ഇന്ത്യൻ കോഫീ ഹൌസിലെ മസാല ദോശയും ചാൾസ് ഡാർവിനും !

0
839

ഇന്ത്യൻ കോഫീ ഹൌസിലെ മസാല ദോശയും ചാൾസ് ഡാർവിനും !

ഡെന്നിസ് അറയ്ക്കൽ (Denis Arackal)എഴുതുന്നു.

പണ്ട്…

ഡെന്നിസ് അറയ്ക്കൽ
ഡെന്നിസ് അറയ്ക്കൽ

പണ്ടെന്നുപറഞ്ഞാൽ അങ്ങനെ വളരെ പണ്ടൊന്നുമല്ല. പണ്ടെന്നു പറഞ്ഞു കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിൽ വരുന്നതിനേക്കാൾ ഏകദേശം ഒരു “അരപണ്ട്” കുറവുള്ള ആ കാലത്ത്…

മൊബൈൽ ഫോൺ കീശകളിൽ വരുന്നതിനു മുൻപ്, നാട്ടിൽ മുഴുവൻ CBSE സ്കൂളുകൾ പരക്കുന്നതിനു തൊട്ടു മുൻപ്, ചുരിദാർ കേരളത്തിലെ പെണ്ണുങ്ങളുടെ ദേശീയ വേഷമായിമാറിക്കൊണ്ടിരുന്ന ആ സമയത്ത് …

അതെ, അന്ന്, അക്കാലത്ത് !

അന്ന് നമ്മുടെ ഇന്ത്യൻ കോഫീ ഹൌസിലെ മസാല ദോശയുടെ രണ്ടറ്റവും പാത്രം കടന്ന് പുറത്തു ചാടി കിടന്നിരുന്നു ! നീണ്ടു നിവർന്നു കിടന്നിരുന്ന ദോശയുടെ രണ്ടറ്റവും ആ വലിയ പാത്രത്തിനു വെളിയിൽ, മേശമേൽ ഇപ്പൊ മുട്ടുമെന്നു തോന്നിച്ചു, ചിലപ്പോൾ മുട്ടി, ചെറുതായി താഴോട്ട് വളഞ്ഞങ്ങനെ…

നടുക്ക് മസാല വെച്ച്, അങ്ങോട്ടും ഇങ്ങോട്ടും ദോശ രണ്ടു മടക്കി, കമഴ്ത്തി കിടത്തി, മൂന്ന് കുഴിയുള്ള സ്റ്റീൽ പാത്രത്തിൽ രാജാവായി പുള്ളി അങ്ങനെ എത്തും. ഒരു കുഴിയിൽ ചുവന്ന ചമ്മന്തി, ഒരെണ്ണത്തിൽ വെള്ള ചമ്മന്തി മറ്റേതിൽ സാമ്പാർ. കുപ്പി ഗ്ലാസിൽ കുടിക്കാനായി കിട്ടുന്ന ചെറു ചൂടുള്ള ദാഹശമനി വെള്ളം ദോശയ്ക്ക് മുൻപേ മേശമേൽ എത്തും. ആ വെള്ളത്തിന് അന്ന് ഇപ്പോഴത്തതിനെക്കാൾ കുറച്ചുകൂടി പിങ്ക് നിറം!

പക്ഷെ എന്തിനേറെ പറയുന്നു ?

എന്നോ ഒരു നാൾ ഇന്ത്യൻ കോഫീ ഹൌസിലെ മസാല ദോശ ഒരു മുന്നറിയിപ്പും കൂടാതെ പതുക്കെ പതുക്കെ ചെറുതാകാൻ തുടങ്ങി. പതുക്കെ പതുക്കെ ഇങ്ങനെ ചെറുതാകുന്ന ദോശയുടെ വില പക്ഷെ പതുക്കെ പതുക്കെ കൂടാനും തുടങ്ങി. നട്ട പാതിരായ്ക്ക് ഒളിച്ചോടി പോകുന്ന കാമുകീ കാമുകന്മാരെ പോലെ ഒരു അനക്കമോ ബഹളമോ ഉണ്ടാക്കാതെ, എല്ലാരുടെയും കണ്ണും മനസും വെട്ടിച്ചു മസാല ദോശ അങ്ങനെ ചെറുതായി കൊണ്ടിരുന്നു…

ട്ടിം ! അങ്ങനെ എന്നോ അത് സംഭവിച്ചു….

