ക്രിക്കറ്റ് ചരിത്രത്തിൽ കൊലപാതകത്തിന് നിയോഗിക്കപ്പെട്ട ആദ്യത്തെ വ്യക്തി

0
112

Dhanesh Damodaran

ആദ്യ രണ്ട് കളികൾ ജയിച്ചിട്ടും മാർട്ടിൻ ക്രോ അന്ന് ആശങ്കാകുലനായിരുന്നു. അയാളുടെ തലയിലൂടെ ചിന്തകൾ ഓടുകയായിരുന്നു .മാസങ്ങൾക്ക് മുമ്പ് താനുണ്ടാക്കിയ ബ്ലൂ പ്രിൻ്റിൽ അവിചാരിതമായ ഒരു മാറ്റം ഉണ്ടാക്കേണ്ട അവസ്ഥ അയാളെ ചിന്താകുലനാക്കി .അടുത്ത മത്സരം അലൻ ഡൊണാൾഡ് ഉൾപ്പെടുന്ന കരുത്തരായ ദക്ഷിണഫ്രിക്കയോടാണ്. ഒരു തോൽവി തൻ്റെയും ടീമിൻ്റേയും ആത്മവിശ്വാസത്തിന് പരിക്കേൽപ്പിക്കുമെന്ന് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു .

Image may contain: 2 people, people playing sport, meme, baseball, text and outdoorതൻറെ ടീമിലെ ഏറ്റവും പരിചയ സമ്പന്നനും കഴിഞ്ഞ മത്സരത്തിൽ 76 പന്തിൽ 57 റൺസ് നേടി നിർണായകമായ സംഭാവനകൾ നൽകിയതുമായ ഓപ്പണർ ജോൺ റൈറ്റിൻ്റെ പരിക്കിന് പകരം ഒരു മറുമരുന്ന് അയാളുടെ കൈയ്യിൽ ഇല്ലാത്ത അവസ്ഥ .പല മുഖങ്ങളിലൂടെ അയാളുടെ മനസ്സ് സഞ്ചരിച്ചു. തിരച്ചിലുകൾക്കൊടുവിൽ അയാളുടെ മനസ്സ് ഒരാളിലുടക്കി.
ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ സീരീസിൽ 0 ,12, 4 ,10 ,5 എന്നിങ്ങനെ 5 മാച്ചിൽ 31 റൺസ് മാത്രം നേടി ദയനീയ പ്രകടനം നടത്തിയ ഒരു മധ്യനിരക്കാരൻ്റേതായിരുന്നു ആ മുഖം. SS ടർബോ ബാറ്റേന്തി നിൽക്കുന്ന മീശക്കാരനിൽ ക്രോ വിശ്വാസമർപ്പിച്ചതോടെ പിന്നീട് സംഭവിച്ചത് ചരിത്രമായിരുന്നു .

ആ ഒരൊറ്റ തീരുമാനം കളിക്കത്തിന്അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു .ആ ലോകകപ്പ് അവസാനിക്കുമ്പോഴേക്കും എസ് എസ് ടർബോ ബാറ്റുകളുടെ വില്പനയിൽ ഗംഭീര കുതിച്ചുചാട്ടം ആണ് ഉണ്ടാക്കിയത്.കളർ ഡ്രസ്സുകൾ ,ഡേ നൈറ്റ് മാച്ചുകൾ ,വെള്ള പന്തുകൾ, 15 ഓവറിലെ ഫീൽഡിംഗ് നിയന്ത്രണങ്ങൾ, സച്ചിൻ ലാറ ഇൻസമാം തുടങ്ങിയ പുത്തൻ താരോദയങ്ങളുടെ ആദ്യ ലോകകപ്പ് .ഓസ്ട്രേലിയയും ന്യൂസിലാൻഡും ക്തമായി ആതിഥേയത്വം വഹിച്ച അഞ്ചാമത്തെ ലോകകപ്പ് എഡിഷൻ എല്ലാംകൊണ്ടും വ്യത്യസ്തമായിരുന്നു .

