ലങ്കയുടെ രണ്ടാം രാവണൻ

0
63

Dhanesh Damodaran

1996 മാർച്ച് 17 ഞായറാഴ്ച ലാഹോറിലാണ് ഈ യുദ്ധം നടക്കുന്നത് .ഈ യുദ്ധത്തിൽ ജയിച്ചാൽ ഒരു കാലത്ത് ലോകം കീഴടക്കിയ ലങ്കയിലെ അസുരരാജാവ് രാവണന്റെ സിംഹാസനമാണ് തന്നെ കാത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധമുണ്ട് .അന്ന് പത്ത് തലകളുമായി ലങ്കേശൻ ലോകം കീഴടക്കിയപ്പോൾ കൂട്ടിനുണ്ടായിരുന്നത് ലക്ഷക്കണക്കിന് പരാക്രമികളായ രാക്ഷസൻമാരും ഒപ്പം തപശക്തിയാൽ പ്രീതിപ്പെടുത്തി നേടിയെടുത്ത മായാ വിദ്യകളും.

എന്നാൽ ഇദ്ദേഹത്തിന് ഒരു പാട് തന്ത്രങ്ങൾ ഒളിപ്പിച്ച് വെച്ച ഒരു തല മാത്രം. കൂട്ടിന് എന്തിനും പോന്ന അനുഭവ സമ്പത്തില്ലാത്ത 10 പടയാളികൾ മാത്രം .പക്ഷെ ഇതൊക്കെ കൊണ്ടു മാത്രം ലോകം കീഴടക്കാനാകും എന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു .

യുദ്ധം തുടങ്ങി ഇടവേള എത്തിയപ്പോഴേക്കും ശക്തരായ എതിരാളികൾക്കൊപ്പം ലവലേശം തളരാതെ ലങ്കൻ ടീം പിടിച്ചു നിന്നു .എന്നാൽ ഇടവേള കഴിഞ്ഞ ഉടനെ അതു വരെ കഴിഞ്ഞ യുദ്ധങ്ങളിലെല്ലാം കോട്ട ഭദ്രമായ കാത്ത #സനത് ജയസൂര്യ എന്ന പടനായകൻ പിടിച്ചു നിൽക്കാനാകാതെ കൂടാരത്തിലേക്ക് മടങ്ങിയത് സൈന്യത്തെ ആശങ്കയിലാഴ്ത്തിയെങ്കിലും തൊട്ടു മുൻപു നടന്ന യുദ്ധത്തിലടക്കം ഏതു പ്രതിസന്ധിയിലും രാജ്യത്തെ കാത്തു രക്ഷിക്കാറുള്ള സർവ സൈന്യാധിപൻ #അരവിന്ദ ഡിസിൽവ തന്നോടൊപ്പം കോട്ട കാത്തു രക്ഷിക്കും എന്ന ഉറപ്പ് രാവണനുണ്ടായിരുന്നു .

Ranatunga and de Silva Were Accused of Match-Fixing: Ex-SLC Bossയുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ പിൽക്കാലത്ത് എതിരാളികളെ തന്റെ ബ്രഹ്മാസ്ത്രങ്ങളാൽ വരിഞ്ഞു മുറുക്കിയ ഗ്ലെൻ മക്ഗ്രാത്തിന്റെ പന്ത് വിക്കറ്റ് കീപ്പർക്കും സ്ളിപ്പിനുമിടയിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചപ്പോൾ അടുത്ത 4 വർഷത്തേക്ക് ലോകം ഭരിക്കാനുള്ള ചെങ്കോൽ സ്വന്തമാക്കിയിരുന്നു ലങ്കയുടെ രണ്ടാം രാവണൻ ആയ #അർജുനരണതുംഗെ എന്ന ലോക ക്രിക്കറ്റിലെ യഥാർത്ഥ നായകൻ.

ലോകകപ്പിൽ അത്ഭുത വിജയങ്ങൾ നേടിയ കപിലിന്റെയും ഇമ്രാന്റെയും ടീമിൽ ചില ലോകോത്തര താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ,രണതുംഗെ നയിച്ച ടീമിൽ ലോകോത്തരം എന്നു പറയാൻ പറ്റുന്ന ഒരാൾ ഡിസിൽവ മാത്രമായിരുന്നു. ജയസൂര്യ, വാസ്, മുരളി എന്നിവരൊക്കെ ലോകകപ്പിന് ശേഷം മേൽവിലാസമുണ്ടാക്കിയവരാണ്. രണതുംഗെയുടെ നേതൃത്വ പാടവവും ഒരു കൂട്ടം താരങ്ങളെ സമർത്ഥമായി വിനിയോഗിച്ചതുമായിരുന്നു ആ ലോകകപ്പ് നേട്ടത്തിന് പിന്നിൽ .