പാത്രത്തിനു പുറത്തു കിടന്നിരുന്ന മസാല ദോശയുടെ രണ്ടറ്റവും പെട്ടന്നൊരിക്കൽ ചെറുതായി, അവ പാത്രത്തിനു അകത്തായി!

ലോകത്തിന്റെ കറക്കമൊന്നും നിന്നില്ല. പക്ഷെ ആകെ പ്രശ്നമായി. കേരളത്തിലെ അടുക്കളയിൽ ഒക്കെ ചർച്ചയായി.

പക്ഷെ ബുദ്ധിമാന്മാരായ ഇന്ത്യൻ കോഫീ ഹൌസുകാർ വിടുമോ? അവർ കൂടി ആലോചിച്ചു മസാല ദോശയുടെ അകത്തായ രണ്ടറ്റവും വീണ്ടും പാത്രത്തിനു പുറത്താക്കി ! എങ്ങനെയെന്നല്ലേ ?

സിമ്പിൾ. അവർ പാത്രം ചെറുതാക്കി!!!

വട്ടത്തിലുള്ള വലിയ സ്റ്റീൽ പാത്രമൊക്കെ എറിഞ്ഞു കളഞ്ഞു വെള്ളനിറത്തിലെ ചെറിയ സെറാമിക് പാത്രമിറക്കി!! കൂടെ ആകാശത്തേയ്ക്ക് വാ പൊളിക്കുന്ന ചെറിയ രണ്ടു കോപ്പകളും-വെള്ള ചമ്മന്തിക്കും സാമ്പാറിനും! ചുമന്ന ചമ്മന്തി പൊടുന്നനെ പാത്രത്തിൽ നിന്നും അപ്രത്യക്ഷമായി. മടക്കി വെച്ചിരിക്കുന്ന ദോശയുടെ മുകളിൽ അത് ഇച്ചിരി തേച്ചു തരും എന്നായി!

മഹാ ബുദ്ധിമാന്മാർ! കൗശല പരാക്രമികൾ!!!

കാലം പിന്നെയും മുൻപോട്ടു പോയി. കേരളത്തിൽ മാറ്റങ്ങൾ പലതും സംഭവിച്ചു. ഡയനാമോയില്ലാതെയും ലോഡുവെച്ചും സൈക്കിൾ ചവിട്ടുന്നവരെ ചാടിവീണു പിടിച്ചു പെറ്റി അടിക്കുന്നത് കേരളാ പോലീസ് നിറുത്തി. വാടകയ്ക്ക് വീഡിയോ കാസറ്റ്‌ കൊടുക്കുന്ന കഥകളൊക്കെ പൂട്ടി സി ഡി കടകൾ വന്നു. വീടുകളിൽ നിന്നൊക്കെ ഉജാല കുപ്പി അപ്രത്യക്ഷമായി. കോട്ടയം അയ്യപ്പാസ് പുറത്തുനിന്നു നോക്കിയാലും വലിയ കടയായി തോന്നുന്നപോലെ പുതുക്കി പണിതു. അതിനിടയിൽ എപ്പോഴോ വനമാല വന്നു. എപ്പോഴോ വന്ന പോലെ തന്നെ പോയി….

അങ്ങനെ എന്തെല്ലാം !

