എഴുതിയത് ✍️✍️
Dhanesh Damodaran
2017 ജനുവരി 15 നും ,2018 ജനുവരി 15 നും, 2019 ജനുവരി 15 നും ഇൻ്റർ നാഷണൽ ക്രിക്കറ്റിൽ സെഞ്ചുറികൾ നേടിയ അയാൾ വീണ്ടും ജനുവരി 15 ൻ്റെ രാജകുമാരനാകുകയാണ്.418 ഇന്നിങ്ങ്സുകളിൽ ഏകദിന ക്രിക്കറ്റിലെ മഹാരഥൻമാരിലൊരാളായ മഹേല ജയവർധനെ കുറിച്ച 12650 റൺസുകളെ വെറും 259 ഇന്നിങ്സുകളിൽ മറി കടന്ന് ഓൾടൈം റൺ സ്കോറർമാരിൽ 5 ആമതെത്തുന്ന ഒരു മനുഷ്യനെ യന്ത്രമനുഷ്യൻ എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ.
ഒരു വർഷം മുൻപ് ന്യൂ ലാൻ്റ്സിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനമാച്ചിൽ 84 പന്തുകളെടുത്ത് 65 റൺസുമായി മടങ്ങിയ ശേഷം വിരാട് കോലിയുടെ കരിയർ ഗ്രാഫ് വലിയ താഴ്ചയിലേക്കായിരുന്നു. ഏകദിന ക്രിക്കറ്റിൽ അതു വരെ 60 നടുത്ത് ശരാശരിയിലും 93 സ്ട്രൈക്ക് റേറ്റിലും 12285 റൺസുകൾ അടിച്ചു കൂട്ടിയ അമാനുഷികൻ്റെ പിന്നീടുള്ള ഏകദിന ഇന്നിങ്ങ്സുകൾ അയാളുടെ കാലം കഴിഞ്ഞെന്ന് കടുത്ത ആരാധകരെ പോലും തോന്നിപ്പിച്ചിരുന്ന തരത്തിലായിരുന്നു.
8, 18,0, 16, 17, 9,5
7 ഇന്നിങ്സുകളിൽ 10 നടുത്ത് ശരാശരിയിൽ വെറും 73 റൺസുകൾ. ഒരു വാലറ്റക്കാരനെ പോലും നാണിപ്പിക്കുന്ന കണക്കുകൾ. കോലി ആരാധകർക്കും കോലി എന്ന മനുഷ്യനും താങ്ങാവുന്നതിനപ്പുറത്തെ വീഴ്ച.ഇനിയൊരു തിരിച്ചുവരവില്ലാതെ ആ രാജാവിൻ്റെ സാമ്രാജ്യം അസ്തമിച്ചെന്ന് ഭൂരിഭാഗവും വിധിയെഴുതിയിടത്തു നിന്നും അയാൾ ഉയർത്തെഴുന്നേൽക്കുകയാണ്.ശൗര്യം അല്പം കൂടിയെന്ന് തോന്നിക്കുന്ന തരത്തിലാണ് രണ്ടാം വരവ്.ബാളർമാർക്ക് അധികം ബഹുമാനമൊന്നും കൊടുക്കാതെ ആത്മവിശ്വാസം ഉറക്കെപ്പറയുന്ന ഷോട്ടുകളുമായി അതിവേഗം സ്കോറുകൾ ഉയർത്തുന്ന കോലിയെയാണ് കാണുന്നത്.
അവസാന 4 ഇന്നിങ്ങ്സുകളിൽ 3 ലും സെഞ്ചുറി നേടി താൻ മുൻകാലങ്ങളിൽ പുലർത്തിയ മൃഗീയാധിപത്യത്തെ അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള ഒരുക്കങ്ങൾ അയാൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ബംഗ്ളാദേശിനെതിരെ 113 റൺസുകളിലെത്താൻ 91 പന്തുകളെടുത്ത അയാൾ ലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ അതേ സ്കോറിലെത്താൻ 87 പന്തുകളേ എടുത്തുള്ളൂ.
ഇപ്പോഴിതാ ബൗളർമാർക്ക് യാതൊരു പഴുതും നൽകാതെ ഒരു വമ്പൻ സെഞ്ചുറി. ഇനിയൊരിക്കലും കോലിയുടെ 150 കാണില്ലെന്ന് കരുതിയിടത്തു നിന്നും എണ്ണം പറഞ്ഞ 166 റൺസുകൾ. ആദ്യ 2 നുറുകളിലും ഫീൽഡർമാർ അവസരം നൽകിയെന്ന കുറവുകളെ തീർക്കും വിധം ഒരൊറ്റ പിഴവും നൽകാതെ മറ്റൊരു സെഞ്ചുറി കൂടി .
പൂവ് പറിക്കുന്ന ലാഘവത്തോടെ അയാൾ വീണ്ടും സെഞ്ചുറികൾ തീർക്കുകയാണ്. സ്വന്തം രാജ്യത്ത് ഏറ്റവുമധികം ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് ഒറ്റക്ക് സ്വന്തമാക്കിയ അയാൾ ഏകദിന ക്രിക്കറ്റിൽ ഒരൊറ്റ രാജ്യത്തിനെതിരെ 10 സെഞ്ചുറികൾ നേടുന്ന ഒരേയൊരു താരവുമായിക്കഴിഞ്ഞിരിക്കുന്നു.ലിസ്റ്റ് എ ക്രിക്കറ്റിലെ 50 ആമത് സെഞ്ചുറി, No.3 പൊസിഷനിലെ 39 ആമത് സെഞ്ചുറി, രാത്രി പകൽ മത്സരത്തിലെ 40 ആം സെഞ്ചുറി.കോലിയുടെ 46 ആം ഏകദിന സെഞ്ചുറി ഒരു പ്രതീക്ഷയാണ്, വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ എന്തെങ്കിലുമൊരു സ്വപ്നം കാണാൻ.