പെണ്ണായാൽ കറിയിലെ കഷ്ണങ്ങൾ തപ്പിയെടുത്തു കഴിക്കരുത്, ചാറു മുക്കി നകിയാൽ മതി

Đevika Binđhu Śuresh

പെണ്ണായാൽ അറപ്പ് പാടില്ല… നാളെ കുട്ടികളുടെ മലവും മൂത്രവും എടുക്കേണ്ടതും പ്രായം ആയവരെ നോക്കേണ്ടതും അടിച്ചു വരേണ്ടതും കക്കൂസ് കഴുകേണ്ടതും ഒക്കെ ആണ്. പെണ്ണായാൽ ഒന്നും ഇഷ്ടം ഇല്ല എന്ന് പറയരുത്… എല്ലാം ഇഷ്ടപ്പെടണം. പെണ്ണായാൽ കറിയിലെ കഷ്ണങ്ങൾ തപ്പിയെടുത്തു കഴിക്കരുത്.. (ചാറു മുക്കി നകിയാൽ മതി). പെണ്ണായാൽ ഒരുങ്ങി നടക്കണം.. ഐശ്വര്യം വേണം. അതില്ലാതെ സ്വന്തം മുഖം മേക്കപ്പ് ഇല്ലാതെ ഇട്ടാൽ ട്രാൻസ്‍ജൻഡർ ആയി, ബംഗാളി സ്ത്രീകൾ ആയി ഭിക്ഷകാരി ആയി. സ്ത്രീകൾ അധികം ഒരുങ്ങി നടന്നാൽ ചരക്കായി, പിന്നെ അസഭ്യത്തിന്റെ പെരുമഴയായി..

അല്ല ഈ പെണ്ണെന്നു പറയുന്നത് മനുഷ്യർ തന്നെയല്ലേ? ട്രാൻസ്‍ജിൻഡർ, ബംഗാളി സ്ത്രീകൾ, ഭിക്ഷക്കാരി ഒക്കെ എപ്പോഴാണ് കൊള്ളരുതായ്മയുടെ പര്യായം ആയി മാറിയത്? ഇതൊക്കെ ആർക്കും ഇപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥകൾ അല്ലെ? പെണ്ണിന് മാത്രം ഉള്ള ഈ “അരുതുകൾ” എപ്പോഴാണ് “വേണം” എന്ന് ആവുന്നത്? അനിസ് കിച്ചൻ പോലെ ഉള്ള പരിപാടികൾ ശരിക്കും പഴയ നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ആൾകാർ പ്രൊഡ്യൂസ്‌ ചെയുന്ന പരിപാടി ആയിട്ടാണ് തോന്നുന്നത്.. പല സ്ത്രീകളും ഇപ്പോഴും ഭർത്താവിന്റെയും കുടുംബത്തിനും ഇഷ്ട്ടം നോക്കി തങ്ങളുടെ ഇഷ്ടങ്ങൾ വേണ്ടാന്ന് വച്ച് ജീവിക്കുന്നവർ ആണ്. അതുകൊണ്ട് തന്നെ അറിഞ്ഞും അറിയാതെയും പലരീതിയിൽ അവർ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. അങ്ങനെ ഉള്ള ചൂഷണം ചെയ്യലുകളെ കഷ്ടപ്പെട്ട് മറികടന്നു അല്ലങ്കിൽ ഭർത്താവിനോട് തന്റെ ഇഷ്ടങ്ങൾ ഒന്ന് തുറന്നു പറയാനുള്ള ധൈര്യം നേടിയെടുത്തു വരുമ്പോഴായിരിക്കും ദേ… വരുന്നു “സ്ത്രീകൾ ആയാൽ സഹിക്കണം, പൊറുക്കണം, ഇഷ്ടങ്ങൾ ഒന്നും പാടില്ല” എന്നൊക്കെ പറഞ്ഞു ഓരോരുത്തർ.

ഈ പറഞ്ഞ വാക്കുകൾ സ്ത്രീകളെക്കാൾ പ്രചോദനം ആവുക ഇവിടെയുള്ള പുരുഷകേസരികൾക്ക് ആണ്. കാലം മാറി ഇനിയെങ്കിലും സതി നിർത്തലാക്കിയത് അറിയാത്ത ആൾക്കാരെ കൊണ്ടുവന്നും അല്ലങ്കിൽ അന്തകാലത്ത് നടത്തികൊണ്ട് പോന്നിരുന്ന ആചാരങ്ങളുടെ “മൂല്യം”പേറുന്ന പരിപാടികളും കൊണ്ടു വരാതിരിക്കുക. കാരണം ഇത്തരം പരിപാടികൾ പറഞ്ഞു വയ്ക്കുന്നതിന്റെ ഫലമാണ് സിതാരയ്‌ക് ലൈവ് വരേണ്ടി വന്നത്, അനശ്വരയ്ക്ക് എതിരെ അസഭ്യമായി പെയ്തത്, സംസ്ഥാനം ഭരിക്കുന്ന സ്ത്രീകൾക്ക് എതിരെ അധിക്ഷേപം ആയി ഉയർന്നത്, പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ ആത്മഹത്യ ചെയ്യണം എന്ന് ഒരു ഇന്ത്യ ഭരിച്ചിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് പറയാൻ കാരണം ആയത്. !!!