ഇന്ത്യൻ റെയിൽവേ മാറ്റത്തിന്റെ പാളത്തിലൂടെ ബഹുദൂരം പോയിരിക്കുന്നു, യാത്രക്കാർ കൂടി അൽപം മാന്യത കാണിച്ചാൽ മതി

128

Deepu M S

ഇന്ത്യൻ റെയിൽവേ മാറ്റത്തിന്റെ പാളത്തിലൂടെ ബഹുദൂരം പോയിരിക്കുന്നു. യാത്രക്കാർ കൂടി അൽപം മാന്യത കാണിച്ചാൽ റയിൽവേയ്ക്ക് ഇതിലും മെച്ചപ്പെട്ട സേവനം നമുക്കായി നൽകാൻ സാധിക്കും.
അൽപ്പം നീണ്ടുപോയ ചെറിയൊരു യാത്രയിലായിരുന്നു. ദില്ലിയിൽ എത്തി ചെറിയ ചില സാധനങ്ങൾ ഒക്കെ വാങ്ങി വന്നപ്പോഴേക്കും അന്നത്തെ കേരള എക്സ്പ്രസ് പുറപ്പെട്ടു കഴിഞ്ഞിരുന്നു. വേറേ വണ്ടിയൊന്നും ഇല്ലാത്തതിനാൽ ഒരു ദിവസം അവിടെ കറങ്ങി. പിറ്റേന്ന് പ്രീമിയം തത്കാലിൽ വിജയവാഡ വരെ ടിക്കറ്റ് കിട്ടി.

ദില്ലിയിൽ നിന്നും പുറപ്പെട്ട് ആഗ്ര കഴിഞ്ഞപ്പോഴേക്കും ബാത്റൂമിന്റെ പരിസരത്തേക്ക് പോകാനാവാത്ത വിധത്തിൽ ദുർഗന്ധം. അകത്താകെ വെള്ളം കെട്ടിക്കിടക്കുന്നു. രണ്ടും കൽപ്പിച്ച് Railway Seva യെ മെൻഷൻ ചെയ്ത് ഒരു ട്വീറ്റിട്ടു. പത്ത് മിനിട്ട് കൊണ്ട് PNR ഉം മൊബൈൽ നമ്പറും DM ചെയ്യാൻ റിപ്ലെ വന്നു. കയ്യോടെ മറുപടിയും കൊടുത്തു. ട്വീറ്റിട്ട് ഒരു മണിക്കൂർ കഴിയും മുമ്പേ ശുചീകരണത്തൊഴിലാളികളുടെ സൂപ്പർവൈസർ സീറ്റിൽ ഹാജർ. രണ്ട് തൊഴിലാളികളും കൂടെയുണ്ട്. ഒരു ശുചിമുറി പ്രവർത്തനരഹിതമാണത്രേ. അടച്ചിട്ടിരുന്ന ആ ശുചിമുറി ആരോ ഉപയോഗിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് പറഞ്ഞ് അത് വൃത്തിയാക്കി പൂട്ടിയിട്ടിട്ട് മറ്റേതും വൃത്തിയാക്കി അവർ പോയി.
ഇത് റെയിൽവേ ചെയ്യേണ്ടുന്ന കടമയാണ്. പക്ഷേ ഇന്ത്യൻ റെയിൽവേയുടെ മാനുഷിക മുഖം എനിക്കു മുന്നിൽ തെളിഞ്ഞത് വിജയവാഡയിൽ ഇറങ്ങിക്കഴിഞ്ഞാണ്.

2.50ന് വിജയവാഡയിൽ ഇറങ്ങി ബസ് നിർത്തിയിട്ടിടത്തേക്ക് ധൃതി പിടിച്ച് നടന്ന ഞാൻ തിരക്കിനിടയിൽ ഒരു പാക്കേജ് സീറ്റിനടിയിൽ ഉണ്ടായിരുന്ന കാര്യം വിട്ടു പോയി. വിജയവാഡയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് നഗരം വിടാനൊരുങ്ങുമ്പോഴാണ് എനിക്കതോർമ്മ വന്നത്. ആകെ പരിഭ്രമിച്ച ഞാൻ ഒരു സുഹൃത്തിനെ വിളിച്ച് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ RPFകണ്ട്രോൾ റൂം നമ്പർ തന്നു. കൂടാതെ 139ൽ വിളിക്കാനും റെയിൽസേവയിൽ തന്നെ ട്വിറ്ററിൽ ബന്ധപ്പെടാനും പറഞ്ഞു. 139ൽ വിളിച്ചപ്പോൾ ഇത്തരമൊരു സന്ദർഭത്തിൽ അവർക്കെന്ത് ചെയ്യണമെന്നറിയില്ലാ എന്തായാലും എറണാകുളം സൗത്തിൽ ചെന്ന് ഒരു പരാതി റജിസ്റ്റർ ചെയ്തു നോക്കൂ എന്നൊരുപദേശം കിട്ടി.

