Dhanesh Damodaran
അത്ലറ്റിക് ചരിത്രം ഇന്നോളം കണ്ട ഏറ്റവും മനോഹരമായ 45 മിനിറ്റുകൾ ഏതാണെന്ന് നിങ്ങൾക്കറിയാമോ ?
ആ സംഭവം നടന്നത് 1935 മേയ് 25 ന് മിഷിഗണിലെ ബിഗ് ടെൻ മീറ്റിലാണ്. മുക്കാൽ മണിക്കൂറിനിടെ അവിടെ ഒരാൾ മത്സരിച്ചത് നാല് മത്സര ഇനങ്ങളിലായിരുന്നു. 45 മിനുട്ടുകൾക്കൊടുവിൽ സംഭവിച്ചത് ഒരത്ഭുതം തന്നെയായിരുന്നു. മൂന്ന് ഇനങ്ങളിൽ ലോകറെക്കോഡ് തകർക്കപ്പെട്ടു. മത്സരിച്ച 4 ആമത്തെ ഇനത്തിൽ ലോക റെക്കോർഡിനൊപ്പമെത്തി. 100 വാരയിലും 220 വാരയിലും 220 വാര ലോ ഹർഡിൽസിലും ലോങ്ങ് ജംപിലും 45 മിനുട്ടുകൾക്കുള്ളിൽ അത് സംഭവിച്ചപ്പോൾ മനുഷ്യ സാധ്യമായിരുന്നോ എന്ന സംശയം സ്വാഭാവികം മാത്രം .
മനുഷ്യന് അസാധ്യമായതിനെ മാത്രമല്ല ജയിംസ് ക്ളിവാൻ്റ് ജെസി ഓവൻസ് തോൽപിച്ചത് ആ കാലഘട്ടത്തിൽ ആരോടും തോൽക്കത്ത അഡോൾഫ് ഹിറ്റ്ലറെയും അയാൾ അവതരിപ്പിച്ച ആര്യൻമാരെയുമാണ്.1936 ൽ തൻ്റെ സ്വന്തം തട്ടകമായ ബർലിനിൽ അമർന്നിരുന്ന ഹിറ്റ്ലറുടെ കസേര ഓവൻസ് എന്ന ആഫ്രോ അമേരിക്കക്കാരൻ്റെ അത്ലറ്റിക് മികവിന് മുന്നിൽ ഇളകുകയായിരുന്നു.
അന്ന് ഹിറ്റ്ലർക്ക് മുന്നിൽ ഓവൻസ് 4 സ്വർണമാണ് നേടിയത്. അതും 4 പ്രസ്റ്റീജിയസ് ഇനങ്ങളിൽ .അതിൻ്റെ സ്വർണ ശോഭയെ അളക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും .ആധുനിക കായിക ചരിത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓവൻസിൻ്റെ സ്ഥാനം എവിടെ രേഖപ്പെടുത്തണം ?
1984 ലോസ് ആഞ്ചലസ് ഒളിംപിക്സിൽ ഓവൻസിൻ്റെ നേട്ടം അതു പോലെ പകർത്തിയെഴുതിയ കാൾ ലൂയിസിനും ഒരിക്കലും മറ്റൊരാൾക്കും നേടാൻ പറ്റില്ലെന്ന് കായിക ലോകം വിധിയെഴുതുന്ന നേട്ടങ്ങൾ സ്വന്തമായുള്ള ഉസൈൻ ബോൾട്ടിനും പക്ഷെ മൈതാനത്തിലെ എതിരാളികളോട് മാത്രമാണ് മല്ലിടേണ്ടിയിരുന്നത്. ഓവൻസിൻ്റെ 100 മീറ്ററിലെ സുവർണ ജയത്തിൻ്റെ അതേദിവസം മറ്റൊരു ആഫ്രോ അമേരിക്കൻ അത്ലലറ്റ് കൊർണേലിയൂസ് ജോൺസൺ ഹൈജമ്പിൽ സ്വർണമെഡൽ നേടുന്നതും കുടി കണ്ട ഹിറ്റ്ലർ അതോടെ ഓവൻസിനെ അടക്കം അഭിനന്ദിക്കാൻ കൂട്ടാക്കാതെ ഇറങ്ങിപ്പോയിരുന്നു. എന്നാൽ മറുനാട്ടിൽ സ്വേഛാധിപതി ഹിറ്റ്ലർ നടത്തിയ അവഗണനയേക്കാൾ സ്വന്തം രാജ്യത്തെ പ്രസിഡണ്ട് കറുത്ത വർഗക്കാരനായ തന്നെ തിരിഞ്ഞു നോക്കാത്തതായിരുന്നു ഓവൻസിനെ ശരിക്കും വേദനിപ്പിച്ചത്.
