അന്നപൂർണ്ണ ദേവി, രവിശങ്കർ എന്ന സ്വാർത്ഥനുവേണ്ടി സംഗീതം ത്യജിച്ചിട്ടും എല്ലാം നഷ്ടപ്പെട്ട ദുഃഖപുത്രി

39

Dennies John Devasia

അന്നപൂർണ്ണ ദേവി…… ഒരു വേദനയുടെ കുറിപ്പ്..!

സംഗീതവും സ്ത്രീയുമെന്നും പരസ്പര പൂരകങ്ങളായിരുന്നു.ഓരോ സ്ത്രീയും അവളുടെ ആത്മാവില്‍ അവളറിയാതെ എത്രയോ രാഗങ്ങള്‍ മീട്ടിയിട്ടുണ്ടാവും. അടച്ചിട്ട മുറിക്കുള്ളില്‍ വിതുമ്പിയ അവളുടെ മൗനത്തില്‍ എത്രയോ ഗാനങ്ങള്‍ പിറന്നിട്ടുണ്ടാവും. തീക്ഷ്ണമായ വേദനയുടെ ശക്തിയില്‍ നിന്ന് ഉടലെടുക്കുന്ന അവളുടെ സംഗീതത്തിന് ആത്മാവിന്‍റെ സ്വരഭേദങ്ങള്‍ ഉണ്ടാവും അത്തരത്തിലുള്ള ശക്തവും മനോഹരവും തീവ്രവുമായ സംഗീതത്തിന്‍റെ ഉടമയാണ് അന്നപൂര്‍ണ്ണാ ദേവി.

Annapurna Devi documentary unpacks the enigma behind the celebrated Indian  classical musicianഏകാന്തതയുടെ മഹാമൗനത്തില്‍ അനശ്വരമായ സംഗീതത്തിനെ ഉപാസിച്ച അവരിലേക്ക് പില്‍ക്കാലത്ത് പത്മഭൂഷണ്‍,സംഗീത നാടക അക്കാദമി പുരസ്കാരം, വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി എന്നിങ്ങനെ അനേകം പുരസ്കാരങ്ങള്‍ എത്തിയെങ്കിലും അന്നപൂര്‍ണ ആള്‍കൂട്ടത്തില്‍ നിന്ന് എന്നും അകലെയായിരുന്നു . മൗനവും ഏകാന്തതയും അന്നപൂര്‍ണയ്ക്ക് സ്വയ രക്ഷയ്ക്കും കണ്ടെത്തലിനുമുള്ള കവചങ്ങള്‍ ആയിരുന്നു.

ആയിരത്തിത്തൊളായിരത്തി ഇരുപത്തി ഏഴില്‍ മധ്യപ്രദേശിലെ മെയ്ഹാറില്‍ ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാന്റെയും മദീന ബീഗത്തിന്റെയും മകളായി അന്നപൂര്‍ണാ ദേവി ജനിച്ചു. അവർ പ്രശസ്ത സംഗീതജ്ഞന്‍ ഹിന്ദുസ്ഥാനി ഉസ്താദ് അലി അക്ബര്‍ ഖാന്റെ സഹോദരിയും പ്രഗല്‍ഭ സംഗീതജ്ഞനും സിത്താര്‍ മാന്ത്രികനുമായ പണ്ഡിറ്റ് രവി ശങ്കറിന്‍റെ ആദ്യ ഭാര്യയുമാണ്. ശുഭേന്ദ്ര ശുഭു ശങ്കറാണ് മകന്‍. ആയിരത്തിത്തൊളായിരത്തി എണ്‍പത്തി രണ്ടില്‍ അന്നപൂര്‍ണ്ണ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായിരുന്ന റൂഷികുമാര്‍ പാണ്ഡ്യയെ രണ്ടാമത് വിവാഹം ചെയ്തു .ബ്രിട്ടീഷ് ഇന്ത്യയിലെ മെയ്ഹാര്‍ രാജാവ് മഹാരാജ ബ്രിജ്‌നാഥ് സിംഗിന്റെ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു അന്നപൂര്‍ണയുടെ പിതാവ് ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാന്‍.

