തന്നെ പരിഹസിച്ച പാകിസ്താനി ഗായികയ്ക്കു ഗാവസ്‌കറിന്റെ അടിപൊളി മറുപടി

0
326

Dhanesh Damodaran

“ഗാവസ്കർ ആരാണ് ??
എനിക്ക് ഒരു ഗാവസ്കറെയും അറിയില്ല. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാൻ സാഹീർ അബ്ബാസ് ആണ്”.

1978 ഇന്ത്യ പാകിസ്ഥാൻ ടൂറിനു പോയപ്പോൾ ഗവാസ്കറിനെ ഒഫീഷ്യലായി പരിചയപ്പെടുത്തുമ്പോൾ അക്കാലത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം എന്നറിഞ്ഞിട്ടും കൊച്ചാക്കിയത് ചില്ലറക്കാരിയായിരുന്നില്ല .മെലഡിയുടെ രാജ്ഞി എന്നറിയപ്പെട്ട പാകിസ്ഥാനിലെ മികച്ച ഗായികയും നടിയും ആദ്യത്തെ വനിത ഫിലിം ഡയറക്ടറും ഇരുപതിനായിരത്തിലധികം പാട്ടുകൾക്ക് ഉടമ കൂടിയായിരുന്ന വാനമ്പാടി നൂർജഹാൻ ആയിരുന്നു .

നൂർജഹാൻ തൊടുത്ത ആ ബൗൺസറിന് അന്ന് ഗാവസ്കർ മറുപടി കൊടുത്തില്ല .തൻ്റെ നേരെ വരുന്ന തീ തുപ്പുന്ന പന്തുകളെ എന്നും ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന സുനിൽ മനോഹർ ഗാവസ്കർ എതിരാളികളുടെ പന്തുകൾക്ക് ഒരിക്കലും പൊടുന്നനെ മറുപടി നൽകി വിക്കറ്റ് കളയാറില്ല .ക്ഷമയോടെ ഏകാഗ്രതയോടെ തൻ്റെ വിക്കറ്റ് വലിച്ചെറിയാതെ എതിരാളിയുടെ മോശം പന്തിനെ തിരഞ്ഞുപിടിച്ച് ബൗണ്ടറി പായിക്കുന്ന ഗവാസ്കർ മൂന്നുവർഷത്തിനുശേഷം തികവുറ്റ ഒരു ഷോട്ടിലൂടെ നൂർജഹാന് ഒരു മറുപടി നൽകി .

ഇന്ത്യ പാക് പരമ്പരക്കിടെ ഇന്ത്യയുടെ സുവർണ ഗായിക ലതാമങ്കേഷ്കറിനെ മാനേജർ മഹാരാജ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്ന സമയത്ത് ഗവാസ്കറ്റനോട് ആരോ നൂർജഹാനെ പറ്റി ആരോ ചോദിച്ചു. അവസരം കാത്തു നിന്ന സണ്ണി മനോഹരമായ ഒരു സ്ട്രെയ്റ്റ് ഡ്രൈവിലൂടെയാണ് മറുപടി നൽകിയത് .
” നൂർജഹാനെ എനിക്കറിയില്ല. എനിക്കറിയാവുന്ന ഏറ്റവും മികച്ച ഗായിക ലതാ മങ്കേഷ്കർ ആണ് .”
ഗ്രൗണ്ടിന് പുറത്തും സണ്ണി ക്ലാസിക് ഷോട്ടുകളുടെ വക്താവായിരുന്നു എന്നതിൻ്റെ മകുടോദാഹരണമായിരുന്നു ആ മറുപടി .

