“ഇലവീഴാപ്പൂഞ്ചിറ ”
(Ilaveezhapoonchira ) എന്ന പുതിയ മലയാള സിനിമയിൽ കാണിക്കുന്ന സ്ഥലവും അവിടുത്തെ പോലീസ് വയർലെസ്സ് സ്റ്റേഷനും , മിന്നൽ എൽക്കുന്നതും യഥാർത്ഥത്തിൽ ഉള്ളതാണോ? ⭐
(കടപ്പാട് : അറിവ് തേടുന്ന പാവം പ്രവാസി)
👉സൗബിൻ ഷാഹിർ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഒരു സസ്‍പെൻസ് ത്രില്ലർ മലയാള ചിത്രമാണ് ഇലാവീഴാപൂഞ്ചിറ. ഷാഹി കബീർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഈ സിനിമയിലെ കഥ പുരോഗമിക്കുന്നത് സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയർലെസ് പൊലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ് . പൊലീസ് ഉദ്യോഗസ്ഥരായ മധുവിനെയും , സുധിയെയുമാണ് സൗബിനും , സുധി കോപ്പയും അവതരിപ്പിക്കുന്നത്.
ഇലവീഴാപൂഞ്ചിറ സ്ഥിതിചെയ്യുന്ന വിവിധ ഭാഗങ്ങളിൽനിന്നായി ഒരു പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ കിടുന്നതോടെ സിനിമക്ക് ത്രില്ലർ സ്വഭാവവും കൈവരുന്നു. നിധീഷ്, ഷാജി മാറാട് എന്നിവരാണ് സിനിമയുടെ തിരക്കഥ തയാറാക്കിരിക്കുന്നത്.
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹിൽസ്റ്റേഷനായ ഇത് മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിന്റെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു.
ഭാവങ്ങൾ മിന്നിമറയുന്ന നടനെപ്പോലെയാണ് ഇലവീഴാപൂഞ്ചിറ. വെയിൽച്ചിരിയിൽ മയങ്ങി കുന്നിൻമുകളിലേക്ക് കയറുമ്പോഴാകും നീലക്കടൽ പോലെ കോടമഞ്ഞ് ഒഴുകിപ്പരക്കും. ആകാശവും , ഭൂമിയും ഒന്നാവുന്ന അപൂർവ സുന്ദര നിമിഷം കണ്ടുമതിയാകുംമുമ്പേ കാറ്റിന്‍റെ അകമ്പടിയോടെ മഴ തകർത്തു പെയ്യാൻ തുടങ്ങും. മഴ മാറി, മഞ്ഞു നീങ്ങിയാൽ ആയിരക്കണക്കിന് അടി താഴെ ആരോ വരച്ചിട്ട ചിത്രം പോലെ മലങ്കര ഡാമിന്‍റെ റിസർവോയറും , വേമ്പനാട്ടുകായലും , നെടുമ്പാശ്ശേരിയുമടക്കം തെളിഞ്ഞുകാണാം. മഞ്ഞിൽ മുങ്ങിനിൽക്കുമ്പോൾ ഹൊറർ സിനിമയിലെ ദൃശ്യങ്ങളെ ഓർമിപ്പിക്കുംവിധം നിഗൂഢഭാവമാണ് ഇലവീഴാപ്പൂഞ്ചിറക്ക്. ഏതൊരു സഞ്ചാരിയെയും ഭ്രമിപ്പിക്കാൻ പോന്ന മായക്കാഴ്ചകളൊരുക്കി സഞ്ചാരികളെ വിളിക്കുകയാണ് ഈ സ്വപ്നഭൂമി.
