അങ്ങനെ മലയാളത്തിലെ ഒരു തിരക്കഥാകൃത്തിനു ബോധം ഉദിച്ചു

120

Devadath M

• വന്ന് വന്ന് പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് പറയുന്നവരെ കൊണ്ടാണ് ഏറ്റവും വലിയ ശല്യം. സിനിമയിലൊക്കെ ഇതിന്റെ ആവശ്യമെന്താണ്??
• ഇവന്മാരുടെയൊക്കെ മനസ്സിലാണ് ശരിക്കുമുള്ള ജാതി ചിന്ത. ഇവരാണ് ‘ഒരു പ്രശ്നവും ഇല്ലാത്ത ഇവിടെ’ എല്ലാവരെയും ജാതി പറഞ്ഞ് തമ്മിൽ തെറ്റിക്കുന്നത്.
• പൊളിറ്റിക്കൽ കറക്റ്റ്നെസ് ഒക്കെ പ്രകൃതി പടങ്ങളിൽ പറയാൻ കൊള്ളാം. നല്ലൊരു എന്റെർറ്റൈനെർ എടുക്കാൻ അതൊക്കെ മറന്നേ പറ്റൂ.
• പ്രകൃതി പടങ്ങളെയും കൊച്ചി ഗാംങിനെയും സംരക്ഷിച്ചു മലയാളത്തിലെ മുൻ നിര നടന്മാരെ തകർക്കാൻ കൊറേയെണ്ണം കൂടി സൃഷ്ടിച്ച ഒന്നാണ് പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്. ബോധം ഉള്ളവർക്കൊന്നും അങ്ങനെ അത് ജീവിതത്തിൽ കൊണ്ടുവരാൻ പറ്റില്ല.
• ഈ ഫെമിനിച്ചികളാണ് ശരിക്കുമുള്ള പ്രശ്നം. ഇവർ കാണിക്കുന്ന പ്രഹസനങ്ങൾ കൊണ്ടാണ് ഇവിടെ സ്ത്രീകൾക്ക് ഉള്ള സ്വാതന്ത്ര്യം കൂടി ലഭിക്കാത്തത്.
• പിന്നേ.. ഫെമിനിച്ചികളും അവരുടെ പാവാട താങ്ങികളും കൂടി ഇങ്ങനെ ചിലച്ചാൽ ഇവിടെ ഇപ്പൊ മല മറിയും.
• അയാളുടെ ശരീരത്തെ കളിയാക്കുന്നതിൽ അയാൾക്ക് ഇല്ലാത്ത പ്രശ്നമാണ് ഇവിടെ പലർക്കും. ഇതൊക്കെ വെറും തമാശ അല്ലേ??
• സ്ത്രീ വിരുദ്ധത ഒക്കെ ഒഴിവാക്കണം. പക്ഷെ…


പ്രിയ നിഷ്കളങ്കരേ / അങ്ങനെ അഭിനയിക്കുന്നവരെ, നിങ്ങളെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നവരേ,
എടുത്തു പറയേണ്ട കാര്യമില്ല, ഇത് കാണുന്നത് ഉദയകൃഷ്ണ. മലയാളത്തിലെ മുൻ നിര കോമെർഷ്യൽ റൈറ്റർ. മലയാളത്തിലെ വാണിജ്യ സിനിമകളിൽ തന്നെ ഏറ്റവും കൂടുതൽ/വലിയ ഹിറ്റുകൾ സൃഷ്ടിച്ച എഴുത്തുകാരന്മാരിൽ ഒരാൾ.

അതായത് നിങ്ങൾ പറഞ്ഞ ഒരു കൺട്രോളും ഉണ്ടാവാൻ സാധിക്കില്ല എന്ന് പറഞ്ഞ കോമേഴ്‌ഷ്യൽ സിനിമകളെ പറ്റി തന്നെയാണ് അദ്ദേഹം സംസാരിക്കുന്നത്. അതും വരാനിരിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ താരത്തെ വച്ചുള്ള തന്റെ പക്കാ എന്റെർറ്റൈനെർ സിനിമയ്ക്ക് മുൻപായി.

അതായത്, ഇതൊന്നുമില്ലാതെ സിനിമകൾ സൃഷ്ടിക്കുവാനുള്ള ഒരു ശ്രമം എങ്കിലും അദ്ദേഹം നടത്തുകയാണ്. സിനിമയിൽ ഇതൊക്കെ ഉണ്ടായിട്ട് എന്താ കാര്യം, സിനിമയൊക്കെ ആരെയെങ്കിലും സ്വാധീനിക്കുമോ എന്ന പഴയ ചോദ്യം വച്ച് നിങ്ങൾക്ക് വീണ്ടും നിഷ്കളങ്കത ചമയാം.

അദ്ദേഹത്തിന്റെ ഈ സ്റ്റെമെന്റിനും തുടക്കമിട്ടിരിക്കുക തന്റെ മുൻ സിനിമകളിൽ ഇത്തരം റിഗ്രസീവ് ആയ കാഴ്ചപ്പാടുകൾ ധാരാളം ഉണ്ടായിരുന്നു എന്ന ബോധം ആണ്. പക്ഷെ അതിനെ ഞ്യായീകരിച്ച് എതിർ പക്ഷത്തെ ഇകഴ്ത്താൻ അല്ല അദ്ദേഹം ശ്രമിച്ചത്, സ്വയം മാറാൻ ആണ്.

നിങ്ങൾ പുച്ഛിച്ചോളൂ.. കളിയാക്കിക്കോളൂ.. കേശവൻ മാമന്മാരേക്കാൾ റിഗ്രസീവ് ആയിക്കോളൂ.. അതെല്ലാം തെറി വിളിച്ചും ബുള്ളിയിങ് നടത്തിയുമെല്ലാം കരഞ്ഞു തീർത്തോളൂ.. പക്ഷെ നിങ്ങൾ നേരത്തെ പറഞ്ഞ കൂട്ടങ്ങൾ നിരന്തരം കലഹിച്ചു കൊണ്ടേയിരിക്കും, മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും..!!