‘തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
51 SHARES
616 VIEWS

ഐവി ശശി സംവിധാനം ചെയ്തു പി പദ്മരാജൻ രചന നിർവഹിച്ച കാണാമറയത്ത് എന്ന സിനിമ ഒരുകാലത്തെ മലയാളി പ്രേക്ഷകർക്കു പ്രിയപ്പെട്ടതായിരുന്നു. ദീപുവിന്റെ സിനിമാ പൊളിച്ചെഴുത്തുകൾ നല്ല വായനക്കാരെ സൃഷ്ടിക്കുന്നുണ്ട് . നല്ലൊരു പോസ്റ്റ് വായിക്കാം

ദീപു കിഴുത്താനി

മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു കണ്ണാടിയെപ്പറ്റി പരാമർശമുണ്ട്.നമ്മളതിൽ നോക്കുമ്പോൾ നമ്മുടെ പ്രതിബിംബമല്ല, മറിച്ചു നമുക്കേറ്റവും പ്രിയപ്പെട്ട ആളുടെ രൂപമാണത്രെ തെളിഞ്ഞു വരിക,വനവാസക്കാലത്ത് വച്ചു ഹിഡിംബിയാണ് ഭീമനത് സമ്മാനിക്കുന്നത്.ഹിഡിംബിയതിൽ നോക്കുമ്പോൾ അവൾക്ക് വളരെ സന്തോഷമാവുന്നുണ്ട് .കാരണം അവളതിൽ കാണുന്നത് അവൾക്കേറ്റവും പ്രിയപ്പെട്ട ഭീമനെ തന്നെയാണ്.ആഹ്‌ളാദത്തിന്റെ ആ നിമിഷത്തിനു ക്ഷണനേരമേ ആയുസ്സുണ്ടായുള്ളു.
കാരണം തൊട്ടടുത്ത നിമിഷം ഭീമനതിൽ നോക്കുന്നുണ്ട്, അപ്പോൾ അയാൾ കാണുന്നത് ദ്രൗപതിയുടെ മുഖമാണ്.ഭീമനത് അയാൾക്കേറ്റവും പ്രിപ്പെട്ടവൾക്ക് സമ്മാനിക്കുമ്പോൾ ദ്രൗപതി അതിൽ കാണുന്നത് അർജുനന്റെ മുഖമാണ് .അത് തെല്ലൊന്നുമല്ല അയാളെ തകർത്തു കളയുന്നതെന്നു വ്യാസൻ പറഞ്ഞു വയ്ക്കുന്നു.ഇന്നെന്റെ സിനിമാനുഭവങ്ങളിൽ എനിക്ക് നിങ്ങളുമായി പങ്കു വയ്ക്കാനുള്ളതും ഒരു ഛായാമുഖിയുടെ കഥയാണ്.

“മൈ ഡിയർ അങ്കിൾ, അങ്കിളിന് ഞാനെഴുതുന്ന അവസാനത്തെ കത്താണിത്. ഈ കത്ത് അങ്കിളിന്റെ കൈയിൽ എത്തുമ്പോഴേക്ക് ഞാൻ ഇന്ത്യയുടെ വെളിയിലായിരിക്കും. നാളെ പുറപ്പെടുന്നു. ഒരിക്കലും തിരിച്ചുവരാൻ എനിക്ക് ഉദ്ദേശമില്ല. എന്തിനാണ് ഞാൻ നൺ ആവുന്നതെന്ന് അങ്കിൾ എഴുതി ചോദിച്ചിരുന്നല്ലോ.ഞാനൊരു തെറ്റുചെയ്തു. ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്ത ഒരാളെ ഞാൻ ആഗ്രഹിച്ചു.
തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്. ആ വിങ്ങലായിരിക്കാം ഒരുപക്ഷേ, എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്. ഇനി അങ്കിളെനിക്ക് എഴുതണ്ട. അങ്കിൾ പോലും വന്നില്ലല്ലോ എന്നെ യാത്രയയ്ക്കാൻ.
സസ്നേഹം ഷെർളി.”

കന്യാസ്ത്രീ മഠത്തിലെ അമ്മമാർ കൈമാറിയ അവളുടെ കത്തിലെ ആ രണ്ടു വാചകങ്ങൾ അയാളുടെ മനസ്സിൽ മിന്നലായ് പതിച്ചു, അയാൾ വീണ്ടും മനസിലുരുവിട്ടു കൊണ്ടിരുന്നു.
” തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്. ആ വിങ്ങലായിരിക്കാം ഒരുപക്ഷേ, എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്.”