തൻറെ നാട്ടിൽ നടക്കുന്ന ലോകകപ്പ് ലക്ഷ്യംവെച്ച് കൗശലക്കാരനായ ക്രോ മാസങ്ങൾക്കു മുമ്പേ തന്നെ തന്ത്രങ്ങൾ മെനഞിരുന്നു ആതിഥേയരായ ന്യൂസിലൻഡിന് ചാമ്പ്യൻഷിപ്പിൽ വലിയ സാധ്യതകൾ ആരും കൽപ്പിച്ചിരുന്നില്ല . എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി ഏറ്റവും കൂടുതൽ പോയിൻറ് വരുന്നവർ സെമിയിലെത്തുന്ന രീതി ആയതുകൊണ്ടുതന്നെ നാട്ടിലെ പിച്ച് കണ്ടീഷനും മറ്റു മുഴുവൻ ആനുകൂല്യങ്ങളും മുതലാക്കി 70% കളികളും ജയിച്ചാൽ സെമിയിലെത്താന്നും പിന്നീടുള്ള രണ്ടേ രണ്ടു മാച്ചുകൾ വിജയിച്ചാൽ തങ്ങൾ ലോക ചാമ്പ്യന്മാർ ആകുമെന്ന ബോധം മാർട്ടിൻ ക്രോയെ ഇരുത്തി ചിന്തിപ്പിച്ചു.

പക്ഷെ അതു സംഭവിക്കണമെങ്കിൽ മറ്റു ടീമുകളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലേ പറ്റു എന്ന് മനസ്സിലാക്കിയ ക്രോ യുടെ തലച്ചോറ് ഒരു ബ്ളൂ പ്രിൻ്റിലേക്ക് തിരിഞ്ഞു .ബാറ്റിംഗിൽ ആൻഡ്രൂ ജോൺസ് ,ജോൺ റൈറ്റ്, കെൻ റുതർഫോർഡുമാരുടെ ദൗർബല്യങ്ങൾ മറികടക്കാൻ ടീമിൻ്റെ നട്ടെല്ലാകാൻ ക്രോ സ്വയം തീരുമാനിച്ചപ്പോൾ റോഡ് ലാഥം,വില്ലി വാട്സൺ , ക്രിസ് ഹാരിസ് ,ഗവിൻ ലാർസൺ തുടങ്ങിയ സ്ലോ ബൗളർമാരെ വെച്ച് പിച്ചിന് അനുയോജ്യമായ തന്ത്രം മെനഞ്ഞ് ക്രോ എതിരാളികളെ പൂട്ടാൻ തയ്യാറാക്കി .ഡിബ്ളി – ഡോബ്ളി വിബ്ലി- വോബ്ളി ബൗളിങ്ങിനെ നേരിടാൻ ബാറ്റ്സ്മാൻമാർ വല്ലാതെ ബുദ്ധിമുട്ടി.തൻറെ സ്പിന്നർ ആയ കെനിയൻ വംശജൻ ദീപക് പട്ടേലിനെ ഉപയോഗിച്ച രീതിയായിരുന്നു ലോകത്തെ ഏറ്റവും ഞെട്ടിച്ചത്. ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ ക്രോ സസ്പെൻസ് പുറത്തെടുത്തു . ലോകചാമ്പ്യന്മാരായ ആസ്ട്രേലിയ ന്യൂസിലാൻഡിനെതിരെ ചേസിങ്ങിന് എത്തിയപ്പോൾ ലോകത്തെ ഞെട്ടിച്ചു ഏകദിന ക്രിക്കറ്റിലെ ചരിത്രത്തിലാദ്യമായി ഒരു സ്പിൻ ബൗളർ ന്യൂ ബോൾ എടുക്കുന്നത് കണ്ട നിമിഷങ്ങൾ .

