അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു കയറാമെന്ന് ബി.ജെ.പി. കരുതുന്നെങ്കിൽ അത് തെറ്റാണെന്നു കാലക്രമത്തിൽ അവർ മനസിലാക്കിക്കൊള്ളും

101

ഡൽഹി തിരഞ്ഞെടുപ്പ് നിരീക്ഷണങ്ങൾ

1. ബി ആർ പി ഭാസ്‌കർ

കോൺഗ്രസിനോട് ഡൽഹിയിൽ മൂന്നാം തവണയാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറുന്നത് ഈ കാലയളവിലുണ്ടായ രണ്ട ലോക് സഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിക്കാണ്‌ വോട്ടു ചെയ്തത്. ഇതിൽ നിന്ന് ബി .ജെ.പി ഇന്ത്യ ഭരിക്കട്ടെ, ആപ് ഡൽഹി ഭരിക്കട്ടെ എന്നാണ്‌ ഡൽഹിയിലെ ജനങ്ങൾ പറയുന്നത് എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷെ അത് ഉപരിപ്ലവമായ വിലയിരുത്തലാകും. ഹിന്ദു വർഗീയതയ്ക്ക് സന്തോഷം നൽകുന്ന നിരവധി നേട്ടങ്ങളുമായാണ് ബി.ജെ.പി. ഡൽഹി വോട്ടർമാരെ സമീപിച്ചത്: അയോദ്ധ്യയിൽ അമ്പലം പണിയാനുള്ള ഏർപ്പാടായി. കശ്മീരിലെ മുസ്‌ലിങ്ങളെ വീടുകളിൽ പൂട്ടിയിട്ടു. മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കി. വെളിയിൽ നിന്ന് വരുന്ന, മുസ്ലിങ്ങളല്ലാത്തവർക്കെല്ലാം പൗരത്വം നൽകാൻ നിയമമുണ്ടാക്കി. ഇഷ്ടമല്ലാത്ത എല്ലാവരെയും പുറത്താക്കാൻ ഉപയോഗിക്കാവുന്ന പൗരത്വ രജിസ്റ്റർ പദ്ധതി ആവിഷ്കരിച്ചു. ഇതെല്ലാം 1947ലെ വിഭജനത്തിന്റെ ദുരിതം പേറിയ, അതിന്റെ തിക്ത ഓർമ്മകൾ ഇപ്പോഴും മനസിലുള്ള ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ഇഷ്ടമാകേണ്ടതാണ്. പക്ഷെ അവർ അത് തിരസ്കരിച്ചു. ഈ തിരസ്കാരത്തിനുശേഷം അടുത്ത് ലോക് സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു കയറാമെന്ന് ബി.ജെ.പി. കരുതുന്നെങ്കിൽ അത് തെറ്റാണെന്നു കാലക്രമത്തിൽ അവർ മനസിലാക്കിക്കൊള്ളും.

