ആദ്യഭാഗത്തിന്റെ ഗുണങ്ങളെ തച്ചുടയ്ക്കുന്ന രണ്ടാംഭാഗം, മനസിലാകുന്നില്ല മിഷ്ടർ

    0
    480

    Aswin Ravi

    ദേവാസുരം സിനിമയെ പറ്റി പല പ്രശ്നങ്ങളും പറയാറുണ്ടെങ്കിലും ആകെത്തുകയിൽ അത് സംസാരിക്കുന്നത് നീലകണ്ഠന്റെ ഉള്ളിലെ ഫ്യൂഡൽ ബോധത്തിന്റെ തകർച്ചയെ കുറിച്ചാണ്. മറ്റൊരു പ്രത്യേകതയും എടുത്തുപറയാനില്ലാത്ത നായകനായ നീലകണ്ഠൻ തന്റെ തറവാട്ടുമഹിമയിലും സവർണ്ണബോധത്തിലുമാണ് അഭിരമിക്കുന്നത്. അങ്ങനെയുള്ള പുള്ളിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ് അത് തന്റെ അച്ഛനല്ല എന്നുള്ള തിരിച്ചറിവ്. അതോടെ തകർന്നു വീണുപോവുന്നുണ്ടെങ്കിലും ഉള്ളിലെ സവർണ്ണബോധത്തിന്റെ അഴുക്കുകൾ ഒക്കെ കഴുകിക്കളഞ്ഞ് ഒരു പുതിയ മനുഷ്യനായാണ് അയാൾ ആ വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വരുന്നത്. സവർണ്ണബോധത്തിന്റെ പൊള്ളത്തരത്തെ കുറിച്ചാണ് മൊത്തത്തിൽ നോക്കുമ്പോ സിനിമ സംസാരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്(എഴുത്തച്ഛൻ പറയുന്ന ‘യോഗ്യനായ അച്ഛൻ’ ഡയലോഗ് ഒക്കെ പ്രേക്ഷകന്റെ ego satisfaction നെ കരുതി എഴുതിയതാണെന്നാണ് ഞാൻ കരുതുന്നത്).

    രഞ്ജിത് പിന്നെയും മുന്നോട്ട് പോയി, ആറാം തമ്പുരാൻ എഴുതി, നരസിംഹം എഴുതി, അവസാനം ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നു. അതിന് അയാൾ തെരഞ്ഞെടുത്ത വിഷയം ദേവാസുരത്തിന്റെ തുടർച്ചയാണ്. പക്ഷെ അയാൾ ആ സിനിമയിൽ ചെയ്തത് നീലകണ്ഠനും ഭാനുമതിക്കും ഒരു മകനെ നായകനാക്കി എഴുതിയുണ്ടാക്കി ആ മകന് അച്ഛന് പണ്ട് ഉണ്ടായിരുന്ന അതേ character traits അതിന്റെ പതിന്മടങ്ങ് ആക്കി കൊടുക്കുകയാണ്. അച്ഛന്റെ ചെയ്തികളെ ആരാധിക്കുന്ന അത് ഫോളോ ചെയ്യാൻ ശ്രമിക്കുന്ന മകൻ. എന്നിട്ട് ആ സിനിമയുടെ പ്ലോട്ട് എന്താണ്, നഷ്ടപ്പെട്ട തറവാട് തിരിച്ചു പിടിക്കൽ. പണ്ട് എഴുതി തകർക്കാൻ ശ്രമിച്ചത് എന്തൊക്കെയാണോ, അതൊക്കെ അതിലും ശക്തമായി തന്റെ ആദ്യ സിനിമയിലൂടെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നു. പണ്ട് ഒരു ഇന്റർവ്യൂവിൽ രഞ്ജിത് പറഞ്ഞത് കേട്ടിട്ടുണ്ട്, തനിക്ക് മീശപിരി പടങ്ങൾ ചെയ്യുന്നതിനേക്കാൾ ഇഷ്ടം കാമ്പുള്ള സിനിമകൾ ചെയ്യാനാണെന്ന്(wordings ഉറപ്പില്ല, കൈയൊപ്പ്, പാലേരി മാണിക്യം ഒക്കെ ടൈമിൽ ആണ്). എന്നിട്ട് തിരക്കുള്ള എഴുത്തുകാരനായി സിനിമയിൽ നിൽക്കുന്ന സമയത്ത് ഈ തരത്തിലുള്ള സിനിമ എടുക്കണം എന്ന യാതൊരു പ്രഷറും ഇല്ലാത്ത സമയത്ത് ആദ്യ സിനിമയാക്കാൻ പണ്ട് മികച്ച രീതിയിൽ എഴുതി വച്ചിട്ടുള്ള ഒരു സിനിമയുടെ രണ്ടാം ഭാഗം എടുത്തിട്ട് അന്ന് ആ സിനിമയിൽ എന്തൊക്കെ merits ഉണ്ടായിരുന്നോ, അതൊക്കെ തകർത്തുകളയുന്ന രീതിയിൽ എഴുതി സംവിധാനം ചെയ്യുന്നു. എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല മിഷ്ടർ..