രാജ്യദ്രോഹി – ജുവൈരിയ സലാം
പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉമ്മറവാതിലില്‍ ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവള്‍ ഉണര്‍ന്നത്.
100 total views

പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉമ്മറവാതിലില്‍ ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവള്‍ ഉണര്‍ന്നത്. തന്റെ പാതിയുടെ വിരിമാറിലൊതുങ്ങിക്കിടക്കുന്ന അവള് ആ സ്നേഹവലയത്തില്‍ നിന്നും വഴുതി മാറാന്‍ മടിച്ച് മയക്കം വിട്ടു മാറാതെ ഒരു നിമിഷം കിടന്നു. സ്ഥലകാല ബോധം വീണ്ടെടുത്തപ്പോള്‍ സ്വപ്ന നിദ്രയിലായിരുന്ന ഭര്‍ത്താവിനെ വിളിച്ചു. പാതിയുറക്കത്തിന്റെ മുഷിവില്‍ പിറുപിറുക്കലോടെ പോയി കതകു തുറന്ന അയാള്‍ ഞെട്ടി. ഉമ്മറപ്പടിയിലെ കാഴ്ച കണ്ട അവളുടെ ഉറക്കച്ചടവിന്റെ ആലസ്യം എങ്ങോ പോയ്മറഞ്ഞു. ബൂട്ടിട്ട കാലുകള്‍ അകത്തേക്ക് ഇരച്ചു കയറി. അലങ്കോലമായ വീട്ടു സാമാനങ്ങള്‍ക്കിടയില്‍ നിന്നും അവര്‍ക്കു വേണ്ടതെല്ലാം ലഭിച്ചു.
ശബ്ദ കോലാഹലങ്ങള്‍ കേട്ട് ഉണര്‍ന്ന മകന് കണ്ണു് തിരുമ്മി പകച്ചു നോക്കുമ്പോള്‍ കയ്യാമം വെച്ച് കുറ്റവാളിയായ് മാതൃകാപിതാവ് തല കുനിഞ്ഞ നിലയില്‍. കഥ അറിയാതെ ആട്ടം കാണേണ്ടിവന്ന ഭാര്യയുടേ കാതിലേക്ക് ഈയം ഉരുക്കിഒഴിക്കുന്ന നീറ്റലോടെ നിയമപാലകര്‍ കനത്ത ശബ്ദത്തില്‍ പറഞ്ഞ വാക്കുകള്‍. പതിനായിരക്കണക്കിനു ആളുകളുടെ ജീവനെടുത്ത തീവ്രവാദിയാ ഇവന്. മാതാവിന്റെ സ്ഥാനത്ത് കാണേണ്ട നാടിനെ ഒറ്റി കൊടൂത്ത രാജ്യദ്രോഹി.
ചെറുപ്പത്തിലേ വൈധവ്യം പേറേണ്ടി വന്ന മാതാവ് ജീവിത സായാഹ്നത്തിലെങ്കിലും മകന് തുണയാകുമെന്ന ആശയ്ക്ക് വിലങ്ങായി വന്ന കാരണം കേട്ട് മരക്കഷ്ണത്തിനു തുല്യമായി മരവിച്ചു പോയ്. ഇരുമെയ്യും ഒരു മനസ്സുമായി ജീവിതം പങ്കുവെച്ച ഭര്‍ത്താവിന്റെ പ്രവര്‍ത്തന രഹസ്യം ദു:സ്വപ്നമോ യാഥാര്‍ത്ഥ്യമൊ എന്നറിയാതെ ഭാര്യ. തീവ്രവാദിയുടെ അര്‍ത്ഥമറിയാതെ അഞ്ചുവയസുകാരന് മകന് ഇനിയും വെളുക്കാത്ത ഇരുട്ടിനെ നോക്കി നിന്നു.
101 total views, 1 views today
