എന്റെ ലോഹിതദാസ്

49

Devaraj Devan

എന്റെ ലോഹിതദാസ് ❤️

ജീവിതത്തിൽ രണ്ടുമൂന്നുപേരെ മാത്രമേ നേരിട്ട് കാണണം എന്ന് തോന്നിയിട്ടുള്ളൂ അതിലൊരു പേര്  ഒൻ വി സാറിന്റെ ആയിരുന്നു .പിന്നൊന്ന് ലോഹിതദാസ്
വര്ഷങ്ങള്ക്ക് മുൻപ് ഡിജിറ്റലിന്റെ തുടക്കകാലത്ത് ഒറ്റപ്പാലത്തെ ഒരു സ്റ്റുഡിയോയിൽ അപ്പ്രെന്റിസ് പണിക്ക് കയറുമ്പോ അന്ന് അവിടത്തെ കമ്പൂട്ടറിൽ ലോഹിതദാസിന്റെ ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ കിടപ്പുണ്ടാർന്നു
ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യത്തിന് പുള്ളി വന്നെടുത്തതായിരുന്നു അത്
എനിക്കിന്നും നല്ല ഓർമ്മയുണ്ട് അലസമായ നീലകളർ ഷർട്ടും , തോളോളം നീണ്ട മുടിയും, സിഗരറ്റ് വലിച്ച് കറുത്തുപോയ ചുണ്ടിൽ ഗൗരവം വിടാതെയുള്ള തെളിഞ്ഞ ചിരിയും
ലോഹിതദാസ് എന്ന കുറിയ പേരിനോട് കട്ട ആരാധന ഉള്ളിൽ കൊണ്ടുനടക്കുന്ന കാലം
കിരീടവും , തനിയാവർത്തനവും , ഭൂതക്കണ്ണാടിയുമൊക്കെ ഉള്ളിന്റെ ഉള്ളിലെ വല്ലാത്ത ജാതി നീറ്റലായിരുന്ന കാലം
സവർണ നായകരിൽനിന്നും …ആശാരിയിലെക്കും മൂശാരിയിലേക്കും അരയനിലേക്കും കൊല്ലനിലേക്കും നായകസങ്കല്പം വഴിതെറ്റി നടന്ന കാലം
സൂപ്പർ മെഗാതാരങ്ങൾ ലോഹിതദാസ് എന്ന പേര് മായ്ചുകളയുന്നതോടെ ഒന്നുമല്ലാതാകുന്നല്ലോ എന്നൊക്കെ ആലോചിച്ച് സ്വയം തിരിച്ചറിഞ്ഞ് അത്ഭുതം കൂറിയ കാലം
ലോഹിതദാസ് എന്നത് എന്റെ ഉള്ളിലെ പേരുകളിൽ ഏറ്റവും വലിയ ഒരു പേരായിരുന്ന കാലം
അപ്പോഴാണ് “ ലോഹിതദാസ്ഒക്കെ വന്നു ഫോട്ടോയെടുത്ത സ്റ്റുഡിയോ” യിൽ ഞാൻ ജോലിക്ക് കയറുന്നത്
സുഹൃത്തുക്കളോടൊക്കെ ആദ്യം പങ്കുവച്ചതും ഈ സന്തോഷം തന്നെയായിരുന്നു,
30 രൂപ ദിവസക്കൂലിയിലും എനിക്ക് വലിയ സന്തോഷം തരാൻ ലോഹിതദാസ് എന്ന പേരിന് കഴിഞ്ഞിരുന്നു
ആ ഫോട്ടോക്ക് കഴിഞ്ഞിരുന്നു
ഞാനാ ഫോട്ടോ പലതവണ ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്
ദിവസത്തിൽ ഒരിക്കലെങ്കിലും നോക്കാതിരുന്നിട്ടില്ല
പലപ്പോഴും വന്നുകേറിയ ഉടനെ കമ്പൂട്ടറിൽ ചുമ്മാ ആപടം ഓപ്പൺ ചെയ്തിടുമായിരുന്നു
അപ്പോഴൊക്കെ കൂടെയുള്ളവർ “ആ ദേവൻ വന്നു അവന്റെ ദൈവത്തെ തൊഴാൻതുടങ്ങി” എന്ന് കളിയാക്കി പറഞ്ഞിരുന്നു
ഇതൊക്കെ ഇന്ന് നിങ്ങൾക്ക് ഒരുപക്ഷെ തമാശയോ തള്ളോആയിത്തോന്നിയേക്കാവുന്ന ഒരു പഴയകാല സത്യം മാത്രം
ഒരിക്കലെങ്കിലും ഫോട്ടോയുടെ എസ്‌ട്രകോപ്പിക്ക് വേണ്ടി പുള്ളി വരുമായിരിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു പക്ഷെ അതുണ്ടായില്ല
ആയിടക്ക് ഒറ്റപ്പാലത് ആർ എസ് റോഡിൽവച്ച് ഭാര്യയോടൊപ്പം ഗ്യാസ് സിലിണ്ടർ എടുത്ത് ഓട്ടോയിൽ കയറ്റുന്ന ലോഹിതദാസിനെ ഒരു വിദൂര നോട്ടം കണ്ടു
മുഖമൊന്നും കണ്ടില്ല
ദാണ്ടെ ലോഹിതദാസ് എന്ന് പറഞ്ഞുകേട്ട് നോക്കുബോഴേക്കും
ആ കുറിയശരീരത്തിന്റെ പിൻഭാഗം ഓട്ടോയിൽ കയറിപ്പോയി
