നന്മ മരങ്ങൾ പടർന്ന് പിടിക്കുമ്പോൾ

458

നന്മ മരങ്ങൾ പടർന്ന് പിടിക്കുമ്പോൾ

ഇപ്പോൾ വിവാദത്തിലായ ഫിറോസ് കുന്നംപറമ്പിൽ മുൻപും പല കാര്യങ്ങളിലും വിമർശന വിധേയമായിട്ടുണ്ട് ,
പിരിച്ചെടുത്ത കാശും കൊടുത്ത് കപടവൈദ്യന്റെയടുത്തേക്ക് രോഗികളെ പറഞ്ഞുവിടുന്ന സന്ദർഭത്തിലാണ് ഞാൻ ആളെ ശ്രദ്ധിച്ചത്. ആ വിമർശനത്തോടും അദ്ദേഹം അത്ര പോസിറ്റീവായല്ല പ്രതികരിച്ചത്.

ഇന്നദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തിയും പലരും ഓഡിറ്റ് ചെയ്യാൻ മുതിർന്നതിൽ അപാകതയൊന്നും കാണുന്നില്ല പൊതുസമൂഹത്തിനു മുന്നിൽ ഉത്തരങ്ങൾ പറയാനും, സുതാര്യത തെളിയിക്കാനുമൊക്കെയുള്ള ബാധ്യത അദ്ദേഹം ചെയ്യുന്ന പ്രവർത്തിയാൽ ഫിറോസിനുണ്ട്.

ഇത്ര വലിയ തുക കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സാമ്പത്തിക നിയമങ്ങൾ പലതും മറികടന്നാണ് ഫിറോസ് ഇത് ചെയ്തിരുന്നത് എന്ന് കേട്ടപ്പോൾ ഞെട്ടലാണുണ്ടായത്. നിയമ വ്യവസ്ഥകളുടെ അറിവില്ലായ്മ ഒരിക്കലും എക്സ്ക്യൂസ് അല്ല എന്ന നിയമത്തിൽ തന്നെ പറയുന്നുണ്ട്.

മനുഷ്യർ കൈകാര്യം ചെയ്യുന്നത് എന്തിനും അപഭ്രംശങ്ങൾ ഉണ്ടാകാം, (ഇന്നല്ലെങ്കിൽ നാളെ) എന്നതിനാൽ എല്ലാം നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി നടത്തുന്നതാണ് നല്ലത്. സദുദ്ദേശത്തോടെ ആണെങ്കിൽ ഫിറോസിന് തന്നെയാണ് ആ ചിന്ത ആദ്യം വരേണ്ടത്.

സാമൂഹിക സാഹചര്യങ്ങൾ ഇത്തരം നല്ല മരങ്ങൾക്ക് അനുകൂലമാണ്, പ്രത്യേകിച്ച് ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്രതിഭാസങ്ങൾ ഉണ്ടായതിനുശേഷം വളരെ എളുപ്പമാണ് ഇത്തരം നന്മ മരങ്ങൾക്ക് പടർന്നു പന്തലിക്കാൻ. വടവൃക്ഷമായി മാറിക്കഴിഞ്ഞാൽ കാര്യമായി നിയന്ത്രിക്കാനും ആർക്കുമാവില്ലാത്ത അവസ്ഥയും, ഫാൻസ് കുട്ടിക്കുരങ്ങന്മാർ ചുടു ചോറ് കോരാൻ റെഡി.

പ്രലോഭനങ്ങൾക്കും മാനുഷികമായ വികാരങ്ങൾക്കും അടിമപ്പെടുന്ന സാധാരണ മനുഷ്യരായിട്ടേ ഏവരെയും കാണാൻ കഴിയുള്ളൂ, അതിനപ്പുറമുള്ള ഒരു ദിവസം ദിവ്യത്വം ഒരാൾക്ക് കൽപ്പിച്ചു നൽകുന്നത് യാഥാർത്ഥ്യ ബോധത്തിന് നിരക്കുന്നതല്ല. ധനവും പ്രശസ്തിയും
എന്നും മനുഷ്യനെ പ്രലോഭിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്.

