മമ്മൂട്ടിയുടെ പേര് പറഞ്ഞാൽ ജനം കൂവും എന്ന അവസ്ഥയിൽ നിന്നും അയാൾ തിരിച്ചുവന്നതെങ്ങനെ ?

94

Sunil Waynz ന്റെ പോസ്റ്റ്

തിരിച്ചുവരവുകളെക്കുറിച്ചുള്ള കഥകൾ കേൾക്കുന്നതേ രോമാഞ്ചം,അതിനി ആരുടെയാണെങ്കിൽ പോലും..പക്ഷേ അത് ന്യൂഡൽഹി വഴിയുള്ള മമ്മൂക്കയുടെ മലയാളസിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായാലോ..കഥ പറയുന്നത് സാക്ഷാൽ ഡെന്നീസ് ജോസഫ് ആണെങ്കിലോ???

ഒന്നും പറയാനില്ല…ബിജുക്കുട്ടൻ.ജെപിഗ്🔥
മലയാളസിനിമ കണ്ട ഏറ്റവും വലിയ/മലയാളസിനിമ കണ്ട ഏറ്റവും രാജകീയമായ തിരിച്ചുവരവിന്റെ കഥ
🔥🔥🔥
ഡെന്നിസ് ജോസഫ് പറയുന്നു
(കടപ്പാട് : സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ)


ഞാനും ജോഷിയും ഒരുമിച്ച സിനിമ..വീണ്ടും
ജോഷിയെന്ന സംവിധായകനെ ജോഷിയാക്കിയ പ്രൊഡക്ഷൻ കമ്പനിയാണ് എവർഷൈൻ..അവർ നിർമിച്ച സായംസന്ധ്യ, ജൂബിലി ജോയ് നിർമിച്ച ന്യായവിധി…ഇങ്ങനെ ഞാനും ജോഷിയും ചെയ്യുന്ന സിനിമകളെല്ലാം നിരന്തരം പരാജയപ്പെടാൻ തുടങ്ങി.മേൽ പറഞ്ഞ സിനിമകൾ എല്ലാം തന്നെയും അന്ന് വലിയ ഫ്ലോപ്പുകളായിരുന്നു.ഇതിന് പുറമേ ഞാനെഴുതിയ കെ.ജി.ജോർജിന്റെ ‘കഥക്ക് പിന്നിൽ’ എന്ന സിനിമയും വലിയ പരാജയമായി. ഇങ്ങനെ മമ്മൂട്ടിയുമായി ഞങ്ങൾ സഹകരിച്ച ഏതാണ്ട് നാലഞ്ച് സിനിമകൾ തുടരെത്തുടരെ പരാജയപ്പെടാൻ തുടങ്ങി.പക്ഷേ അപ്പുറത്ത് ഞാൻ തമ്പി കണ്ണന്താനത്തിന് വേണ്ടി എഴുതിയ മോഹൻലാൽ സിനിമകൾ ഹിറ്റ് ആകുന്നുമുണ്ട്.

മമ്മൂട്ടി എന്ന ആളുടെ പേര് പറഞ്ഞാൽ തീയേറ്ററിൽ ജനം കൂവും എന്ന അവസ്ഥയെത്തി..ഞങ്ങളുടെ പടങ്ങൾ മാത്രമല്ല,മറ്റുള്ള സംവിധായകർക്കൊപ്പവും മമ്മൂട്ടി അഭിനയിച്ച സിനിമകളും നിരന്തരം പരാജയപ്പെടാൻ തുടങ്ങി. വീണ്ടും സായംസന്ധ്യ പോലെ അന്ന് പരാജയപ്പെട്ട സിനിമകൾ ഇന്ന് ടി.വിയിൽ വരുമ്പോൾ ആളുകൾ എന്നോട് ചോദിക്കാറുണ്ട്,ഈ സിനിമയൊക്കെ അന്ന് എന്ത് കൊണ്ടാണ് പൊളിഞ്ഞത്..അന്ന് ഓടിയ സിനിമകളേക്കാൾ നല്ലതാണല്ലോ ഈ സിനിമകളെന്ന് ഇന്ന് പലരും എന്നോട് പറയാറുണ്ട്..പക്ഷേ അന്ന് ഈ സിനിമകളെല്ലാം വലിയ പരാജയങ്ങളായിരുന്നുവെന്നതാണ് സത്യം..!!

തുടർപരാജയങ്ങൾ കാരണം ജോഷി-ഡെന്നീസ് ജോസഫ് ടീം പതിയെ മലയാളസിനിമയിൽ നിന്ന് ഇല്ലാതാവുന്ന അവസ്ഥ വരെയായി. മമ്മൂട്ടിയുടെ കാര്യമായിരുന്നു കഷ്ടം.മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാൻ പോലും നിർമാതാക്കൾ മടിക്കുന്ന ലെവലിലേക്ക് അതിനോടകം കാര്യങ്ങൾ എത്തിക്കഴിഞ്ഞിരുന്നു. എന്താണ് അതിന്റെ കാരണം എന്നതിന് പ്രത്യക്ഷത്തിൽ ഒരു മറുപടി അന്നും ഇന്നും എനിക്കില്ല,അതേ സമയം മോഹൻലാലിന്റെ സിനിമകൾ അപ്പുറത്ത് വിജയകരമായി പ്രദർശിപ്പിക്കുന്നുമുണ്ട്.  അങ്ങനെയിരിക്കെയാണ് നിർമാതാവ് ജൂബിലി ജോയ്(ജോയ് തോമസ്)ഒരു ദിവസം എന്നെ കാണാൻ വരുന്നത്.ജോയ് തോമസ് മറ്റ് നിർമാതാക്കളെ പോലെയല്ല,അൽപം വ്യത്യസ്തനാണ്.മമ്മൂട്ടിയേയും മോഹൻലാലിനെയും വച്ച് നിരവധി സൂപ്പർഹിറ്റ് സിനിമകൾ ജോയ് തോമസ് ആ കാലത്ത് നിർമിച്ചിട്ടുണ്ട്.എങ്കിലും കൂടുതൽ ഹിറ്റുകൾ മമ്മൂട്ടിയെ വച്ചാണ് ജോയ് ചെയ്തിട്ടുള്ളത്. മമ്മൂട്ടിയുടെ തുടർച്ചയായ പരാജയങ്ങൾ ജോയിയേയും സംവിധായകൻ ജോഷിയേയും വല്ലാതെ വിഷമിപ്പിച്ചു.അവർ രണ്ട് പേരും വളരെയധികം ആത്മാർത്ഥമായി തന്നെ ഒരു സൂപ്പർഹിറ്റ് സിനിമ ചെയ്ത് പൂർവാധികം ശക്തിയോടെ മമ്മൂട്ടിയെ തിരികെ ഇൻഡസ്ട്രിയിൽ കൊണ്ടു വരണമെന്ന് അതിയായി ആഗ്രഹിച്ചു.

ഇന്ന് ആലോചിക്കുമ്പോൾ പലർക്കും അത് മനസ്സിലാക്കണമെന്നില്ല,കാരണം അന്ന് മമ്മൂട്ടിയുടെ തോളിൽ കയ്യിട്ട് നടന്നിരുന്ന പല വമ്പൻ നിർമാതാക്കളും മമ്മൂട്ടിയെ തിരിഞ്ഞു നോക്കാത്ത കാലമായിരുന്നു.ജോയ് തോമസിനാണെങ്കിലും ജോഷിക്കാണെങ്കിലും അന്ന് മോഹൻലാലടക്കമുള്ള നടന്മാരുടെ ഡേറ്റ് കിട്ടാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.ഒരു ബിസിനസ്സ് എന്ന നിലക്ക് പരാജയപ്പെട്ട ഒരു നടനെ ഉപേക്ഷിച്ച് അടുത്ത നടനെ തേടി പോകാൻ അവർക്ക് വളരെ എളുപ്പവുമായിരുന്നു.സിനിമയുടെ നടപ്പുസ്വഭാവം വച്ച് അങ്ങനെയാണ് എല്ലാവരും ചെയ്യേണ്ടതും,എന്നാൽ ജോയിയും ജോഷിയും അങ്ങനെ ചെയ്തില്ല.മമ്മൂട്ടിയെ ഇൻഡസ്ട്രിയിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു ഭഗീരഥപ്രയത്നം തന്നെ ഇരുവരും നടത്തി.സത്യത്തിൽ വെറുമൊരു വാശി മാത്രമായിരുന്നു അത്..ആ വാശിക്ക് പിന്നിൽ അവർക്ക് മമ്മൂട്ടിയോടുള്ള ഇഷ്ടം മാത്രമായിരുന്നു കാരണം..!!

അങ്ങനെ മമ്മൂട്ടിക്കായി ഞങ്ങൾ പല കഥകളും ആലോചിച്ചു.അങ്ങനെയാണ് ഞാൻ സ്‌കൂളിൽ പഠിച്ച ഒരു കഥയെ കുറിച്ച് ഓർത്തെടുക്കുന്നത്. പയ്യമ്പള്ളി ചന്തു, പഴയ ഉദയ-വടക്കൻ പാട്ടുസിനിമകളുടെ മാതൃകയിൽ പയ്യമ്പള്ളി ചന്തുവിന്റെ കഥ സിനിമയാക്കിയാലോ എന്ന് ഞങ്ങൾ ആലോചിച്ചു.ജോയിയും ജോഷിയും അത് സമ്മതിച്ചു.അന്ന് വടക്കൻ വീരഗാഥ റീലീസായിട്ടില്ല.പഴയ ഉദയ സിനിമകളുടെ മാതൃകയിൽ നല്ല പാട്ടുകളെല്ലാം ഉൾപ്പെടുത്തി ഒരു പക്കാ കൊമേർഷ്യൽ സിനിമയായിട്ടാണ് ഞാൻ അന്ന് അത് ആലോചിച്ചത്.പയ്യമ്പള്ളി ചന്തുവിനെ കുറിച്ച് ഇന്നും പലർക്കും കാര്യമായി അറിയില്ല.തച്ചോളി ഒതേനന്റെ അടുത്ത സുഹൃത്തും ഗുരുവുമാണ് പയ്യമ്പള്ളി ചന്തു.ഒതേനനെ അവസാന അങ്കത്തിൽ പൂഴിക്കടകൻ പഠിപ്പിച്ച് അങ്കത്തിന് സജ്ജനാക്കുന്നത് ചന്തുവാണ്.

ആ സിനിമ ഞങ്ങൾ ചെയ്യാൻ പദ്ധതിയിട്ട് നിൽക്കുമ്പോഴാണ് പ്രിയദർശൻ-മോഹൻലാൽ ടീമിനെ വച്ച് സാജൻ ഗ്രൂപ്പ് വടക്കൻ പാട്ട് പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യാൻ ആലോചിച്ച് വരുന്ന കാര്യം ഞങ്ങൾ അറിഞ്ഞത്.ജോയിക്കും ജോഷിക്കും അത് കേട്ടപ്പോൾ വലിയ ബുദ്ധിമുട്ട് തോന്നി.അത് കൊണ്ട് തന്നെ മോഹൻലാലിന്റെ ഒരു സിനിമയോട് അതേ തീമിലുള്ള മറ്റൊരു സിനിമ വച്ച് കോംപറ്റീഷൻ ചെയ്യണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. ഇനിയെന്ത് എന്നായി ഞങ്ങളുടെ അടുത്ത ചിന്ത.  അപ്പോഴാണ് ഞാൻ അവരോട് ‘ന്യൂഡൽഹി’ എന്ന സിനിമയുടെ കഥാതന്തു പറയുന്നത്.  ഒരു യഥാർത്ഥ സംഭവമായിരുന്നു ഞാൻ പറഞ്ഞ ആ കഥയുടെ പിന്നിൽ

പത്രം നടത്തി പൊളിഞ്ഞു പാളീസായ ഒരു ടാബ്ലോയ്‌ഡ് പത്രക്കാരൻ അമേരിക്കൻ പ്രസിഡന്റിനെ കൊല്ലാൻ ശ്രമിക്കുന്നു.അയാൾക്കായി മാത്രം ഒരു വാർത്ത സൃഷ്ടിക്കാൻ വേണ്ടി അയാളുടെ ഭ്രാന്തമായ ചിന്തയിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു അത്. അങ്ങനെ അമേരിക്കൻ പ്രസിഡന്റിനെ വെടിവച്ചു കൊല്ലാൻ അയാൾ ഒരു കൊട്ടേഷൻ കൊടുക്കുകയാണ്. പ്രസിഡന്റിന്റെ മരണം സംഭവിക്കുമെന്ന ഉറപ്പുള്ളത് കൊണ്ട് തന്നെ,മരണം സംഭവിക്കുമെന്ന് കരുതിയ ദിവസത്തിന്റെ തലേദിവസം അയാൾ തന്റെ പത്രം അടിച്ചു വച്ചു

രണ്ട് മണി സമയത്താണ് അയാൾ വെടിവെപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്.കൃത്യം രണ്ടരക്ക് അയാൾ തന്റെ പത്രം റിലീസ് ചെയ്യുകയും ചെയ്തു.പക്ഷേ ഈ വെടിവെപ്പ് നടന്നില്ല.കൊട്ടേഷൻ ശ്രമം പരാജയപ്പെടുകയും പോലീസ് അയാളേയും സംഘത്തെയും പിടിക്കുകയും ചെയ്തു
ഇക്കഥയുമായി ബന്ധപ്പെട്ട് പല ഇംഗ്ലീഷ് നോവലുകളും പുറത്ത് വന്നിട്ടുണ്ട്..Almighty പോലുള്ള പല പ്രസിദ്ധനോവലുകളും ഇതേ തീമിനെ അവലംബിച്ചാണ് വന്നിരിക്കുന്നത്.ഈ കഥയിൽ നിന്നാണ് ന്യൂഡൽഹിയുടെ Basic തീം വരുന്നത്.അവനവന്റെ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി വാർത്തകൾ സ്വയം സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസിന്റെ കഥയെടുത്താലോ എന്ന് അങ്ങനെയാണ് ഞങ്ങൾ ആലോചിച്ചത്.പക്ഷേ പത്രം വളർത്താൻ വേണ്ടി മാത്രം ഇത്തരമൊരു ഹീനകൃത്യത്തിന് ഒരാൾ ഇറങ്ങിത്തിരിക്കുന്നുവെന്നത് മലയാളസിനിമയിൽ എത്രത്തോളം അംഗീകരിക്കപ്പെടുന്ന ആശയമായിരിക്കുമെന്ന കാര്യത്തിൽ മാത്രം എനിക്ക് സംശയം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ,നായകന് അങ്ങനെ ചെയ്യാൻ വേണ്ടി ഒരു Specific Reason കൂടി തിരക്കഥയിൽ ഉണ്ടാക്കി.അതായത് തന്നെ നശിപ്പിച്ച ആളുകളെ തിരികെ നശിപ്പിക്കാൻ വേണ്ടി ഇയാൾ ഈ സംഗതിയെ ഒരു ആയുധമായി ഉപയോഗിക്കുന്നു.ഇത്തരത്തിൽ തീർത്തും ഒരു സാധാരണമായ കഥാതന്തു തന്നെയാണ് ആ സിനിമക്കായി ഞങ്ങൾ തിരഞ്ഞെടുത്തത്.അതിനെ മീഡിയയുടെ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടുവെന്ന് മാത്രം
🔥🔥
വാർത്ത സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസ്
🔥🔥
ഡൽഹിയിൽ വച്ചായിരിക്കണം കഥ നടക്കേണ്ടത് എന്നും ഒരു ഇംഗ്ലീഷ് പത്രാധിപർ ആയിരിക്കണം കഥയിലെ നായകൻ എന്ന നിർദേശവും ഞാൻ മുന്നോട്ട് വച്ചു. അത് എന്തിനാണ് എന്ന് ജോഷിയും ജോയിയും എന്നോട് ചോദിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് ഡൽഹിയിൽ പോയി ഷൂട്ട് ചെയ്യുക റിസ്ക് അല്ലേയെന്നവർ എന്നോട് ചോദിച്ചു.മാത്രമല്ല,ന്യൂഡൽഹി എടുക്കുന്ന സമയത്ത് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.ബോംബെയുൾപ്പടെയുള്ള നഗരങ്ങളിൽ മുൻപ് ഒരുപാട് സിനിമകൾ മുൻപ് ഷൂട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ഡൽഹിയെന്ന നഗരം അന്ന് സാധാരണപ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത നഗരമായിരുന്നു.ഡൽഹിയുടെ പശ്ചാത്തലത്തിൽ ഇക്കഥ പറഞ്ഞാൽ മാത്രമേ അവിശ്വസനീയമായ ഈ കഥക്ക് ഒരു വിശ്വസനീയത കൈവരികയുള്ളൂ എന്ന് ഞാൻ ജോഷിയോടും ജോയ് തോമസിനോടും പറഞ്ഞു.സാധാരണ ഒരു നിർമാതാവ് ആണെങ്കിൽ ഒരുപക്ഷേ ഇതിന് സമ്മതിച്ചുവെന്ന് വരില്ല,കാരണം ഒരു മലയാളസിനിമയുടെ ഇരട്ടി ചെലവിലേക്കാണ് ബഡ്ജറ്റ് കുതിച്ചുപോകുന്നത്.പക്ഷേ ജോയി തോമസ് ആ നിർദേശം അംഗീകരിച്ചു

Spectacular comebacks of Mollywoodഅതിനിടെ ന്യൂ ഡൽഹിയിൽ വച്ച് ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങാൻ പോകുന്ന കാര്യം ഇൻഡസ്ട്രിയിൽ എല്ലാവരും അറിഞ്ഞു. ബജറ്റിന്റെ കാര്യമായിരുന്നു എല്ലാവർക്കും അറിയേണ്ടത്
നിർമാതാവ് ജോയ് തോമസിന് വട്ടാണെന്ന് പലരും പറഞ്ഞു നടന്നു. ജോഷിയും ഞാനും ജോയിയെ വലിച്ചെടുത്തു പണം പിടുങ്ങുകയാണ് എന്ന മട്ടിലും സംസാരങ്ങൾ തുടർന്നു. ഞങ്ങൾ അതൊന്നും ഗൗനിച്ചില്ല. ഇരുന്നും കിടന്നും പലവട്ടം ഞാൻ സിനിമയുടെ സ്ക്രിപ്റ്റ് എഴുതി.എത്ര എഴുതിയിട്ടും എനിക്ക് തൃപ്തി വരുന്നില്ല.തൃപ്തി വരാതെ എഴുതിയ പല ഭാഗങ്ങളും ഞാൻ കീറിക്കളഞ്ഞു.സിനിമയുടെ ഷൂട്ടിങ്ങിനായി ഞാനും ജോഷിയും ഡൽഹിയിലേക്ക് തിരിക്കുമ്പോൾ ആകെ 13 സീൻ മാത്രമേ ഞാൻ എഴുതിയിട്ടുള്ളൂ..അത് ഞാൻ മടക്കി പോക്കറ്റിൽ ഇട്ടിരിക്കുകയാണ്.  ഫ്‌ളൈറ്റിൽ വച്ചാണ് ജോഷി എന്നോട് ബാക്കി സീനുകൾ എവിടെയെന്ന് ചോദിക്കുന്നത്.ബാക്കി സീനുകൾ ഞാൻ കീറിക്കളഞ്ഞുവന്ന് ജോഷിയോട് പറഞ്ഞു..!!!!ഡൽഹിയിലെ കേരള ഹൗസിൽ ഇരുന്ന് അന്നന്ന് ഷൂട്ട് ചെയ്യാനുള്ള സീനുകൾ,അന്നന്ന് ഇരുന്ന് എഴുതി ഷൂട്ട് ചെയ്ത സിനിമയാണ് ന്യൂ ഡൽഹിയെന്ന് പറഞ്ഞാൽ ഇന്ന് പലർക്കും വിശ്വാസം വരില്ല..പക്ഷേ അതാണ് സത്യം..!!!!

സിനിമ ഷൂട്ട് ചെയ്യാൻ ജോഷി ആകെ എടുത്തത് വെറും 22 ദിവസം. കേരള ഹൗസിലാണ്,ഞങ്ങൾ എല്ലാവർക്കും താമസം ശരിയായത്.Crewവിലെ എല്ലാവർക്കും അവിടെ മുറി കിട്ടിയില്ല.ആകെ 5 മുറികൾ മാത്രമേ അവിടെ കിട്ടിയുള്ളൂ..അങ്ങനെ ഞാനും ജോഷിയും ജോയിയും മമ്മൂട്ടിയും സുമലതയും അവിടെ താമസിച്ചു..ബാക്കിയുള്ളവർ പുറത്തും

ന്യൂ ഡൽഹിയെന്ന സിനിമക്ക് മുമ്പ് ഡൽഹിയിൽ സിനിമ ഷൂട്ട് ചെയ്ത കാര്യമായ പരിചയം മലയാള സിനിമക്കില്ല.യൂണിറ്റിൽ ഉള്ള പലരും ഡൽഹി കാണുന്നത് തന്നെ ആദ്യം..അന്തരിച്ച കോൺഗ്രസ് നേതാവ് സി.കെ.ജീവന്റെ നിസ്സീമമായ സഹകരണം ന്യൂ ഡൽഹിയുടെ ചിത്രീകരണത്തിന് വലിയ സഹായകരമായി.ഡൽഹിയിൽ ജീവന് വലിയ രീതിയിലുള്ള സ്വാധീനമുള്ളത് കൊണ്ട് തന്നെ ന്യൂ ഡൽഹിയുടെ ചിത്രീകരണം എളുപ്പത്തിൽ പൂർത്തിയായി.അന്തരിച്ച മനോരമ ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് അന്ന് ഡൽഹിയിൽ ഉണ്ട്..വിക്ടർ എന്റെ സുഹൃത്താണ്..വിക്ടറും സിനിമയുടെ ചിത്രീകരണത്തിനായി ഏറെ സഹായിച്ചു


ഞാൻ പണ്ട് ഏതോ ഒരു പഴയ സിനിമയിൽ കണ്ട ഓർമയാണ്..ഒരു Particular Liift..ഒരു കാപ്സ്യൂൾ മോഡലിൽ ഉള്ള ഒരു ലിഫ്റ്റ്..ഗ്ലാസ് ആണ് അതിന് ചുറ്റും.ഹോട്ടലിന്റെ ലോബിയിൽ നിന്നാൽ ആൾക്കാർ ആ ലിഫ്റ്റ് വഴി മുകളിലേക്ക് വരുന്നതും താഴേക്ക് പോകുന്നതുമെല്ലാം കാണാം.ആ കാഴ്ച ആ സിനിമ കണ്ടപ്പോഴേ എന്നെ ഏറെ ആകർഷിച്ച ഒന്നാണ്. അന്ന് ഞങ്ങൾ Centaur ഹോട്ടലിൽ ഷൂട്ടിനായി ഉണ്ട്
അവിടെ ഇത്തരത്തിനുള്ള ഒരു ലിഫ്റ്റ് ഉണ്ട്. ന്യൂ ഡൽഹി എന്ന സിനിമയിലെ ഒരു Particular Sceneൽ ലോബിയിൽ നിന്ന് മമ്മൂട്ടിയും സുമലതയും ഈ ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുന്നതും എതിർ ഭാഗത്ത് ഉള്ളവർ താഴോട്ട് വരുന്നതുമായ ഒരു സീനുണ്ട്.ഇത് ഇവിടെ വച്ച് തന്നെ ഷൂട്ട് ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു ജോയി ഓക്കേ പറഞ്ഞു

ജോയിയും ജോഷിയും ഞാനും ഹോട്ടൽ അധികൃതരോട് പോയി കാര്യം പറഞ്ഞു
അവർ ഷൂട്ട് ചെയ്യാൻ ലിഫ്റ്റ് വിട്ട് തരാം എന്ന് സമ്മതിച്ചു,പക്ഷേ ഒരു മണിക്കൂറിന് 25000 രൂപയാണ് ചോദിക്കുന്നത്.അന്നത്തെ കാലത്ത് അത് വലിയൊരു തുകയാണ്.മിനിമം ഒരു 5-6 മണിക്കൂർ ഷൂട്ട് ചെയ്താൽ മാത്രമേ ആ സീൻ മുഴുവനായും തീരുകയുള്ളൂ.അതായത് ഒരു ലക്ഷത്തിന് മുകളിൽ മാത്രം ആ സീനിന് വേണ്ടി ചെലവഴിക്കേണ്ടി വരും ആ സിനിമയിൽ മമ്മൂട്ടിയുടെ പ്രതിഫലം തന്നെ ഒരു ലക്ഷം രൂപയാണ് എന്നോർക്കണം.അങ്ങനെയിരിക്കെ ഒരു ദിവസത്തെ ഷൂട്ടിന് മാത്രം ലക്ഷത്തിന് അടുത്ത് ചെലവഴിക്കേണ്ടി വരും എന്ന പറഞ്ഞപ്പോഴേ ഞാനും ജോഷിയും ‘അത് വേണ്ട’ എന്ന് പറഞ്ഞു.പക്ഷേ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ജോയ് പറഞ്ഞു..

“അത് ഒരു കാരണവശാലും അത് വേണ്ടെന്ന് വയ്‌ക്കേണ്ട..നമുക്കത് ഷൂട്ട് ചെയ്യാം”ഈ സീൻ എന്തായാലും സിനിമക്ക് ഗുണകരമായി വരുമെന്നും ജോയി പറഞ്ഞു.അങ്ങനെ പെർമിഷൻ എടുക്കാൻ വേണ്ടി ഞങ്ങൾ ഹോട്ടലിന്റെ മാനേജരെ സമീപിച്ചു..അയാൾ ഒരു മലയാളിയാണ്.മലയാള സിനിമാക്കാരാണ് ഷൂട്ടിങ്ങിന് വന്ന് അനുമതി ചോദിക്കുന്നത് എന്നറിഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് നിങ്ങൾ ഷൂട്ടിനായി കാശൊന്നും തരേണ്ട എന്നാണ്.വേറെ എന്ത് തരണം എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു..ഹോട്ടലിന്റെ ബോർഡ് ഒന്ന് രണ്ട് പ്രാവശ്യം സിനിമയിൽ കാണിച്ചാൽ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു, മാത്രമല്ല ഫുൾ ക്രൂവിന് ഉച്ചക്ക് ഭക്ഷണം അവർ സൗജന്യമായി തരികയും ചെയ്തു
ഒരു സിനിമക്ക് ഏതെല്ലാം വിധത്തിൽ ദൈവാനുഗ്രഹം ലഭിക്കും എന്നതിന് ആ സംഭവം ഒരു വലിയ ഉദാഹരണമായിരുന്നു

ഇത്തരത്തിൽ സിനിമ പതിയെ മുന്നോട്ട് പോവുകയാണ്.പക്ഷേ എത്ര എഴുതിയിട്ടും സിനിമയുടെ ക്ലൈമാക്സ് മാത്രം കിട്ടുന്നില്ല.കാരണം ആ സിനിമ മലയാളസിനിമക്ക് അന്നോളം അപരിചിതമായ/അസാധാരണമായ വിഷയമാണ് പറയുന്നത്..അത് കൊണ്ട് തന്നെ സിനിമക്കൊരു ക്ലൈമാക്സ് മാത്രം കിട്ടുന്നില്ല.പല തരത്തിലുള്ള ക്ലൈമാക്സ് ഞാൻ ആലോചിച്ചു..കിട്ടുന്നതൊക്കെ എഴുതി നോക്കി.പക്ഷേ എല്ലാം പരമബോറൻ ക്ലൈമാക്സുകൾ ആയിരുന്നു..എന്ത് ചെയ്യണം എന്നാലോചിച്ചു ആകെ കൺഫ്യൂഷനിൽ ഞാൻ നിൽക്കുമ്പോഴാണ് ഒരു ദിവസം വന്ന പത്രവാർത്ത എന്റെ ശ്രദ്ധയിൽപ്പെടുന്നത്.അന്ന് ഞാൻ താമസിക്കുന്ന കേരള ഹൗസിൽ സ്ഥിരമായി വരുന്ന പത്രം Times Of Indiaയാണ്.ഒരു ദിവസം അതിന്റെ ഫ്രണ്ടിൽ വന്നൊരു ബോക്‌സ് ന്യൂസ് എന്റെ ശ്രദ്ധയിൽ പെട്ടു
‘ഒരു പ്രിന്ററുടെ കൈപ്പത്തി അറ്റുപോയിരിക്കുന്നു’

അയാൾ അതിൽ പ്രിന്റ് ചെയ്ത കൊണ്ടിരുന്ന വിഷയം വ്യാവസായികരംഗത്തെ സുരക്ഷയെക്കുറിച്ചാണ്..ആ വിഷയത്തെ കുറിച്ചുള്ള ഒരു ബുക്ക്ലെറ്റ് പ്രിന്റ് ചെയ്യുമ്പോൾ അയാളുടെ കൈ,മെഷീന്റെ അകത്തേക്ക് പോവുകയും അയാളുടെ കൈ നിമിഷനേരം കൊണ്ട് ചതഞ്ഞരയുകയും അയാളുടെ രക്തം കൊണ്ട് തന്നെ ആ ബുക്കിന്റെ രണ്ട് പേജ് അടിച്ചു വരുകയും ചെയ്തു
ചുരുക്കി പറഞ്ഞാൽ അയാളുടെ രക്തം കൊണ്ട് അയാൾ മരിച്ചുവെന്ന ന്യൂസ് അടിച്ചു വന്നിരിക്കുന്നു
അത് ഞാൻ ന്യൂഡൽഹി എന്ന സിനിമയുടെ ക്ലൈമാക്സാക്കി മാറ്റി.ശരിക്കും ആ ക്ലൈമാക്സാണ് ആ സിനിമയെ അന്നും ഇന്നും നിലനിർത്തുന്ന വിജയഘടകം

മമ്മൂട്ടിയുടെ പരാജയം അതിനോടകം അതിന്റെ എല്ലാ തലത്തിലേക്കും വ്യാപിച്ചിരുന്നു..നാട്ടിൽ ഈ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ പോലും മമ്മൂട്ടി ആകെ അസ്വസ്ഥനായിരുന്നു.മുൻപ് റിലീസായ പല പടങ്ങളും പൊളിഞ്ഞത് കൊണ്ട് തന്നെ അദ്ദേഹം മാനസികമായി ആകെ തകർന്ന സമയമാണ്.
ഇതിനിടെയാണ് അടുത്ത പ്രശ്നം.ന്യൂ ഡൽഹിയിൽ തമിഴ് നടൻ ത്യാഗരാജൻ ചെയ്ത റോളിന് ആദ്യം സമീപിച്ചത് നടൻ സത്യരാജിനെയായിരുന്നു.എന്നാൽ സത്യരാജ് അവസാനനിമിഷം ചിത്രത്തിനോട് വലിയ താൽപ്പര്യം കാണിക്കാത്തതിനെ തുടർന്നാണ് ത്യാഗരാജൻ ന്യൂ ഡൽഹിയിലേക്ക് വരുന്നത്.മമ്മൂട്ടിയെ പോലെ തന്നെ ത്യാഗരാജനും അന്ന് ഹീറോ ആയി തമിഴിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയമാണ്.മമ്മൂട്ടിയെ പോലെ തുടർപരാജയങ്ങളെ തുടർന്ന് ഫീൽഡ് ഔട്ട് ആകാൻ ഒരുങ്ങി നിൽക്കുന്ന സമയത്താണ് ഈ സിനിമ അദ്ദേഹം ചെയ്യുന്നതും ഒരു തിരിച്ചുവരവ് ഈ സിനിമ കൊണ്ട് അദ്ദേഹത്തിന് സാധ്യമാകുന്നതും. പ്രശ്നങ്ങൾ എല്ലാം ഒരുവിധം തീർത്തു ഷൂട്ടിംഗ് അവസാനിച്ചു
എല്ലാ വർക്കുകളും തീർന്നു. സിനിമ പതുക്കെ റിലീസ് ആകാൻ ഒരുങ്ങുന്നു..

എനിക്കും ജോഷിക്കും നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു.എങ്കിലും ഇത് നന്നാവുമോ ഇല്ലയോ എന്ന് ആശങ്കയും ഞങ്ങളിൽ ഒരുപോലെ ഉണ്ടായിരുന്നു. ഇത് കൂടി ക്ലിക്ക് ആയില്ലെങ്കിൽ ഞങ്ങൾ മലയാളസിനിമയിൽ നിന്ന് ഔട്ട് ആകുമെന്നായിരുന്നു അന്നത്തെ അവസ്‌ഥ. സിനിമ ഞങ്ങൾ ഇടക്കിടെ കണ്ടുനോക്കും. ഞാനും ജോഷിയും ജോയിയും..ഞങ്ങൾ മൂന്ന് പേരുമല്ലാതെ ആരും ഈ സിനിമ പുറത്ത് നിന്ന് കണ്ടിട്ടില്ല. ഒരു ദിവസം ഞാൻ ജോഷിയോട് പറഞ്ഞു
“ജോഷീ..എനിക്ക് വിശ്വാസമുള്ള ഒരാളുണ്ട്..അയാളെക്കൂടി വിളിച്ച് ഈ പടമൊന്ന് കാണിച്ചാലോ”
അതാരാണെന്ന് ജോഷി ചോദിച്ചു
ഞാൻ പറഞ്ഞു..പ്രിയനാണ്(പ്രിയദർശൻ)അങ്ങനെ പ്രിയൻ വന്ന്,ഞങ്ങളുടെ സിനിമയുടെ പ്രിവ്യൂ കണ്ടു
ഞങ്ങളല്ലാതെ ന്യൂ ഡൽഹി എന്ന സിനിമ,അതിന്റെ റിലീസിന് മുൻപ് കണ്ട ഏക വ്യക്തി പ്രിയനാണ്.
സിനിമ മുഴുവൻ കണ്ടതും പ്രിയൻ ജോഷിയോട് പറഞ്ഞു..”ജോഷിയേട്ടാ..ഞാൻ ഞെട്ടിപ്പോയി..ആദ്യത്തെ മൂന്ന് റീല് കണ്ടപ്പോൾ തന്നെ ഈ പടം സൂപ്പർഹിറ്റ് ആണെന്ന് എനിക്ക് ഉറപ്പായി”പ്രിയൻ അവിടെ നിന്നിറങ്ങി ആദ്യം വിളിച്ചത് മോഹൻലാലിനെയാണ്.ലാലിനെ ഫോണിൽ വിളിച്ചു പ്രിയൻ ഇങ്ങനെ പറഞ്ഞു..

“ദാ..നമ്മുടെ മമ്മൂട്ടി തിരിച്ചു വന്നു ട്ടോ”

ഇങ്ങനെ,ഈ സിനിമ സൂപ്പർഹിറ്റ് ആകുമെന്ന് ഞങ്ങളോട് ആദ്യം പറഞ്ഞ ആൾ പ്രിയനാണ്
അതിനിടെയാണ് ന്യൂ ഡൽഹി യുടെ റിലീസ് അപ്രതീക്ഷിതമായി വൈകിയത്.അതിനൊരു കാരണമുണ്ട്.റിലീസ് ചെയ്യാൻ നിശ്ചയിച്ച ദിവസം സിനിമ റിലീസ് ആയില്ല. സിനിമക്കകത്ത് ആക്ഷൻ സീനുകൾ കൂടുതലുണ്ട്/ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഉണ്ട്..അത് കൊണ്ട് തന്നെ ഇത് സെൻസർ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് സെൻസർ ബോർഡ് സിനിമയുടെ റിലീസിന് ആകസ്മികമായി തടയിട്ടു

അങ്ങനെ സിനിമ നേരെ ഡൽഹിയിൽ റിവൈസിങ് കമ്മിറ്റിക്ക് മുൻപിൽ പോയി. നിർമാതാവ് ജോയി തോമസ് ദിവസങ്ങളോളം ഡൽഹിയിൽ പോയി താമസിച്ച് റിവൈസിങ് കമ്മിറ്റിക്ക് മുന്നിൽ ഒരു വിധത്തിൽ Argue ചെയ്തെടുത്താണ് സിനിമ സെൻസർ ചെയ്യിക്കുന്നത്. സിനിമയുടെ സെൻസർ കഴിഞ്ഞ സമയത്ത് ഞങ്ങൾ എല്ലാവരും ‘നായർ സാബ്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കാശ്‌മീരിൽ എത്തിയിരുന്നു.ഞാൻ,ജോഷി,മമ്മൂട്ടി,സുമലത..എല്ലാവരും അപ്പോൾ കാശ്മീരിലാണ്

നായർസാബ് എന്ന സിനിമയുടെ ഷൂട്ടിങ് 5 ഓ 10ഓ ദിവസം പിന്നിട്ടപ്പോഴാണ് സമയത്താണ് ന്യൂഡൽഹി റിലീസാകുന്നത്.നായർ സാബിന്റെ ഷൂട്ടിങ്ങിനായി ഞങ്ങൾ താമസിക്കുന്നത് ശ്രീനഗറിലെ ഒരു വീട് പോലത്തെ ഒരു ചെറിയ ഹോട്ടലിലാണ്. ന്യൂ ഡൽഹിയുടെ റിലീസ് ദിവസം നായർസാബിന്റെ ഷൂട്ടിന് പോകാതെ ഒരു ഫോണിന് മുൻപിൽ പടത്തിന്റെ റിസൾട്ടിനായി കുത്തിയിരിക്കുകയാണ് ഞങ്ങളെല്ലാവരും തന്നെയും. അന്ന് ശ്രീനഗറിൽ നിന്ന് STD വിളിക്കുക പോലും അത്ര എളുപ്പമല്ലായിരുന്നു
മാറ്റിനി കഴിയാൻ വേണ്ടി ഞങ്ങൾ അക്ഷമയോടെ കാത്തിരിക്കുകയാണ്
മാറ്റിനി കഴിഞ്ഞതും നിർമാതാവ് ജോയ് തോമസ് ഞങ്ങളെ വിളിച്ചു
“പടം സൂപ്പർഹിറ്റാണ്”
ജോയ് പറഞ്ഞു
“ഷോ കഴിഞ്ഞു..തിരക്ക് കാരണം ഇവിടെ ആനന്ദ് തീയേറ്ററിലെ ചില്ല് ആളുകൾ പൊട്ടിച്ചിരിക്കുന്നു…എല്ലായിടത്തും നല്ല തിരക്കുണ്ട്”
ജോയിയുടെ വാക്കുകളിൽ വലിയ ആഹ്ലാദം
ഞങ്ങൾ എല്ലാവർക്കും സന്തോഷം കൊണ്ട് ശ്വാസം മുട്ടി
അന്ന് പിന്നെ ഞങ്ങളുടെ ഒരു പരിപാടിയും നടന്നില്ല
പക്ഷേ മമ്മൂട്ടിക്ക് അപ്പോഴും പടം സൂപ്പർഹിറ്റ് ആണെന്ന് വിശ്വാസം വന്നിരുന്നില്ല
ഫസ്റ്റ് ഷോയുടെ റിപ്പോർട്ട് കൂടി കഴിഞ്ഞപ്പോഴാണ് പടം സൂപ്പർഹിറ്റ് ആണെന്ന് മമ്മൂട്ടി അറിഞ്ഞത്.. സംഗതി അറിഞ്ഞതും മമ്മൂട്ടി എന്നെയും ജോഷിയെയും ഓടി വന്ന് കെട്ടിപ്പിടിച്ചു.. കരഞ്ഞു
വിശ്വസിക്കാൻ പറ്റാത്തത്ര വലിയ വിജയത്തിലേക്ക് ആ സിനിമ അതിനോടകം കടന്നു കഴിഞ്ഞിരുന്നു