10 ഓവറിൽ വെറും 36 റൺസ് വഴങ്ങി അലൻ ബോർഡറുടെ വിക്കറ്റെടുത്ത ദീപക് പട്ടേൽ മാച്ചിൽ തുടക്കംമുതലേ ആസ്ട്രേലിയയുടെ സമനില തെറ്റിച്ചു. ക്രോ അപ്രതീക്ഷിത നീക്കത്തിൽ പകച്ച ആസ്ട്രേലിയ ന്യൂസിലാൻഡിന് 37 റൺസ് വിജയം സമ്മാനിച്ചപ്പോൾ ആ മത്സരത്തിൽ സെഞ്ച്വറി നേടിയ ക്രോയുടെ എല്ലാ നീക്കങ്ങളും അയാൾ വിചാരിച്ചത് പോലെ തന്നെയായിരുന്നു സംഭവിച്ചത്.

ആ ഒരൊറ്റ മത്സരത്തോടെ ന്യൂസിലൻഡിന് സംഭവിച്ച മാറ്റം അതിശയകരമായിരുന്നു. രണ്ടാം മാച്ചിൽ ലങ്കക്കെതിരെ അനായാസ വിജയം നേടിയ മത്സരത്തിൽ പക്ഷേ ഓപ്പണർ ജോൺ റൈറ്റിന് പരിക്ക് പറ്റിയത് കിവീസിനെ തിരിച്ചടിയായി .ഇരുത്തി ചിന്തിച്ച് ക്രോ യ്ക്ക് മുന്നിലെ ഓപ്ഷൻ മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന തീരെ ഫോമിലല്ലാത്ത ഗ്രേറ്റ് ബാച്ച് മാത്രമായിരുന്നു. ഗ്രേറ്റ് ബാച്ചിനെ ഓപ്പണർ ആക്കുന്നതിനൊപ്പം തന്നെ ക്രോ ഒരു നിഗൂഢത തന്ത്രവും മെനഞ്ഞു .
ക്രോ യും കോച്ച് വാറൻ ലീസും ഗ്രേറ്റ് ബാച്ചിനോട് പറഞ്ഞു.
” Let there be Sixes” .
പിന്നെ ആ ടൂർണ്ണമെൻറിൽ കണ്ടത് ഗ്രേറ്റ് ബാച്ചിൻ്റെ സിക്സർ മഴയായിരുന്നു.
ക്രോ എന്ന ബുദ്ധി രാക്ഷസൻ്റ ആശയം ലോക ക്രിക്കറ്റിൽ ഒരു സ്ഫോടനാത്മകമായ വിപ്ലവത്തിനാണ് വഴിതെളിച്ചത്. പിന്നീടുള്ള കാലങ്ങളിൽ ക്രിക്കറ്റ് ലോകം കണ്ടത് പിഞ്ച് ഹിറ്റർമാരുടെ ഒരു നീണ്ടനിര തന്നെയായിരുന്നു.