ഫിറോസതിന് അതീതമാണെന്ന് തെളിയിക്കേണ്ടത് ഫിറോസിൻറെ കൂടെ കടമയാണ്. എന്നാൽ അടുത്ത കാലത്തെ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത് അങ്ങനെയല്ല. ചെറിയൊരു വിമർശനത്തെ പോലും അസഹിഷ്ണുതയോടെ കാണുന്ന, വിമർശിച്ചത് സ്ത്രീയായതുകൊണ്ട് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങളു കൊണ്ട അവരെ ഒതുക്കാൻ ശ്രമിക്കുന്ന, വാക്കിലും പ്രവർത്തിയിലും വൈരുദ്ധ്യം വരുന്ന, മതപരമായ വികാരം കലർത്തി സ്വതാൽപ്പര്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന, വാക്കുകളിൽ അഹങ്കാരവും പുച്ഛവും കലർന്ന ഒരു വ്യക്തി ആയിട്ടാണ് ഇന്നലെ അവതരിച്ചത്.

ഇനി മറ്റൊരു വശം കൂടി പറയാനുണ്ട്, ഇൻഷുറൻസ് കമ്പനികൾ മുഖാന്തരം നമ്മൾ വണ്ടി നന്നാക്കുന്ന സമയത്ത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുന്ന കാര്യമാണ് ഇൻഷുറൻസ് ക്ലെയിമോട് കൂടി വണ്ടി പണിതാൽ ക്ലെയിം ഇല്ലാതെ ചെയ്യുതിനേക്കാൾ കൂടിയ തുകയാകും.

അതിനു പിന്നിൽ ചില കൂട്ടുകെട്ടുകളും ചില ലാഭങ്ങളും ഉണ്ടെന്ന് അനുമാനിക്കാം, ഈ തുകയുടെ വലിയ പങ്ക് കമ്പനി നൽകുന്നതിനാൽ
വാഹനയുടമ അത്ര concerned ആവില്ല,
സർവീസ് സെൻറർകാരും ഇൻഷുറൻസ് ജീവനക്കാരനും അവരുടെ നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

കേരളത്തിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ചികിത്സാ നിരക്കുകളിൽ ഏകീകരണമോ, നിയതമായ നിരക്കുകളോ ഫലപ്രദമായി ഇല്ല. രോഗി താമസിക്കുന്ന മുറിവാടക ഉൾപ്പെടെ പല മുൻകൂട്ടി നിശ്ചയിക്കാനാവാത്ത ഘടകങ്ങൾ ചേർന്നാണ് ചികിത്സാ തുക വരുന്നതെന്നതിനാൽ ഇത് അത്ര എളുപ്പവുമല്ല.

എന്നാൽ ഈ സാധ്യത ഉപയോഗിച്ച് രോഗികളെ ചൂഷണം ചെയ്യുന്നു, അമിത തുക ഈടാക്കുന്നു എന്ന് നിരന്തരം ആക്ഷേപം പൊതു സമൂഹത്തിൽ ഉയർന്ന് കേൾക്കാറുണ്ട്.( സത്യം ഇതിനിടയിലെവിടെയോ ആവും)

ഫിറോസൊക്കെ ചെയ്യുന്ന പ്രവർത്തി വ്യക്തികൾക്ക് ഗുണം ചെയ്യുമ്പോൾ പോലും മറുവശത്ത് കൊള്ളലാഭക്കാർക്ക് തുക തോന്നിയത് പറഞ്ഞ് വാങ്ങാനുള്ള സൗകര്യവുമായില്ലേ എന്ന് തത്വത്തിലെങ്കിലും സംശയിക്കാം. ആവശ്യപ്പെടുന്നതിലും സർപ്ലസ് എമൗണ്ട് സമാഹരിക്കുന്നു എന്ന് വരുമ്പോൾ ചികിത്സ നിരക്ക് ഗണ്യമായി ഉയർന്നു വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.