ആദ്യ 15 ഓവറിൽ പരമാവധി റൺസ് എന്ന പുത്തൻ തന്ത്രം വിജയകരമായി ആവിഷ്കരിച്ചത് രണതുംഗെയായിരുന്നു.പിന്നീട് ഒരു പാട് നായകർ ഈ തന്ത്രം കടമെടുക്കുകയുണ്ടായി. രവിശാസ്ത്രി,ശിവരാമകൃഷ്ണൻ എനിവർ ഉൾപ്പെട്ട ഇന്ത്യൻ U-20 ടീമിനെതിരായ ഒരു പരമ്പരയിലെ ആദ്യ മത്സരത്തിൽ ലങ്കൻ U- 20 നു വേണ്ടി പുറത്താകാതെ 128 റൺ അടിച്ചതോടെയാണ് അർജുന ശ്രദ്ധാകേന്ദ്രമായത്. 1982 ൽ മരതക ദ്വീപുകാർ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചപ്പോൾ 18 കാരനായ രണതുംഗെയും ടീമിലുണ്ടായിരുന്നു. ആ ടെസ്റ്റിൽ അർധ സെഞ്ചുറി നേടിയ രണതുംഗെ ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ അർധശതക നേട്ടത്തിന് ഉടമയായി. അന്നു മുതൽ ശ്രീലങ്കൻ ടീമിന്റെ താക്കോൽ സ്ഥാനം അലങ്കരിച്ചത് രണതുംഗെ ആയിരുന്നു.

2000 ത്തിൽ ശ്രീലങ്ക അവരുടെ ചരിത്രത്തിലെ 100 മാം ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ അർജുന പാഡ് കെട്ടിയത് തന്റെ 93 മം ടെസ്റ്റിനായിരുന്നു .ടെസ്റ്റ് ചരിത്രത്തിൽ ഒരു രാജ്യത്തിന്റെ ആദ്യമാച്ചിലും നൂറാംമാച്ചിലും കളിച്ച ഒരേ ഒരു താരം രണതുംഗെ മാത്രമാണ് എന്ന ഒറ്റ കാര്യം കൊണ്ട് മനസിലാക്കാം ലങ്കൻ ക്രിക്കറ്റിന് രണതുംഗ ആരായിരുന്നു എന്ന് .!!

1982 ൽ ലങ്ക ആദ്യ ടെസ്റ്റ് കളിക്കുന്ന സമയത്ത് ശരാശരിയിലും താഴെ മികവുള്ള ഒരു സംഘം മാത്രമായിരുന്നു .1988 ൽ നായകസ്ഥാനത്തെത്തിയ രണതുംഗെ ആകെ കളിച്ച 93 ടെസ്റ്റിൽ 56 ലും അതു പോലെ കളിച്ച 269 ഏകദിന മത്സരങ്ങളിൽ 193 ലും നായകൻ തന്നെ ആയിരുന്നു.

1996 ലോകകപ്പ് വിജയത്തോടെ ദേശീയ ഹീറോ ആയ രണതുംഗെ ഓരോ ലങ്കക്കാരന്റെയും സ്വകാര്യ അഭിമാനമായി മാറി. പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ യിൽ നിന്നും ‘വിൽസ് ‘ ലോകകപ്പ് ഏറ്റു വാങ്ങിയ രണതുംഗെ യുടെ നായക പാടവമാണ് പ്രകീർത്തപ്പെട്ടതെങ്കിലും ടൂർണമെന്റിൽ അദ്ദേഹത്തിന്റെ ബാറ്റിങ്ങ് അതിഗംഭീരമായിരുന്നു. ആകെ 241 റൺ അടിച്ചു കൂട്ടിയ രണതുംഗെയുടെ ശരാശരി ആ ലോകകപ്പിലെ ഏറ്റവും ഉയർന്നതായിരുന്നു .120.50 !! മാത്രമല്ല ആ ലോകകപ്പിൽ ബാറ്റിങ് വിസ്ഫോടനം നടത്തിയ ജയസൂര്യയുടെ 131.54 പ്രഹര ശേഷി കഴിഞ്ഞാൽ ഏറ്റവുമധികം strike Rate ൽ റണ്ണടിച്ചു കൂട്ടിയതും രണതുംഗെ തന്നെയായിരുന്നു .114.76 .