ന്യൂസീലൻഡിലെ ചെറിയ ഗ്രൗണ്ടുകളുടെ സവിശേഷത മുതലെടുക്കാനുള്ള ആലോചനകൾ ആണ് പൊതുവേ പ്രതിരോധിച്ചു കളിക്കുന്ന മദ്ധ്യ നിരക്കാരനായ ഗ്രേറ്റ് ബാച്ചിനെ പിഞ്ച് ഹിറ്റർ എന്ന വിശേഷണത്തിലേക്ക് വകഭേദം ചെയ്യിപ്പിച്ചത്. ആദ്യ 15 ഓവറിലെ ഫീൽഡിങ് നിയന്ത്രണത്തെ പരിഹസിച്ച് ആഞ്ഞടിക്കാൻ ഉള്ള സർവ്വ സ്വാതന്ത്ര്യം ക്രോ നൽകിയപ്പോൾ അത് രണ്ട് കൈയും നീട്ടി സ്വീകരിച്ച ഗ്രേറ്റ് ബാച്ച് എതിരാളികളെയും ജനക്കൂട്ടത്തെയും കമൻ്റേറ്റർമാരെയും ഒരു പോലെ അമ്പരപ്പിച്ചു. ഏകദിന ക്രിക്കറ്റിൽ ആദ്യ 15 ഓവർ മുതലെടുക്കാൻ മാത്രമായി ഇറങ്ങിത്തിരിച്ച ആദ്യ മനുഷ്യൻ്റെ ലോകകപ്പിലെ ആദ്യ മത്സരം കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു. അലൻ ഡൊണാൾഡ് ഉൾപ്പെടുന്ന പേസ് ആക്രമണത്തെ തികച്ചും ഒരു സാധാരണ ക്ലബ്ബ് ടീമിനെതിരെ എന്നപോലെയാണ് ഗ്രേറ്റ് ബാച്ച് തോന്നിപ്പിച്ചത്. 60 പന്തിൽ 9 ഫോറുകളും 2 സിക്സറുകളും അടക്കം 113.33 ശരാശരിയിൽ 68 റൺസ് എടുത്തു മിന്നും പ്രകടനം കാഴ്ചവെച്ച ഗ്രേറ്റ് ബാച്ച് തുടക്കംമുതൽ ടീമിന് മേധാവിത്വം നൽകി. സൗത്താഫ്രിക്കയുടെ 190 എന്ന സ്കോർ 34 ഓവറിൽ കിവീസ് മറികടന്നു .

ഏറ്റവും ശ്രദ്ധേയമായത് ഗ്രേറ്റ് ബാച്ച് തൻ്റെ ഓപ്പണിങ് പങ്കാളിയായ റോഡ് ലാതത്തിൽ ചെലുത്തിയ സ്വാധീനം ആയിരുന്നു. 69 പന്തിൽ 60 റൺസ് നേടിയ ലാതമിനോപ്പം ആദ്യ 15 ഓവറിൽ തന്നെ ഗ്രേറ്റ് ബാച്ച് ടീമിനെ 100 കടത്തിയിരുന്നു. ഡൊണാൾഡ്, മാക്മില്ലൻ, സ്നെൽ എന്നിവരെ നേരിട്ട ഗ്രേറ്റ് ബാച്ച് 2 സിക്സറുകൾ പറത്തിയതിന് പുറമെ മറ്റൊരു സിക്സർ പോലും ആ കളിയിൽ സംഭവിച്ചില്ല . കളിയിലെ കേമനും ക്രിക്കറ്റ് ലോകത്തിന് പുതുമ സമ്മാനിച്ച ഗ്രേറ്റ് ബാച്ച് തന്നെയായിരുന്നു. ഡിബ്ളി – വിബ്ളി സഖ്യം വീണ്ടും ബാറ്റ്സ്മാൻമാരെ ബുദ്ധിമുട്ടിച്ചപ്പോൾ ഓപ്പണിങ് പന്തെറിഞ്ഞ പട്ടേൽ 28 റൺസ് മാത്രം വഴങ്ങി ഓപ്പണർ ഹഡ്സൻ്റെ വിക്കറ്റെടുത്തു .ക്രോ യുടെ തന്ത്രങ്ങൾ ടീമിന് സമ്മാനിച്ചത് തുടർച്ചയായ മൂന്നാം വിജയമായിരുന്നു .