പണ്ട് മറ്റൊരു കൂട്ടർ ഹൃദയശസ്ത്രക്രിയ രോഗിയെ വടക്കൻ കേരളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവം ചിലർക്കെങ്കിലും ഓർമ്മയുണ്ടാവും.
അതു വരെ ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആ രോഗിയുടെ ചികിത്സ ആരോഗ്യമന്ത്രി ഇടപെട്ട് സർക്കാർ പദ്ധതിപ്രകാരം ആക്കി സൗജന്യമായി
ചികിത്സ ഏർപ്പെടുത്താനും ശ്രമിച്ചപ്പോൾ,
രോഗിയെ കൊണ്ടുവരും വഴിയുളള സർക്കാർ ടൈ up ഉള്ള പല ആശുപത്രിയിലും പോകാൻ വിസമ്മതിച്ചു കൊണ്ട്, രോഗിയുടെ ചികിത്സാ സഹായം ഏറ്റെടുത്ത സന്നദ്ധ സംഘടനയ്ക്ക് താൽപ്പര്യമുള്ള അകലം കൂടുതലുള്ള ആശുപത്രിയിലെത്തിക്കാനാണ് താൽപ്പര്യപ്പെട്ടത്.

ഒടുക്കം ശക്തമായ സമ്മർദ്ദം മന്ത്രി തലത്തിൽ നിന്ന് ചെലുത്തിയിട്ടാണ് മാർഗമധ്യേ കൊച്ചിയിലെ ഹോസ്പിറ്റൽ ആ രോഗിയെ ചികിത്സിച്ചത് എന്ന് കേട്ടിരുന്നു. ഇത്തരം താൽപ്പര്യങ്ങൾക്ക് പിന്നിൽ അവിശുദ്ധ കൂട്ടുകെട്ടന്ന് ആരോപിക്കാൻ ഞാനാളല്ല, എന്നാൽ അത്തരമൊരു അവിശുദ്ധ കൂട്ടു കെട്ട് ഈ സമാന്തര സംവിധാനത്തിലുടലെടുക്കാനുള്ള സാധ്യത അറിയുകയും അതുണ്ടാവാതിരിക്കാനുള്ള ജാഗ്രത പൊതു സമൂഹം കാട്ടുകയും വേണം.

മറ്റൊരാൾ കാശു കൊടുക്കുന്നതിനാൽ രോഗിക്ക് യാതൊരു പരാതിയും ഉണ്ടാവില്ല, ചികിത്സാ തുകയിൽ നിശ്ചിത മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സംഭാവന കൊടുക്കുന്ന പലർക്കും ഇതിനെക്കുറിച്ച് ധാരണയൊന്നും ഉണ്ടാവില്ല, മൊത്തത്തിൽ പറഞ്ഞാൽ ആർക്കും പരാതി ഒന്നും ഉണ്ടാവില്ല, പക്ഷേ പൊതുവിൽ സ്വകാര്യ മേഖലയിലെ ചികിത്സാ നിരക്കുകൾ ഉയർന്ന് തന്നെ നിൽക്കാൻ ഇത് കാരണമാവും.

ചുരുക്കം പറഞ്ഞാൽ നന്മമര സംവിധാനങ്ങൾ അക്കൗണ്ടബിളാവണം.

സാമൂഹികസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, സ്റ്റേറ്റിന് അത് ഫലപ്രദമായ രീതിയിൽ കഴിയാതെ വരുമ്പോഴൊക്കെയാണ് സമാന്തരമായി വ്യക്തിഗത സംവിധാനങ്ങൾ മുളപൊട്ടുന്നത്, ചിലപ്പോഴെങ്കിലും ഇവ ദുരൂഹതകൾ നിറഞ്ഞ ഷോർട്ട് കട്ടുകളാവുന്നു.