സംഗീതത്തിന്‍റെ പേരില്‍ മൂത്ത മകള്‍ ജഹനാരയ്ക്ക് ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് ഏറ്റു വാങ്ങേണ്ടി വന്ന പീഡനം ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാനെ ഉലച്ചിരുന്നു. ഭര്‍ത്താവിന്റെ അമ്മ ജഹനാരയുടെ തംബുരുവെടുത്തു ചുട്ടു കരിക്കുകയും തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയും താമസിയാതെ മരിക്കുകയും ചെയ്തിരുന്നു. ഇത് അലാവുദ്ദീന്‍ ഖാന് വല്ലാത്ത വേദന സമ്മാനിക്കുകയും തുടര്‍ന്ന് തന്റെ ഇളയ മകളായ അന്നപൂര്‍ണ്ണയെ സംഗീതം പഠിപ്പിക്കുന്നതില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ അന്നപൂര്‍ണ്ണ അച്ഛന്‍ സഹോദരനെ സംഗീതം അഭ്യസിപ്പിക്കുന്നത് കേട്ട് വളരുകയും പഠിക്കുകയും സഹോദരന്‍റെ സംഗീതാഭ്യസത്തിലെ തെറ്റുകളെ തിരുത്തുകയും ചെയ്തു. വീട്ടിലെല്ലാവരും അന്നപൂര്‍ണ്ണയെ ‘റോഷനാര’ എന്ന് വിളിച്ചു

അന്നപൂര്‍ണ്ണയുടെ സംഗീത വാസന തിരിച്ചറിഞ്ഞ അച്ഛന്‍ ഒടുവില്‍ അവരെയും സംഗീതം അഭ്യസിപ്പിച്ചു. അച്ഛനെയും സഹോദരനെയും അതിശയിപ്പിക്കുന്ന പ്രാഗത്ഭ്യം അന്നപൂര്‍ണ്ണ സംഗീതത്തില്‍ പ്രകടിപ്പിച്ചു . ആ സംഗീതാഭ്യാസ കാലഘട്ടത്തിലാണ് അന്നപൂര്‍ണ്ണയുടെ അച്ഛന്‍റെ ശിഷ്യനായി “രവിശങ്കർ” എന്ന ബനാറസ് ബ്രാഹ്മണ യുവാവ് വന്നത്. അന്നപൂര്‍ണ്ണയും രവിശങ്കറും പതിയെ അടുക്കുകയും ജ്യേഷ്ടന്‍ ഉദയ ശങ്കറിന്‍റെ തീരുമാന പ്രകാരം രവി ശങ്കര്‍ “ഉസ്റാ സെഹ്ഗൽ” എന്ന പ്രണയിനിയെ ഉപേക്ഷിച്ച് അന്നപൂര്‍ണ്ണയെ വിവാഹം കഴിക്കുകയും ചെയ്തു.

Annapurna Devi: The Tragedy And Triumph Of Ravi Shankar's First Wifeസ്വാര്‍ത്ഥനായ പുരുഷന്റെ എല്ലാ സ്വഭാവങ്ങളും രവി ശങ്കറിന് ഉണ്ടായിരുന്നു. അവരൊരുമിച്ച് സംഗീത കച്ചേരികള്‍ നടത്തിയപ്പോഴോക്കെയും അന്നപൂര്‍ണയ്ക്കു ലഭിച്ച അംഗീകാരം രവിശങ്കറിനെ അസ്വസ്ഥപെടുത്തി. ഭര്‍ത്താവായ രവിശങ്കറിനു വേണ്ടി അന്നപൂര്‍ണ പല പൊതുവേദികളില്‍ നിന്നും മാറി നിന്നു. ആധുനിക ശൈലിയിലുള്ള സംഗീതത്തിലേക്ക് വരാന്‍ രവിശങ്കര്‍ അന്നപൂര്‍ണ്ണയെ ഉപദേശിച്ചു. എന്നാല്‍ അന്നപൂര്‍ണ്ണയെന്നും അന്നപൂര്‍ണ്ണയായി തന്നെ നിന്നു. സ്വന്തം സുഖം തേടിയുള്ള രവിശങ്കറിന്‍റെ യാത്രകള്‍ പലപ്പോഴും അന്നപൂര്‍ണ്ണയെ കണ്ണീരിലാഴത്തി. അന്നപൂര്‍ണ്ണയുടെ അഗാധമായ സംഗീതവും മനസ്സും രവി ശങ്കറിനെന്നും നിഗൂഡമായിരുന്നു

Pandit Ravi Shankar was unhappy as I was drawing more applause: Annapurna  Devi | India News - Times of Indiaഅയാള്‍ കമല എന്ന നൃത്തകിയുമായി അടുക്കുന്നതും അവരുടെ ഭര്‍ത്താവിന്‍റെ മരണ ശേഷം അവരോടൊപ്പം ജീവിക്കുന്നതും ഒക്കെ നിസ്സഹയായി നോക്കി നില്‍ക്കാനേ അന്നപൂര്‍ണ്ണയ്ക്ക് കഴിഞ്ഞുള്ളു. രവി ശങ്കര്‍ ആഗ്രഹിച്ചിരുന്ന പോലെ തീര്‍ത്തും ആധുനികയായി അണിഞ്ഞൊരുങ്ങി നടക്കുന്ന ഒരു വ്യക്തിത്വത്തിന്‍റെ ഉടമായിരുന്നില്ല അന്നപൂർണ്ണ. അവരുടെ ഒരുക്കവും, വേഷവിധാനവുമൊന്നും രവിശങ്കറെന്ന മനുഷ്യന് ഇഷ്ടമായിരുന്നില്ല. അണിഞ്ഞൊരുങ്ങി നടന്ന കാമുകിയായ കമലയോടോടൊപ്പം അയാള്‍ രാവും പകലും ചെലവഴിച്ചപ്പോള്‍ ഭാര്യയായ അന്നപൂര്‍ണ്ണ ഏകയായിരുന്നു. ഒറ്റപ്പെട്ട ഭാര്യയും അമ്മയുമായ അവര്‍ മകനിലും പിതാവായ ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാനിലും അഭയം പ്രാപിച്ചു. വിവാഹിതയായിട്ടും വിധവയെ പോലെ ജീവിക്കേണ്ടി വന്ന അന്നപൂർണ്ണയുടെ അവസ്ഥ ആ പിതാവിനെ അത്യന്തം വേദനിപ്പിച്ചു

പിന്നീട് കൊൽക്കത്തയിലെ ‘അലി അക്ബര്‍ സ്കൂള്‍ ഓഫ് മ്യൂസിക്‌’-ൽ വൈസ് പ്രിന്സിപ്പലായപ്പോൾ അന്നപൂർണ്ണ മകനെയും കൂടെ കൂട്ടി. ഭര്‍ത്താവിന്റെ അവഗണനയില്‍ അവര്‍ക്ക് ആശ്വാസം മകനും സംഗീതവുമായിരുന്നു. കമലയോടൊപ്പം വിദേശത്തേക്ക് പോയ രവിശങ്കര്‍ മകനെയും അങ്ങോട്ടേക്ക് ക്ഷണിച്ചപ്പോള്‍ ജീവിതത്തില്‍ താന്‍ തീര്‍ത്തും ഒറ്റപെട്ടു പോകുന്നത് അന്നപൂര്‍ണ്ണ അറിഞ്ഞു. അമ്മയുടെ ഏകാന്തതയെക്കാള്‍ അച്ഛന്റെ പ്രശസ്തിയും പുതിയ ലോകത്തിനെ കുറിച്ചുള്ള ജിജ്ഞാസയും മകനെ അന്നപൂര്‍ണയില്‍ നിന്ന് വിദേശത്തേക്ക് പറിച്ചു നട്ടു. മകന്‍ കൂടി പോയപ്പോള്‍ അന്നപൂര്‍ണ്ണ വൈകാരികമായി വല്ലാതെ ഒറ്റപെട്ടു . അവര്‍ പതിയെ മൗനത്തിന്റെ വഴികളിലേക്ക് സംഗീതത്തിന്‍റെ തണലില്‍ നടന്നു. ആയിരത്തിതൊളായിരത്തി തൊണ്ണൂറ്റി രണ്ടിലെ മകന്‍റെ മരണം അന്നപൂര്‍ണയെ വല്ലാതെ തളര്‍ത്തി..ഇക്കലഘട്ടത്തിനിടയിൽ സ്വന്തം താൽപര്യങ്ങൾക്ക് വിപരീതമായി ഋഷികുമാർ പാണ്ഡ്യ എന്ന വ്യക്തിയെ അന്നപൂർണ്ണയ്ക്ക് വിവാഹം കഴിക്കേണ്ടതായി വന്നു.. രണ്ടായിരത്തി മൂന്നിൽ രണ്ടാം ഭർത്താവ്‌ ആയ റൂഷികുമാര്‍ പാണ്ഡ്യയുടെ മരണത്തോട് കൂടി അവര്‍ പൂര്‍ണമായും ഒറ്റപെട്ട പോലെയായി. തന്നെ തേടി വരുന്നവര്‍ക്കുള്ള മറുപടിയായി അവര്‍ അവരുടെ ഫ്ലാറ്റിനു മുന്നില്‍ ഇങ്ങനെ എഴുതി വച്ചു …….“തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഈ വാതിൽ തുറക്കുകയില്ല. മറ്റുള്ള ദിവസങ്ങളിൽ നിങ്ങള്‍ മൂന്നു തവണ ബെല്ലടിച്ചിട്ടും ഈ വാതില്‍ തുറന്നില്ലെങ്കിൽ നിങ്ങളുടെ വിലാസം എഴുതി വെച്ചിട്ട് പോകുക, നന്ദി ”…!