അതിനു മുൻപ് 1992 ലോകകപ്പിലും രണതുംഗെ യുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആ ലോകകപ്പിൽ സിംബാബ് വെക്കെതിരെ 300 ലധികം റൺസ് പിന്തുടർന്ന് ലങ്ക ജയിച്ചപ്പോൾ 300 നു മേൽ റൺ പിന്തുടർന്ന് ജയിച്ച ലോകകപ്പിലെ ആദ്യ ടീമായി മാറി ശ്രീലങ്ക.മത്സരത്തിൽ 88 റൺ നേടിയ രണതുംഗെ ആയിരുന്നു ലങ്കയുടെ വിജയത്തിന് പിന്നാലെ മാസ്റ്റർബ്രെയിൻ .
ആദ്യ കാലങ്ങളിൽ തരക്കേടില്ലാത്ത ഒരു ബൗളർ കൂടിയായിരുന്നു രണതുംഗെ എന്നത് പലർക്കുമറിയാത്ത ഒരു കാര്യമാണ്. ഏകദിന ക്രിക്കറ്റിൽ 79 വിക്കറ്റുകൾ നേടിയിട്ടുണ്ട് ഈ ഇടം കൈയ്യൻ ബാറ്റ്സ്മാനായ വലം കൈയ്യൻ ബൗളർ.1986 ൽ ഇന്ത്യക്കെതിരെ കാൻപ്പൂർ ഏകദിനത്തിൽ ലങ്ക ഉയർത്തിയ 196 റൺ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 78 റൺസിന് ഓൾ ഔട്ട് ആയ മത്സരത്തിൽ രണതുംഗെ യുടെ ബൗളിങ് പ്രകടനം ഇങ്ങനെയായിരുന്നു .6-1-14 – 4 !!!

മികച്ച നായകൻ എന്നതിലുപരി തന്റെ കളിക്കാരെ എന്തു വില കൊടുത്തും സംരക്ഷിക്കുന്നതിലും രണതുംഗെ മുന്നിൽ തന്നെയായിരുന്നു. തന്റെ ശരീരപ്രകൃതി കാരണം വിക്കറ്റിനിടയിലുള്ള ഓട്ടത്തിലേക്കായി റണ്ണറെ ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുമായി തർക്കമുണ്ടാക്കിയതും ഷെയ്ൻ വോണുമായുള്ള ഉരസലുകളും രണതുംഗെയുടെ ആരെയും കൂസാത്ത സ്വഭാവം വിളിച്ചു പറയുന്നതായിരുന്നു.1995 ൽ മുത്തയ്യ മുരളീധരന്റെ ബൗളിങ് ആക്ഷൻ കാരണം നോബോളുകൾ വിളിച്ച അമ്പയർ ഡാരൽ ഹെയറുമായി വാദത്തിൽ ഏർപ്പെട്ടതും പിന്നിട് 1999 ൽ അമ്പയർ റോസ് എമേഴ്സണുമായി തർക്കിച്ച് തന്റെ ടീമിനെ സംരക്ഷിച്ച രണതുംഗെ യുടെ ചിത്രം ക്രിക്കറ്റ് പ്രേമികളുടെ മനസിൽ നിന്നും ഒരിക്കലും മായില്ല .ഒടുവിൽ മുരളീധരന് ICC ഗുഡ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ യഥാർത്ഥത്തിൽ വിജയിച്ചത് രണതുംഗെയുടെ നിശ്ചയദാർഢ്യം തന്നെയായിരുന്നു .

1999 ലോകകപ്പിൽ ടീമിന്റെ പ്രകടനം മോശമായത് കാരണം രണതുംഗെ ക്ക് ക്യാപ്റ്റൻസി ഒഴിയേണ്ടി വന്നു .വിരമിച്ച ശേഷം ലങ്കൻ ക്രിക്കറ്റിന്റെ ഉന്നത പദവികളിൽ വിരാജിച്ച അദ്ദേഹം പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. നിലവിൽ ശ്രീലങ്കയുടെ ട്രാൻസ്പോർട്ട് & സിവിൽ ഏവിയേഷൻ മന്ത്രിയാണദ്ദേഹം. അടുത്തിടെ ഒരു ഷൂട്ടിങ് കേസുമായി അറസ്റ്റിലായതും “മീ റ്റൂ ” വിവാദത്തിൽ പരാതി ഉയർന്നതും 2011 ലോകകപ്പിലെ ഇന്ത്യൻ വിജയം ബെറ്റിങ് ആണെന്ന് പറഞ്ഞും രണതുംഗെ വിവാദങ്ങളിൽ നിറഞ്ഞു നിന്നു. സഹകളിക്കാരെ പ്രചോദിപ്പിക്കുന്നതിലും കളിക്കളത്തിൽ തന്റേടം കാണിക്കുന്നതിലും മുന്നിൽ നിന്ന രണതുംഗെ ലങ്കയുടെ ക്രിക്കറ്റ് ചരിത്രത്തിൽ മാത്രമല്ല ,രാജ്യത്തിന്റെ തന്നെ ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമസ്ഥാനീയരിലൊരാൾ ആണെന്ന കാര്യത്തിൽ സംശയമില്ല .
…….. ജന്മദിനാശംസകൾ രണതുംഗെ .