‘നഖക്ഷതങ്ങൾ’ അഡൾട് ഒൺലിയെന്നു തെറ്റിദ്ധരിച്ചു കാസറ്റ് എടുത്തതിന്റെ ഓർമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
48 SHARES
577 VIEWS

നഖക്ഷത്രങ്ങൾ എന്ന സിനിമ കണ്ടുകഴിയുമ്പോൾ മനോഹരമായൊരു കഥ വായിച്ച അനുഭൂതിയാണ്. ഹരിഹരന്റെയും എംടിയുടെയും മാജിക്, ബോംബെ രവിയുടെ മാജിക് … അതിലുപരി അഭിനേതാക്കളുടെ മാസ്മരിക പ്രകടനം. വിനീതും മോനിഷയും സലീമയും എല്ലാം നിറഞ്ഞാടിയ സിനിമ. ഒന്നിനൊന്നു മികച്ച അനശ്വരമായ ഗാനങ്ങൾ …ഇന്നും എന്നും ആ സിനിമ നമുക്ക് പ്രിയമുളളതാകുന്നതിന്റെ കാരണം പ്രത്യേകം പറയാനുണ്ടോ ? ദീപുവിന്റെ ഈ പോസ്റ്റിൽ ആദ്യം നഖക്ഷതങ്ങൾ കണ്ടതിന്റെ അനുഭവങ്ങളാണ്. പിന്നെ ഏറെക്കാലം കഴിഞ്ഞു വീണ്ടും കണ്ടതിന്റെയും. പോസ്റ്റ് വായിക്കാം. 

ദീപു

ഇന്നലെയാണ് നഖക്ഷതങ്ങൾ വീണ്ടും കാണുന്നത്.വീണ്ടും കാണുന്നത് എന്നു പറയുന്നതിനേക്കാൾ ആദ്യം കാണുന്നത് എന്നു പറയുന്നതാണ് ശരി.ഏഴെട്ട് വർഷം മുമ്പാണ് എന്തൊക്കെയോ തേടി വീഡിയോ കാസറ്റ് കടയിലെത്തിയ ഒരു കൗമാരക്കാരന്റെ ശ്രദ്ധയെ ക്ഷണിച്ച് കൊണ്ട് അതങ്ങിനെ ഇരിക്കുന്നു.പുറംചട്ടയിൽ ആലേഖനം ചെയ്യപ്പെട്ടിരുന്ന നായികയുടെ വേഷവിധാനങ്ങളാണ് ഈച്ചയെ ചക്കരയിലേക്കെന്ന പോലെ മനസ്സിനെ അങ്ങോട്ട് വലിച്ചിട്ടത്.പേരൊന്നെത്തി നോക്കി.”നഖക്ഷതങ്ങൾ” .മുമ്പെങ്ങോ പാഠപുസ്തകത്തിലൊളിച്ചു വച്ച് വായിച്ച പമ്മൻ നോവലിലെ ഏതോ ഭാഗമാണ് ഓർമ്മയിൽ തെളിഞ്ഞത്…
മനസ്സിലുറപ്പിച്ചു ഇന്നിത് തന്നെ. പതിയെ കടക്കാരന്റെ അടുത്തെത്തി ശബ്ദം താഴ്ത്തി പറഞ്ഞു..

“ദേ ആ കാസറ്റ്”
എത്?
“ആ 681”
ആ നഖക്ഷതങ്ങളോ??
സാമാന്യം ശബ്ദത്തിൽ പറഞ്ഞത് കൊണ്ട് അവിടെ ഉണ്ടായിരുന്നവർക്കെല്ലാം ബുദ്ധിമുട്ടില്ലാതെ കേൾക്കാൻ പറ്റി…എനിക്കെവിടെയൊക്കെയോ പൊള്ളിയ പോലെ…അല്ല അങ്ങേരെയും പറഞ്ഞിട്ടു കാര്യമില്ല, പണ്ട് അരി മില്ലിലോ മറ്റോ ആയിരുന്നു ജോലി…അവിടത്തെ ഘോരശബ്ദം കേട്ടു കേട്ട് ചെവിയുടെ ഫിലമെന്റ് പണ്ടേ പോയതിനാൽ അങ്ങേരുടെ കാഴ്ചപ്പാടിൽ ഏറ്റവും ശബ്ദം താഴ്ത്തി തന്നെയാണ് പറഞ്ഞത്…പക്ഷേ അരിമില്ലിൽ നിന്നു ശീലമില്ലാത്ത പലർക്കുമത് രഹസ്യമായി തോന്നിക്കാണാൻ ഇടയില്ലെന്നു തോന്നുന്നു…