2.വേണുഗോപാലൻ കെ ബി

ദില്ലി തെരഞ്ഞെടുപ്പ് ഫലം പറയുന്നതെന്ത്..? ജയിപ്പിച്ച ജനത്തോട്? ജനങ്ങൾ തന്നെയാണ് യഥാർത്ഥ യജമാനൻ! സർക്കാർ യഥാർത്ഥ ജന സേവകരും. ഈ യാഥാർത്ഥ്യം പരിപൂർണ്ണമായി ഉൾക്കൊള്ളുന്ന ജനവും രാഷ്ട്രീയ പ്രസ്ഥാനവും നിലനിൽക്കുമ്പോൾ മാത്രമേ ഒരു രാജ്യത്ത് ജനാധിപത്യത്തിന് പ്രസക്തിയുള്ളൂ. അക്കാര്യത്തിൽ ദില്ലിയിലെ ജനതയ്ക്കും ആം ആദ്മി പാർട്ടിയ്ക്കും ഒരേ പോലെ അഭിമാനിക്കാനും സന്തോഷിക്കാനും അർഹതയുണ്ട്. ജയിച്ച എഎപി യോട്‌? കഴിഞ്ഞ സർക്കാരിന്റെ മൊത്തം ഭരണകാലത്തിൻറെ അൻപത് ശതമാനം, അതായത് രണ്ടര വർഷം, ലഫ്. ഗവർണ്ണർമാരിലൂടെ ആം ആദ്‌മി സർക്കാരിന്റെ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ച ബിജെപി തന്നെയാണ് ഇപ്പോഴും കേന്ദ്ര ഭരണം നടത്തുന്നത്. അവിടെ വെറുതെ ഇരുന്നു കൊണ്ട് അടുത്ത സർക്കാരിനെ സുഗമമായി ഭരിക്കാൻ അവർ അനുവദിക്കുമെന്ന് കരുതാനാകില്ലല്ലോ. എങ്കിലും ആ രണ്ടര വർഷ കാലത്തിന് ഒടുവിൽ സുപ്രീം കോടതിയിൽ നിന്ന് നിങ്ങൾ നേടിയെടുത്ത വിധിയെ അട്ടിമറിക്കാൻ അവർക്കാകില്ലെന്നതാണ് ഒരാശ്വാസം. എങ്കിലും ക്രമസമാധാനം, ഭൂവിനിയോഗം എന്നീ രണ്ട് വകുപ്പുകൾ ദില്ലി സംസ്ഥാനത്തിന്റെ സർക്കാരിന്റെ കൈവശമല്ലെന്നത് വലിയ പരിമിതികളാണ്. അതിനെ മറികടന്നു കൊണ്ട് ജനങ്ങൾ പാർട്ടിയിൽ അർപ്പിച്ച വിശ്വാസം സത്യസന്ധമായി നിലനിർത്താൻ കഴിയുന്ന യഥാർത്ഥ ജനസേവന പ്രവർത്തനങ്ങൾ ഉണ്ടാകണം. അതിന് മാത്രമേ ആം ആദ്‌മി പാർട്ടിയെയും ദില്ലി സംസ്ഥാനത്തെയും മാത്രമല്ല, ഇന്ത്യ എന്ന ദേശത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും സമൂലവും ഗുണപരവുമായ പരിവർത്തനത്തിന്റെ പാതയിലേക്ക് തെളിക്കാനാവൂ. ആ ഉത്തരവാദിത്തം നിറവേറ്റുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ഒരു ബദൽ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്ക് ദില്ലി സംസ്ഥാനം മാത്രമല്ല, രാജ്യം മൊത്തം വലിയ പ്രതീക്ഷകളോടെയാണ് ഈ സർക്കാരിനെയും ആം ആദ്മി പാർട്ടിയെയും നോക്കി കാണുന്നത് എന്നോർക്കുക. തോറ്റ ബി ജെ പിയോട്‌? ചരിത്രം വെട്ടി തിരുത്തുന്നതിലൂടെയോ വളച്ചൊടിക്കുന്നതിലൂടെയോ, ചിന്തിക്കുന്ന ഒരു ജനതയെ, എന്നും കബളിപ്പിക്കാൻ കഴിയുമെന്ന് ഇനിയും ധരിക്കരുത്. വർഗ്ഗീയമായ വിഭജനമല്ല, സത്യസന്ധവും സർഗ്ഗാത്മകവുമായ ഭരണ നൈപുണ്യമാണ് ജനമാനസങ്ങളെ കീഴടക്കുവാൻ ആവശ്യം. സദാ ജാഗരൂകരായി മാറിയ ഒരു ജനതയെ വെറും കുടില തന്ത്രങ്ങളും കൗശലങ്ങളും കൊണ്ട് സ്വന്തം കീശയിലാക്കുവാനോ തെരഞ്ഞെടുപ്പിൽ അതിര് കവിഞ്ഞ തിരിമറികൾ നടത്താനോ എപ്പോഴും സാധിക്കണമെന്നില്ല എന്നോർക്കുക. ശാശ്വതമായ നേട്ടമുണ്ടാക്കാൻ ശാശ്വതമായ മൂല്യങ്ങൾക്കല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് പഠിക്കാൻ ഇനിയും വൈകരുത്. അംബാനിക്കും അദാനിക്കും കോടികൾ നൽകാൻ മാത്രമേ കഴിയൂ, ജനകോടികളെ നൽകാൻ ആദർശശുദ്ധിക്കും ത്യാഗബുദ്ധിക്കും ആത്മസമർപ്പണത്തിനും മാത്രമേ കഴിയൂ. ഇന്ത്യയുടെ ‘മഹത്തായ സംസ്കാര’ത്തെ കുറിച്ച് അർത്ഥ ശൂന്യമായ പ്രഘോഷണങ്ങൾ നടത്തുന്നതിന് പകരം യഥാർത്ഥ ഇന്ത്യ എന്താണെന്ന തിരിച്ചറിവ് നേടുക. നാമാവശേഷമായ കോൺഗ്രസിനോട്? ഏറ്റവും ചുരുക്കി പറഞ്ഞാൽ രാഷ്ട്രീയത്തെ വെറുമൊരു ഷോ ബിസിനസ് ആയി കാണുന്ന പഴഞ്ചൻ രീതി ഉപേക്ഷിക്കുവാൻ തയ്യാറാകുക. അലക്കിത്തേച്ച ഖദറും പുതച്ച് കുറേ ചിന്തൻ ശിബിറും മന്ഥൻ ബൈഠക്കും സംഘടിപ്പിക്കുന്നതിന് പകരം മൺമറഞ്ഞു പോയ ദേശ ഭക്തരും ധീര രക്തസാക്ഷികളുമായ സാതന്ത്ര്യ സമര ഭടന്മാരുടെ കുഴിമാടങ്ങൾക്ക് മുൻപിൽ ദിവസം അരമണിക്കൂർ എങ്കിലും ധ്യാനത്തിൽ ഇരിക്കുക. അവരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിലേക്ക് ഒന്നെത്തിനോക്കാൻ പതിവായി സമയം കണ്ടെത്തുക. സ്വന്തം ഉള്ളിൽ ഗാന്ധിജിയെ കുടിയിരുത്തുക. അതിന് കഴിയാത്ത കാലത്തോളം ഇപ്പോൾ വഴിപാട് പോലെ നടത്തി വരുന്ന ഈ ആഭാസ നാടക കമ്പനി അടച്ചു പൂട്ടി ഇടാനുള്ള വിവേകം കാണിക്കുക. രാജ്യത്തെ പ്രതിപക്ഷത്തോട്? രാജ്യത്തെ പ്രതിപക്ഷത്തിന് കൃത്യമായ വീക്ഷണവും തത്വാധിഷ്ഠിതമായ ലക്ഷ്യങ്ങളും അതിനുതകുന്ന കർമ്മ പരിപാടികളും ഉണ്ടാകണം. അധികാരം കൈയിൽ കിട്ടിയതിന്റെ അഹങ്കാരം മൂലം ജനങ്ങളെ മറക്കുന്ന ഭരണപക്ഷത്തിന് നഷ്ടപ്പെടുന്ന യാഥാർത്ഥ്യബോധം തിരിച്ച് ഉണ്ടാക്കി കൊടുക്കേണ്ട കടമ അർത്ഥവത്തായും ഫലപ്രദമായും നിർവഹിക്കേണ്ടത് പ്രതിപക്ഷമാണെന്ന് മറക്കരുത്. പ്രത്യേകിച്ചും എപ്പോഴൊക്കെ അധികാരത്തിന്റെ ഗർവ്വ് മൂലം ജനാധിപത്യം ബലി കൊടുക്കപ്പെടുന്നുവോ അപ്പോഴെല്ലാം ഭരണഘടനയുടെ കാവലാളുകളായി മാറേണ്ടത് പ്രതിപക്ഷമാണ്. അതിന് പകരം, അരങ്ങത്ത് വൈരവും അണിയറയിൽ ചങ്ങാത്തവും എന്ന കപട നയം ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് കാലം കുറച്ചായി. ‘ആൻറി ഇൻകമ്പൻസി’ എന്ന ആലിപ്പഴം പത്ത് വർഷത്തിലൊരിക്കൽ തങ്ങളുടെ മുറ്റത്തും വീഴും എന്ന മോഹം മനസ്സിൽ ഉറപ്പിച്ച്, ഭരണ പക്ഷവുമായി കാണാമറയത്തെ കൂട്ടുകച്ചവടത്തിന് തയ്യാറാകുന്ന മൂന്നാംതരം രാഷ്ട്രീയം അധിക കാലം നിലനിൽക്കില്ല എന്ന് തിരിച്ചറിയുക. മൂല്യങ്ങളിലേക്ക് മടങ്ങുക. മുൻപ് ഒരിക്കലും അവ കൈവശമില്ലായിരുന്നു എങ്കിൽ പോലും ഇനിയെങ്കിലും അവ കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിക്കുക. അപ്രകാരം ശുദ്ധമായ രാഷ്ട്രീയത്തെ മനസ്സിൽ പ്രതിഷ്ഠിക്കണം.