അതിനു മുൻപും അവളുടെ വാക്കുകൾ അയാളുടെ ഉറക്കം നഷ്ടപെടുത്തിയിരുന്നു.തലേ ദിവസത്തെ ഉറക്കം അയാൾ ഞെട്ടിയുണരുന്നത് അവളെ കന്യാസ്ത്രീ വേഷത്തിൽ കണ്ടതിന്റെ നടുക്കം വിട്ടു മാറാതെയായിരുന്നു
“റോയിച്ചൻ കള്ളനാ, അറിയാവുന്നത് പലതും അറിയാത്തത് പോലെ ഭാവിക്കും… ”
പിറ്റേന്ന് പള്ളിമുറ്റത്ത് വച്ച് റോയിച്ചന്റെ കാറിനോട് ചേർന്ന് നിന്നു എൽസി പറഞ്ഞു നിർത്തി…
അവളുടെ കൈയോടു ചേർന്ന് അയാളുടെ കാറിന്റെ റിയർവ്യൂ മിററിൽ പരവശനായ അയാളുടെ മുഖം തെളിഞ്ഞു നിന്നിരുന്നു.എന്തേ ഇപ്പൊ അങ്ങിനെ തോന്നാൻ എന്ന അനുതാപപൂർണമായ റോയിച്ചന്റെ ചോദ്യത്തിന് “ഇപ്പൊ അങ്ങിനെ തോന്നുന്നില്ല, പക്ഷെ പണ്ടൊരിക്കൽ” എന്ന ഒറ്റ മറുപടിയിൽ ഷേർളിയുടെ ദുഖത്തെ കലാതിവർത്തിയായി തന്റേതു കൂടിയാക്കി മാറ്റുന്നുണ്ട് എൽസി…

പണ്ടൊക്കെ ഞാനോർക്കുമായിരുന്ന ഒരു കാര്യമുണ്ടായിരുന്നു.അധികം പിന്നിലോട്ടൊന്നും പോവേണ്ടതില്ല ഈയടുത്ത കാലത്തു വരെ തിരക്കഥയിൽ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുമ്പോൾ തിരക്കഥാകൃത്തിനല്ലേ കൂടുതൽ പ്രാധാന്യം കിട്ടേണ്ടത്.സംവിധായകന് തിരക്കഥ നോക്കി പ്രവർത്തിക്കേണ്ട ചുമതല മാത്രമല്ലേ ഉള്ളൂ.എന്നിട്ടും എല്ലാവരും ഒരു ചലച്ചിത്രത്തെ എപ്പോഴും സംവിധായകന്റെ പേരിനൊപ്പമാണ് ചേർത്ത് വയ്ക്കുന്നത്.ഇത് ശരിയായ നടപടിയല്ല എന്നതായിരുന്നു എന്റെ ചിന്ത.
അതിനെ അപ്പാടെ തിരുത്താൻ പ്രേരകമായ ഒരു ചിത്രം എന്ന നിലയിലും ഈ ചലചിത്രത്തെ ഞാൻ ചേർത്ത് വയ്ക്കുന്നു.

പദ്മരാജൻ എന്ന പ്രതിഭയുടെ തിരക്കഥയെ ഐവി ശശിയെന്ന പകരം വയ്ക്കാനില്ലാത്ത സംവിധായകൻ തിരശീലയിലേക്ക് ആവാഹിച്ചപ്പോൾ മികച്ചൊരു ചലച്ചിത്രമാണ് പിറവി കൊണ്ടത് സംശയമില്ല…
എങ്കിലും അതൊരു നഷ്ടമായി വ്യക്തിപരമായി ഞാൻ കണക്കാക്കുന്നു.(തിരക്കഥയുടെ പ്രധാന്യം കുറച്ചു കാണുകയല്ല ട്ടോ )കാരണം എന്റെ ഒരു സുഹൃത്തും ഞാനും വ്യത്യസ്ത ഇടങ്ങളിരുന്നു ഒരേ ദിവസം ഈ ചിത്രം കണ്ടു തീർത്തിരുന്നു, കാഴ്ചക്ക് ശേഷം ഞാനോർത്ത അതെ കാര്യം അവനെന്നോട് പങ്കുവച്ചപ്പോൾ അത്ഭുതം തോന്നി..അവനിനിങ്ങനെയാണ് പറഞ്ഞത്…