വ്യൂപോയന്‍റിൽ നിന്നു നോക്കിയാൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകൾ കാണാം. മഴയും കോടയും ഇല്ലാത്ത സമയത്തേ ഈ അപൂർവ കാഴ്ച കണ്ടുകിട്ടൂ. ട്രക്കിങ്ങിനു പറ്റിയ ഇടം. പൂഞ്ചിറയിൽനിന്ന് മുകളിലേക്ക് കുറച്ചുദൂരം ജീപ്പിലും , ബൈക്കിലും പോവാം. ബാക്കി നടന്നുതന്നെ കയറണം. ചുറ്റും മഞ്ഞിൻതലപ്പുകൾ ചൂടിയ മലനിരകൾ കണ്ട് ആയാസമില്ലാതെ ഈ കയറ്റം കയറാനാവും.
വലിയ ഉരുളൻകല്ലുകളാണ് വഴിയിൽ. ഇടക്കിടെയുള്ള കരിമ്പാറകളിൽ കയറി വിശ്രമിക്കാം. താഴെനിന്നു പോകുമ്പോഴേ കാഴ്ചകൾ കണ്ട് ആസ്വദിച്ചുപോകണം. അല്ലെങ്കിൽ തിരിച്ചിറങ്ങുമ്പോൾ ഇതൊന്നും കാണാനായെന്നു വരില്ല. കൂടെയുള്ളയാളെ പോലും കാണാനാവാത്ത തരത്തിൽ കോട നിറയും ചുറ്റും. വ്യൂപോയന്‍റിലാണ് കേരള പൊലീസിന്‍റെ വയർലെസ് സ്റ്റേഷൻ. പൊലീസിന്‍റെ വയർലെസ് കമ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്.
സ്റ്റേഷനുമുകളിലേക്കുള്ള ഭാഗം പൊലീസിന്‍റെ നിയന്ത്രണത്തിലാണെങ്കിലും സഞ്ചാരികൾക്ക് വിലക്കില്ല. ഉയരം കൂടിയ പ്രദേശമായതിനാൽ മിന്നലും , മഴയും കൂടുതലാണ്. മിന്നലേറ്റുള്ള അപകടങ്ങൾ തുടർന്നതോടെയാണ് വ്യൂപോയന്‍റിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും മിന്നൽ രക്ഷാചാലകം സ്ഥാപിച്ചത്. അതിനുശേഷം വഴി ഏറക്കുറെ സുരക്ഷിതമാണെങ്കിലും മറ്റ് ഭാഗങ്ങളിൽ എപ്പോഴും അപകടം സംഭവിക്കാം. അതുകൊണ്ടുതന്നെ ഇടി മുഴങ്ങുമ്പോൾ തിരിച്ചിറങ്ങാൻ ശ്രദ്ധിക്കണം.
‘ഇലവീഴാപ്പൂഞ്ചിറ’ സിനിമയുടെ പശ്ചാത്തലമായ കൗതുകം ജനിപ്പിക്കുന്ന ഇരുമ്പുതകിടുകൊണ്ടുള്ള ട്രെയിൻ ബോഗിയെന്നുതോന്നിക്കുന്ന വയർലെസ് സ്റ്റേഷനും ഇവിടെ ഉണ്ട്. ഇത് അടഞ്ഞുകിടക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് ഫിഷറീസിന്‍റെ സിഗ്നൽ സ്റ്റേഷനായിരുന്നു ഇത്. കുറച്ചുകാലം മാത്രമേ ഇത് പ്രവർത്തിച്ചുള്ളൂ. ജനലും , വാതിലുമൊന്നുമില്ലാതെ ചട്ടക്കൂടുമാത്രമായി കിടന്നിരുന്ന സ്റ്റേഷനെ സിനിമക്കുവേണ്ടി ആർട്ട് വർക്ക് ചെയ്ത് വയർലെസ് സ്റ്റേഷനാക്കിയെടുക്കുകയായിരുന്നു. ഇതിനോടുചേർന്ന് അൽപം താഴെയാണ് പുതിയ വയർലെസ് സ്റ്റേഷൻ. സിനിമയിൽ മഴ വരുമ്പോൾ മുന്നറിയിപ്പു നൽകിയിരുന്ന കാറ്റാടിയും , ജനറേറ്റർ മുറിയുമെല്ലാം അവിടെത്തന്നെയുണ്ട്.
ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറയെന്ന പേരു വന്നതിന് കാരണമായി ഐതിഹ്യങ്ങൾ പലതുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ പാഞ്ചാലിക്ക് കുളിക്കാൻ നിർമിച്ചതാണത്രേ കുളം. കുളത്തിനുചുറ്റും, ഇലകളില്ലാതെ പൂക്കൾ മാത്രമുള്ള മരങ്ങളും സൃഷ്ടിച്ചു. അങ്ങനെ ചിറയിൽ പൂക്കൾ മാത്രം നിറഞ്ഞു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഇലവീഴാപ്പൂഞ്ചിറയെന്നു പേരുവന്നതെന്ന് ഒരു ഐതിഹ്യം. അതല്ല, പാഞ്ചാലി കുളിക്കുമ്പോൾ ദേവന്മാർ മരങ്ങൾക്കിടയിൽനിന്ന് ഒളിഞ്ഞുനോക്കിയെന്നും അതോടെ ഭീമൻ മരങ്ങൾ ഇല്ലാതാക്കിയെന്നും മറ്റൊരു ഐതിഹ്യം.
പൂഞ്ചിറയിൽ എല്ലാ വർഷവും തീപിടിത്തമുണ്ടാവും. പുല്ലുകളെല്ലാം കത്തിയമരും. അടുത്ത മഴക്ക് വീണ്ടും മുളച്ചുവരും. ഇത് എല്ലാവർഷവും ആവർത്തിക്കും. അതുകൊണ്ടാണ് ഇവിടെ മരങ്ങളുണ്ടാവാത്തതെന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. കഥ എന്തുതന്നെയായാലും ഇവിടെ ഒറ്റ മരമില്ല എന്നതാണ് യഥാർത്ഥ്യം. പൂഞ്ചിറയുടെ താഴ്ഭാഗത്താണ് ചിറ. താഴെയിറങ്ങി മേലുകാവിലേക്കുള്ള റോഡിൽ അരകിലോമീറ്റർ ചെന്ന് വലത്തേക്കു കയറിച്ചെന്നാൽ കൈവരികെട്ടി സംരക്ഷിച്ചിരിക്കുന്ന ചിറ കാണാം. കോടയാണെങ്കിൽ അടുത്തുചെന്നാലും ചിറ പൂർണമായി ദൃശ്യമാവില്ല. ചിറക്കടുത്ത് ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്.
എല്ലാക്കാലത്തും ഇവിടെ സഞ്ചാരികളുണ്ടാവും. രാവിലെ മുതൽ രാത്രി വരെ നീളും യാത്രക്കാരുടെ ഒഴുക്ക്. വാഗമണിലും , ഇല്ലിക്കൽകല്ലിലും പോയി മടങ്ങുന്നവരുടെ അവസാന സ്റ്റേഷനാണ് ഇലവീഴാപ്പൂഞ്ചിറ. മലമുകളിലിരുന്ന് രാത്രിക്കാഴ്ചകളും കണ്ടേ ഇവർ മടങ്ങൂ. അവധി ദിവസങ്ങളിലാണ് ഏറെ തിരക്ക്. എന്നാൽ, മിന്നലുണ്ടാകുന്ന സമയത്ത് വൈകീട്ട് ആരെയും നിർത്താറില്ല. താഴെ പൂഞ്ചിറ സ്വദേശിയായ മോഹനന്‍റെ കടയിൽനിന്ന് ചായയും ചെറുകടികളും കിട്ടും. കയറുമ്പോൾ പറഞ്ഞിട്ടുപോയാൽ കഞ്ഞിയും , കപ്പയും ,ചിക്കനും തയാറാക്കും. റോഡിൽ വാഹനം നിർത്തിപ്പോകുന്നവരെയെല്ലാം ”ഒരു ചായ കുടിച്ചിട്ടുപോകാം” എന്നുപറഞ്ഞു വിളിക്കും മോഹനൻ.