40 വർഷത്തിനു ശേഷം അമേരിക്ക തെറ്റു തിരുത്തി . 1976 ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഏറ്റു വാങ്ങിയ ഓവൻസ് പക്ഷെ 4 വർഷം കൂടി മാത്രമേ ജീവിച്ചുള്ളൂ. 32 ആം വയസിൽ തുടങ്ങിയ പുകവലി 66 ആം വയസിലെത്തിയപ്പോഴേക്കും അയാളെ ശ്വാസകോശ അർബുദത്തിൻ്റെ രൂപത്തിൽ കവർന്നെടുത്തിരുന്നു.ബർലിൻ ഒളിംപിക്സിൽ അഡിഡാസ് കമ്പനിയുടെ സ്പോൺസർഷിപ്പടക്കം പിന്നീട് ചില വൻ തോക്കുകളുമായി കരാറിലെത്തിയ ഓവൻസിനെ നിലക്ക് നിർത്താൻ അമേരിക്കയുടെ അത്ലറ്റിക് വിഭാഗം ഓവൻസിന്റെ അമച്വർ പദവി പിൻവലിക്കുകയുണ്ടായി. അതോടെ നിത്യവൃത്തിക്ക് പോലും പാടുപെടുകയായിരുന്നു 4 ഒളിമ്പിക് സ്വർണമെഡൽ ജേതാവായ ഇതിഹാസം. ദാരിദ്യവും വർണവിവേചനത്തെ തുടർന്നുള്ള അകറ്റി നിർത്തലും കാരണം കുട്ടിക്കാലം മുതൽ അകറ്റപ്പെട്ട ഓവൻസിന് ഒളിമ്പിക്സിലെ അക്കാലത്തെ അമാനുഷിക പ്രകടനം നടത്തിയിട്ട് പോലും രാജ്യം അംഗീകരിക്കാത്ത അനുഭവങ്ങളായിരുന്നു ബാക്കി.
ഗ്യാസ് സ്റ്റേഷനിൽ അറ്റന്റർ , ഡ്രൈക്ലീനിങ് കമ്പനിയുടെ മാനേജർ. കുടുംബം പുലർത്താൻ ഓവൻസ് ചെയ്യാത്ത ജോലികളില്ല. ലോകത്തെ ഏറ്റവും മികച്ച കായിക താരത്തിൻ്റെ അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ലോകത്തിനുമുന്നിൽ നാസി പ്രതാപത്തിൻ്റെ അധീശത്വം കാട്ടാൻ ഉറച്ചു നിന്ന ഹിറ്റ്ലറുടെ സ്വന്തം ബെര്‍ലിനിൽ 100 മീറ്റർ, 200 മീറ്റർ ,ലോങ്ങ് ജംപ്, 4×100 റിലേയിലും എന്നിവയിൽ 4 തിളക്കമുള്ള സ്വർണമെഡലുകൾ. ഓഗസ്റ്റ് മൂന്നിന് 100 മീറ്ററിൽ 10.3 സെക്കന്‍ഡിലെ സ്വര്‍ണ കുതിപ്പ് തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 4 ന് ലോംങ് ജംപിലേക്ക് വഴി മാറി. തൊട്ടടുത്ത ദിവസവും താരം ഓവൻസ് തന്നെയായിരുന്നു.200 മീറ്റർ ഹീറ്റ്‌സില്‍ 21.1 സെക്കന്‍ഡില്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തിയ സുവർണ നേട്ടത്തെ ഫൈനലിൽ 20.7 സെക്കന്‍ഡിലെത്തി സ്വർണമെഡൽ.4 ദിവസത്തിനു ശേഷം ഓഗസ്റ്റ് ഒന്‍പതിന് റാല്‍ഫ് മെറ്റ് കാല്‍ഫ്, ഫോയ് ഡ്രാവര്‍, ഫ്രാങ്ക് വൈകോഫ് എന്നിവര്‍ക്കൊപ്പം 4 X 100 മീറ്റർ റിലേയിൽ 39.8 സെക്കന്‍ഡില്‍ പറന്നെത്തിയ ഓവൻസിൻ്റെ ടീം നേടിയ ലോക റെക്കോർഡ് നിലനിന്നത് 20 വര്‍ഷത്തോളം. രണ്ട് ഒളിമ്പിക്സ് റെക്കോര്‍ഡുകളും ഒരു ലോകറെക്കോര്‍ഡും കുറിച്ച ഒരു സൂപ്പർ ഹ്യൂമൻ പ്രകടനം കണ്ട ഹിറ്റ്ലർ മാത്രമല്ല ഞെട്ടിയത്. ലോകം മുഴുവനുമായിരുന്നു.
