ഇയാളെ അന്നേ വെടിവച്ചു കൊന്നിരുന്നെങ്കിൽ ?

217

Deepu Kizhuthani

ഇവനെ അന്നേ വെടിവെച്ചു കൊല്ലേണ്ടിയിരുന്നു?

രണ്ടു പോലീസുകാരുടെ നടുക്ക് നിൽക്കുന്ന ഈ “ക്രിമിനലിനെ” അറിയുമോ?

2017 സെപ്‌തംബർ ആദ്യവാരം ഹരിയാനയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഒരു രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ “പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിയ്ക്കാനായി കൈകൊണ്ട് മൂക്കും വായും പൊത്തി പിടിച്ചു കുട്ടിയെ കൊലപ്പെടുത്തിയ അതേ സ്കൂളിലെ ബസ് കണ്ടക്ടർ”

രണ്ടു കുട്ടികളുടെ അച്ഛനും കൂടിയാണ് ബസ് കണ്ടക്ടർ ആയ പ്രതി.സ്കൂളിലെ ബാത്‌റൂമിൽ വെച്ചാണ് സംഭവം, പ്രതി ബാത്റൂമിന്റെ പുറത്തേക്ക് വരുന്ന CCTV ദൃശ്യമാണ് “പ്രതിയെ കുടുക്കാൻ” പൊലീസിന് സഹായമായത്.ഇവനെയൊക്കെ വെറുതെ പിടിച്ചു ജയിലിട്ടു വളർത്താതെ ഹരിയാന പോലീസ് വെടിവെച്ചു കൊന്നിരുന്നെങ്കിൽ? അല്ലെങ്കിൽ ഇന്ന് ഹൈദരാബാദ് കൊലപാതകത്തെ ന്യായീകരിയ്ക്കും പോലെ അവിടുത്തെ ജനങ്ങൾ കൂട്ടം കൂടി തല്ലി കൊന്നിരുന്നുവെങ്കിൽ?

ഇവന്റെ രണ്ടു മക്കളും “ഒരു കൊച്ചു പയ്യനെ പീഡിപ്പിച്ചു കൊന്നവന്റെ മക്കൾ” എന്ന പേരിൽ വളർന്നേനെ, അദ്ദേഹത്തിന്റെ ഭാര്യ മാതാ പിതാക്കൾ… എല്ലാവരും ജീവിതകാലം മുഴുവൻ ആ അപമാനവും താങ്ങി ജീവിയ്ക്കേണ്ടി വന്നേനെ.ഒരു ബസ് കണ്ടക്ടറും, പൊതുവേ ദരിദ്രനും ആയ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതം അവിടെ തീർന്നേനെ.

പക്ഷേ അങ്ങനെ സംഭവിച്ചില്ല, മൂന്നു ആഴ്ചയോളം കഴിഞ്ഞു, കൊല്ലപ്പെട്ട പയ്യന്റെ വീട്ടുകാർ CBI അന്വേഷണം ആവശ്യപ്പെട്ടു, കേസ് തിരിഞ്ഞു മറിഞ്ഞു.മാസങ്ങൾ കഴിഞ്ഞു, അതേ സ്കൂളിലെ +1 പഠിയ്ക്കുന്ന രണ്ടു കുട്ടികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തി, കണ്ടക്ടറെ വെറുതെ വിട്ടു.

എൻകൗണ്ടറുകളെ ന്യായീകരിയ്ക്കുന്നവരുടെ അഭിപ്രായത്തിൽ “ഔദാര്യമായി കിട്ടിയ ജീവിതമാണ്” ഇന്ന് ഈ പാവം ബസ് കണ്ടക്ടറുടെയും കുടുംബത്തിന്റെയും.ഹൈദരാബാദിലും, കത്തിക്കരിഞ്ഞ ഒരു മൃദുദ്ദേഹത്തിൽ തെളിവെടുപ്പ് നടത്തിയതും പോലീസ്, പ്രതികളെ പിടിച്ചതും പോലീസ്, പ്രതികളെ വെടിവെച്ചു കൊന്നതും പോലീസ്.ഇനി ആരും ചോദിയ്ക്കാനും പറയാനും ആ ദരിദ്രരായ യുവാക്കളുടെ കുടുംബത്തിൽ നിന്നും വരില്ല.

ആരാണ് യഥാർഥ കുറ്റക്കാർ എന്നു ദൈവത്തിനും പോലീസിനും കുറ്റം ചെയ്തവർക്കും മാത്രം അറിയാം. കുറ്റക്കാർ ജീവിച്ചിരുപ്പുണ്ടെങ്കിൽ അവരതു തുറന്നു പറയില്ല, പിന്നെ പോലീസ്… ചാകാറായി കിടക്കുമ്പോൾ ചിലപ്പോൾ സത്യം പറഞ്ഞെന്നു വരാം