“പടം ഞാൻ കണ്ടു, ഒരുപാട് ഇഷ്ടായി, പക്ഷേ പുതിയകാലത്തിലിരുന്നു ഞാനിത് കാണുമ്പോൾ എനിക്കിത് ആ കാലഘട്ടത്തിന്റെ മാത്രം ചലച്ചിത്രമായി അനുഭവപ്പെട്ടു പോകുന്നു” ഈ ചിത്രം പദ്മരാജൻ ആയിരുന്നു സംവിധാനം ചെയ്തിരുന്നത് എങ്കിൽ തൂവാനത്തുമ്പികളോ, മുന്തിരിത്തോപ്പുകളോ പോലെ കാലാതിവർത്തിയായ ഒരു ചലച്ചിത്രം നമുക്ക് ലഭിക്കുമായിരുന്നില്ലേ എന്ന് കൂടി അവൻ ചോദിച്ചു …
എനിക്കവനോട് യോജിപ്പു തോന്നി.തീർച്ചയായും പദ്മരാജൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത് എങ്കിൽ ഇത്രത്തോളം വാണിജ്യവിജയത്തിനാവശ്യമായ ഘടകങ്ങൾ കുത്തി നിറയ്ക്കുമായിരുന്നില്ല എന്നത് തീർച്ചയാണ്.

സിനിമ സർവോപരി ഒരു വ്യവസായമാണ് എന്നത് വിസ്മരിക്കുന്നില്ല എങ്കിലും ആവശ്യത്തിന് മാത്രം വളരെ മിതമായി ഉപയോഗിക്കപ്പെടുന്ന വാണിജ്യഘടകങ്ങൾ ഒരു ചലച്ചിത്രത്തിന്റെ കലാമൂല്യം വർധിപ്പിക്കുകയും അത് കാലാതിവർത്തിയായി നിലനിൽക്കുകയും ചെയ്യാൻ സഹായിക്കും എന്നാണ് ഞാൻ കരുതുന്നത്…
പ്രകടമായ മറ്റൊരു മാറ്റം അതിന്റെ ഗാന ചിത്രീകരണത്തിലാണ്.
“കസ്തൂരിമാൻകുരുന്നേ” എന്ന ഗാനം തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും ഗാനത്തിന്റെ വരികളോട് യാതൊരു തരത്തിലും നീതി പുലർത്തുന്നില്ല അതിലെ രംഗങ്ങൾ. ഗാനം സന്ദർഭത്തിനു യോജിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്.ഇല്ലെന്നാണ് പ്രാഥമികമായ ഉത്തരം എങ്കിലും അത് പാട്ടു പാടിയ ആളുടെ മനോധർമമെന്നു കരുതി സമാധാനിക്കാം എങ്കിലും ആ പാട്ടിനൊപ്പം പാർട്ടി മൂഡിൽ നൃത്തം വയ്ക്കുന്ന കഥാപാത്രങ്ങളെ എങ്ങിനെ ന്യായീകരിക്കാൻ കഴിയും?

പാട്ടു മാത്രം കേട്ട് കഴിയുമ്പോൾ ഒരാളുടെ മനസ്സിൽ വിടർന്നേക്കാവുന്ന എത്രയോ മനോഹരമായ രംഗങ്ങളെയാണ് ആ പാട്ടിലെ യഥാർത്ഥ രംഗങ്ങൾ കാണുമ്പോൾ ഒരു ആസ്വാദകന് ബലി കഴിക്കേണ്ടി വരിക.ഒടുവിൽ ഒരിക്കലും ഈ പാട്ടു കാണേണ്ടിയിരുന്നില്ല എന്ന ഒരു ചിന്തയിലേക്ക് അവനെ കൊണ്ടെത്തിച്ചില്ലെങ്കിൽ അത്ഭുതമെന്നെ പറയാൻ കഴിയൂ.പണ്ട് വയലാർ എഴുതിയ പല ഗാനങ്ങളുടെയും രംഗഭാഷ്യത്തിന്റെ ഗതിയും ഇത് പോലെ പരിതാപകരമായിരുന്നു എന്നത് ഈ അവസരത്തിൽ ഓർത്തു കൊണ്ട് ഗാനരംഗംങ്ങളിലെ പദ്‌മരാജൻ മാന്ത്രികതയെ ഒരു നഷ്ടബോധമായി മനസിലേക്ക് ചേർത്ത് വയ്ക്കുന്നു….