മേലുകാവിൽനിന്ന് ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള റോഡിന്‍റെ ഏറക്കുറെ ടാറിട്ടെങ്കിലും അരകിലോമീറ്റർ ഇടവിട്ട് റോഡ് മഴയിൽ കുത്തിയൊലിച്ചുപോയ അവസ്ഥയിലാണ്. അവിടെയെല്ലാം കുഴലിട്ട് വെള്ളം റോഡിനടിയിലൂടെ തിരിച്ചുവിടാനുള്ള പണികൾ നടക്കുന്നുണ്ട്. നിർമാണം പൂർത്തിയായാൽ ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള യാത്ര സുഗമമാകുമെന്നാണ് പ്രതീക്ഷ.
ഇലവീഴാപ്പൂഞ്ചിറ എന്ന സ്ഥലം നേരത്തേ സഞ്ചാരികൾക്ക് പരിചിതമായിരുന്നെങ്കിലും അവിടെയൊരു വയർലെസ് സ്റ്റേഷനുണ്ടെന്നും മരണം മുന്നിൽകണ്ടെന്ന പോലെ പൊലീസുകാർ ജോലി ചെയ്യുന്നുണ്ടെന്നും പുറംലോകം അറിഞ്ഞത് ‘ഇലവീഴാപ്പൂഞ്ചിറ’ എന്ന സിനിമയിലൂടെ മാത്രമാണ്. സിനിമക്ക് തിരക്കഥയെഴുതിയ നിധീഷും , ഷാജിയും ഒരുമിച്ച് കുറേക്കാലം വയർലെസ് സ്റ്റേഷനിലുണ്ടായിരുന്നു. സംവിധായകൻ ഷാഹി കബീർ ഇവർക്കു മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നു.
യഥാർഥത്തിലുള്ളതിന്‍റെ പകുതി ഭീകരത പോലും സിനിമയിൽ കാണിച്ചിട്ടില്ലെന്നാണ് തിരക്കഥയെഴുതിയവരിലൊരാളായ നിധീഷ് ജി പറയുന്നത്. മിന്നലെന്നുവെച്ചാൽ സാധാരണ കാണുന്നതൊന്നുമല്ല അവിടെ. കണ്ണു തുറക്കാൻപോലും കഴിയാത്തത്ര വെളിച്ചമാണുണ്ടാവുക. ചെവി തകർക്കുന്ന ശബ്ദവും. മണിക്കൂറുകളോളം മിന്നലുണ്ടാവുമ്പോൾ പേടിച്ചുവിറക്കും. ഷൂട്ടിനിടക്ക് വൈകീട്ട് നാലുമുതൽ അഞ്ചര വരെ തുടർച്ചയായ മിന്നലായിരുന്നു. എല്ലാം പൂട്ടിക്കെട്ടി മടങ്ങേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു. പെട്ടെന്നാണ് കാലാവസ്ഥ മാറി മറിയുക. കനത്ത മഴയും മിന്നലും കഴിഞ്ഞ് ‘ഇതൊന്നും ഞാനല്ല’ എന്ന ഭാവത്തിൽ വെയിൽ തെളിയും.
