ഇങ്ങനെ ഒരു സംഗതി അടിച്ചേൽപിക്കാൻ മോഹൻലാൽ എന്ന നടനെ ഉപയോഗിച്ചത് എന്തിന് ?

73

Đevika Binđhu Śuresh

നാളെ 22 വർഷം ആകുന്നു സമ്മർ ഇൻ ബത്‌ലഹേം എന്ന എവർഗ്രീൻ സിനിമ മലയാളികൾ നെഞ്ചോടു ചേർത്തിട്ട്.  പറയാൻ വന്നത് സിനിമയിൽ ഉള്ള രാഷ്ട്രീയത്തെ കുറിച്ചാണ്. നിരഞ്ജൻ എന്ന വിപ്ലവകാരിക്ക് മാനസാന്തരം വരുന്നത് ആണ്. നിരഞ്ജൻ ആദ്യം പറയുന്ന ഒരു കാര്യം ഉണ്ട് “പാപം എന്നത് മേലാളൻ കീഴാളനെ ഭയപ്പെടുത്തി തങ്ങളുടെ കീഴിൽ നിർത്താൻ ഉപയോഗിക്കുന്ന ഒരു പദം ആണെന്ന്”. അത് മനസിലാക്കിയ നിരഞ്ജൻ പാവപ്പെട്ടവരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ ഇറങ്ങി പുറപ്പെടുന്നു. പാവപ്പെട്ടവരെ ചൂഷണം ചെയ്ത ബ്രിജേഷ് മല്ലയ്യയെ കൊല്ലാൻ പ്ലാൻ ചെയ്തു പക്ഷെ ആളുമാറി മരിച്ചത് പുള്ളിയുടെ കുഞ്ഞു മകൾ. ആ കുട്ടിയുടെ കൈ അയാളുടെ ദേഹത്തേക്ക് വീണപ്പോൾ ആണ് അയാൾക്ക്‌ തിരിച്ചറിവ് ഉണ്ടായത്. അതും സമ്മതിക്കാം.

അതിന് ശേഷം ഒരു ഡയലോഗ് ഉണ്ട് “ബ്രിജേഷ് മല്ലയ്യക്ക് പകരം വേറെ ഒരാൾ വന്നു.. വ്യവസ്ഥിതി മാറിയില്ല! ഒറ്റപെട്ട കൊലപാതകങ്ങൾ മഹത്തായ മാറ്റം മാത്രം കൊതിക്കുന്ന വികാരജീവികൾ ആയ വിപ്ലവകാരികളുടെ മനോരോഗത്തിന്റെ സൃഷ്ഠികൾ മാത്രം ആണെന്ന് ഞാൻ ഇപ്പൊ തിരിച്ചറിയുന്നു” !!

അതായത്, വിപ്ലവത്തിലൂടെ മാറ്റം വരാൻ ആഗ്രഹിക്കുന്നവർക്ക് വട്ടാണ് എന്ന് !
ലോകത്തിൽ നടന്ന വിപ്ലവങ്ങളുടെ ചരിത്രം എടുത്താൽ മനസിലാകുന്ന ഒരു കാര്യം ഉണ്ട് അതെല്ലാം ഒരാളിൽ തുടങ്ങി പലരിൽ എത്തി അവർ ഒരുമിച്ച് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ഠിച്ചവയാണ്. കൂടുതൽ എന്തിനു പറയുന്നു ഗ്രെറ്റ തബെർഗ് അമേരിക്കയുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെ പോരാട്ടം തുടങ്ങിയത് ഒറ്റയ്ക്ക് ആണ്. ഇത് ചരിത്രം അല്ല വർത്തമാനം ആണ് !
വിപ്ലവകാരികൾക്ക് മാനസാന്തരം വരാം പക്ഷെ എല്ലാ വിപ്ലവങ്ങളെയും അടച്ചു ആക്ഷേപിക്കുന്ന രീതിയിൽ ഉള്ള ഡയലോഗ് ആരുടേ തലയിൽ വന്നു എന്നാലോചിച്ചപോൾ പോയി നോക്കി അതിൽ ഇങ്ങനെ എഴുതിയിരുന്നു “തിരക്കഥ – രഞ്ജിത്ത്”.

ഏറ്റവും പ്രധാനപ്പെട്ട ബ്രില്ലിയൻസ് എന്തെന്നാൽ ഇങ്ങനെ ഒരു സംഗതി അടിച്ചേൽപിക്കാൻ മോഹൻലാൽ എന്ന നടനെ ഉപയോഗിച്ചു എന്നതാണ്. ഗസ്റ്റ് റോൾ മോഹൻലാൽ എടുത്താൽ പിന്നെ അത് എത്ര നായക പ്രാധാന്യം ഉള്ള സിനിമ ആണെങ്കിലും ക്രെഡിറ്റ്‌ മോഹൻലാൽ എടുക്കും, ആ സിനിമ മോഹൻലാലിൻറെ സിനിമ എന്ന് തന്നെ പറയപ്പെടും . അത് മോഹൻലാൽ എന്ന നടന്റെ മികച്ച കഴിവുകളിൽ ഒന്നാണ്. രവിയേക്കാളും ഡെന്നിസിനെക്കാളും നമ്മുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത് നിരഞ്ജൻ ആണ് എന്നതിൽ സംശയം ഇല്ല. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു ചിന്ത സമൂഹമനസിൽ എത്തിക്കാൻ മോഹൻലാൽ എന്ന നടനെ തന്നെ ഉപയോഗിച്ചത് ! പുള്ളി ഒരു അഞ്ചുമിനിട്ടിൽ വന്നു അതൊക്കെ വളരെ വെടിപ്പായി പറഞ്ഞിട്ട് പോയി ! ശുഭം ! എന്റെ രഞ്ജിത്തേ… 🤗