ഇന്ത്യൻ ക്രിക്കറ്റിന് ഇന്നൊരു സച്ചിൻ ടെണ്ടുൽക്കറുണ്ട് ,വിരാട് കോലിയുണ്ട് .പക്ഷേ ഇന്നലെ ഒരു സുനിൽ ഗവാസ്കർ ഇല്ലായിരുന്നുവെങ്കിൽ ഇവരാരും ഉണ്ടാകില്ലായിരുന്നു. കാരണം കളിച്ചു വളരുമ്പോൾ ഇവർക്കൊക്കെ ഒരു പ്രചോദനം സുനിൽ ഗവാസ്കർ എന്ന ഇതിഹാസമായിരുന്നു .
മാൽക്കം മാർഷൽ , ഇമ്രാൻഖാൻ ,മൈക്കൽ ഹോൾഡിങ്, ആൻഡി റോബർട്ട്സ്, ഡെന്നിസ് ലില്ലി ക്രാഫ്റ്റ് ,ഗാർണർ എന്നിവരെ ഹെൽമറ്റില്ലാതെ എതിരിട്ട ഒരു കളിക്കാരൻ, അതും അവരുടെ പ്രതാപകാലത്ത് അവർക്കെതിരെ ഏറ്റവും മികച്ച പ്രകടനം നടത്തിയ മറ്റൊരാളെ ലോകക്രിക്കറ്റിൽ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല.

ക്രിക്കറ്റ് വിഷയങ്ങളിലെ മണ്ടന്മാർ ആരാണെന്ന് നിങ്ങൾക്കറിയണമെങ്കിൽ ഏറ്റവും എളുപ്പവഴി ഗവാസ്കറിനെ പറ്റിയുള്ള ഒരു പോസ്റ്റിലെ കമൻ്റുകൾ വായിച്ചാൽ മതിയാകും .
ഇന്നത്തെ T20 യുഗത്തിൽ പോലും തനതായ കേളീശൈലിയിലൂടെ റൺമല തീർക്കാൻ തക്ക കഴിവ് സണ്ണിക്കുണ്ടെന്ന് അയാളിലെ പ്രതിഭയെ മനസിലാക്കിയവർക്കറിയാം . 1975 ലെ പ്രഥമ ലോകകപ്പിൽ 60 ഓവറും ബാറ്റ് ചെയ്ത് 174 പന്തിൽ 36 റൺ നേടിയ അതേ ഗാവസ്കറിനെ പരിഹസിക്കുമ്പോഴും 12 വർഷം കഴിഞ്ഞു തൻ്റെ കരിയറിലെ അവസാന നാളുകളിൽ 1987 ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷ അയാളിലായിരുന്നു എന്നത് അവർക്കറിയില്ല .അതേ ലോകകപ്പിൽ ഒരു ഇന്ത്യക്കാരൻ്റെ അതിവേഗ സെഞ്ച്വറി ന്യൂസിലണ്ടിനെതിരെ 102 ഡിഗ്രി പനിയെയും അതിജീവിച്ച് നേടിയ ആ 38 കാരനിലെ പരിണാമത്തെ ഓർക്കുക പോലും ചെയ്യുന്നില്ല.

ആദ്യ ലോകകപ്പിൽ 20.68 സട്രൈക്ക് റേറ്റിൽ റൺസടിച്ച അതേ ഗാവസ്കർ 29 ആമത് സെഞ്ചുറി കുറിച്ച് ഡോൺ ബ്രാഡ്മാൻ്റെ സർവകാല റെക്കോർഡിന് ഒപ്പമെത്തിയ മാച്ചിൽ വെറും 94 പന്തിലാണ് സെഞ്ചുറി നേടിയത് .അതും മാർഷൽ ,റോബർട്സ് ,ഹോൾഡിങ്ങുമാരെ കടന്നാക്രമിച്ച് .ബാറ്റ്സ്മാൻമാരുടെ സ്വർഗഭൂമിയായ ഇക്കാലത്തെ പിച്ചുകളിൽ പോലും അത്ര ആക്രമണതയോടെ ബാറ്റ് ചെയ്ത എത്ര ഇന്നിങ്ങ്സുകൾ ഒരു ഇന്ത്യക്കാരൻ്റെ പേരിലുണ്ടാകും ? ബാറ്റ് ചെയ്യുമ്പോൾ സ്കോർ ബോർഡ് നോക്കാത്ത ഗാവസ്കർ അന്ന് സെഞ്ചുറി തികച്ചത് പോലും അറിഞ്ഞിരുന്നില്ല . കാണികളുടെ കൈയടിയിൽ കാര്യം മനസിലാകാഞ്ഞ ഗവാസ്കർ വെങ്ങ്സർക്കർ പറഞ്ഞാണ് സെഞ്ചുറിക്കാര്യം പോലും പറഞ്ഞത് .
പറഞ്ഞു വരുന്നത് ഏകദിന ക്രിക്കറ്റിന് ഇന്നത്തേത് പോലെ പ്രാധാന്യം നൽകിയിരുന്നെങ്കിൽ തൻ്റെ പ്രതാപകാലത്ത് ഗാവസ്കർ അവിടെ സൃഷ്ടിക്കുമായിരുന്ന റെക്കോർഡുകളും മറ്റുള്ളവർക്ക് വെല്ലുവിളി ഉയർത്തിയേനെ എന്നതാണ് .