വിചാരിച്ച സമയത്ത് ഷൂട്ട് തുടങ്ങാനോ അവസാനിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. 2021 സെപ്റ്റംബറിലാണ് ഷൂട്ടിങ് തുടങ്ങിയത്. ആ സമയത്താവട്ടെ പലയിടങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും ,ഉരുൾപൊട്ടലും. സമീപത്തെ വീടുകളിലും റിസോർട്ടുകളിലുമായിട്ടാണ് ക്രൂവിനെ താമസിപ്പിച്ചിരുന്നത്. രാവിലെ ആറിന് കയറി വരും. കോടമഞ്ഞ് മാറുമ്പോൾ പത്തുമണിയാവും. ക്ലൈമറ്റ് കണ്ടിന്യൂറ്റി കിട്ടാത്തത് കാരണം അതിന്റെ തുടർച്ച എടുക്കാനായി അതേ ക്ലൈമറ്റ് വരുന്നത് വരെ കാത്തിരുന്ന സാഹചര്യങ്ങളായിരുന്നു. അങ്ങനെ 25 ദിവസം ഷെഡ്യൂൾ ചെയ്ത ഷൂട്ട് 42 ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്. കഥാപാത്രങ്ങളുടെ മൂഡുമായി ചേർന്നുപോകുന്ന രീതിയിലാണ് പ്രകൃതിയെ കാണിച്ചത്.
വിനോദസഞ്ചാരത്തിന്റെ കാഴ്ചപ്പാടിൽ മനോഹരവും എന്നാൽ ജീവിക്കാൻ ആരംഭിച്ചാൽ ദുർഘടവുമായ ഈ മലയോര പ്രദേശത്തെ അതിന്റെ മനോഹാരിതയും, ഭയാനകതയും മാറി മാറി തെളിയുന്ന ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാക്കിയ ഫ്രയിമുകൾ ഈ സിനിമയുടെ ഹൈലൈറ്റാണ്. സഞ്ചാരിയുടെ കണ്ണുകളേക്കാൾ, അവിടെ ജീവിതം നയിക്കുന്ന മനുഷ്യരുടെ കാഴ്ചയിലൂടെ ഇലവീഴാപൂഞ്ചിറയുടെ ഛായാഗ്രാഹകൻ മനേഷ് മാധവന്റെ കണ്ണുകൾ ചലിക്കുന്നു.
ഭീകരതയും , സൗന്ദര്യവുമെല്ലാം അതേപടി പകർത്താൻ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ, ഏറ്റവും കുറച്ച് വിഭവങ്ങൾ മാത്രമുപയോഗിച്ച്, മരണം മുന്നിൽ കണ്ടാണ് പൊലീസുകാർ അവിടെ ജോലി ചെയ്യുന്നത്. നാലഞ്ചു ദിവസത്തേക്കുള്ള വസ്ത്രവും , ഭക്ഷണസാധനങ്ങളും കരുതിയാണ് മുകളിലേക്ക് കയറുക. വെള്ളം ജീപ്പിൽ എത്തിക്കും. ഭക്ഷണമുണ്ടാക്കും, പുസ്തകങ്ങൾ വായിക്കും. ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ ആ നേരമ്പോക്കുമില്ല. സിനിമയിലെപ്പോലെ ഉറക്കത്തിൽപോലും പൂഞ്ചിറ എന്നുകേട്ടാൽ ജാഗരൂകരാവും.
ഇലവീഴാപൂഞ്ചിറയെക്കുറിച്ച് എത്ര വര്‍ണിച്ചാലും തീരില്ല അത്രയ്ക്ക് സുന്ദരിയാണ് കോട്ടയത്തെ ഈ മലയോര പ്രദേശം എന്നാണ് സോഷ്യൽ മീഡിയ നൽകുന്ന സൂചന . സഞ്ചാരികളുടെ പ്രിയയിടമായ വാഗമൺ മനോഹരമെങ്കിൽ അതിമനോഹരിയാണ് ഇലവീഴാപൂഞ്ചിറ. ധാരാളം ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്ന ഇല്ലിക്കല്‍ കല്ല് കൊടുമുടിയും ഇതിനടുത്താണ്.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. ഇവിടെ നിന്നും ജീപ്പുകളുണ്ട്. ഏകദേശം അറുന്നൂറ് രൂപ വരും ചാര്‍ജ്. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തി ച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. ജീപ്പില്‍ ആയാലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമെ ഈ യാത്ര സുന്ദരമായി തോന്നുകയുള്ളു. കാരണം അത്രയും ചെങ്കുത്തായതും , ദുര്‍ഘടവുമായ റോഡുകള്‍ ആണ് ഇവിടെ.