ഗ്രേറ്റ് ബാച്ചിൻ്റേത് ഒരു തുടക്കം മാത്രമായിരുന്നു .അടുത്ത മത്സരത്തിൽ സിംബാബ് വെക്കെതിരെ 16 പന്തിൽ 15 റൺസെടുത്ത് പുറത്തായെങ്കിലും തൊട്ടടുത്ത മത്സരത്തിൽ കരുത്തരായ വെസ്റ്റിൻഡീസിനെതിരേ 203 റൺസ് ചേസ് ചെയ്തപ്പോൾ ഗ്രേറ്റ് ബാച്ചിൻ്റെ വെടിക്കെട്ട് വീണ്ടും കണ്ടു .മാൽക്കം മാർഷൽ , ആംബ്രോസ് അടങ്ങുന്ന ബൗളിങ് നിരക്കെതിരെ ആയിരുന്നു ഇത്തവണത്തെ പോരാട്ട വീര്യം .9 ഫോറും 3 സിക്സറുമടക്കം 77 പന്തിൽ 63 റൺസ് .ആ മത്സരത്തിൽ ഗ്രേറ്റ് ബാച്ചിനെ കൂടാതെ ഒരു സിക്സർ നേടിയത് വിൻഡീസ് ഓപ്പണർ ഹെയിൻസ് മാത്രമായിരുന്നു.
വേഗത്തിൻ്റെ പര്യായമായ മാൽക്കം മാർഷലിനെതിരെ എക്സ്ട്രാ കവറിനു മുകളിലൂടെ പറത്തിയ സിക്സർ വേൾഡ് കപ്പിലെ തന്നെ സുവർണ നിമിഷമായിരുന്നു. ആംബ്രോസിൻ്റെ പന്തിൽ മിസ്സ് ഹിറ്റ് ഗാലറിയിലേക്ക് പറന്നപ്പോൾ അംബ്രോസ് ചിരിക്കുകയായിരുന്നു.
“Fortune favours the brave”
ഒരു കമൻ്റേറ്റർ പറയുന്നുണ്ടായിരുന്നു.
81 പന്തിൽ 81 റൺസ് അടിച്ച് മാർട്ടിൻ ക്രോ മുന്നിൽ നിന്ന് നയിച്ച നായകനായപ്പോൾ ന്യൂസിലണ്ട് വിജയങ്ങളുടെ തുടർച്ചയാണ് അവിടെയും കണ്ടത് .ദീപക് പട്ടേൽ ഓപ്പണിങ് പന്തെറിഞ്ഞ് 10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം നൽകിയത് 19 റൺസ് മാത്രമായിരുന്നു കൂടാതെ ഹൂപ്പറിൻ്റെ നിർണായക വിക്കറ്റും. ഡിബ്ലി- വിബ്ലിയു സഖ്യം വീണ്ടും ഫലപ്രദമായി റണ്ണൊഴുക്ക് തടയുകയും ചെയ്തു.

ഗ്രേറ്റ് ബാച്ചിൻ്റെ അടുത്ത വിസ്ഫോടനം ഇന്ത്യയ്ക്കെതിരായ മത്സരത്തിലായിരുന്നു .സച്ചിൻ ടെണ്ടുൽക്കർ 84 റൺസ് നേടി ഇന്ത്യയെ 230 ലെത്തിച്ചപ്പോൾ സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ഇന്ത്യക്കെതിരെ പോലും ക്രോ പട്ടേലിനെ കൊണ്ട് ബൗളിംഗ് ഓപ്പൺ ചെയ്യുകയുണ്ടായി. പട്ടേൽ വഴങ്ങിയത് വെറും 29 റൺസ് നേടിയതാകട്ടെ ശ്രീകാന്തിൻ്റെയും അസ്ഹറുദ്ദീൻ്റേയും വിലയേറിയ വിക്കറ്റുകളും .തുടക്കം മുതൽ തച്ചു തകർത്ത ഗ്രേറ്റ് 73 പന്തിൽ 77 റൺസും നേടി രണ്ടാം വിക്കറ്റായി മടങ്ങുമ്പോഴും സ്കോർ 118 ലെത്തിയിരുന്നു .5 ഫോറുകൾ നേടിയ ഗ്രേറ്റ് ബാച്ച് ഇക്കുറി പന്തിനെ ഗ്യാലറിയിൽ എത്തിച്ചത് 4 തവണ ആയിരുന്നു .ഇത്തവണ ന്യൂസിലൻഡ് നാല് വിക്കറ്റിന് ജയിച്ചപ്പോൾ വീണ്ടും കളിയിലെ കേമൻ ഗ്രേറ്റ് ബച്ച് തന്നെയായി.