മുൻപെന്നും ഞാൻ പറയാറുള്ളത് പോലെ ഓരോ ശോഭന ചിത്രം കാണുമ്പോഴും ഏതിലാണ് അവർ ഏറ്റവും സുന്ദരിയായിരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ഞാൻ തേടി കൊണ്ടിരുന്നു .ഇന്നും അതിന്റെ ഉത്തരം എനിക്ക് അജ്ഞാതമായി തുടരുന്നു എങ്കിലും ഏതിലാണ് അവരെ അത്രമേൽ ഓമനത്തതോടെ കണ്ടു മുട്ടിയത് എന്ന് ചോദിച്ചാൽ എന്റെ പരിമിതമായ കാഴ്ചാനുഭവങ്ങളിൽ നിന്നു കൊണ്ട് നിസ്സംശയം എനിക്ക് പറയാൻ കഴിയും അതീ ചലച്ചിത്രത്തിലാണ് എന്ന്.ഞാനെത്ര തവണ ഈ ചിത്രം ആവർത്തിച്ചു കണ്ടിട്ടുണ്ട് എന്നെനിക്ക് തീർച്ചയില്ല….

പക്ഷേ, ഒന്നുണ്ട്, ദുഃഖത്തിന്റെ കയത്തിൽ എത്ര താഴ്ന്നിരുന്നാലും എന്റെ മനസിനെ സന്തോഷത്തിന്റെ ആകാശങ്ങളിലേക്കുയർത്താൻ ഈ ചിത്രം എനിക്കെന്നും കൂട്ട് വന്നിരുന്നു.അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്, റഹ്‌മാൻ, ലാലു അലക്സ്, ബഹദൂർ തുടങ്ങി എല്ലാവരും മികച്ചു നിന്നു എന്നതിൽ തർക്കമില്ല . ഏതൊരു പ്രകടനമെടുത്താലും തനിയാവർത്തനത്തിലെ ബാലൻ മാഷിന്റ തട്ട് താഴ്ന്നു തന്നെ ഇരിക്കുമെങ്കിലും, എന്റെ എക്കാലത്തെയും പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ് റോയ് വർഗീസ്…
നിഷ്കളങ്കതയുടെ മോഹങ്ങളെ ചാപല്യങ്ങളെ വൈകാരികതയെയെല്ലാം എത്ര സൂക്ഷ്മതയോടെയാണ് അയാൾ കൈകാര്യം ചെയ്തത്.ഒന്ന് പാളിപ്പോയാൽ അപ്പാടെ കയ്യിൽ നിന്നും പോകുമായിരുന്ന എത്രയോ രംഗങ്ങളെയെയാണ് സ്വതസിദ്ധമായ ശൈലിയിൽ അയാൾ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ചേർത്ത് വച്ചത്.

ശോഭനയുടെ പ്രകടനത്തെ കുറിച്ചു ഞാൻ പ്രത്യേകം പറയുന്നില്ല .അത് സ്വയം അനുഭവിച്ചറിയേണ്ട ഒന്നാണ് .ഓരോ കാൽവയ്‌പിലും നർത്തകീ ഭാവം ഒളിപ്പിച്ചു വച്ച പ്രിയപ്പെട്ട ഷേർളി.ഇന്ന് ഛായാമുഖിലേക്ക് ബേബി കണ്ണു നടുമ്പോൾ അതിൽ തെളിഞ്ഞത് ഷേർളിയുടെ മുഖമായിരുന്നു.അയാളത് ഷേർളിക്ക് സമ്മാനിക്കുന്നു അവൾ നോക്കിയപ്പോൾ റോയിച്ചന്റെ മുഖമായിരുന്നു തെളിഞ്ഞു വന്നത്.ഒടുവിൽ ഷേർളി അത് റോയിച്ചന് സമ്മാനിക്കുന്നുണ്ട് .അയാളതിൽ നോക്കിയപ്പോൾ ആരുടെ മുഖമായിരുന്നു തെളിഞ്ഞത്?
ആ കഥയാണ് ഈ ചിത്രം പറയുന്നത്.ഒടുവിലത് പ്രേക്ഷകന്റെ കയ്യിലെത്തുന്നു.എൻ്റെ കൈയിലെടുത്ത് അതിൽ നോക്കിയപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി.ഷെർളിയുടെ പൂ പോലുള്ള പുഞ്ചിരി അതിൽ തടവിലാക്കപ്പെട്ടിരുന്നു.പ്രിയപ്പെട്ടവരേ ഈ ഛായാമുഖിയിൽ നിങ്ങളാരെയാണ് കണ്ടത്?

#എൻ്റെ_സിനിമാനുഭവങ്ങൾ
#അന്ധഹസ്തി_ന്യായം
ദീപു

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം