കാമുകനും ഭർത്താവിനും നടുവിൽ ഇരുകരകളിലേക്കും ഒഴുകിയെത്താനാവാതെ ഒരു തുഴയില്ലാ തോണി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
49 SHARES
593 VIEWS

മലയാളത്തിലെ ഏറ്റവും മനോഹരമായ, മനസുകളുടെ ആഴവും പരപ്പുമുള്ള, ഒട്ടേറെ സങ്കീർണ്ണമായ തലങ്ങളുള്ള സിനിമയാണ് ‘ഒരേകടൽ’. മമ്മൂട്ടിയും മീരാജാസ്മിനും രമ്യാകൃഷ്ണയും നരേനും പ്രധാന വേഷങ്ങളിൽ വന്ന ചിത്രം. ശ്യാമപ്രസാദ് എന്ന പ്രതിഭാധനന്റെ സംവിധാനമികവ് . പോരെ..ഈ ചലച്ചിത്രം ഒരു അനുഭവമാകാൻ. പോരെങ്കിൽ നമ്മെ തന്നെ വേട്ടയാടുന്ന സംഗീതത്തിന്റെ മാസ്മരികമായ അനുഭൂതി. ഈ സിനിമ പോലെ ഇനി ഒരെണ്ണം ഉണ്ടാകില്ല. ശരിക്കും ഒരു ക്ലാസിക്. ദീപു കിഴുത്താനി പതിവുപോലെ ഈ ചിത്രത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ വിശകലനം ചെയ്യുകയാണ്. വായിക്കാം

ദീപു കിഴുത്താനി

പ്രണയത്തെക്കുറിച്ചേറെ വായിച്ചിട്ടുണ്ട്…വകക്ക് കൊള്ളാത്ത കുറച്ച് വരികൾ ഞാനും എഴുതിയിട്ടുണ്ട്..
അവയെല്ലാം കാല്പനികതയുടെ അതിപ്രസരത്താൽ ജീവിതഗന്ധം വറ്റിപ്പോയവയായിരുന്നു..എന്നാൽ ഈ വരികൾ ഞാൻ കണ്ടെടുത്തത് ചുവരിൽ കുത്തിക്കുറിക്കപ്പെട്ട നിലയിലായിരുന്നു..ഞാൻ ജോലി ചെയ്തിരുന്ന മാനസികരോഗാശുപത്രിയുടെ ചുവരിൽ നിന്നും…ചെളിമണ്ണിന്റെ നിറത്തിൽ അവിടെ ഇങ്ങനെ കുറിക്കപ്പെട്ടിരുന്നു…
” Oh my beloved…
why am here??
because of you
dear….”
പതിവ് പോലെ വിരസമായ ഹോസ്പിറ്റൽ ദിനങ്ങളിലൊന്നിൽ ഏറെ അവിചാരിതമായാണ് ഈ വരികൾ എന്റെ കണ്ണിൽപ്പെടുന്നത്, കൂടുതലന്വേഷിച്ചപ്പോൾ നഴ്‌സുമാരിലൊരാളാണ് പറഞ്ഞത് അത് ജയകുമാർ എന്നൊരു അന്തേവാസി എഴുതിയതാണെന്ന്.ട്രാൻസ്ഫർ കിട്ടി ഇവിടെയെത്തിയ ആദ്യനാളുകളിൽത്തന്നെ ഞാനവനെ ശ്രദ്ധിച്ചിരുന്നു.ഒരു ഭ്രാന്താശുപത്രിയുടെ അന്തരീക്ഷം എങ്ങിനെ ആയിരിക്കും എന്ന് നിങ്ങൾക്കുമറിയുമായിരിക്കുമല്ലോ .അവിടെ സ്ഥിരമായി ഇടപഴകുന്നവരെ പോലും ഉന്മാദത്തിന്റെ തലത്തിലേക്ക് കൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ ആകെ കോലാഹലവും ബഹളവും നിറഞ്ഞ ഒന്നാണത് .അവിടെ എല്ലാവരിൽ നിന്നും വ്യത്യസ്തനായി തീരെ നിശ്ശബ്ദനായ, സുമുഖനായ ഒരു ചെറുപ്പക്കാരൻ.അയാളുടെ കണ്ണുകളിൽ വിഷാദം തിരതല്ലിയിരുന്നു.തീരെ ചെറുപ്പത്തിലേ ഈയൊരു ഗതി അയാൾക്ക് വന്നല്ലോ എന്ന് ഞാൻ വേദനയോടെ ഓർക്കുകയും ചെയ്തു…

ഒന്നര വർഷത്തോളമായി അയാളിവിടെ എത്തിയിട്ടെന്നും ഏറെക്കുറെ സാധാരണ ഒരു മാനസികാവസ്ഥയിലേക്ക് അയാൾ തിരിച്ചെത്തിയിട്ടുണ്ട്, വൈകാതെ അയാളെ പേര് വെട്ടി വിടാൻ കഴിഞ്ഞേക്കുമെന്നും അയാളെ ചികിത്സിച്ചിരുന്ന ഡോക്ടർ റാവു എന്നോട് പറഞ്ഞു.അങ്ങിനെയാണ് ഞാനയാളോട് കൂടുതൽ അടുക്കാൻ ശ്രമിച്ചത്, ആദ്യമൊന്നും ഗൗനിച്ചില്ലെങ്കിലും എന്റെ സ്‌നേഹപൂർണമായ ഇടപെടൽ ഒടുവിൽ ഫലം കാണുക തന്നെ ചെയ്തു.ഒരിക്കൽ ജയൻ അയാളുടെ ജീവിതകഥ എന്നോട് പറഞ്ഞു…

“ഏതൊരു ചെറുപ്പക്കാരനും കൊതിക്കുന്ന ഒരു ജീവിതം ആയിരുന്നു എന്റേത് .നല്ലൊരു മൾട്ടിനാഷണൽ കമ്പനിയിൽ നാലക്ക ശമ്പളത്തിൽ ജോലി..ജീവിതപങ്കാളിയായി സുന്ദരിയായ നാട്ടിൻപുറത്തുകാരി പെൺകുട്ടി…ഓമനയായ ഒരു മകൻ..സ്വസ്ഥസുന്ദരമായ ജീവിതം.ഇതിൽ കൂടുതൽ എന്താണ് ഡോക്ടർ മധ്യവർഗ്ഗ കുടുംബത്തിൽ ജീവിച്ചു വളർന്ന എന്നെപ്പോലെ ഒരു സാധാരണക്കാരന് ആഗ്രഹിക്കാനുള്ളത്??…”
അത് ചോദിക്കുമ്പോൾ അയാളുടെ കണ്ണിൽ ഒരു തിളക്കം മിന്നിമറഞ്ഞിരുന്നത് ഞാൻ കണ്ടു…
“ജീവിതം അങ്ങിനെ മനോഹരമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചു പൂട്ടിയത്..പിന്നെ ജോലിയൊന്നുമില്ലാതെ ഏറെക്കാലം..എന്നാലും ഉണ്ടായിരുന്ന കുറച്ചു സമ്പാദ്യം കൊണ്ടും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയുമൊക്കെ ഞങ്ങൾ പിടിച്ചു നിന്നു..ഞങ്ങളെന്നു പറഞ്ഞാൽ ഞാനും, മോനും പിന്നെ ദീപ്തിയും..എന്റെ ദീപ്തിയെ സാർ കണ്ടിട്ടില്ലല്ലോ… അല്ല, ദീപ്തിയെ സാർ കണ്ടിട്ടില്ലല്ലോ…ഇതാണ്…”അയാൾ ഒരു ഫോട്ടോ എനിക്ക് നീട്ടി…

ഞാൻ അത് വാങ്ങി നോക്കി…അതിസുന്ദരിയായ ഒരു പെൺകുട്ടി.അവളുടെ മുഖം ഏതോ ഒരു പഴയ സിനിമാ നടിയെ ഓർമിപ്പിച്ചു..”ഇത് ദീപ്തി, ഇത് ഞങ്ങളുടെ മോൻ.. ഇത് മോള്”..അവൻ വിറയാർന്ന വിരലുകൾ കൊണ്ട് ഒന്നൊന്നായി തൊട്ടു കാണിച്ചു.നല്ല സുന്ദരിയാണല്ലോ, ഞാനത് തിരികെ ജയന് നല്കക്കൊണ്ട് പറഞ്ഞു….
എന്ത് പറ്റിയെന്നറിയില്ല ജയൻ പെട്ടെന്നു മുഖം കുനിച്ചിരുന്നു…
“എന്ത് പറ്റി ജയാ?” അയാളുടെ എണ്ണമയമില്ലാത്ത തലമുടിയിൽ തലോടിക്കൊണ്ട് ഞാൻ ചോദിച്ചു…
“ഒന്നുമില്ല സാർ… സുന്ദരമായ മുഖങ്ങളുള്ളവരിലാണ് പലപ്പഴും ഏറ്റവും ക്രൂരമായ മനസൊളിച്ചിരിക്കുന്നുണ്ടാവുക ..എനിക്കറിയില്ല സാർ ഞാനെത്ര മാത്രമാണ് അവളെ സ്നേഹിച്ചിരുന്നതെന്ന്..ഏറെക്കാലമായി ജോലിയില്ലാത്തതിന്റെ സമ്മർദ്ദവും ഭാവിയെ പറ്റിയുള്ള ആശങ്കകളും എല്ലാം ഒരു ഭാര്യയെന്ന രീതിയിൽ അവളെ പരിഗണിക്കുന്നതിൽ ചിലപ്പോഴെങ്കിലും എന്നെ വിമുഖനാക്കിയിരുന്നു എന്നത് സത്യമാണ്.എന്നാലും അവൾക്കും അറിയാവുന്നതായിരുന്നില്ലേ എന്റെ അവസ്ഥ.പിന്നെന്നതിനാണ് സാർ അവളെന്നെ ചതിച്ചത്??

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു… ഞാനെന്റെ കൈവിരലുകളാൽ അത് തുടച്ചു കൊണ്ടു ചോദിച്ചു..
“ജയനെ ദീപ്തി ചതിച്ചെന്നോ?”…
“അതെ സാർ അവളൊരു പിഴച്ചവളാണ്!!…
നീണ്ട ഒരു ദുരിതാകാലത്തിനപ്പുറം ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവദൂതനെ പോലെ ഒരാൾ കടന്നു വന്നുവെന്നാണ് ആദ്യം ഞാനയാളെക്കുറിച്ച് കരുതിയത്.സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരാളായിരുന്നു അയാൾ.സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഡോക്ട്രേറ്റും ,. ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ സ്ഥിരം ക്ഷണിതാവുമൊക്കെയായിരുന്ന ഡോക്ടർ നാഥൻ….
അയാൾ ഞങ്ങളെ സാമ്പത്തികമായി സഹായിച്ചു.എനിക്കൊരു നല്ല ജോലി വാങ്ങി തന്നു.അപ്പോഴൊന്നും ഞാൻ അറിഞ്ഞില്ല ഡോക്ടർ അവളുടെ ശരീരത്തിന്റെ വിലയായിരുന്നു അതെന്ന്!!…

ജീവിതം വീണ്ടും മുന്നോട്ടു പോവുകയായിരുന്നു..ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരതിഥി കൂടി കടന്നു വന്നു…എന്റെ പൊന്നു മോൾ…ഞങ്ങളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം നിറയാൻ തുടങ്ങി…പക്ഷെ, പെട്ടെന്നായിരുന്നു ദീപ്തിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്..രാത്രിയിൽ ഉണർന്നിരിക്കുക, വെറുതെ കരയുക..പ്രസവാന്തരമുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷൻ ആണെന്ന് കരുതി ഞാനും സ്വാന്തനിപ്പിച്ചു കണ്ണിമയ്ക്കാതെ അവൾക്ക് കൂട്ടിരുന്നു.പക്ഷെ ഒരിക്കൽ അവളെന്റെ മോളെ ബാൽക്കണിയിൽ നിന്നും താഴേക്കിടാൻ ഒരുങ്ങിയപ്പോഴാണ് ഇനിയും വൈകിയാൽ മോളെയും അവളെയും നഷ്ടപ്പെടും എന്നെനിക്ക് തോന്നിയത്..മൂന്നു വർഷത്തോളം അവളിവിടെ ഉണ്ടായിരുന്നു… ഇതേ ആശുപത്രിയിൽ ….എന്നിട്ടും ഞാനവളെ കാത്തിരുന്നു..എന്റെ മക്കൾക്ക് ഞാൻ തന്നെ അച്ഛനും അമ്മയുമായി…ഒടുവിൽ അവൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ദൈവം എന്റെ പ്രാർത്ഥന കേട്ടു എന്നാണ് ഞാൻ കരുതിയത്..അന്ന് ഞാനെത്ര മാത്രം സന്തോഷിച്ചുവെന്നു എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല ഡോക്ടർ ..പക്ഷെ അത് തെറ്റായിരുന്നു എന്ന് മനസിലാക്കാൻ ഏറെ വൈകേണ്ടി വന്നില്ല… .

ഒരു ദിവസം മക്കളെയും കൂട്ടി പുറത്തു പോയതായിരുന്നു അവൾ…പിന്നെ തിരിച്ചു വന്നതേയില്ല…ഏറെ വൈകിയിട്ടും കാണാതായപ്പോൾ ഒരുപാട് അന്വേഷിച്ചു… പക്ഷേ ഫലമുണ്ടായില്ല…ഒടുവിൽ ഞാൻ താമസിച്ചിരുന്ന പഴയ ഫ്‌ലാറ്റിലെ ഒരു പരിചയക്കാരനാണ് അവൾ നാഥനോടൊപ്പം അവിടെ ഉണ്ടെന്നു എന്നെ വിളിച്ചറിയിച്ചത്…ഞാൻ ഉടനെ അവിടെ പോയി അവളെ കണ്ടു…സംസാരിക്കാൻ ശ്രമിച്ചു…പക്ഷെ അവൾ ഒന്നിനും കൂട്ടാക്കിയില്ല…അവൾക്ക് അയാളോടൊപ്പം അവിടെ താമസിക്കാനാണിഷ്ടം എന്ന് തീർത്തും പറഞ്ഞു…ഡോക്ടർ, അക്ഷരാർത്ഥത്തിൽ ഞാനവളുടെ കാലു പിടിച്ചു… കരഞ്ഞു…പക്ഷെ….
ഒടുവിൽ ഒരു തരത്തിലും അവൾ വഴങ്ങാതെ വന്നപ്പോ ഞാൻ നിയമപരമായി നീങ്ങാൻ തീരുമാനിച്ചു…ഡോക്ടർക്കറിയോ, പിറന്ന നാൾ മുതൽ എന്റെ മോളടുത്തില്ലാതെ ഞാൻ ഉറങ്ങിയിട്ടില്ല…ഒടുവിൽ കുഞ്ഞുങ്ങളെയെങ്കിലും വിട്ടു കിട്ടാൻ വേണ്ടി ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി…
അന്ന്…എനിക്കെന്റെ മോളെ വേണംന്നു പറഞ്ഞപ്പോ,കുഞ്ഞേന്റെതല്ല അവളുടെ നാഥന്റെയാണെന്ന് എല്ലാവരുടെയും മുന്നിൽ വച്ച് അവൾ പറഞ്ഞ ആ നിമിഷം….ആ നിമിഷത്തിലാണ് ഡോക്ടർ ഞാനാകെ തകർന്നു പോയത്….എനിക്കാകെ തല ചുറ്റുന്നത് പോലെ തോന്നി…പോലീസുകാരിലാരോ എനിക്ക് കുറച്ചു വെള്ളം കൊണ്ട് വന്നു തന്നു.ജീവിതത്തിന്റെ ഒരു കാലത്തെ കുറിച്ച് എനിക്കത് വരെയേ ഓർമകളുള്ളൂ…പിന്നീടെപ്പോഴോ ഞാൻ ഇവിടെയെത്തി…എന്നാണ് വന്നതെന്നോ ആരാണ് കൊണ്ട് വന്നതെന്നോ എനിക്കോർമ്മയില്ല…എന്തിനായിരിക്കും ഡോക്ടർ അവളെന്നെ ഇങ്ങനെ ചതിച്ചത്?അവളെയല്ലാതെ മറ്റാരെയും ഞാൻ ആഗ്രഹിച്ചിരുന്നില്ല…അത്രയും ഞാൻ അവളെ സ്നേഹിച്ചു…അവൾ ഭ്രാന്തിന്റെ ലോകങ്ങളിൽ ആയിരുന്നപ്പോൾ പോലും മറ്റൊരു വിവാഹത്തിന് ശ്രമിക്കാതെ, മറ്റൊരു സ്ത്രീയെ തേടി പോലും പോകാതെ അവളെ മാത്രം കാത്തിരുന്നതിനോ? എനിക്കുത്തരം കിട്ടുന്നില്ല ഡോക്ടർ….

ജയൻ, ഈ ലോകം ഇങ്ങനെയൊക്കെയാണ്… ഈ ലോകം കപടത നിറഞ്ഞതാണ് മോനെ…സ്വാർത്ഥന്മാരുടെ ഒരു കൂട്ടം… സ്വാർത്ഥത എത്ര തോതിൽ അടങ്ങിയിരിക്കുന്നു എന്നതിൽ മാത്രമേ വ്യത്യാസമുള്ളൂ…ഞാനവനെ കെട്ടിപ്പിടിച്ചു…എന്റെ കുപ്പായം അവന്റെ കണ്ണുനീരിൽ സ്നാനപ്പെട്ടിരുന്നു…
എന്റെ ഡോക്ടർ സുഹൃത്ത് അയാളുടെ സർവീസ് സ്റ്റോറി എഴുതുന്നതിനെപ്പറ്റിയുള്ള ചർച്ചകളിലൊരിക്കൽ പറഞ്ഞ ജയകുമാറിന്റെ കഥ കേട്ടപ്പോഴാണ് ഞാൻ മുൻപ് കണ്ടൊരു സിനിമയെപ്പറ്റിയോർത്തത്….അരവിന്ദന്റെ ഒരേ കടൽ… ശ്യാമപ്രാസാദിന്റെയും…

പ്രിയമുള്ളവരേ, ഇന്നെന്റെ സിനിമാനുഭവങ്ങളിൽ എനിക്ക് നിങ്ങളോടു സംസാരിക്കാനുള്ളത് “ഒരിടത്തെ” “ഒരേ കടലി”നെ പറ്റിയാണ്…അരവിന്ദൻ സംവിധാനം ചെയ്ത “ഒരിടത്ത്” എന്ന ചിത്രത്തിൽ നെടുമുടി വേണു ചെയ്ത ഓവർസീയറുടെ ഒരു കഥാപത്രമുണ്ട്…ഒരു കുഗ്രാമത്തിൽ ആദ്യമായി വൈദ്യുതിയെത്തുന്നതും അത് ആ ഗ്രാമത്തെ എങ്ങിനെയാണ് സ്വാധീനിക്കുന്നത് എന്നെല്ലാമാണ് ആ ചിത്രം പറഞ്ഞു വയ്ക്കുന്നത്….വൈദ്യുതിയെപ്പറ്റി പരിമിതമായ അറിവുകൾ മാത്രം കൈമുതലായുണ്ടായിരുന്ന നാട്ടുകാർക്ക് വെദ്യുതി നൽകാൻ വന്ന ഓവർസീയർ ഹീറോ ആയിരുന്നു…ജാതി ചിന്തയൊക്കെ കൊടികുത്തി വാണ കാലമായിരുന്നിട്ടു പോലും വൈദ്യുതി നൽകാൻ വന്ന ആളായത് കൊണ്ട് തന്നെ ആ ഗ്രാമത്തിലെ മനയിൽ പോലും അയാൾക്ക് സർവ്വ സ്വാതന്ത്ര്യവും അനുവദിക്കപ്പെടുന്നുണ്ട്…ആ മനയിലെ കാരണവർ അയാളെ ഒരു തോഴനെന്ന പോലെ പരിഗണിക്കുന്ന രംഗങ്ങളെല്ലാം സംവിധായകൻ അതിൽ ചേർത്ത് വച്ചിട്ടുണ്ട്…അവരുടെ ആ അജ്ഞതയെ തന്നെയാണ് അയാൾ മുതലെടുക്കുന്നതും….മനുഷ്യരെ ചൂഷണം ചെയ്തും നാട്ടുകാരുടെ വീടിന്റെ ചെറ്റ പൊക്കിയും പെൺകുട്ടികളെ പിഴപ്പിച്ചും അയാളവിടെ വിലസുന്നുണ്ട്…പുതിയകാലത്തിലേക്കെത്തുമ്പോൾ അയാളുടെ ജോലി മാറിയിട്ടുണ്ട്…ജോലി മാത്രമല്ല പേരും….
അയാളിന്നൊരു സാമൂഹികശാസ്ത്രജ്നനാണു…പേര് നാഥൻ…നവലിബറൽ നയങ്ങളും സാമൂഹിക അസന്തുലിതാവസ്ഥയും ലോകത്ത് മധ്യവർഗത്തെ എങ്ങിനെയാണ് ബാധിച്ചത് എന്നതായിരുന്നു അയാളുടെ പഠന വിഷയം…

അയാൾ മധ്യവർഗ്ഗത്തെ കുറിച്ച് കൃത്യമായ ബോധ്യങ്ങൾ ഉള്ള ഒരാളായിരുന്നു …അയാളുടെ ചുറ്റുമുണ്ടായിരുന്ന മധ്യവർഗ്ഗമോ അവരുടെ ദുരിതക്കയത്തിൽ നിന്നു എങ്ങിനെ കരകേറുമെന്നു യാതൊരു മാർഗ്ഗവുമില്ലാതെ ഉഴറി നടക്കുകയും…അവരുടെ പുരുഷന്മാരെ, അവരുടെ സ്ത്രീകളെ എങ്ങിനെ സ്വാധീനിക്കാൻ കഴിയും, അത് വഴി അവരെ എങ്ങിനെ മുതലെടുക്കാൻ കഴിയുംഎന്നുള്ളത് അയാളുടെ പഠനങ്ങളിൽ നിന്നും അവരോടുള്ള നിരന്തരമായ ഇടപഴകലുകളിൽ നിന്നും അയാൾ കൃത്യമായി മനസിലാക്കി വച്ചിരുന്നു….ഇവിടെയും അവരുടെ നിസഹായതയെ നാഥൻ മുതലെടുക്കുന്നുണ്ട്….
തുച്ഛമായ സാമ്പത്തിക സഹായങ്ങൾ നൽകിയും തന്റെ ഉയർന്ന സാമൂഹികനിലയെ മുന്നിൽ വച്ചും വിവാഹിതയായ ഒരു മധ്യവർഗ്ഗ യുവതിയെ പ്രലോഭിപ്പിച്ച് അയാൾ വലയിലാക്കുന്നുണ്ട്…വലയിലാക്കൽ എന്ന വാക്ക് തന്നെയാണ് ഇവിടെ ചേരുക…ചോദിക്കാതെ തന്നെ സഹായം നേടാനുള്ള ഒരു വഴിയുണ്ട്….
അതിപ്രകാരം ആണ്…

നാം നമ്മുടെ ആവശ്യങ്ങളെ കുറിച്ച് പ്രിയപ്പെട്ട ഒരാളോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നു എന്ന് കരുതുക…
കുറെ കേട്ട് കഴിയുമ്പോൾ നാം ആവശ്യപ്പെട്ടില്ലെങ്കിലും നമ്മളെ സഹായിക്കണം എന്നൊരു ചിന്ത അപരന്റെ മനസ്സിൽ ഉടലെടുക്കുക തന്നെ ചെയ്യും…നമ്മളോട് ഏതെങ്കിലും രീതിയിൽ സ്നേഹമോ കടപ്പാടോ ഉള്ള ഒരാളാണെങ്കിൽ പ്രത്യേകിച്ചും….ജീവിതത്തിൽ നിന്നും ഒരേടെടുത്താൽ എന്റെ മുൻകാമുകി അവളുടെ സാമ്പത്തിക ആവശ്യങ്ങൾ ഇടയ്ക്കിടെ എന്നോട് സംസാരിക്കുമായിരുന്നു…എന്നാൽ അവൾക്ക് പൈസ വേണം എന്ന് ആവശ്യപ്പെടുകയും ഇല്ല…പക്ഷെ അവളുടെ സംസാരം മുന്നോട്ടു പോകുമ്പോൾ അവളുടെ സാമ്പത്തികാവശ്യങ്ങളെ കുറിച്ചു അവൾ വീണ്ടും വീണ്ടും പരാമർശിക്കുകയും ചെയ്യും… അവളെ സഹായിക്കേണ്ടത് എന്റെ ചുമതലയാണെന്ന് എനിക്ക് തോന്നുകയും, ഞാൻ അങ്ങോട്ട് നിർബന്ധിച് അവൾക്കാവശ്യമുള്ള സഹായങ്ങൾ ചെയ്യുകയും ചെയ്തു പോന്നിരുന്നു.. പക്ഷെ എപ്പോഴെങ്കിലും പിണങ്ങുമ്പോൾ ഞാൻ ചെയ്ത കാര്യങ്ങളെ ചൂണ്ടിക്കാട്ടി ഞാൻ മുൻകൈ നേടാൻ ശ്രമിക്കുമ്പോ അവള് പറയും,
ഞാൻ നിങ്ങളോടാവശ്യപ്പെട്ടില്ലല്ലോ എനിക്കത് ചെയ്ത തരാൻ…

അതാണ്…പ്രിയപ്പെട്ടവരെ അതൊരു കലയാണ്…അവരുടെ ആവശ്യങ്ങൾ നമ്മുടേതും കൂടിയാക്കി സഫലീകരിക്കൽ ..യാതൊരു കടപ്പാടിന്റെയും കെട്ടില്ലാതെ തന്നെ…നിങ്ങളിൽ ചിലർക്കെങ്കിലും ഈ അനുഭവം ഉണ്ടായിട്ടില്ലേ….ഇവിടെ നാഥനും അതെ വിദ്യ തന്നെയാണ് പ്രയോഗിക്കുന്നതെന്നു കാണാം…
നാഥൻ ദീപ്തിയെ രതിയിലേക്കു ക്ഷണിക്കുന്നത് തന്നെ അയാൾ അനുഭവിക്കുന്ന സമ്മർദങ്ങളും,ഒപ്പം ആ സാഹചര്യത്തിൽ അയാളെ സഹായിക്കാവുന്ന ഒരേ ഒരു കാര്യം രതി മാത്രമാണ് എന്ന് പറഞ്ഞു കൊണ്ടാണ്…
ശേഷം അയാൾ പറയുന്നുണ്ട്, നിനക്ക് പോകാം വാതിൽ തുറന്നു കിടക്കുന്നുണ്ട്..പക്ഷെ ഞാൻ വല്ലാത്തൊരവസ്ഥയിൽ നീറുകയായിരിക്കും എന്ന് നിനക്കറിയാമല്ലോ…ദീപ്തിക്ക് പക്ഷെ പോകാൻ കഴിയുന്നില്ല, ആരും തുണയില്ലാതിരുന്നൊരു നാൾ അവളുടെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയ അവനു മരുന്ന് വാങ്ങി നൽികിയ, ഏറെക്കാലമായി ജോലിയില്ലാതെ അലഞ്ഞ അവളുടെ ഭർത്താവിന് ജോലി വാങ്ങി നൽകിയ അയാളോടവൾക്ക് കടപ്പാടുണ്ടായിരുന്നു …

(കടപ്പാട് മാത്രമായിരുന്നോ കാരണം എന്ന ചോദ്യം പ്രസക്തമാണ്. അതിന്റെ ഉത്തരം വഴിയേ ചർച്ച ചെയ്യാം)
ഒന്നിലധികം രംഗങ്ങളിൽ നാഥൻ പറയുന്നുണ്ട്, അവൾ പോകാതെ അവിടെ നിന്നതു കൊണ്ടു മാത്രമാണ് അവർ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായത് എന്ന്…അതായത് അവളുടെ കുറ്റം ഒന്ന് കൊണ്ട് മാത്രമാണ് അവൾ ഇന്നനുഭവിക്കുന്ന അവസ്ഥ ഉണ്ടായത് അത്കൊണ്ട് അയാൾക്കതിൽ പങ്കൊന്നുമില്ല എന്ന്..
അയാൾ അയാൾക്ക് വേണ്ട കാര്യം അവളോട് നേരിട്ട് ആവശ്യപ്പെടുന്നില്ല എന്നത് കൊണ്ട് തന്നെ നാഥന് പിന്നീട് അവളെ കുറ്റപ്പെടുത്താൻ/സ്വയം രക്ഷപ്പെടാൻ അതൊരു കാരണമാകുന്നു എന്നും കാണാം…
അവൾ തനിക്ക് ശാരീരികമായി വഴങ്ങിയില്ലായിരുന്നുവെങ്കിലും അവളുടെ ഭർത്താവിന് താൻ ജോലി വാങ്ങി നൽകുമായിരുന്നു എന്ന് പറയുന്ന അതെ നാഥൻ തന്നെയാണ് , എന്നെ വിദ്യ അഭ്യസിപ്പിക്കാമോ എന്ന് ദീപ്തി ചോദിക്കുമ്പോൾ പകരം നീയെനിക്കു വഴങ്ങണം എന്ന് വീണ്ടുമാവശ്യപ്പെടുന്നത് എന്നിടത്താണ് അയാളിലെ ഇരട്ടത്താപ്പ് വെളിവാകുന്നത്….

“നോക്കൂ ഞാൻ മധ്യവർഗ്ഗത്തെ കുറിച്ച് പഠിച്ചെഴുതിയ ഈ പുസ്തകത്തിൽ നിങ്ങളുടെ കുടുംബത്തെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്” എന്ന് പറയുന്ന അതെ രംഗത്തിൽ തന്നെയാണ് ദീപ്തിയുടെ കുടുംബത്തിന്റെ
ആ സമയത്തെ അവസ്ഥയെന്നോണം ആ മുറിയിലാകെ അയാളുടെ ഗവേഷണഫലങ്ങളടങ്ങിയ കടലാസുകൾ ലക്ഷ്യമില്ലാതെ പറക്കുന്നത് കാണാം….ഒരേ ഫ്രയിമിൽ തന്നെ രാജ്യത്തെ സമീപഭാവിയിൽ ഗ്രസിച്ചേക്കാവുന്ന ട്രാഫിക് ബ്ലോക്കിനെ പറ്റി ഏറെ വ്യാകുലപ്പെടുന്ന നാഥൻ അവിടെ തന്നെയുള്ള ദാരിദ്ര്യത്തിന്റെ പിറപ്പുകളായ ആ ഭിക്ഷാംദേഹികളായ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതേയില്ല എന്ന് കാണാം….
നാഥൻ ഒരു നാർസിസ്റ്റ് ആണെന്ന് ചിത്രത്തിന്റെ കൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസിലാവുന്ന ഒരു കാര്യമാണ്…അയാൾക്ക് അയാളോട് മാത്രമേ സ്നേഹമുള്ളു…അയാൾക്ക് അയാളെ മാത്രമേ സ്നേഹിക്കാൻ കഴിയു…സ്വയം അങ്ങിനെ അല്ല കരുതിയിരുന്നത് എങ്കിൽ പോലും താനൊരു സാധാരണ മനുഷ്യൻ മാത്രമാണെന്ന് ഇടയ്ക്കിടെ പറയുന്ന അയാളെ അതെ താങ്കൾ ഒരു സാധാരണ മനുഷ്യൻ മാത്രമാണ് മറ്റൊന്നുമല്ല എന്ന തിരിച്ചറിവിലേക്കെത്തിക്കുന്നിടത്താണ് ദീപ്തി എന്ന സാധാരണക്കാരി വിജയിക്കുന്നത്..
അവിടെ അവൾ സ്വയം താഴ്ന്നു പോയി എങ്കിലും….
(താഴ്ന്നു പോയി എന്നത് എന്റെ ചിന്ത മാത്രമാണ് ട്ടോ)

ചിത്രത്തിലെ ഒരു രംഗത്തിൽ ഒരു ലിഫ്റ്റിനുള്ളിൽ മൂന്നു കഥാപാത്രങ്ങളെയും സംവിധായകൻ ഒരുമിച്ചു കാണിക്കുന്നുണ്ട്…ഒരു സാന്ഡ്വിച്ചിനെ ഉദാഹരണമായെടുത്താൽ ഫില്ലിങ്സ് രണ്ടു ബ്രഡ് പാളികൾക്കിടയിൽ വരുമ്പോൾ ആണ് സാന്ഡ്വിച്ചിന് അതിൻററെ സ്വാഭാവികമായ രുചി കൈവരുന്നത്…
പക്ഷെ ലിഫ്റ്റിലെ കാഴ്ച്ചയിൽ ഭർത്താവിനും കാമുകനും മദ്ധ്യേയല്ല പകരം ഒരു വശത്തായാണ് ദീപ്തി എന്ന ഫില്ലിംഗ് വരുന്നത്…അത് തന്നെയാവാം സ്വാഭാവികമായ ഒരു രുചി ആ സാന്ഡ്വിച്ചിന് നഷ്ടമായി പോയതും…
കാമുകനും ഭർത്താവിനും നടുവിൽ ഇരുകരകളിലേക്കുമൊഴുകിയെത്താനാവാതെ അലഞ്ഞു നടക്കേണ്ടി വന്ന ദീപ്തിയെന്ന തുഴയില്ലാ തോണിയുടെ കഥയാണ് ഒരേ കടൽ…ചില സിനിമകൾ കണ്ടാൽ നമുക്ക് നല്ലതെന്നു തോന്നും…ചിലത് കണ്ടാൽ അത് പോലൊന്ന് ജീവിതത്തിലും സംഭവിച്ചിരുന്നെങ്കിലെന്നു തോന്നും…ചിലതു കണ്ടാൽ നല്ലതെന്നു തോന്നും പക്ഷെ ജീവിതത്തിലൊരിക്കലും സംഭവിക്കല്ലേയെന്നും..
അങ്ങിനെ തോന്നിയ ഒരു ചിത്രമാണ് ഒരേ കടൽ…