3. കുന്നന്താനം രാമചന്ദ്രൻ

കേജരിവാളിന്റെ വിജയം നൽകുന്ന പ്രതീക്ഷ രണ്ടായിരത്തി പതിന്നാലിലെ നരേന്ദ്രമോഡിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു വഴിത്തിരിവായിരുന്നു. ആ വിജയം ഒട്ടുമുക്കാൽ ഇന്ത്യാക്കാരും ആഘോഷമാക്കി. കോൺഗ്രസ്സിന്റെ അഴിമതി നിറഞ്ഞ ഭരണം നീങ്ങിയല്ലോ എന്ന ചിന്തയായിരുന്നു അന്ന് ഇന്ത്യൻ ജനതയ്ക്ക്. മോഡി അനുകൂലികൾ അല്ലാത്തവർ കൂടി പ്രതീക്ഷ പുലർത്തി കാത്തിരുന്നു. പരിണത കാലം ഇന്ത്യയ്ക്ക് എന്താണ് നൽകിയതെന്ന് നമുക്കെല്ലാംഅറിയാവുന്നതാണ്. ഇന്ത്യ ഇന്ന് പല ജനതയുടെ ഇന്ത്യയായിരിക്കുന്നു. ഒരു മനുഷ്യൻ തന്റെ പേര് ഉച്ചരിക്കുമ്പോൾ അവൻ അത് കേൾക്കുന്നവന്റെ സ്വന്തമോ അപരനോ ആയിത്തീരുന്ന ഒരു കാലം! നമ്മുടെ ചിന്തകളെ നിയന്ത്രിക്കാനുള്ള അധികാരം കൂടി പോളിംഗ് ബൂത്തിൽ വച്ചിട്ടല്ല നാം തിരഞ്ഞെടുപ്പ് നാളിൽ അവിടെനിന്നും മടങ്ങുന്നത്. ഒരു ദേശീയ തിരഞ്ഞെടുപ്പ് അല്ലായിരുന്നു എങ്കിലും ഇത്തവണത്തെ ഡൽഹി തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജരിവാളിന്റെ വിജയം ഇന്ത്യ ആഘോഷിക്കുന്നത് ഇൗ അവസ്ഥയിൽ നിന്നുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള പ്രതീക്ഷ ഏറെ ഉയർന്നു. ജനങ്ങളുടെ ഉന്നമനം എന്ന പ്രതീക്ഷ നൽകി അതിനുവേണ്ടി മാത്രമുള്ളളതായിരുന്നു അരവിന്ദ് കെജരിവാളിന്റെ ഇക്കഴിഞ്ഞ അഞ്ചു വർഷം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഇൗ മുഖമാണ് ജനം ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഇൗ വിജയത്തിനു പിന്നിൽ. നരേന്ദ്രമോഡിയുടെ പ്രവൃത്തി മണ്ഡലത്തിൽ നിന്നുകൊണ്ട് ഇത്തരമൊരു വിജയം ആർക്കും അത്ര സുഗമമായി നേടിക്കൊണ്ട് പോകാനാവില്ല. അതും ഹിന്ദുക്കൾ ഏറെയുള്ള ഡൽഹിയിൽ. ഇതൊരു സന്ദേശമാണ്. ഇതിന്റെ അന്തസത്തയുള്ക്കൊണ്ടുവേണം ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ ഇനി മുമ്പോട്ടു പോകേണ്ടത്.