വിവിഎസ് ലക്ഷ്മൺ കൊൽക്കത്തയിൽ 281 റൺസെടുത്ത് റെക്കോർഡ് സൃഷ്ടിക്കുന്നതിനു മുമ്പ് ഇന്ത്യക്കാരൻ്റെ ഉയർന്ന സ്കോർ സണ്ണിയുടെ 236 ആയിരുന്നു എന്നത് പലർക്കും അറിയാം .പക്ഷേ ആ ഇന്നിങ്ങ്സിൻ്റെ ചാരുതയുടെ പിന്നാലെ ഒന്നു പോയി നോക്കിയാൽ മനസ്സിലാകും സണ്ണിയുടെ കാലിബർ . മാർഷൽ ,റോബർട്സ്, ഹോൾഡിങ്, വിൻസ്റ്റൺ ഡേവിസ് എന്നിവരുടെ തീതുപ്പുന്ന ബൗളിങ്ങിനെ പരിഹസിക്കുന്ന തരത്തിൽ യാത്ര ചെയ്ത് 644 മിനിറ്റുകൾ പിടിച്ചു നിന്ന് 425 പന്തുകൾ നേരിട്ട് ഗവാസ്കർ 236 റൺസ് അടിക്കുന്നതിന് മുൻപ് 92 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇന്ത്യ .
അവിടെ നിന്നും 425 ന് 8 ൽ ഡിക്ലയർ ചെയ്യുന്നിടത്തേക്ക് ടീമിനെ ഇരട്ട സെഞ്ചുറിയുമായി നയിച്ച ഗാവസ്കർ പതിവ് ഓപ്പണർ സ്ഥാനത്ത് നിന്നും മാറി 4 ആം നമ്പർ പൊസിഷനിലിറങ്ങി നേടിയ ഒരേയൊരു സെഞ്ചുറി കൂടിയായിരുന്നു അത് .
ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നതിലുപരി ഏറ്റവും മികച്ച നായകൻ എന്നുകൂടി ചരിത്രത്തിൽ രേഖപ്പെടുത്തിയേനെ ഗാവസ്കറെ . 1983 ലോകകപ്പിന് വെറും ആറുമാസം മുമ്പ് നായകസ്ഥാനം കപിലിന് കൈമാറുമ്പോൾ ഇന്ത്യക്കൊരു ലോകകപ്പ് ലഭിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല .എന്നിരുന്നാലും 1985ലെ വേൾഡ് സീരീസ് ചാംപ്യൻഷിപ്പ് ഉയർത്തി ഗാവസ്കർ തൻ്റെ ക്യാപ്റ്റൻസി ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയുണ്ടായി .