ടൂർണമെൻ്റിലെ ഫേവറേറ്റുകളായ ഇംഗ്ലണ്ടിനെതിരെയും ഗ്രേറ്റ് ബാച്ച് തിളങ്ങി . 200 റൺസെടുത്ത ഇംഗ്ലണ്ടിനെതിരെ കിവീസ് 40 ഓവറിൽ ജയിച്ചപ്പോൾ 37 പന്തിൽ ഗ്രേറ്റ് ബാച്ച് 35 റൺസ് നേടി തകർപ്പൻ തുടക്കമാണ് നൽകിയത് .ഒരു സിക്സർ പറപ്പിച്ച ഗ്രേറ്റ് ബാച്ച് മുന്നിൽ നിന്ന് നയിക്കുകയും വീണ്ടും ഡിബ്ലി- വിബ്ലി ബൗളിംഗ് പ്രകടനവും പട്ടേലിൻ്റെ സ്പിൻ ആക്രമണവും കിവീസിനെ വീണ്ടും വിജയവഴിയിൽ തന്നെ എത്തിച്ചു. പത്ത് ഓവറിൽ 26 റൺ മാത്രം വഴങ്ങി ഓപ്പണർമാരായ അലക് സ്റ്റുവർട്ടിനെയും ബോതമിനെയും മടക്കി മികവ് തുടർന്നു .

പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഏഴുവിക്കറ്റിന് തോറ്റപ്പോൾ ന്യൂസിലാൻഡിന് 166 റൺസ് മാത്രമാണ് നേടാനായത് .പക്ഷേ ടോപ് സ്കോറർ 67 പന്തിൽ 42 റൺസ് നേടിയ ഗ്രേറ്റ് ബാച്ച് തന്നെയായിരുന്നു. 5 ഫോർ നേടിയ ഗ്രേറ്റ് ബാച്ച് ഒരു സിക്സറും പറത്തി . 10 ഓവർ എറിഞ്ഞ് രണ്ടു മെയ്ഡനടക്കം 25 റൺസ് മാത്രം വഴങ്ങിയ ദീപക് പട്ടേൽ ഇക്കുറിയും ബാറ്റ്സ്മാൻമാരെ പരീക്ഷിച്ചു . മത്സരത്തിൽ ഒമ്പത് പേരെ പന്തെറിയിപ്പിച്ച് ക്രോ പുതിയ പരീക്ഷണം നടത്തിയെങ്കിലും പാക്ക് വിജയം തടയാനായില്ല. ക്രോയും വിക്കറ്റ് കീപ്പർ ഇയാൻ സ്മിത്തും ഒഴികെ ന്യുസിലണ്ടിൻ്റെ എല്ലാവരും പന്തെറിഞ്ഞു .ഒരു ഓവർ പന്തെറിയാൻ അവസരം കിട്ടിയ ഗ്രേറ്റ് ബാച്ച് 5 റൺസ് വഴങ്ങി .ആ മത്സരത്തിൽ പാകിസ്ഥാൻ 167 റൺസ് വിജയിച്ചപ്പോൾ 119 റൺസും നേടിയത് ഓപ്പൺ റമീസ് രാജ ആയിരുന്നു .44 ഓവർ പിന്നിടുമ്പോഴേക്കും 155 പന്തുകൾ ആണ് റമീസ് രാജ ഫേസ് ചെയ്തത് എന്നത് കൗതുകകരമായ കാര്യം ആയിരുന്നു.