അക്കാലത്ത് വായനശാലയില്നിന്നും കിട്ടുന്ന വാരികകളിൽനിന്നൊക്കെ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കൾ വായിക്കുമായിരുന്നു
അതിലൊക്കെ അദ്ദേഹം പറയുന്നതെല്ലാം എനിക്കറിയാവുന്ന നാടുകളെക്കുറിച്ചാണ്
ഒറ്റപ്പാലം, പത്തിരിപ്പാല , പാലപ്പുറം,മങ്കര , ഷൊർണുർ , വാണിയംകുളം
ഇവിടെയൊക്കെ എനിക്കും എറിയാവുന്ന ഇടങ്ങളാണ്
ഞാനും ജീവിച്ചിട്ടുള്ള അന്തരീക്ഷങ്ങളാണ്
ആയതിനാൽ പുള്ളി എനിക്ക് വളരെ അടുത്തുള്ള ഒരാളായി അപ്പോളൊക്കെ അനുഭവപ്പെട്ടിരുന്നു
ലോഹിതദാസ് സ്ഥിരമായി വരാറുള്ള ചായക്കടകൾ
അദ്ദേഹം നടക്കാനിറങ്ങുന്ന നാട്ടുവഴികൾ
സൗഹൃദം സൂക്ഷിച്ചിരുന്ന നാട്ടുകാർ
അവരെക്കുറിച്ചൊക്കെ വായിക്കുമ്പോ
ഹോ അവരുടെ ഒക്കെ ഒരു ഭാഗ്യ എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്
എന്നെങ്കിലും പുള്ളിയെ എന്ന് കാണണം എന്ന ആഗ്രഹം അല്ലാതെ അതിനുള്ള യാതൊരു വഴികളെക്കുറിച്ചൊന്നും നമുക്കറിവില്ലായിരുന്നു
ആയിടക്ക് പുള്ളി മരിച്ചു
മരണത്തിൽ തീവ്രമായി വേദനിക്കുന്നത് രണ്ടുതവണയാണ്
ഒന്ന് രവീന്ദ്രൻസാർ മരിച്ചപ്പോ
പിന്നെ ലോഹിതദാസ്
രണ്ടുമരണങ്ങളും തനിക്ക് അടുത്തറിയാവുന്നവരാരോ ഇല്ലാതായതുപോലെ ആഴത്തിൽ എന്നെ വേദനിപ്പിച്ചു
കാഴ്ച്ചവട്ടത്തിൽനിന്നും അങ്ങനെ ഒരു നട്ടുവഴികൂടെ മറഞ്ഞുപോയി
പിന്നീട് ഒരിക്കൽ ഷൊർണുർ ഗസ്റ്ഹൗസിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു രാത്രി കഴിയുകയുണ്ടായി
അന്നാണ് ലോഹിതദാസിന്റെ അവിടെ സ്ഥിരം എഴുത്തുമുറിയും , ചാരുകസേരയും കാണുന്നത്
അന്നൊരു ആരാധനയോടെ ആ ചാരുകസേരയിൽ ഒന്ന് തൊട്ടു
പിന്നീട് പത്തിരിപ്പാല ഭാഗത്ത് ഒരു സ്റ്റുഡിയോയിൽ ഡിസൈനർ ആയി ജോലിചെയ്യുന്ന സമയം
അന്നുപതിവായി പോകുന്ന ചായക്കടയിൽ മുൻപ് ലോഹിതദാസ് സ്ഥിരം വരാറുണ്ടായിരുന്നത്രെ
അവിടത്തുകാരുടെ വാക്കുകൾ കടമെടുത്താൽ
“ഇവിടത്തെ എല്ലാ കാര്യങ്ങൾക്കും പുള്ളി ഉണ്ടാവും, ചായക്കടയിലും, ബാർബർഷാപ്പിലും , മരണവീട്ടിലും ണ്ടാവും , വർത്തമാനം പറഞ്ഞിരിക്കും …..പക്ഷെ സിനിമാക്കാരുടെ കാര്യം മാത്രം ചോദിച്ചൂടാ , ദേഷ്യം വന്നപോലെ ഇറങ്ങിപ്പോവും
അല്ലാ അതറിയാവുന്നൊണ്ട് ഇവിടെ ആരും ആ കൂട്ടം കൂടാറൂല്ലാ”
അതെനിക്ക് അത്ഭുതമായിരുന്നു , കാരണം ഒരേസമയം സിനിമയിൽ കത്തിനിൽക്കുന്ന ഒരു മനുഷ്യൻ അതിനെക്കുറിച്ച് തന്റെ സൗഹൃദങ്ങളിൽ മിണ്ടാൻ ഇഷ്ടപെടാതിരിക്കുക
സിനിമയുടെ എന്തെങ്കിലുമൊരു പൊടി എവിടെലുമുണ്ടെൽ അതെടുത്ത് നെറ്റിക്കോട്ടിച്ച് നടക്കാൻ താൽപര്യപ്പെടുന്ന , അതിനെക്കുറിച്ച് നാലാൾ കേൾക്കെ മൈക്ക് കെട്ടി വിളമ്പുന്ന കപട സെലിബ്രിറ്റികളുടെ ( ഇന്നത് ഇച്ചിരി കൂടുതലുണ്ട് ) കഥയെ എനിക്കതുവരെ അറിയാമായിരുന്നുള്ളൂ
ഇങ്ങനെയും ചിലരുണ്ടായിരിക്കുമല്ലേ
എന്തായാലും ആ ചായക്കടയിൽനിന്നും ഇറങ്ങിപ്പോകുന്ന ആ കുറിയ മനുഷ്യന്റെ പുറകെയാണ് ഞാനിപ്പോഴും
നട്ടുവഴികളുടെ കാമുകന് പുറകെ
പുതിയ പേരുകൾ അയാൾക്കൊക്കെ എത്രയോ എത്രയോ എത്രയോ പുറകിൽ മാത്രം