സത്യസായി ബാബയെ പോലുള്ള പലരും അവരെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അന്നപൂര്‍ണ്ണ സമ്മതിച്ചില്ല. പുരുഷ കേന്ദ്രീകൃത കുടുംബ സാമൂഹിക വ്യവ്സ്ഥയോടുള്ള തന്റെ വെറുപ്പ്‌ അടഞ്ഞ വാതിലിനുള്ളിലെ മൗനത്തിലൂടെയാണ് അവർ രേഖപ്പെടുത്തിയത്. അന്നപൂര്‍ണ്ണ നല്ലൊരു സംഗീത അദ്ധ്യാപിക കൂടിയായിരുന്നു. ഹരിപ്രസാദ് ചൗരസ്യ, നിത്യാനന്ദ് ഹാല്‍ദിപൂര്‍ പോലുള്ള പ്രതിഭകളെ അവരുടെ സംഗീതശിക്ഷണം വഴി ലോകത്തിനു ലഭിച്ചു.

രാത്രികളില്‍ അന്നപൂര്‍ണയുടെ ഫ്ലാറ്റില്‍ നിന്നൊഴുകിയെത്തുന്ന മനോഹര സംഗീതം കേള്‍വിക്കാരെ വിസ്മയിപ്പിച്ചിരുന്നു. അടച്ചിട്ട ആ വാതിലിനു മുന്നിലേക്ക്‌ ഒരുപാട് പുരസ്കാരങ്ങള്‍ വന്നെങ്കിലും അന്നപൂര്‍ണ്ണ അവയ്ക്കായി വാതില്‍ തുറന്നില്ല . അവരെന്നും എല്ലാ അംഗീകാരങ്ങള്‍ക്കും അതീതയായിരുന്നു. അന്നപൂർണ്ണാദേവിയുടെ ജീവചരിത്രം സോപൻ കുമാർ ബന്ദോപാദ്ധ്യായ രചിച്ച Unheard Melody അഥവാ ‘കേൾക്കാത്ത ഗീതങ്ങൾ’ ആണ്. രണ്ടായിരത്തി പതിനെട്ട് ഒക്ടോബര്‍ പതിമൂന്നിനു അന്നപൂര്‍ണ്ണയെന്ന ഇന്ത്യന്‍ സംഗീത ലോകത്തെ നക്ഷത്രം അസ്തമിച്ചു. അവരുടെ ജീവിതമൊരു സന്ദേശവും പ്രതിഷേധവുമായിരുന്നു.

അന്നപൂര്‍ണ്ണയെ പോലെ ഭര്‍ത്താവിനു വേണ്ടി പലതും ത്യജിച്ചിട്ടും ഒടുവില്‍ ഭര്‍ത്താവിനാല്‍ ത്യജിക്കപെട്ട ഒരുപാട് സ്ത്രീകളിന്നും നമ്മുടെയിടയില്‍ ഉണ്ട്. ലോകം ആരാധിക്കുന്ന കണ്ണകി മുതല്‍ അന്നപൂര്‍ണ വരെ എത്രയോ തീക്ഷണരും പ്രതിഭാശാലികളുമായ സ്ത്രീകള്‍ മരണത്തിന്റെയും മൗനത്തിന്റെയും വഴികളിലൂടെ കപടമായ സമൂഹത്തിനു മുന്നില്‍ തങ്ങളുടെ എതിര്‍പ്പ് രേഖപെടുത്തി. നമ്മളറിയാത്ത വീടുകളുടെ എഴുതപ്പെടാത്ത ജീവചരിത്രങ്ങളില്‍ എത്രയോ അന്നപൂര്‍ണമാരുടെ ആത്മഹത്യാ കുറിപ്പുകള്‍ ഉണ്ടാകും. ഭര്‍ത്താവിനു വേണ്ടി ജോലിയും ചിലങ്കയും സംഗീതവും പേനയും ഉപേക്ഷിക്കേണ്ടി വന്ന എത്രയോ സ്ത്രീകള്‍ ഇന്നും നമ്മളറിയാതെ ഉള്ളിലെ കണ്ണീര്‍ ചിരിയുടെ മുഖംമൂടി കൊണ്ട് മറച്ചു നമുക്കിടയിലുണ്ടാകും