സെമിയിൽ 50 ഓവറിൽ ടൂർണമെൻറ്ലെ മികച്ച സ്കോറായ 262 റൺസ് നേടിയിട്ടും ക്രോയ്ക്കും കിവീസിനും വേദനയോടെ മടങ്ങേണ്ടി വന്നു .അന്ന് വസിം അക്രമിൻ്റെ പന്ത് ബാക്ക് ഫൂട്ടിൽ സ്ക്വയർ കട്ട് ചെയ്ത് പോയൻ്റിനു മുകളിലൂടെ നേടിയ സിക്സർ കണ്ട് ക്രിക്കറ്റ് ലോകം അന്ധാളിച്ചു. 22 പന്തിൽ 17 റൺസെടുത്ത ഗ്രേറ്റ് ബാച്ച് മറ്റൊരു ദുരന്തത്തിലും പങ്കാളിയായി. 83 പന്തിൽ 7 ഫോറും 3 സിക്സറുമടക്കം 91 റൺസ് അടിച്ച് പടനയിച്ച ക്രോ സലിം മാലിക്കിൻ്റെ ത്രോയി റണ്ണൗട്ടാകുമ്പോൾ പരിക്കേറ്റ ക്രോയുടെ റണ്ണർ ഗ്രേറ്റ് ബാച്ച് ആയിരുന്നു .ചേസിങ്ങിൽ ക്യാപ്റ്റൻ ക്രോ മൈതാനത്തില്ലാത്തതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ദീപക് പട്ടേലിൻ്റെ ടൂർണമെൻ്റിലെ ഒരേ ഒരു മോശം പോലും പ്രകടനം . അമീർ സുഹൈലിൻ്റെ വിക്കറ്റെടുത്തുവെങ്കിലും10 ഓവറിൽ 50 റൺസ് പട്ടേൽ വഴങ്ങി .മറ്റൊരു മികച്ച ബൗളർ ക്രിസ് ഹാരിസ് 10 ഓവറിൽ 72 റൺസ് ആണ് വഴങ്ങിയത് .ആറാമനായി ഇറങ്ങി 37 പന്തിൽ 60 റൺസടിച്ച് ഇൻസമാം പട നയിച്ചപ്പോൾ ഓക്‌ലൻഡിൽ ക്രോയും കൂട്ടരും കണ്ണീരൊഴുക്കി .

നഷ്ടം ക്രോയുടേത് മാത്രമല്ല ഗ്രേറ്റ് ബച്ചിൻ്റേത് കൂടിയായിരുന്നു . ടൂർണമെൻ്റിലെ 9 മാച്ചിൽ 44.83 ശരാശരിയിൽ റൺസടിച്ച ഗ്രേറ്റ് ബാച്ചിൻ്റെ പ്രഹരശേഷി 87.5 ആയിരുന്നു. 360 പന്തിൽ 313 റൺസ് നേടിയ ഗ്രേറ്റ് ബാച്ച് ടൂർണമെൻറ്ലെ റൺ വേട്ടക്കാരിൽ പത്താമൻ ആയിരുന്നുവെങ്കിലും ഏറ്റവുമധികം ശ്രദ്ധേയരായ കളിക്കാരിൽ ഏറ്റവും മുന്നിലായിരുന്നു . പ്രഹര ശേഷിയിൽ ഗ്രേറ്റ് ബാച്ച് നായകൻ ക്രോയ്ക്ക് മാത്രമായിരുന്നു പിറകിൽ .റൺവേട്ടയിൽ ആദ്യ 25 പേരിൽ 75 ന് മുകളിൽ പ്രഹരശേഷി പുലർത്തിയത് ഇവർ ഒഴികെ 5 പേർ മാത്രമായിരുന്നു .32 ഫോറുകൾ നേടിയ ഗ്രേറ്റ് ബാച്ച് ഗ്യാലറിയിൽ എത്തിച്ചത് 13 എണ്ണം പറഞ്ഞ സിക്സറുകൾ ആയിരുന്നു .രണ്ടാമനായ മാർട്ടിൻ ക്രോയ്ക്ക് 6 സിക്സറുകൾ മാത്രമാണ് നേടാനായത് .ടൂർണ്ണമെൻറിൽ കളിച്ച മറ്റൊരു താരത്തിന് പോലും അഞ്ചിൽ കൂടുതൽ സിക്സറുകൾ നേടാനായില്ല എന്നത് തന്നെ ഗ്രേറ്റ് ബാച്ച് ടൂർണമെൻ്റിലുണ്ടാക്കിയ പ്രഭാവത്തിൻറെ ഉത്തമ ഉദാഹരണമായിരുന്നു.