4. മനോഹർ ദോഹ ഖത്തർ

2011 ലെ അണ്ണാഹസാരെ -കെജ്‌രിവാൾ – കിരൺ ബേദി പ്രക്ഷോഭകാലത്തു ഞാനെഴുതിയ ഒരു പോസ്റ്റ് ഓർമ്മ വരുന്നു “ആപ് ഒരു ആൾകൂട്ടമാണ്, വ്യക്തമായ ആശയസംഹിത ഒന്നുമില്ലാത്ത സൂരജ്‌കുണ്ഡ്ലെ ആൾക്കൂട്ടം”.. ആ നിരീക്ഷണം ശരിവെക്കുന്ന പോലെ നടന്ന അച്ചടക്കമില്ലായ്മ – മനീഷ് സിസോദിയ, അൽക്കാ ലാംബ എന്നിവരുടെ രാജി, രാജിവച്ച ചിലർ തിരിച്ചുവരുന്നത് ….എല്ലാം ഒരു കോൺഗ്രസ്സ് സംസ്കാരം പോലെ തോന്നിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് കാണാൻ കഴിഞ്ഞത് വളരെ തന്ത്രപൂർവം പ്രവർത്തിക്കുന്ന കെജ്രിവാളിനെയാണ്. സാമൂഹ്യവിഷയങ്ങളിൽ ബിജെപിയുമായി വലിയ വ്യത്യാസം ഒന്നുമില്ലാതിരുന്നിട്ടും, ബിജെപി ശ്രദ്ധവെക്കാതിരുന്ന സാമൂഹ്യനീതി നടപ്പാക്കുന്നതിൽ ചാടിയിറങ്ങി..വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, പൊതുജനരോഗ്യം എന്നീ രംഗങ്ങളിൽ വളരെ ആത്മാർത്ഥതയോടെ തന്നെ ജനങ്ങളെ സേവിച്ചു, ഒരു 40-50 വര്ഷം മുൻപ് കേരളം കാണിച്ച മാതൃക ആണെങ്കിലും. ഷഹീൻബാഗിനെതിരെ പ്രധാനമന്ത്രി-ബിജെപി പ്രസിഡന്റ്-ഡസൻ കണക്കിന് പാർട്ടി എംപിമാർ നടത്തിയ വിഷമയമായ ആരോപണങ്ങൾ എല്ലാം ആപ് തങ്ങൾക്കു അനുകൂലമാക്കി..പൗരത്വ വിഷയത്തിൽ പ്രക്ഷോഭം നടത്തിയ കോൺഗ്രസ്, പ്രക്ഷോഭം നടത്താതെ നിശബ്ദത പാലിച്ച ആപ്എ..ന്നിട്ടും ന്യൂനപക്ഷം ആപിന്റെ കൂടെ നിന്നത് അത്ഭുതമുളവാക്കുന്നു. അടിയന്തിരാവസ്ഥ കാലം മുതൽ ദൽഹി ജനസംഘത്തിന്റെ ശക്തികേന്ദ്രമായിരുന്നു.. മദന്ലാല് ഖുറാനെ, ജെപി മാഥൂർ, ഒപി ത്യാഗി..എന്നീ നേതാക്കൾ..ഷീല ദീക്ഷിത് 15 വര്ഷം ഭരിച്ച ദൽഹി സംസ്ഥാനം.. അവിടെയാണ് കെജ്‌രിവാൾ മൂന്നാം തവണ ഭരിക്കാൻ വരുന്നത്…തികച്ചും അർഹമായ വിജയം തന്നെ.. വികസനത്തിന് മുൻപിൽ ചീഞ്ഞളിഞ്ഞ വർഗ്ഗീയതക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് തെളിയിച്ച വിജയം. ഇങ്ങനെ വാരിക്കോരി ഫ്രീബി കൊടുത്തു (വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം ) വോട്ടർമാരെ വശീകരിക്കുന്ന നിലപാടും ശരിയല്ല. ഒറ്റപ്പാലം അല്ലെങ്കിൽ ഷൊർണൂർ – ബിജെപി ഭരിക്കുന്ന ഒരു മുനിസിപ്പാലിറ്റി ഇത്തരം ഫ്രീബി തുടങ്ങിവച്ചാൽ, അതിനെ സംസ്ഥാനസർക്കാർ പിന്തുണക്കണോ ? അത് നിറവേറ്റുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണോ ?