കാര്യങ്ങൾ നടന്നു പോകണമല്ലോ, ഇത്രയെങ്കിലും നടക്കുന്നുണ്ടല്ലോ എന്നൊക്കെയുള്ള ചിന്തയിൽ പലരും ഇതിനെ പിന്താങ്ങും.

എന്നാൽ ഇത്തരം വ്യക്തി കേന്ദ്രീകൃതമായ സംവിധാനങ്ങൾ നിയന്ത്രണങ്ങളുടെയും നിരീക്ഷണങ്ങളുടെ അഭാവത്തിൽ പലപ്പോഴും സുതാര്യതയോ, അക്കൗണ്ടബിലിറ്റി ഇല്ലാത്തതോ ആയി മാറും.

അടുത്തിടെ ഇത്തരം ചാരിറ്റി ബിസിനസുകാരൻ തന്നെ പരസ്പരം ചെളിവാരിയെറിയുന്നതും, പോരടിക്കുന്നതും അനാവൃതമായി. ഇത്തരം സാഹചര്യങ്ങളിൽ എത്രയും പെട്ടെന്ന് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് ഇവരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സംവിധാനങ്ങൾ ഏർപ്പെടുത്തണം

ഈ സർക്കാർ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് കഴിഞ്ഞ സർക്കാരിൻറെ കാലത്ത് വ്യക്തി കേന്ദ്രീകൃതമായി വളരെ പ്രകടന പരമായി സർക്കാർ സ്പോൺസേർഡ് ചാരിറ്റി നാടകം പോലെ നടത്തിയ ജനസമ്പർക്ക പരിപാടി
(പല കോണുകളിൽ നിന്നും പിന്തുണയുണ്ടായിരുന്നു ഒന്നായിട്ട് കൂടി ) ആവർത്തിക്കാതെ ജനങ്ങൾക്ക് കിട്ടേണ്ട സഹായധനങ്ങൾ ഇടനിലക്കാരില്ലാതെ തടസ്സങ്ങളില്ലാതെ സുതാര്യമായി ജനങ്ങളിൽ എത്താൻ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഓൺലൈനിലൂടെ അപേക്ഷിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടിൽ ധനസഹായം എത്തുന്ന ലളിതമായ പ്രക്രിയയാക്കി അതിനെ മാറ്റി അത് സിസ്റ്റമാറ്റിക്കാക്കി.
തമ്പ്രാക്കന്മാരുടെ മുന്നിൽ ഭിക്ഷ യാചിച്ചു നിൽക്കേണ്ട ഗതികേട് ജനങ്ങൾക്ക് ഇല്ലാതാക്കി.

ഇത്തരത്തിൽ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് കരണീയം ആയ മാർഗ്ഗം

വിഭവ പരിമിതികളുള്ള ഒരു രാജ്യം എന്ന നിലയ്ക്ക് അതിന് തടസ്സങ്ങൾ ഏറെ ഉണ്ടെന്നറിയാം എന്നാൽ പോലും നന്മ മരങ്ങളെ യാതൊരു ബെല്ലും ബ്രേക്കും ഇല്ലാതെ വിഹരിക്കാൻ വിടുന്നത് അതീതമായി ആത്യന്തികമായി സമൂഹത്തിന് ഭൂഷണമല്ല.

“നിയമം നോക്കിയാൽ ഇവിടെ എല്ലാം ചെയ്യാൻ പറ്റുമോ ” എന്ന് പരസ്യമായി ചാനലിൽ പറഞ്ഞ നന്മ മരങ്ങളിൽ നിയമ വ്യവസ്ഥയെ മറികടക്കാനുള്ള പ്രവണത സ്വതസിദ്ധമായി ഉണ്ടെന്ന് വേണം കരുതാൻ.