ദേവിക എം എ
താൻ ധരിച്ച വസ്ത്രത്തിന്റെ പേരിൽ അസഭ്യ പരാമർശങ്ങളും സൈബർ ബുള്ളിയിങ്ങും നേരിടേണ്ടി വന്ന വ്യക്തിയാണ് ഭാവന. നഗ്നമായ ശരീരമായിരുന്നില്ല സ്കിൻ കളറിലുള്ള ടോപ്പായിരുന്നു താൻ ധരിച്ചത് എന്നു പോലും ഈ വൃത്തികെട്ട മനുഷ്യരോട് എക്സ്പ്ലെയിൻ ചെയ്യേണ്ട ഗതികേടിലേക്ക് ബാധ്യതയിലേക്ക് ഭാവനയെ എത്തിച്ചത് ഇവിടെയുള്ള നശിച്ച നാണംകെട്ട സമൂഹത്തോടുള്ള ഭയമാണ്. വേട്ടപ്പട്ടിയെ പോലെ അക്രമിച്ചു കളയുന്ന ഒരു കൂട്ടം മനുഷ്യവസ്തുക്കൾക്കിടയിൽ ജീവിക്കേണ്ടി വരുന്ന നിസ്സഹായതയാണ്. മുൻപും വളരെ സ്റ്റൈലിഷായി മോഡേണായി വസ്ത്രം ധരിക്കുന്ന പെൺകുട്ടി തന്നെയാണ് ഭാവന.
എന്നാൽ പെട്ടെന്നൊരു നാൾ അവളുടെ വസ്ത്രധാരണ രീതി മുതൽ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ വരെ നിരന്തരമായ ഓഡിറ്റിങ്ങിനും ജഡ്ജ്മെന്റിനും വിധേയമാകുന്നതിന് പിന്നിലുള്ള മനോഭാവം എത്ര അപകടകരമാണ്. ‘ഈ വീഡിയോ കോടതിയിൽ തെളിവായി കാണിക്കണം’ , ‘എന്നെ റേപ്പ് ചെയ്തു എന്ന് പറയുന്ന പതിവ്രതയാണോ തുണിയില്ലാതെ പബ്ലിക്കായി നിൽക്കുന്നത്’ എന്ന് തുടങ്ങി രണ്ടാമത് പറഞ്ഞാലോ എഴുതിയാലോ അറച്ചുപോകുന്ന കമന്റുകൾ ആണ് ആ പെൺകുട്ടി സന്തോഷത്തോടെ ഡാൻസ് ചെയ്യുന്ന വീഡിയോക്ക് താഴെ മലയാളിമലരന്മാർ എഴുതി നിറച്ചിരിക്കുന്നത്.
സെക്ഷ്വൽ അബ്യൂസ് ചെയ്യപ്പെട്ട ഒരു പെൺകുട്ടിക്ക് സാധാരണമായ സ്വതന്ത്ര്യമായ ഒരു ജീവിതം നയിക്കാൻ അവകാശം ഇല്ല എന്നോ, തങ്ങളുടെ സദാചാര സ്വാദുകൾക്ക് അപ്പുറമുള്ള വസ്ത്രം ധരിക്കുന്ന ഏതൊരു പെൺകുട്ടിയുടെയും ശരീരം അപമാനിക്കപ്പെടാൻ അർഹതയുള്ളതാണ് എന്നോ, സ്വന്തം ഇഷ്ടപ്രകാരം ഇനി എക്സ്പോസ്ഡായോ സെക്സിയായോ ഡ്രസ്സ് ധരിക്കുന്ന പെൺകുട്ടികൾക്ക് മേലിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്പർശനത്തെക്കുറിച്ചോ ഫിസിക്കൽ അസോൾട്ടിനെക്കുറിച്ചോ പ്രതികരിക്കാൻ അവകാശമില്ലെന്നോ അങ്ങനെ നല്ല വെടിപ്പായി വിഷം തുപ്പുന്ന ആൺബോധങ്ങൾ.
പ്രിയപ്പെട്ട ഭാവന, നിങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്ന വേഷത്തിലാണ്. നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നതും ഓർത്തിരിക്കുന്നതും നിങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളങ്ങളാലാണ്.ഭാവനയെന്ന ചിരിക്കുന്ന മുഖത്തെ ധൈര്യമുള്ള സ്ത്രീയെ ആരാധിക്കുന്നവരാണ് നിങ്ങളോടൊപ്പം. ഈ പോരാട്ടത്തിൽ ഒരിക്കലും നിങ്ങൾ ഒറ്റക്കല്ല എന്നറിയുക. അർത്ഥമില്ലാത്ത പുലമ്പലുകളെ അർഹമായ അവഗണനയോടെ തള്ളിക്കളഞ്ഞ് നിങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്ന സ്പേസുകളിൽ നിന്നും കൂടുതൽ കൂടുതൽ സ്പേസുകളിലേക്ക് നിങ്ങൾ കടന്നുവന്നുകൊണ്ടേയിരിക്കുക.
We Love You Bavana 💛