ഉദയാസ്തമനങ്ങള്‍ കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. മലമുകളിലെ കാഴ്ചകളുടെ മനോഹാരിതയില്‍ മയങ്ങി നിൽക്കുമ്പോൾ പലപ്പോഴും അപ്രതീക്ഷിതമായാകും മിന്നലിന്‍റെ വരവ്. ഇതുമൂലമുള്ള അപകടം ഒഴിവാക്കാന്‍ ഇപ്പോൾ അധിക നേരം ഇവിടെ ചിലവിടുന്നതിൽ നിയന്ത്രണമുണ്ട്.
ഇലവീഴാപൂഞ്ചിറയില്‍ നിന്നും നോക്കിയാല്‍ അൽപം ദൂരെയായി ഇല്ലിക്കൽ കല്ല് കാണാം. ഇവിടേക്ക് നടന്നു പോകാൻ ഒരൊറ്റയടി പാതയുണ്ട്. നരകപ്പാലമെന്നാണ് ഇതിന്‍റെ പേര്. ഇതിലൂടെ നടക്കുമ്പോള്‍ കാൽ തെറ്റി താഴേക്ക് പതിച്ച് അപകടം പതിവായതോടെ അങ്ങോട്ടേക്കുള്ള പ്രവേശനം ഇപ്പോൾ പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയിലെ എല്ലാ വയർലെസ് കമ്മ്യൂണിക്കേഷൻ്റെയും ഉറവിടവും നിയന്ത്രണവും ഇവിടെ നിന്നാണ്.ഇവിടെ ഒരു പ്രശ്നമുണ്ടായാൽ ജില്ലയിലെ ആകെ വയർലെസ് സംവിധാനം തകരാറിലാവും. സിനിമയിലെ പോലെ ‘ഇലവീഴാപൂഞ്ചിറ’ യിൽ വയർലെസ് സ്റ്റേഷൻ്റെ ഡ്യൂട്ടിക്കായി പോലീസ് ടെലി കമ്യൂണിക്കേഷനിലെ പോലീസുകാരനും കൂട്ടത്തിൽ ഗാർഡുമുണ്ടാവും. ഇത്തരത്തിൽ എല്ലാ ജില്ലകളിലും അവിടുത്തെ ഒരു ഉയർന്ന പോയന്റിൽ ഇങ്ങനെ പോലീസുകാർ ജോലി ചെയ്യുന്നുണ്ട്. അവർ ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടാണ് അവിടെ കഴിയുന്നത്. ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു ഏരിയയാണത്.
നിധീഷ്, ഷാജി മാറാട്, ഷാഹി കബീർ എന്നിവർ ഒരുമിച്ച് ‘ഇലവീഴാപൂഞ്ചിറ’ യിൽ ജോലി ചെയ്തിരുന്നവരാണ്.ഇലവീഴാപൂഞ്ചിറയിൽ ഡ്യൂട്ടി ചെയ്യുന്ന സമയത്ത് നിധീഷ് ഇലവീഴാപൂഞ്ചിറയെ കുറിച്ച് ഒരു ചെറുകഥ എഴുതിയിരുന്നു.പിന്നീട് അതിൽ സിനിമക്കുള്ള ത്രഡ് ഉണ്ടെന്ന ആശയം മനസ്സിലേക്ക് വന്നപ്പോൾ തിരക്കഥക്കായി നിധീഷ്, ഷാജി മാറാടുമായി ഒരുമിച്ചു. അങ്ങനെയാണ് ‘ഇലവീഴാപൂഞ്ചിറ’ യുടെ തിരക്കഥ എഴുതി തുടങ്ങുന്നത്.