കരിയറിലെ അവസാന നാളുകളിൽ മുപ്പത്തിയെട്ടാം വയസ്സിലും പ്രാഗൽഭ്യം തെളിയിച്ച് തലയുയർത്തിയ സണ്ണി അവസാന ടെസ്റ്റിലും ഒരിക്കലും മറക്കാത്ത പോരാട്ട വീര്യം കാഴ്ച വെച്ചാണ് മടങ്ങിയത് . 1987 ലെ ബാംഗ്ളൂർ ടെസ്റ്റിൻ്റെ നാലാം ഇന്നിങ്ങ്സിൽ 221 റൺ പിന്തുടർന്ന് 224 പന്തിൽ 96 റൺസ് നേടി എട്ടാമനായി ഗാവസ്കർ പോകുമ്പോൾ ജയം 41 റൺസ് അകലെ മാത്രമായിരുന്നു .ഒടുവിൽ 16 റൺസിന് ഇന്ത്യ പരാജയപ്പെടുമ്പോൾ സണ്ണിക്ക് പിന്നിൽ രണ്ടാമത്തെ ഉയർന്ന സ്കോർ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ 26 റൺ മാത്രമായിരുന്നു .ഇമ്രാൻ ,അക്രം ,ഇഖ്ബാൽ ക്വാസിം തുടങ്ങിയ പ്രമുഖരെ അതിജീവിച്ച ഗാവസ്കറിന് സെഞ്ചുറിയും അർഹിച്ച ഒരു യാത്രയയപ്പുമാണ് നഷ്ടമായത് .

10 വർഷത്തിനു ശേഷം 1997 ൽ പാകിസ്ഥാനെതിരെ ചെന്നൈയിൽ ഇന്ത്യ 12 റൺസിന് തോറ്റ മാച്ചിലെ സച്ചിൻ്റെ 136 റൺസ് പ്രകടനത്തോട് സണ്ണിയുടെ ക്ലാസ് ഇന്നിങ്ങ്സ് ചേർത്തു നിർത്തേണ്ടതാണ് .2 മാച്ചിലും ഭാഗഭാക്കായ വസിം അക്രം ഭാഗ്യവാനാണ്. ചരിത്ര മത്സരങ്ങളിൽ ജയിക്കാൻ പറ്റിയതാകട്ടെ അയാളുടെ മഹാഭാഗ്യവും .
എന്നും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ഗാവസ്കർ ആരാധകരുടെ സ്വന്തം താരമായിരുന്നു.പാകിസ്ഥാനെതിരായ അവസാന പരമ്പരയിലെ അവസാന ടെസ്റ്റിന് തൊട്ടു മുൻപു നടന്ന തൻ്റെ 124 ആമത് ടെസ്റ്റിൽ ചരിത്രത്തിലാദ്യമായി 10,000 റൺസ് സൃഷ്ടിച്ച മാച്ചിൽ കാണികളുടെ ആഘോഷം കാരണം 20 മിനിറ്റുകൾ കളി നിർത്തേണ്ടി വന്നു.

അരങ്ങേറ്റ സീരീസിൽ തന്നെ അത്ഭുതം സൃഷ്ടിച്ച മറ്റൊരു ബാറ്റ്സ്മാനെ ടെസ്റ്റ് ചരിത്രത്തിൽ കാണാനാകില്ല .21 ആം വയസിൽ അരങ്ങേറി4 ടെസ്റ്റിൽ 774 റൺസ് അടിച്ചു കൂട്ടി എന്നതിനേക്കാൾ അക്കാലത്തെ കൊലയാളി ബൗളർമാർ അടങ്ങിയ വിൻഡീസിനെതിരായിരുന്നു ഇത്രയും വർഷമായിട്ടും തകരാത്ത ആ റെക്കോർഡ് എന്നത് അതിന് വിലയിടാൻ പറ്റാത്ത മൂല്യം .

സണ്ണിയുടെ സ്കോർ 65 ,67, 116,64, 1, 117, 124 ,220 എന്നിങ്ങനെ ആയിരുന്നു .അരങ്ങേറ്റ ടെസ്റ്റിൽ ഒരിന്ത്യക്കാരൻ്റെ ഏറ്റവും ഉറപ്പിച്ച സെഞ്ചുറി പിറക്കാതെ പോയത് സണ്ണിയുടേതായിരിക്കാം .എന്നാൽ തൻ്റെ ആദ്യ ടെസ്റ്റിൽ ടീമിനെ ജയിപ്പിച്ച റൺ നേടിയത് അദ്ദേഹമാണെന്നത് കാവ്യനീതി കുടിയാകാം .
എഴുപതുകളിലും എൺപതുകളിലും അയാളുടെ സാങ്കേതികതയെ വെല്ലുന്ന ഒരു ബാറ്റ്സ്മാൻ പോലും ഉണ്ടായിട്ടില്ല. സാക്ഷാൽ ഡോൺ ബ്രാഡ്മാൻ്റെ 29 സെഞ്ച്വറികൾ മറികടന്ന് 5 സെഞ്ച്വറികൾ അധികം തീർത്ത ഗവാസ്കറുടെ റെക്കോർഡ് 20 വർഷത്തോളം നിലനിന്നിരുന്നു .

