ഡെന്നിസ് അറയ്ക്കൽ
നിങ്ങളുടെ ഹൃദയത്തിലേക്കു കയറിവരുന്നവരിൽ രണ്ടുതരമാളുകളുണ്ട് !
ഒന്ന്, നിങ്ങളുടെ ഹൃദയത്തിന്റെ പുറത്തു തൂക്കിയിട്ടിരിക്കുന്ന ഓട്ടുമണി വന്നു കിലുക്കി, അതിന്റെ വാതിൽ നിങ്ങൾ തന്നെ വന്നു തുറന്നുതരാനായി നിങ്ങൾക്ക് വേണ്ടി ക്ഷമയോടെ പുറത്തു കാത്തിരിക്കുന്ന ഒരുകൂട്ടർ! ശാന്തമായി ചരിക്കുന്നവർ, മന്ദമായി ചിരിക്കുന്നവർ. സ്വന്തം പാദങ്ങൾ കട്ടിളപ്പുറത്തു തട്ടിയിട്ടുമാത്രം അകത്തു കേറുന്നവർ. ഹൃദയത്തിന്റെ സ്വീകരണമുറിയുടെ സോഫയുടെ ഉള്ളിലേയ്ക്ക് കയറി ഇരിക്കാതെ അറ്റത്തിരുന്നു നിങ്ങളുടെ മുഖത്തേയ്ക്കു നോക്കുന്നവർ. ശുഭ്രവസ്ത്രധാരികൾ. നിങ്ങളുടെ ഹൃദയത്തിൽ ചെടികൾ നടുന്നവർ !
രണ്ട്, നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ഹൃദയത്തിന്റെ സ്വീകരണമുറിയിലെ ചാരുകസേരയിൽ നിങ്ങൾ കണ്ടെത്തുന്നവർ. എങ്ങിനെ ഇവിടെ നിങ്ങളെത്തി എന്ന് നിങ്ങൾ ചോദിക്കാതെ ചോദിക്കുമ്പോൾ ഒരു ചെറുചിരിയോടു കൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ജനാല തുറന്നിടുന്നവർ. ഉറപ്പില്ലാത്ത നിങ്ങളുടെ വാതിൽ സൂത്രത്തിൽ തുറന്നു കയറിയവർ. നിങ്ങളുടെ മുറിയുടെ ഗന്ധം തന്നെയാണ് അവരുടെ ഗന്ധം. നിറമുള്ള വസ്ത്രധാരികൾ. ഉച്ചത്തിൽ ചിരിക്കുന്നവർ, ഉറക്കെ പാടുന്നവർ! നിങ്ങളുടെ മുഖത്ത് നോക്കാത്തവർ, നിങ്ങളെ പോലെ ജീവിക്കുന്നവർ. നിങ്ങളുടെ ഹൃദയത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്നവർ!
ഇരുവരും പുറമെ നിന്ന് വന്നവരാണ്.നിങ്ങൾ കയറ്റിയവരും, നിങ്ങളോടൊപ്പം കയറിയവരും. ഒരു വേള തിരിച്ചു നിങ്ങൾക്ക് തോന്നിയേക്കാമെങ്കിലും രണ്ടുത്തരക്കാരും ഒരിക്കലും നിങ്ങളുടെ സ്വന്തമല്ല.
അഹ് ! തുറന്നു കിടക്കുന്ന ഹൃദയങ്ങൾ വേറെയുമുണ്ട്, കാളിങ് ബെൽ പുറത്തു ഘടിപ്പിച്ചിട്ടുള്ള ഹൃദയങ്ങൾ ദേ ഇവിടെ പലതുണ്ട്! അതിനാലാവും, ഹൃദയത്തിന്റെ പൂട്ടുകൾ മുപ്പതുകളിലും നാല്പതുകളിലും ചിലർ ഇരട്ടി ശക്തിപ്പെടുത്തുന്നത്!
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.