എല്ലാര്‍ക്കുമൊരു മുത്തശ്ശി വേണം

296

ഡെന്നിസ് അറയ്ക്കല്‍

എല്ലാര്‍ക്കുമൊരു മുത്തശ്ശി വേണം.

“നീ എന്താ അങ്ങ് ക്ഷീണിച്ചു പോയേ”, എന്ന് മൂന്ന് നേരം സങ്കടത്തോടെ ചോദിക്കാന്‍, സന്ധ്യാ പ്രാര്‍ഥനകളില്‍ വീട്ടിലെ കുട്ടികള്‍ക്ക് നേര്‍വഴിയാകാന്‍, പരിചയമില്ലാത്ത മീനിന്‍റെ പേര് ചോദിക്കാന്‍, ആര്‍ക്കും വഴങ്ങാത്ത പാചക കൂട്ടിന്‍റെ രഹസ്യപൂട്ട്‌ പൊട്ടിക്കാന്‍, ആശാന്‍റെ പദ്യത്തിന്‍റെ ആദ്യത്തെ നാല് വരി തെറ്റാതെ ചൊല്ലാന്‍, മഴയത്ത്, വരാന്തയില്‍ കൂടെ കട്ടന്‍ ചായ കുടിച്ചിരിക്കാന്‍, മനസ് കിതയ്ക്കാത്ത, ആത്മാവ് തളരാത്ത, വെള്ളിമുടിയുള്ള ഒരു മുത്തശ്ശി വേണം.

അച്ചപ്പം കട്ട് തിന്നുന്ന, കേരള ബ്ലാസ്റ്റെര്‍സ് ജയിച്ചോ എന്ന് തിരക്കുന്ന, വൈഫൈയും, വാട്ട്സ്ആപ്പും അറിയാത്ത, കറിയില്‍ വെളിച്ചെണ്ണ കോരി ഒഴിക്കുന്ന, ലിഫ്റ്റില്‍ കയറാന്‍ ഇഷ്ട്ടമില്ലാത്ത, എരിവില്ലാത്ത കറി തൊട്ടു നോക്കാത്ത, പഴയ സിനിമാ നടന്മാരുടെ പേരുകള്‍ കാണാതെ അറിയുന്ന, കുനിയുമ്പോള്‍ ഇടത്തെ കൈ കൊണ്ട് ഇപ്പോഴും മാറ് മറയ്ക്കുന്ന, വൃത്തിയും വെടിപ്പുമുള്ള ഒരു മുത്തശ്ശി.

നിങ്ങളുടെ വീട്ടിലുണ്ടോ അങ്ങനെ ഒരു മുത്തശ്ശി?

എല്ലാ കുടുംബ അംഗങ്ങളുടെയും നന്മയ്ക്ക് വേണ്ടി എപ്പോഴും നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍ ഉണര്‍ന്നിരിക്കുന്ന ഒരു ഐശ്വര്യം നമ്മുടെ വീട്ടില്‍ വേണം. തളര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ കൈപിടിച്ച് വെറുതെ കണ്ണില്‍ നോക്കിയിരിക്കാനും, ഇഴ ജന്തുക്കളില്‍ നിന്നു പൈതങ്ങളെ കാക്കാനും, പെണ്മനസില്‍ കിളിര്‍ക്കുന്ന പ്രണയം തിരിച്ചറിയാനും, അടുക്കളയില്‍ നിന്നും വര്‍ക്ക്‌ ഏരിയയിലോട്ടുള്ള വാതില്‍ രാത്രി അടച്ചോ എന്ന് പത്തു വട്ടം തിരക്കാനും, എല്ലാ വീട്ടിലുമൊരു മുത്തശ്ശി വേണം.

ചോദിക്കുന്നത് അത്ര ശരിയല്ല എന്ന് അറിയാം. എന്നാലും നിങ്ങളോടു ചോദിക്കുകയാണ്. രാത്രി ഒന്ന് പുറത്തേയ്ക്ക് നിങ്ങളുടെ കൂടെ പോരുന്നോ എന്നൊന്ന് മുത്തശ്ശിയോട് ചോദിച്ചു നോക്കാമോ? ഒരു ദിവസത്തേയ്ക്ക് പ്രഷറും ഷുഗറും ഒന്നും നോക്കാതെ ഇന്ത്യന്‍ കോഫീ ഹൗസിലെ മസാല ദോശ മേടിച്ചു കൊടുക്കാമെന്നു പറ, ഒരു പിടി കായ വറുത്തതും, മിക്സ്ച്ചറും കൂടെ കിട്ടുമെന്നും പറ. കാറില്‍ മുന്‍സീറ്റില്‍ ഇരുത്തുമെന്നും മോഹന്‍ലാലിന്‍റെ സിനിമ കാണിച്ചു തരുമെന്നും പറ.

അധികം സമയമില്ല….

ചെയ്യാനുള്ളത് നിങ്ങള്‍ വേഗം ചെയ്യുക. കാണിക്കാനുള്ളതു വേഗം കാണിക്കുക. പറയാനുള്ളത് വേഗം പറയുക. കിടക്കവിരിയിലെ വിട്ടുമാറാത്ത സുഗന്ധമായും, പിറനാള്‍ ദിനത്തിലെ കണ്ണ് നനയുന്ന ഓര്‍മ്മയായും, വൃത്തിയായി മടക്കി കട്ടിലിനു മൂലയില്‍ വെയ്ക്കുന്ന വെള്ള തുണിയായും സമയം എല്ലാരേയും പെട്ടെന്ന് മാറ്റും. പറയാത്ത, കാണിക്കാത്ത, ചെയ്യാത്ത കാര്യങ്ങള്‍ നിങ്ങളെ ജീവതകാലം മുഴുവന്‍ വേട്ടയാടിയേക്കാം!

നിങ്ങളുടെ വീട്ടിലുണ്ടോ ഒരു മുത്തശ്ശി? ചിരിച്ചു കൊണ്ട് തല ഉയര്‍ത്തി എല്ലാരേയും നോക്കുന്ന ഒരു മുത്തശ്ശി?

ഡെന്നിസ് അറയ്ക്കല്‍
(www.facebook.com/denisthewriter)