നേഹിക്കുമെന്നു എന്തുറപ്പുണ്ട്?”
ഞാൻ ചോദിച്ചു.
അവൾ പെട്ടെന്ന് മൗനം പാലിച്ചു..
ഒരു നിമിഷത്തെ നിശബ്ദതക്കപ്പുറം പതിയെ പറഞ്ഞു …
“വേണ്ട… നമുക്ക് ഓർമകളില്ലാത്ത രണ്ടു പേരാകണ്ട…”
അവളെന്നെ ഇറുകെ പൂണർന്നു ..
മിഴികളെന്തോ നിറഞ്ഞിരുന്നു….

ബാക്കിപത്രം

ദീപു

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