കാടുകൾ പതിക്കുന്നു നഗരങ്ങൾ കുതിക്കുന്നു മനുഷ്യൻ കിതയ്ക്കുന്നു

712

ഒരിടത്തു അവതരിപ്പിക്കാൻ വനദിനത്തിന് എഴുതിയത് (2015)
*
ഓരോവർഷം കഴിയുന്തോറും വനം കുറഞ്ഞുകൊണ്ടിരിക്കുകയും വനത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുകയും ആണ് . 365 ദിവസങ്ങളിൽ കേവലം ഒരു ദിനത്തിലൂടെ, ചില ഓർമപ്പെടുത്തലുകളിലൂടെ നാം കടന്നുപോയിക്കഴിഞ്ഞാൽ പിന്നെയുള്ള 364 ദിവസങ്ങളും വനത്തെ നാം മറക്കുന്നു.

ഇവിടെയെത്ര നിഴൽപതിച്ച കാടുവീണു, കാലവേഗ –
മെഴുതിയുഷ്‌ണമരുവിലെങ്ങും പഥികർവീണു, തൊണ്ട-
വിണ്ടുകീറി, ഭൂവിൽ ഹരിതഛത്രമില്ല, വെയിലുവാഴ്‌കെ
ആരുചെയ്തു കലിപിടിച്ച വൈകൃതപ്രവർത്തികൾ !
*
മനുഷ്യന്റെ ദുര ഭൂമിക്കുമേൽ കാർമേഘം വിരിക്കുമ്പോൾ ….അതിൽ നിന്നും അമ്ലത്തിൻെറ മഴ ചൊരിയാൻ വെമ്പുന്നു.വിനാശത്തിന്റെ ഇടിമിന്നലുകൾ നമ്മുടെ ഉച്ചിയിൽ പതിക്കാനിരിക്കുന്നു
*
കാടുവറ്റി തണലുവറ്റി കുളിരുവറ്റി പുഴകൾ വറ്റി
വറ്റിടാത്തതൊന്നു മർത്ത്യദുരയതിന്നും ഭൂമിയിൽ
യന്ത്രദ്രംഷ്ട്രയോടെ നമ്മൾ കാടുകേറിമേഞ്ഞിടുമ്പോൾ
ജീവവായു തന്ന നന്ദി വീട്ടുവാൻ മറന്നുപോയോ

യഥേഷ്ടം വനനശീകരണം നടത്തി കാടിന്റെ സമ്പത്തു മുഴുവൻ സ്വന്തം കീശകളിലാക്കി നടക്കുന്നവർ അവരുടെ തലമുറകളെ തന്നെയാണ് മുൻകാലപ്രാബല്യത്തോടെ കൊന്നൊടുക്കുന്നത്. കാടുകൾ ഭൂമിയുടെ ശ്വാസകോശങ്ങളാണ്. പക്ഷെ സിനിമയ്ക്ക് മുന്നേയുള്ള പുകവലിവിരുദ്ധ പരസ്യത്തിൽ പറയുന്നതുപോലെ അല്ല ഭൂമിയുടെ ശ്വാസകോശങ്ങൾ. തീർച്ചയായും അത് സ്പോഞ്ച് പോലെയല്ല. വൈവിധ്യത്തിന്റെയും വൈരുധ്യത്തിന്റെയും സമ്മേളനം ആണ് . ആവാസവ്യവസ്ഥയുടെ തലസ്ഥാനമാണ്. നോക്കൂ… നിഴലുകൾ വേരറ്റു പതിക്കുമ്പോൾ , വെയിലിന്റെ ആധിപത്യം നമ്മെ തളർത്തുമ്പോൾ നാം ചോദിച്ചു പോകുന്നില്ലേ…

കാടുവീണാൽ നാടുവീഴും നാടുവീണാൽ നമ്മൾവീഴും
നമ്മൾ വീണാൽ കാടുകൾ പുനർജനിച്ചു പുഞ്ചിരിക്കും
അത്രമേലനിഷ്ടമായ കർമ്മകാണ്ഡമെഴുതി വച്ച
ലാഭമോഹപുസ്തകങ്ങൾ ചിതലുതിന്നു തീർത്തിടും.
*
വാസസ്ഥാനങ്ങൾ നഷ്ടപ്പെട്ടവർ നാട്ടിലേക്കിറങ്ങുന്നു , നാമവരെ വേട്ടക്കൊണ്ടു സ്വീകരിക്കുന്നു. മൗനമാകുന്ന ഗർജ്ജനങ്ങളിൽ അവർ പലതും പറയാതെ പറയുന്നു.