5. വേണു ഗോപാൽ

ഇന്ത്യന്‍ രാഷ്ട്രീയത്തിൽ ചരിത്രപരമായ പല കാരണങ്ങള്‍ കൊണ്ടും ഏറ്റവും കടുത്ത പ്രതിസന്ധികള്‍ രൂക്ഷമായി നില്‍കുന്ന സാഹചര്യത്തിലാണ് ദില്ലി തിരഞ്ഞെടുപ്പ് നടന്നത്.. ഇന്ത്യന്‍ ജനങ്ങള്‍ അവരുടെ ചരിത്രത്തില്‍ കണ്ട ഏറ്റവും കനത്ത വെല്ലുവിളി കള്‍.സാമൂഹ്യ സുരക്ഷയുടെ തകര്‍ച്ചയും, സാമ്പത്തിക തകര്‍ച്ചയും, മനുഷ്യത്വത്തിന് നേരെ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ നടന്ന ഫ്യുഡൽ ഭരണകാലങ്ങളെ പോലും അതിശയിപ്പിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ . ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥയുടെ ഉത്തമ ഏജന്റുമാരായ ബിജെപി യുടെ ഭരണകാലം.. ദില്ലി പട്ടണത്തിനു മാത്രമായി അവകാശപ്പെടാവുന്ന ഒരു സമരവീര്യം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ഇന്ത്യയിൽ രൂപപ്പെട്ട ഏറ്റവും പ്രാധാന്യമേറിയ ജനകീയ സമരങ്ങളുടെ പിറവി അവിടെനിന്നായിരുന്നു. പ്രാദേശിക രാഷ്ട്രീയ സങ്കുചിതത്വങ്ങളിൽ വിറകൊള്ളുന്ന മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ പട്ടണങ്ങൾ ഉരുൾപൊട്ടൽ നടത്തുമ്പോൾ കക്ഷിരാഷ്ട്രീയങ്ങളുടെ മനോഭാവത്തിൽനിന്നും ഉപരിയായി ദില്ലി എന്തുകൊണ്ടാണ് വേറിട്ട ഒരു സമീപനം കൈകൊള്ളുന്നതെന്നു ചിന്തിക്കേണ്ടതുണ്ട്. ദില്ലിയെ സംബന്ധിച്ചിടത്തോളം യുപിയിലെയും പഞ്ചാബിലെയും ഹരിയാനയിലെയും രാജസ്ഥാനിലേയും ഗുജറാത്തിലെയും മദ്ധ്യപ്രദേശിലെയും കാശ്മീരിലെയും ബംഗാളിലെയും മറ്റു സമീപ പ്രദേശങ്ങളിലെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങൾ തങ്ങളുടെ അയലത്തുതന്നെ നടക്കുന്നപോലൊരു തോന്നൽ ഉണ്ടായിരിക്കണം. ഇതിന്റെയെല്ലാം ഫലംതന്നെയാണ് ദില്ലി തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു കാണുന്നത്. അതുകൊണ്ടാണ് യാതൊരു ജനകീയ മൂവ്മെന്റുകളിലും പങ്കെടുക്കാതിരുന്നിട്ടും ബിജെപി വിരുദ്ധത എന്ന ഒരൊറ്റ വികാരത്തിൽ ആം ആദ്മി പാർട്ടി നിഷ്പ്രയാസം കുതിച്ചു കയറിയത്. കോൺഗ്രസ്സിനോ മറ്റു പ്രസ്ഥാനങ്ങൾക്കോ ഒരു സീറ്റുപോലും നൽകാതെ ആം ആദ്‌മി മുന്നോട്ടു വന്നത് അവിടെ ജാതിയോ മതമോ മറ്റേതെങ്കിലും വിധത്തിലുള്ള വിഭാഗീയതകളോ അല്ല പ്രവർത്തിച്ചതെന്നത് കൊണ്ടാണ്. ബിജെപിയോടുള്ള കടുത്ത വെറുപ്പ് പുറത്തുവന്നതുമാവാം . പ്രത്യേകിച്ചും തൊട്ടടുത്തു ഷാഹീൻബാഗും അയോദ്ധ്യയും കാശ്മീരും മറ്റും കത്തിപ്പടർന്നു നിന്നിട്ടുപോലും ദില്ലിയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടർമാർ ബിജെപിക്ക് എതിരായി തിരഞ്ഞെടുപ്പെന്ന മാമാങ്കത്തിലെ സുവർണ്ണാവസരം ഉപയോഗിച്ചു. എങ്കിലും ആം ആദ്‌മിയുടെ ഈ വിജയം മൂലം ദില്ലിയിൽനിന്നും ജനകീയ സമരങ്ങളുടെ ഒരു പെരുമ്പറ മുഴക്കുമെന്നു കരുതുന്നതിൽ അർത്ഥമില്ല. അതിനായി ജനങ്ങൾ വേറിട്ടു ചിന്തിക്കുകതന്നെ വേണം . ജനകീയ സമരങ്ങൾ വളർത്താനുള്ള സമര സന്നദ്ധത ഒരിക്കൽപോലും ആം ആദ്‌മിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. അതിനുവേണ്ടി ഷാഹീൻബാഗുകൾ ഇനിയുമിനിയും വളരേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിലെ രാഷ്ട്രീയ പഠനം ഒരു ഉയർന്ന രാഷ്ട്രീയ സംസ്കാരമായി വളരുകയുള്ളൂ. സമരങ്ങളിലൂടെ മാത്രമേ ഉയർന്ന വ്യക്തിത്വങ്ങളെ സൃഷ്ടിക്കാൻ സാധിക്കൂ.. ലോകം കണ്ട മഹാ പ്രതിഭകളും സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ ലോകത്തിനായി സംഭാവന ചെയ്ത ഉന്നത വ്യക്തിത്വങ്ങൾ അപ്പാടെയും സമരങ്ങളിലൂടെ തന്നെയാണ് വളർന്നതെന്നു ചരിത്രം ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കുന്നു.