വാളയാർ വിഷയത്തിൽ മാധ്യമപ്രവർത്തകനായ ധനസുമോദ് എഴുതുന്നു.

അട്ടപ്പള്ളത്ത് സഹോദരിമാരുടെ മരണത്തിനു ഉത്തരവാദികളായവരെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വാർത്ത മനോരമ പത്രത്തിന്റെ ഒന്നാമത്തെ പേജിൽ കണ്ടില്ല. പക്ഷെ ഉൾപ്പേജിൽ വാർത്തയുണ്ട്. അയൽക്കാരനായ കെ എസ്‌ ഇ ബി ജീവനക്കാരനായ രാജേഷ് മാതൃഭൂമി വായിച്ചശേഷം പത്രം എനിക്ക് നൽകി. വാളയാറിലെ ആ കുഞ്ഞുങ്ങളുടെ മരണത്തിൽ പ്രതികളെ വെറുതെ വിട്ടത് ശരിയായില്ല അല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ഏതു കേസ് എന്നായിരുന്നു അദ്ദേഹത്തിൻറെ തിരിച്ചുള്ള ചോദ്യം. മാതൃഭൂമിയും ഈ വാർത്ത ഒന്നാംപേജിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വായനക്കാർ ഈ വാർത്തകളൊന്നും ആദ്യവായനയിൽ കാണുന്നതേയില്ല. പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ചിട്ട് ,ആ കേസിലെ പ്രതികൾ പുഷ്പംപോലെ ഊരിപ്പോയിട്ടും അതൊന്നും അർഹിക്കുന്ന പരിഗണനയോടെ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ എന്തിനാണ് ഈ പത്രങ്ങൾ ? ആരെ സഹായിക്കാനാണ് ഈ വാർത്തകൾ ഉള്ളിലേക്ക് ചവിട്ടിവിടുന്നത് ?

കെജെ ജേക്കബിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ഇല്ലായിരുന്നെങ്കിൽ ഈ വിഷയം സൈബർ ലോകത്ത് പോലും ചർച്ച ആകുമായിരുന്നില്ല. കുറ്റവാളികളെ കൂച്ചുവിലങ്ങിടുന്ന പോക്സോ കോടതിയിൽ നിന്ന് പോലും പ്രതികൾക്ക് ഊരിപ്പോകാൻ കഴിഞ്ഞെങ്കിൽ ഈ നാട് എങ്ങോട്ടാണ് പോകുന്നത് ? നീതി അട്ടിമറിയുന്നത് കണ്മുന്നിൽ സംഭവിച്ചിട്ടും ഒന്നും സംഭവിക്കാതെ സാധാരണ ദിവസം പോലെ പോകാൻ കഴിയുന്നുണ്ടെങ്കിൽ നമ്മുടെ സമൂഹത്തിനു എന്തോ കുഴപ്പമുണ്ട്. തെറ്റ് ചെയ്യുന്നവരെ കൊണ്ടല്ല ,ഈ അപരാധം കണ്ടിട്ട് മൗനം പാലിക്കുന്ന’ നല്ല മനുഷ്യർ ‘ മൂലമാണ് ഈ ലോകം നശിക്കുന്നത് എന്നത് എത്രയോ ശരിയാണ്. ഒന്പത് വയസുകാരി എട്ടടി ഉയരമുള്ള മേൽക്കൂരയിൽ തൂങ്ങി മരിക്കണം എന്ന് വിശ്വസിക്കണമെങ്കിൽ അതിനു കള്ള് വേറെ കുടിക്കണം.

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നാം പ്രതികരിക്കുന്നത്. കത്വ ,ഉന്നാവ് ,നിർഭയ ഇവിടെ സംഭവിച്ചത് തന്നെയാണ് നമ്മുടെ വാളയാറിൽ സംഭവിച്ചത്. പ്രതിഷേധത്തിന്റെ ,സങ്കടത്തിന്റെ ഒരു മെഴുകിതിരി പോലും തെളിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നീതിയെ ക്കുറിച്ചു പറയാൻ നമുക്ക് അർഹതയില്ല

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.