പുലിയിറങ്ങി പുലിയിറങ്ങിയെന്ന വാർത്തകേട്ടിടാത്ത
ദിനമതൊന്നുമില്ല നാട്ടിൽ, വേട്ടകൊണ്ടു കഥകഴിക്കേ,
ഇറങ്ങിവന്ന നാട് സ്വന്തം കാടു തന്നെ ആയിരുന്ന
ഭൂതകാലമോർത്തു പാവം വന്നതാണ്‌ മൃത്യുപൂകാൻ !
*
നാംകണ്ടു ദേശീയ ദുരന്തമായ ഉത്തരാഖണ്ഡിലെ പ്രളയം. ആയിരങ്ങൾ മരിച്ചുപോയ മഹാദുരന്തം. ജലവിസ്ഫോടനത്തിന്റെ കരുത്തിൽ ഗംഗ തന്റെ തീരങ്ങളെ , താഴ്‌വരയെ നക്കിത്തുടച്ച താണ്ഡവം . നാം ഓർത്തിരിക്കണം…

കാവലാണു, ഭൂമിയെപ്പുണർന്നിരിക്കും വേരുകൾ,
അതിർത്തികാത്തിടുന്ന സൈനികന്റെ കടമപോലത്
മണ്ണൊലിച്ചു പോയിടാതടക്കിനിർത്തുമെന്നുമാ-
ത്താഴ്‌വരയിലുള്ള ജീവൻ കാത്തിടുന്നതെന്നുമേ.
*
നമ്മുടെ ഭാരതം ലോകത്തിനു സമ്മാനിച്ച മഹത്തായ വേദം ആയുർവ്വേദം. പക്ഷെ പച്ചിലമരുന്നുകൾക്കു നാമിനി എവിടെ പോകും. മൃതസഞ്ജീവനികൾ വഹിക്കുന്ന മലകൾ , കാടുകൾ എവിടെ.. ഉലകത്തിന്റെ ഏതു കോണിലേക്കു പറക്കണം ആഞ്ജനേയൻമാർക്കു അത് കണ്ടെത്താൻ…

ആയുസിന്റെ വേദമാകുമായുർവേദം ഉടലെടുത്ത
നാട്ടിൽ ഔഷധങ്ങൾ ലഭ്യമാകുവാൻ അടവിവേണം
പ്രാണനേകും കാടുകൾ വിസ്മരിച്ചു കൂട നമ്മൾ
എങ്കിലാത്മഹത്യതുല്യം, നരകുലം മുടിഞ്ഞുപോകും
*
വികസനത്തിന്റെ പേരിൽ ഡാമുകൾ തീർത്തു നാം നേടുന്ന പ്രത്യക്ഷ സുഖങ്ങൾ . എന്നിട്ടോ നശിപ്പിച്ച വനങ്ങൾക്കു പകരം വനം വച്ചുപിടിപ്പിക്കൽ പോലുള്ള കപടമായ പ്രവർത്തികളും.

കാടരിഞ്ഞു ഡാമുയർത്തി, ഭൂമി വാതരോഗിയായി
കാർഷികപ്രതീക്ഷകൾ തൻ കതിരുനുള്ളി മാനവർ
വികസനങ്ങൾ കൊണ്ടുകീശ വീർത്തിടുന്ന കാലമേ
മാഞ്ഞകാടുകൾക്കു പകരമെന്തു ചെയ്കിലും വൃഥാ
*
നാം ഉയർത്തിയതെല്ലാം നാളെ മണ്ണടിഞ്ഞു പോകും. എന്നും സ്നേഹം നൽകാൻ ഹരിതം മാത്രം കൂട്ടുകാണും… അതെ.. ഒരു ലാഭമോഹവും ഇല്ലാതെ പ്രാണന്റെ വായു പകരുന്ന പച്ച…

അമ്മയാണു ഭൂമിയെങ്കിൽ സ്നേഹമാണ് കാട,തെന്ന
സത്യമോർത്തു മഴുവിനെ വലിച്ചെറിഞ്ഞുപോക, നാ-
മുയർത്തിടുന്ന പട്ടണങ്ങൾ മണ്ണടിഞ്ഞു പോകിലും
പച്ചയെന്നും ആശ നൽകി പൂത്തുലഞ്ഞു നിന്നിടും.

പ്രകൃതി ജീവന്റെ വേദിയാണ്, അണിയറയിൽ മഴുവും യന്ത്രവാളുകളും മൂർച്ചയേറ്റി വേട്ടക്കാരുണ്ട്, വ്യക്തികളായും സ്ഥാപനങ്ങളായും ഭരണകൂടമായും വിവിധ ഭാവങ്ങളിൽ.എല്ലാരും കൈവിട്ട കാടുകൾ സംരക്ഷിക്കേണ്ട കടമ ആരിലാണ് നിക്ഷിപ്തമാകുന്നത് . തീർച്ചയായും പ്രകൃതിയെ സ്നേഹിക്കുന്നവരിൽ തന്നെ. നമ്മുടെ ഇടപെടൽ കൊണ്ട് ഒരു മരത്തിന്റെ കഴുത്തിലെങ്കിലും മഴു വയ്ക്കുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ നാം വിജയിച്ചു.

വേനൽ നമ്മെ അതിന്റെ എല്ലാ രൗദ്രതയോടെയും ആക്രമിക്കുമ്പോൾ മഴ തേടുന്ന വേഴാമ്പലുകൾ ആയി നാം ആകാശത്തേയ്ക്ക് കണ്ണെറിയുമ്പോൾ ഒരു നിമിഷം ചിന്തിക്കുക ഭൂമിയിലെ കാടുകളെ കുറിച്ച്.

നിരാശാപൂർവ്വം : രാജേഷ് ശിവ (Rajesh Shiva)