ദീപു
ഒരു പക്ഷേ ഇതെല്ലാവരുടെയും കപ്പിലെ ചായ ആകാൻ വഴിയില്ല. മിക്കവാറും എല്ലാവർക്കും മഴ ഇഷ്ടമായിരിക്കും.മഴയുടെ കുളിര്..മഴയുടെ സംഗീതം..പെയ്ത്തിലെ ചടുലത…എല്ലാം…പക്ഷേ ഒരു വലിയ മഴയ്ക്കപ്പുറം കൂർത്തോരിലത്തുമ്പിൽ ദുഃഖഭാരം തിങ്ങി വീണു വീണില്ല എന്ന മട്ടിൽ തുളുമ്പി നിന്ന ആ ഒറ്റ തുള്ളിയെ അതിന്റെ അനിവാര്യമായ വീണുടയലോളം ആസ്വദിക്കാൻ കഴിവുള്ള ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ സിനിമ.. അരവിന്ദന്റെ കുമ്മാട്ടി,
ഇത് വരെ ഈ ചിത്രം കാണാത്ത ഒരാളാണെങ്കിൽ നവ്യമായ ഒരനൂഭൂതി പൂർണമായ അളവിൽ അയാളിലേക്കെത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടു മാത്രം കഥാഗതിയെ പറ്റി കൂടുതലൊന്നും സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,
ചിത്രം മധ്യഭാഗത്തെത്തുമ്പോഴും കഥയെങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കും യാതൊരു രൂപവും ഇല്ലായിരുന്നു.സത്യസന്ധമായി പറഞ്ഞാൽ നല്ല പോലെ ലാഗും ഉണ്ടായിരുന്നു.പക്ഷേ അതിനെ മറികടക്കാൻ മനോഹരമായ ചിത്രത്തിലെ അതിമനോഹരങ്ങളായ ഫ്രയിമുകൾ ആണ് എന്നെ സഹായിച്ചത്.ഒരു ആര്ട്ട് ഗ്യാലറിയുടെ ഇടനാഴിയിലൂടെ അരണ്ട വെളിച്ചത്തിൽ ഒരു ചിത്രപ്രദർശനം കണ്ടു പതിയെ നടന്നു നീങ്ങുന്ന അനുപമമായ അനുഭവമാണ് ഈ ചിത്രം എനിക്ക് സമ്മാനിച്ച ഒന്ന്….
ഫ്രയിമുകൾ ഏറെയും ഒരു മഹാനായ ചിത്രകാരന്റെ ക്ലാസ്സിക് സൃഷ്ടികൾ പോലെ മനോഹരങ്ങളായിരുന്നു..
ഇനിയും ഈ ചിത്രം നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ രണ്ടു കാര്യങ്ങൾ നിങ്ങളോടു പങ്കു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു..
ഒന്ന്:
പതിവു പോലെ പ്രതീക്ഷകൾ ഒന്നുമില്ലാതെ സമീപിക്കുക..
രണ്ട്: ഒരു പത്തു വയസുകാരനിലേക്ക് പരുവപ്പെടുക…
ഒരു പത്തു വയസ്സുകാരന്റെ മനസോടെ വേണം നിങ്ങളീ ചിത്രം കാണാൻ ഇരിക്കേണ്ടത്…
കാരണം ആരമ്പത്തും ഈരമ്പത്തും പൊന്നുച്ചാമിയും ചെങ്കീരിയുമൊക്കെ പാടി ഇനി നിങ്ങൾക്ക് വളർന്നു വലുതാവാനുള്ളത് ഈ ചിത്രത്തിനൊപ്പമാണ് …
എല്ലാവര്ക്കും എല്ലാ പാട്ടുകളും ഇഷ്ടമാവണം എന്നില്ല,ചില പാട്ടുകൾ / വരികൾ എന്ത് കൊണ്ട് ഇത്രമേൽ ഇഷ്ടമായി എന്ന് മറ്റൊരാളെ പറഞ്ഞു മനസിലാക്കാനും നമുക്ക് കഴിഞ്ഞെന്നു വരില്ല,മിക്കവർക്കും ഇഷ്ടമായിട്ടുണ്ടാവുക അതിലെ തന്നെ കറു കറെ കാർമുകിൽ എന്ന മനോഹര ഗാനമായിരിക്കാനാണ് വഴി..
പക്ഷെ എനിക്കിഷ്ടമായത് “കുമ്മാട്ടി” എന്ന് തുടങ്ങുന്ന ഗാനമായിരുന്നു..അതിനു രണ്ടു കാരണങ്ങൾ ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്..
ഒന്ന്: ഒന്നിലധികം സ്വനപേടകങ്ങൾ ഒരേ ഈണത്തിൽ സ്പന്ദിക്കുമ്പോൾ കിട്ടുന്ന ഒരു അനിർവചനീയമായ അനുഭൂതിയാണ്.യുവജനോത്സവത്തിലെ പാടാം നമുക്ക് പാടാം എന്ന ഗാനത്തിലെ “let us sing the song of love” എന്ന ഭാഗം വരുമ്പോൾ സമാനമായ അനുഭവം എന്നിലേക്കെത്താറുണ്ട്.അത് പോലെ പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന സിനിമയിലെ “ഒരു വെള്ളിത്താമ്പാളം നിറയെ പൊന്നരി വേണം ” എന്ന ഗാനത്തിൽ “യൗവ്വനം കളിയാടുവാൻ അഭിവാദനം നേരുന്ന ഗോപുരവാടമിതാ…” എന്ന ഭാഗം വരുമ്പോഴും ഞാനതനുഭവിച്ചിട്ടുണ്ട്..