നിഷ്കളങ്കമായ ലക്ഷ്യത്തിന്റെ ഉദ്ദേശ്യശുദ്ധി കണക്കാക്കി പരിചയക്കാരാരുമില്ലാത്ത സമയം നോക്കി കാസറ്റ് വാങ്ങാൻ ചെന്നതിനാൽ രജിസ്റ്ററിൽ പേരുമെഴുതി കാസറ്റും കൈക്കലാക്കി കൂടുതൽ അപകടമൊന്നും കൂടാതെ അവിടെ നിന്നും തടി തപ്പി..അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ സെക്കിൾ നിർത്തി പൈന്റു കുപ്പി തിരുകുന്നത് പോലെ സി.ഡി അരയിൽ തിരുകിക്കയറ്റി..പൈന്റു കുപ്പി ഇന്നോളം അവിടെ സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും ചില നിഷ്കളങ്കമായ പുസ്തകങ്ങളും ഇതു പോലെ ചില സിനിമാ കാസറ്റുകളും അക്കാലത്ത് യഥേഷ്ടം അവിടെ സ്ഥാനമുറപ്പിക്കാറുണ്ടായിരുന്നു…അങ്ങിനെ ഒരു വിധത്തിൽ വീട്ടിലെത്തിച്ച് അക്കാലത്തെ എന്റെ നിധിയായിരുന്ന വീസീഡി പ്ലെയറിലേക്ക് നിക്ഷേപിച്ചു..ഇത്തരം സംഭവങ്ങളൊക്കെ സാധാരണ വീട്ടുകാർ കല്യാണത്തിനു പോവുമ്പോഴൊക്കെയാണ് സംഭവിക്കാറ്…തലവേദനയോ വയറുവേദനയോ ഒക്കെ എനിക്ക് കൂട്ടുണ്ടാവും…അല്ലെങ്കിലും ഒരു നേരത്തെ കല്യാണസദ്യയിലൊക്കെ എന്തിരിക്കുന്നു..

പക്ഷേ സീമയെ കണ്ട ബാലൻ K നായരെ പോലെആവേശത്തോടെ സിനിമ കാണാൻ ചെന്നിരുന്ന എന്നെ ജലജയെ കണ്ട വേണു നാഗവള്ളിയെ പോലെ ശോകമൂകനാക്കിക്കളഞ്ഞു പിന്നത്തെ കാഴ്ചകൾ..
മൊത്തം ശോകം…മോനിഷ കരയുന്നു, സലീമ കരയുന്നു..വിനീത് കരയുന്നു, കവിയൂർ പൊന്നമ്മ കരയുന്നു, എന്തിന് വില്ലൻ സ്വഭാവമുള്ള തിലകൻ പോലും കരയുന്നു…സീനാകെ ശോകമയം…

ഒടുവിൽ സഹികെട്ട് ഞാൻ റിമോട്ടിലെ ഫൊർവേർഡ് ബട്ടൺ അമർത്തി…ദൈവമേ, കണ്ണിനു കുളിരായി ഒരു ഫ്രെയിമെങ്കിലും….പ്രാർത്ഥന വിഫലമായതു മിച്ചം…ഒടുവിൽ വിഷാദമൂകനായി താടിക്ക് കൈ കൊടുത്തങ്ങിനെ…ജീവിതത്തിലാദ്യമായി ഞാൻ എം.ടി യെ വെറുത്തു…ഹരിഹരനെ ശപിച്ചു…
എന്തോ മോനിഷയെ ശപിക്കാൻ തോന്നിയില്ല…പക്ഷേ വർഷങ്ങൾക്കിപ്പുറം ഞാൻ ആ സിനിമ വീണ്ടും കണ്ടു…നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ…കാരണമുണ്ട്…