ഇതിനിടയിൽ എനിക്കിങ്ങനേ ഒരു മറവി പറ്റി എന്റെ ലഗേജ് എറണാകുളം ജംഗ്ഷനിൽ എത്തിക്കാമോ എന്നൊരു മെസേജ് ഞാൻ റെയിൽ സേവയുടെ ട്വീറ്റർ DMൽ ഇട്ടിരുന്നു. പതിനഞ്ച് മിനിട്ടു കഴിഞ്ഞപ്പോൾ എനിക്കൊരു കോൾ വന്നു. നെല്ലൂർ rpfൽ നിന്നാണ് , ഹരികൃഷ്ണ എന്നൊരുദ്യോഗസ്ഥൻ. നിങ്ങളുടെ ലഗേജ് മറന്നു വച്ചുവോ എന്നൊരു ചോദ്യം. അങ്ങനെ ഒരബദ്ധം പറ്റിയെന്ന് സമ്മതിച്ചപ്പോൾ വിജയവാഡയിൽ നിന്നും ഇനി ഏത് ട്രെയിനിൽ ആണ് വരുന്നത് ആ വണ്ടിയുടെ നമ്പർ പറഞ്ഞാൽ കേരളയിൽ നിങ്ങളുടെ ലഗേജ് ഇപ്പോഴും ഉണ്ടെങ്കിൽ അത് എടുത്തു വച്ചിട്ട് നിങ്ങൾക്ക് തരാം എന്ന് അദ്ദേഹം പറഞ്ഞു. അവിടെയാണല്ലോ പ്രശ്നം.ഞാൻ പോവുന്നത് ബസിനാണ്. നെല്ലൂരെത്തി ആ ലഗേജെടുക്കാനൊന്നും ബസുകാർ നിൽക്കില്ല. ഇത് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സാരമില്ല, ആറ് മണിക്ക് ട്രെയിൻ നെല്ലൂരെത്തും രണ്ട് മിനിട്ട് സ്റ്റോപ്പുണ്ട് അപ്പോൾ നോക്കിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു.

ആറു പത്തായപ്പോൾ എനിക്ക് വീണ്ടും ആ ഓഫീസറുടെ കോൾ വന്നു. അപ്പോഴേക്കും എന്റെ ബസ് ഗുണ്ടൂർ കഴിയുന്നതേയുള്ളൂ. നിങ്ങളുടെ ലഗേജ് കിട്ടി , അതേ സീറ്റിൽ ഇപ്പോൾ യാത്ര ചെയ്യുന്ന ഒരു വിദ്യാർത്ഥിയോട് കാര്യം പറഞ്ഞിട്ടുണ്ട് അയാളുടെ നമ്പർ നോട്ട് ചെയ്തോളൂ എന്ന് പറഞ്ഞ് എനിക്കൊരു നമ്പർ തന്നു. ഉടൻ തന്നെ ആ നമ്പരിൽ വിളിച്ചപ്പോഴേ ”സാർ നിങ്ങളുടെ പായ്ക്കറ്റ് എന്റെ പക്കലുണ്ട് ” എന്നായിരുന്നു മറുപടി. RPF എന്റെ നമ്പർ അയാൾക്ക് കൊടുത്തിരിക്കുന്നു എന്ന് വ്യക്തം. അയാൾക്ക് ചെങ്ങന്നൂർ ആണ് ഇറങ്ങേണ്ടത്. ലോട്ടറിയടിച്ചു എന്ന് ഞാൻ മനസിൽ പറഞ്ഞു. കോട്ടയം സ്റ്റേഷനിൽ നിന്നും താങ്കളുടെ അടുത്തു നിന്നും ആ പായ്ക്കറ്റ് ഒരാൾ ഏറ്റു വാങ്ങും എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു. വിവരം അനിയനെ അറിയിച്ചു. അവൻ രാവിലെ ഒരു കൂട്ടുകാരനേയും കൂട്ടിച്ചെന്ന് സാധനം കയ്യേൽക്കുമ്പോൾ ഞാൻ വാളയാർ കഴിയുന്നതേയുള്ളൂ.

തങ്ങളുടെ ഉത്തരവാദിത്വമല്ലാ എന്ന് നിസ്സംശയം പറഞ്ഞൊഴിയാവുന്ന ഒരു കാര്യം വെറും മനുഷ്യത്വം മുൻനിർത്തി വേണ്ടപ്പെട്ടവർക്ക് വിവരം കൈമാറിയ റെയിൽവേയ്ക്കും നെല്ലൂരിൽ ആ ട്രെയിൻ വന്ന് നിന്ന രണ്ട് മിനിട്ട് കൊണ്ട് മറന്നു വച്ച ആ പാക്കറ്റ് എനിക്ക് എത്തിക്കാനുള്ള നടപടി ചെയ്ത നെല്ലൂർ RPF ലെ ഓഫീസർമാർക്കും പെരുത്ത് നന്ദി. നാട് മാറുന്നുണ്ട്, മാറ്റം ദൃശ്യമാണ്.