മാറ്റങ്ങൾ ഇന്ത്യൻ കോഫീ ഹൌസിലെ മസാല ദോശയ്ക്കും വരാതെ വയ്യല്ലോ! വന്നു. അത് വീണ്ടും പഴയ പോലെ ചെറുതായി തുടങ്ങി. വില പഴയപോലെ കൂടി തുടങ്ങി…

മഹാ ബുദ്ധിമാന്മാരായ ഇന്ത്യൻ കോഫീ ഹൌസുകാർ വീണ്ടും കൂടി ആലോചിച്ചു. എന്താണ് ചെയ്യുക? ഇനി മസാല ദോശ ചെറുതാക്കാൻ ആവില്ല. ഇപ്പൊ തന്നെ ചെറുതാക്കി ചെറുതാക്കി ദോശയുടെ രണ്ടറ്റവും കൂട്ടിമുട്ടി ദോശ അപ്രത്യക്ഷമാകുമെന്ന അവസ്ഥയായി.

കൗശല പരാക്രമികൾ, വിടുമോ ? അവർ ദോശ മടക്കുന്ന രീതിയങ്ങ് മാറ്റി! ദോശയുടെ ഒരറ്റത്ത് മസാല വെച്ചിട്ടു മറ്റേയറ്റം മുന്പിലോട്ടു കൂടുതൽ വളച്ചു മടക്കി പാത്രത്തിൽ പ്രതിഷ്ഠിച്ചു. ഇങ്ങനെ മടക്കിയിരിക്കുന്നതു കണ്ടാൽ ഉള്ളതിന്റെ ഇരട്ടി വലുപ്പം തോന്നിക്കും ! ഇതെങ്ങനെ ഒറ്റയ്ക്കും കഴിച്ചു തീർക്കുമെന്ന് തോന്നും !

നമ്മൾ മലയാളികൾ എന്ത് മിടുക്കന്മാരാണ് ? എല്ലേ ?

ഞാൻ കാത്തിരിക്കുകയാണ്. തുടർ സീരിയലിന്റെ അടുത്ത എപ്പിസോഡിനായി ആകാംഷാഭരിതരായി പെണ്ണുങ്ങൾ കാത്തിരിക്കുന്ന പോലെ. ഇനി നമ്മുടെ പ്രിയങ്കരിയായ മസാല ദോശയ്ക്ക് എന്ത് സംഭവിക്കും? വില ഉടൻ അവർ അമ്പതുരൂപയിൽ എത്തിക്കുമോ? വടയിൽനിന്നും സാർവത്രികമായി ഉഴുന്ന്കുറഞ്ഞു വരുന്ന പോലെ മസാലയിൽ നിന്നും ബീറ്റ്‌റൂട്ട് ഒരിക്കൽ കുറഞ്ഞു പോകുമോ?

ദിനംപ്രതി ഇനിയും ചെറുതാകാൻ സാധ്യതയുള്ള ഇന്ത്യൻ കോഫീ ഹൌസിലെ മസാല ദോശ ചെറുതായാതായി ആളുകൾക്ക് തോന്നാതിരിക്കാൻ സമർഥരായ അവർ ഇനി എന്ത് വിദ്യ പ്രയോഗിക്കും ?

കാത്തിരുന്നു കാണുക.

അടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസിൽ, നിങ്ങൾക്കു മുന്നിൽ വെള്ള സെറാമിക് പാത്രത്തിൽ എത്തുന്നു.

ഇന്ന് മുതൽ. ഇതാ, നാളെ മുതൽ.

===================

By Denis Arackal
www.facebook.com/denisthewriter

(ഡെന്നിസ് അറയ്ക്കല്‍ നവ മാധ്യമ എഴുത്തുകാരില്‍ വേറിട്ട ശൈലി കൊണ്ട് വ്യതസ്തനാകുന്നു. ചിരിയും വേദനയും ചിന്തയും കൊണ്ട് സമ്പന്നമാണ് ഡെന്നിസിന്‍റെ കൃതികള്‍. )