യാദൃശ്ചികമായാണ് , “കേവലമർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ” എന്ന ഗാനത്തിന്റെ വീഡിയോ കയ്യിൽ കിട്ടുന്നത്…ഒരു വിരഹകാമുകനെ ഉണർത്തുന്ന എന്തോ ഒരു ഘടകം ആ പാട്ടിലുണ്ടെന്നു തോന്നുന്നു…മനസ്സിലേക്കതാഴ്ന്നിറങ്ങി…ആ പാട്ടിൽ ഞാൻ കണ്ടത് സലീമയെന്ന നടിയെ ആയിരുന്നില്ല…
എന്റെ അനുവിന്റെ മുഖമായിരുന്നു അതിൽ നിറയെ…
” കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണ(അ)നു”
എന്നൊന്ന്‌ പുതുക്കി ഏറെ നാൾ എന്റെ ചുണ്ടത്ത് ആ പാട്ട് തത്തിക്കളിച്ചിരുന്നു…

അങ്ങിനെയാണ് പാട്ടിലെ നായികയെ കുറിച്ചും ഏതു ചലച്ചിത്രത്തിലെ ഗാനമാണെനതിനെ കുറിച്ചും ഞാൻ കൂടുതൽ അന്വേഷിച്ചതും ഒടുവിൽ ചിത്രം ഒന്നു കൂടി കാണുവാൻ തീരുമാനിച്ചതും..ഇന്നലെ ആ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ തൊട്ട് ഉള്ളിൽ കയറിയതാണ് കൊളുത്തുന്ന ഒരു വിങ്ങൽ…ഓഹ്, എത്ര മനോഹരമായ ചിത്രം…എന്തു മനോഹരമായ പാട്ടുകൾ….
“കേവലമർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ”
ഊമയും ബധിരയുമായ നായികയെ ഇതിലും മനോഹരമായി എങ്ങിനെയാണ് വർണ്ണിക്കുവാൻ സാധിക്കുക???ഞാനാരാധിക്കുന്ന ചുരുക്കം ചില നായികമാരെ വെള്ളിത്തിരലുള്ളു.അതിലൊന്ന് ശാരിയാണ്.വെള്ളാരം കണ്ണുകളിൽ സാഗരമൊളിപ്പിച്ച് മോഹിപ്പിച്ചു കടന്നു പോയ എത്രയോ കഥാപാത്രങ്ങൾ.മറ്റൊരാൾ “എന്നെന്നും കണ്ണേട്ടനിലെ” രാധികയാണ്.കൗമാരപ്രണയത്തെ കവിൾപ്പൂവിലൊളിപ്പിച്ച് കടന്നു പോയ ആ പേരറിയാത്ത പാവാടക്കാരിയോട് കണ്ണനെ പോലെ അന്നെനിക്കും അനുരാഗമായിരുന്നു.മൂന്നാമതൊരാൾ ഇന്നലെ കടന്നു വന്നു അവളാണ് നഖക്ഷതങ്ങളിലെ ലക്ഷ്മി…
പ്രിയപ്പെട്ട സലീമ..ഊമയും ബധിരയുമായ ലക്ഷ്മിയായി നിറഞ്ഞഭിനയിച്ച സലീമ..ശബ്ദമില്ലാതെ ചിരിച്ച, ശബ്ദമില്ലാതെ തേങ്ങിയ പ്രിയപ്പെട്ട ലക്ഷ്മി..ഹൃദയത്തിൽ മധുവൂറും നോവിന്റെ നഖക്ഷതങ്ങൾ തീർത്ത പ്രിയപ്പെട്ട എം ടി….

#എൻ്റെ_സിനിമാനുഭവങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