രണ്ടാമത്തേത്:എന്നെന്നും കണ്ണേട്ടനിലെ” കാക്കേം കീക്കേം എന്ന് തുടങ്ങുന്ന ഗാനത്തിൽ “കാറ്റേതോ…. ആ കാറ്റിനെന്തു സമ്മാനം കാക്കപ്പൊന്‍ചിലമ്പ്” എന്നവസാനിക്കുന്ന വരികളിലാണ്…ആ വരിക്കൊപ്പം ക്യാമറ ഒഴുകി വന്നു എന്റെ രാധികയുടെ മുഖത്തു വന്നു നിൽക്കുമ്പോ ഞാൻ അനുഭവിച്ച ഒരു ഒരിതുണ്ടല്ലോ…
ന്റെ സാറേ…
ആദ്യത്തെ രണ്ടു ഗാനങ്ങളിൽ ശബ്ദത്തിന്റെ കൂടിച്ചരലിന്റെ മാസ്മരികത ആയിരുന്നു എങ്കിൽ രണ്ടാമത്തേതിൽ ശബ്ദത്തോടൊപ്പം തിരശീലയിലെ രംഗങ്ങളും ഇഴചേർന്നതിൻ്റെ മാന്ത്രികത ആയിരുന്നു..
ഇത് രണ്ടും ചേർന്ന അനുഭവം ആയിരുന്നു “കുമ്മാട്ടി” എന്ന ഗാനത്തിൽ എനിക്ക് കിട്ടിയത്…
ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് രംഗങ്ങൾ,മനോഹരമായ പാട്ടുകൾ…എല്ലാം കൊണ്ടും വളരെ മികച്ചൊരു ചലച്ചിത്രാനുഭവം ആയിരുന്നു എനിക്ക് കുമ്മാട്ടി!!
മറ്റൊന്ന്, സത്യത്തിൽ ഒരു ചിത്രത്തെ കുറിച്ച് പറയുമ്പോൾ ഇത്രയും പറയേണ്ടതുണ്ടോ എന്ന സംശയം ഉയരും…കുമ്മാട്ടി കണ്ടു തുടങ്ങിയപ്പോൾ അതിലെ ചില രംഗങ്ങളെക്കുറിച്ച് എനിക്കും ഇതേ ചിന്ത ഉണ്ടായിരുന്നു.ഇതൊക്കെ ഇതിൽ വേണ്ടതുണ്ടോ? എന്നാൽ ചിത്രം കണ്ടു തീർന്നപ്പോൾ എല്ലാം പാകമായിരുന്നു എന്ന ഉത്തരമാണ് എനിക്ക് കിട്ടിയത്..പലരും ഈ പോസ്റ്റ് ഒരല്പം ദീർഘമായത് കൊണ്ട് വായന പകുതിക്ക് വച്ച് അവസാനിപ്പിച്ചിട്ടുണ്ടാകും.ഒരല്പം ദീർഘിപ്പിച്ചതും മനപൂർവ്വമാണ്…
അവർക്കും ഈ ചിത്രം ഇഷ്ടമാകാൻ വഴിയില്ല..കാരണം ഒന്നര മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം എങ്കിലും ചിലർക്കെങ്കിലും അതിലധികം ദൈർഘ്യം തോന്നിയാൽ തെറ്റ് പറയാൻ കഴിയില്ല…
നേരത്തെ പറഞ്ഞു,മിക്കവാറും എല്ലാവർക്കും മഴ ഇഷ്ടമായിരിക്കും…മഴയുടെ കുളിര്,സംഗീതം,ചടുലത…
എല്ലാം…
പക്ഷേ ഒരു വലിയ മഴയ്ക്കപ്പുറം കൂർത്തോരിലത്തുമ്പിൽ ദുഃഖഭാരം തിങ്ങി വീണു വീണില്ല എന്ന മട്ടിൽ തുളുമ്പി നിന്ന ആ ഒറ്റ തുള്ളിയെ അതിന്റെ അനിവാര്യമായ വീണുടയലോളം ആസ്വദിക്കുക എന്നുള്ളത്,
അതെല്ലാവർക്കും കഴിയുന്ന ഒന്നല്ല..പക്ഷേ ഒന്നുണ്ട് അതിനു കഴിയുന്ന ഒരാൾ മാത്രമേ ഒടുവിൽ ഇലത്തുമ്പിലെ രത്നത്തെ കണ്ടെത്തുകയുള്ളു..ഇനി നിങ്ങളുടെ തീരുമാനമാണ്..ഇത് നിങ്ങളുടെ കപ്പിലെ ചായയാണോ? എങ്കിൽ ധൈര്യമായി പാനം ചെയ്യുക.