എനിക്ക് നന്ദിതയെ ഇഷ്ടമാണ്, അവളുടെ കവിതകൾ വളരെയധികം ഇഷ്ടമാണ്….പക്ഷെ അവരുടെ വ്യക്തിജീവിതം തീർച്ചയായും ഇഷ്ടമല്ല..അവരുടെ ജീവിതപങ്കാളിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ തീർച്ചയായും വളരെയധികം വേദനിക്കുമായിരുന്നു…ഈ ഒരു ബിന്ദുവിൽ നിന്ന് കൊണ്ടു തന്നെയാണ് ഞാൻ ജയകുമാറിനോട് ഐക്യപ്പെടുന്നതും… ഈ ചിത്രം കണ്ടവസാനിപ്പിച്ചപ്പോൾ ഞാനെന്നെ ജയകുമാറിന്റെ സ്ഥാനത്ത് സങ്കല്പിച്ചു നോക്കി …എനിക്കാണെങ്കിലും ഭ്രാന്ത് പിടിക്കുമായിരുന്നു…എനിക്ക് ദീപ്തിയോടു എന്തെന്നില്ലാത്ത അമർഷം തോന്നി…നന്ദിയില്ലാത്തവളെന്നു ആയിരം തവണ പ്രാകി…നന്ദിയില്ലാത്ത നായയെന്നു പറഞ്ഞാൽ തെറ്റായി പോകും..കാരണം അവറ്റകൾക്ക് നല്ല നന്ദിയുണ്ടെന്ന് എല്ലാവർക്കുമറിയാം…
ഒരേ കടലിൽ എന്റെ നായകനും നായികയും നാഥനും ദീപ്തിയുമല്ല,അത് ജയകുമാറും ബേലയും ആണ്…
തനിക്ക് പഠിക്കണം എനിക്ക് വിദ്യാഭ്യാസം നൽകാമോ എന്ന് ദീപ്തി ചോദിക്കുമ്പോൾ പോലും പ്രതിഫലമായി നീയീ കൈവിരലൊന്നു മസാജ് ചെയ്തു തരൂ എന്ന് പറഞ്ഞു അവളെ രതിയിലേക്കു ക്ഷണിക്കാനുള്ള/മുതലെടുക്കാനുള്ള ചുവടുവയ്പുകൾ നടത്തുന്ന നാഥനല്ല എന്റെ നായകൻ….

ഭാര്യ ഗർഭിണിയായത് മൂലം തന്റെ ശാരീകാവശ്യങ്ങൾ നിറവേറാതെ വരുമ്പോൾ അയൽവക്കകാരിയെ പ്രാപിക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രത്തെ ഈ സിനിമയിൽ തന്നെ കാണിക്കുന്നുണ്ട്..അവിടെ ഭ്രാന്തിന്റെ പടുകുഴിയിലേക്ക് വീണിട്ടും തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി തപം ചെയ്ത ജയകുമാറാണ് എന്റെ നായകൻ… പ്രിയപ്പെട്ടവന്റെ ത്യാഗങ്ങളെ ഒന്നോർക്കുക പോലും ചെയ്യാതെ കാമുകനെ തേടിപ്പോയ ദീപ്തിയല്ല എന്റെ നായിക, വിശന്നു മരിച്ച കുഞ്ഞാണ് എന്നെ പ്രസവിച്ചതെന്നു പറഞ്ഞ ബേലയാണ്…സമൂഹത്തിനു മുന്നിൽ തലയുർത്തി തന്റേടത്തോടെ നടന്ന ബേല…എന്തൊരു ഭാരമായിരുന്നു അവളുടെ വാക്കുകൾക്ക്….

#ബാക്കിപത്രം
#എൻ്റെ_സിനിമാനുഭവങ്ങൾ
#അന്ധഹസ്തി_ന്യായം

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