ചിത്രത്തിലെ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തവരിൽ 8 പേരോളം കോട്ടയം ജില്ലയിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ്. തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു വനിതാ പോലീസുമുണ്ട്. പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് യഥാർത്ഥ പോലീസുകാരാവുമ്പോൾ കഥാപാത്രത്തിന് കൂടുതൽ ഉചിതമായിരിക്കും. പോലീസിന് പൊതുവായിട്ടുള്ളൊരു ബോഡി ലാംഗ്വേജുണ്ട്. അവരുടെ മൂവ്മെന്റ്സ്, നോട്ടം ഇതെല്ലാം സ്വാഭാവികമായി കിട്ടും. അതുകൊണ്ട് തന്നെയാണ് പോലീസുകാരെ വെച്ച് തന്നെ ചെയ്തത്.
ചിത്രവും ചിത്രത്തില ‘ഇലവീഴാപൂഞ്ചിറ’ എന്ന സ്ഥലവും പ്രേക്ഷകർക്ക് വ്യത്യസ്ഥമായ അനുഭവം സമ്മാനിക്കുന്നുണ്ട്. മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്തൊരു പശ്ചാത്തലം. ഈയൊരിടവും അവിടുത്തെ പ്രത്യേകതകളും അവർക്ക് പുതിയ കാഴ്ചയായിരിക്കും.
പൊടുന്നനെ ആണ് പുഞ്ചിറയുടെ ഭാവം മാറുന്നത്. നോക്കി നിൽക്കെ മഞ്ഞിനെ വകഞ്ഞ് മാറ്റി മഴയെത്തും. ആദ്യ ഇടി മിന്നലിൽ തന്നെ ഭയം നിറയും. ആ ഭയം അടങ്ങും മുൻപേ മഴ തോരും. ഒന്നും സംഭവിക്കാത്ത പോലെ പൂഞ്ചിറ നിശ്ചലമാകും. അങ്ങനെ മിന്നലേറ്റ് ഒരു കൗമാരക്കാരൻ മരിക്കുന്നത് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. ആ ഇടിയുടെ ശബ്ദം പ്രേക്ഷകന്റെ നെഞ്ചിൽ മുഴങ്ങത്തക്ക രീതിയിലാണ് ഷാഫി കബീർ ചിത്രീകരിച്ചിരിക്കുന്നത്.
പൊലീസുകാരുടെ ജീവിതം എന്നും അതിഭാവുക്വത്തോടെയാണ് മലയാള സിനിമ വിലയിരുത്തിയിട്ടുള്ളത്. പക്ഷേ ഷാഫി കബീർ പൊലീസിൽ ആയിരുന്നതുകൊണ്ടാവാം, അദ്ദേഹത്തിന്റെ ചിത്രങ്ങളിലൊക്കെ പൊലീസുകാരുടെ ജീവിതത്തിന്റെ സത്യസന്ധമായൊരു ആവിഷ്‌കരണം കാണാൻ കഴിയുന്നുണ്ട്.
❌ശ്രദ്ധിക്കുക ❌
⚡മഴക്കാലത്താണ് യാത്രയെങ്കിൽ മഴക്കോട്ടോ , കുടയോ കരുതുക. കാറ്റിനനുസരിച്ച് ചരിഞ്ഞുപെയ്യുന്ന മഴയിൽ കുട പിടിച്ചുനിൽക്കില്ല. ഓടിക്കയറി നിൽക്കാൻ ഇടമില്ലാത്തതിനാൽ മലമുകളിലെ മഴ മുഴുവൻ കൊള്ളേണ്ടിവരും.
തുലാവർഷത്തിലും മിന്നലുള്ളപ്പോഴും യാത്ര ഒഴിവാക്കുക.ബി.എസ്.എൻ.എല്ലിനും ജിയോക്കും മാത്രമേ ചിലയിടങ്ങളിലെങ്കിലും റേഞ്ച് കിട്ടൂ.