വെസ്റ്റിൻഡീസ് പേസ് പടക്കെതിരെ 4 ഡബിൾ സെഞ്ച്വറികളടക്കം നേടിയ 13 സെഞ്ചുറികളും 65.45 ശരാശരിയിൽ നേടിയ 2749 റൺസും മാത്രം മതി ഗാവസ്കർ എന്ന് ഓപ്പണർ ലോകക്രിക്കറ്റിലെ എത്ര മഹാനായിരുന്നു എന്നറിയാൻ.

മത്സരത്തിലെ സാഹചര്യങ്ങളിലും പിച്ചുകളെയും റീഡ് ചെയ്യുന്നതിൽ സണ്ണിയോളം മികവു കാണിച്ചവർ അപൂർവമായിരിക്കും .1981/82ൽ ചിന്നസ്വാമിയിൽ ഗുണ്ടപ്പ വിശ്വനാഥിൻ്റെ കർണാടക്കെതിരെ രഘുറാം ഭട്ട് എന്ന ഇടങ്കയ്യൻ സ്പിന്നർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 123 റൺസിന് 6 വിക്കറ്റ് പോയ സമയത്ത് എട്ടാമനായി ഇറങ്ങിയ ഗാവസ്കർ 90 ഡിഗ്രിയിൽ തിരിയുന്ന ഭട്ടിൻ്റെ പന്തുകളെ നേരിടുന്നതിന് മാത്രമായി ഇടങ്കയ്യനായും മറ്റു ബാളർമാർക്കു മുന്നിൽ വലങ്കയ്യനായും ബാറ്റ് ചെയ്യുകയുണ്ടായി . ഒടുവിൽ 18 റൺസുമായി ഗവാസ്കർ വിക്കറ്റ് ബലി കൊടുക്കാതെ മത്സരത്തെ സമനിലയിലെത്തിച്ചു .

ഒരു വിജയം സ്വപ്നം പോലും കാണാൻ പേടിച്ചിരുന്ന നിലയിൽ നിന്നും ഏതൊരു ടീമിന്നെയും ഭയപ്പെടുത്താൻ തക്കവണ്ണം ഒരു ചെറിയ ടീമിനെ പരുവപ്പെടുത്തിയ ഗാവസ്കർ തന്നെയാണ് ഇന്ത്യൻ കായിക മേഖലയിലെ പ്രചുരപ്രചാരമേറിയ ഗെയിമിലെ ആദ്യത്തെ സൂപ്പർ ഹീറോ .

സ്വന്തം ആരാധനാമൂർത്തികളെ ഉയരത്തിൽ പ്രതിഷ്ഠിക്കാൻ വെമ്പൽ കൊള്ളുന്ന പുതു തലമുറ മനസിലെങ്കിലും സമ്മതിക്കേണ്ട മെഗാസ്റ്റാർ തന്നെയാണ് പ്രിയപ്പെട്ട സണ്ണി .
25834 ഫസ്റ്റ് ക്ലാസ് റൺസുകളും 81 സെഞ്ചുറികളും ഗാവസ്കർ എന്ന മുംബൈക്കാരൻ്റെ കാലഘട്ടത്തെ കണക്കിലെടുക്കുമ്പോൾ അയാളെ ഒരു ” ക്രിക്കറ്റ് നെപ്പോളിയൻ ” എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല .
എഴുതിയത് ✍️
#DhaneshDamodaran ❤️🥰💖