ഓവൻസ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് വർഷം 40 കഴിഞ്ഞിരിക്കുന്നു. കിട്ടേണ്ട സമയത്ത് കിട്ടേണ്ട അംഗീകാരം കിട്ടാഞ്ഞ ഓവൻസ് പക്ഷെ കായിക ലോകത്ത് ഒരനശ്വരനായി തന്നെ നിലകൊള്ളുന്നു.തൻ്റെ ശക്തി കാണിക്കാൻ ഹിറ്റ്ലർ നടത്തിയ ഒളിംപക്സിൽ അതേ ഹിറ്റ്ലറെ ലജ്ജിപ്പിച്ച് ഹിറ്റ്ലറുടെ മേളയെ തൻ്റെ സ്വന്തം മേളയാക്കി ചരിത്ര പുസ്തകത്തെ പുളകം കൊള്ളിച്ചവൻ്റെ കഥ അടിച്ചമർത്തപ്പെട്ടവൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ കഥ കൂടിയാണ്.
മരണപ്പെട്ട ശേഷവും ഓവൻസ് ഹിറ്റ്ലറെ തോൽപ്പിച്ചു . ബെർലിൻ ഒളിമ്പിക്സിൽ ഓവൻസ് കാഴ്ചവെച്ച മിന്നും പ്രകടനങ്ങളുടെ ഓർമ്മക്കായി ബെർലിനിൽ ഒരു തെരുവിന് ഓവൻസിൻ്റെ പേര് നൽകിയത് അദ്ദേഹത്തിൻ്റെ മരണത്തിനും 4 വർഷങ്ങൾക്ക് ശേഷം 1984 ലായിരുന്നു. തീർന്നില്ല തന്നെ അവഗണിച്ച ഭരണകൂടത്തെയും തോൽപ്പിച്ച അയാൾ മൺമറഞ്ഞിട്ടും മരണമില്ലാത്ത ഇതിഹാസമായി .1988 ജൂലൈ 12 ന് അമേരിക്കന്‍ ജനപ്രതിനിധി സഭ ഓവൻസ് എന്ന ഇതിഹാസത്തിന് അഞ്ചാമതൊരു സ്വര്‍ണ്ണ മെഡല്‍ കൂടി സമ്മാനിക്കാന്‍ ഒരു നിയമം കൊണ്ടു വന്നത് ഒരു മാപ്പു പറച്ചിൽ കൂടിയായിരുന്നു.
അപ്പോഴും ഇന്ന് ഒരു വെങ്കല മെഡൽ നേട്ടക്കാരന് പോലും ലഭിക്കുന്ന അംഗീകാരം പോലും അന്ന് കിട്ടാഞ്ഞ ഓവൻസിന് ഒളിംപിക് ചാംപ്യനായിട്ട് കൂടി 2000 ഡോളര്‍ വാഗ്ദാനം ചെയ്യപ്പെട്ട സമയത്ത് തൻ്റെയും കുടുംബത്തിൻ്റെയും വിശപ്പടക്കാൻ ഒരു കുതിരയ്ക്കൊപ്പം മത്സരിച്ചോടാന്‍ വരെ തയ്യാറാകേണ്ടി വന്നതു പോലുള്ള കയ്പേറിയ അനുഭവങ്ങൾ ഒരു കെടാത്ത തീക്കനലായി ലോകത്തിന് മുന്നിൽ അവശേഷിക്കുന്നു.
…….. സെപ്തംബർ 12 .. ഓവൻസിൻ്റെ ജൻമദിനം