ഇതൊക്കെ ആണെങ്കിലും യഥാർത്ഥത്തിൽ ,സ്വാഭാവികമായ ഒരു ആക്രമണ മുഖത്തിന് ഉടമയാണോ ഗ്രേറ്റ് ബാച്ച് എന്ന് ചോദിച്ചാൽ അല്ല എന്നു പറയേണ്ടിവരും .ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ലോ ഇന്നിംഗ്സുകളിൽ ഒന്നിൻ്റെ പേരിലാണ് ഗേറ്റ് വെച്ച് ആദ്യമായി വാർത്തകളിൽ നിറയുന്നത്. 1989 ൽ ആസ്ട്രേലിയക്കെതിരെ വാക്കയിൽ നടന്ന ടെസ്റ്റിൽ അസാമാന്യ പ്രകടനമാണ് ഗ്രേറ്റ് ബാച്ച് കാഴ്ചവച്ചത്. 1986- 87 ൽ ആഭ്യന്തരക്രിക്കറ്റിൽ 45 ലധികം ശരാശരിയിൽ 681 റൺസ് നേടി കിവീസ് ടീമിലെത്തിയ അയാൾ ടെസ്റ്റ് ക്രിക്കറ്റിന് പറ്റി ഒരു താരമായാണ് വളർന്നത് .

7 ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ അയാളുടെ ആവറേജ് 77 ആയിരുന്നു. 1988ൽ ഈഡൻ പാർക്കിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഗ്രേറ്റ് ബാച്ച് ആദ്യ ഇന്നിംഗ്സിൽ അഞ്ചാമനായി ഇറങ്ങി 11 റൺസിന് പുറത്തായെങ്കിലും രണ്ടാമിന്നിംഗ്സിൽ ആ ടെസ്റ്റ് തൻറെത് മാത്രമാക്കി. 325 പന്തിൽ 12 ബൗണ്ടറികൾ സഹിതം പുറത്താകാതെ നേടിയ 107 റൺസ് അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി എന്ന അപൂർവ നേട്ടം കൈവരിക്കുന്നതിന് ഇടയാക്കി . വളരെ അപൂർവ്വം താരങ്ങൾ ന്യുസിലണ്ട് താരങ്ങൾക്ക് മാത്രമാണ് അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി എന്ന നേട്ടമുള്ളത് . രണ്ടാം ടെസ്റ്റിൽ നേടിയ 68 റൺസ് അയാളെ തുടർന്ന് നടക്കുന്ന ഇന്ത്യൻ പര്യത്തിൽ ടീമിൻറെ ഭാഗമാക്കുകയുണ്ടായി .

ആദ്യ ടെസ്റ്റിൽ 14 റൺസിന് പുറത്താക്കുകയും രണ്ടാമിന്നിംഗ്സിൽ അയ്യൂബിനെ പന്തിനെ ജഡ്ജ് ചെയ്യാനാകാതെ മടങ്ങുകയും ചെയ്തതോടെ സ്പിന്നർമാരെ സർവൈവ് ചെയ്യാനുള്ള പുതിയ തന്ത്രം മെനഞ്ഞു അദ്ദേഹം .അവർക്കെതിരെ ആക്രമണം അഴിച്ചുവിട്ട അയാളുടെ ശൈലി വാങ്കഡെയിൽ ഏതാണ്ട് വിജയിച്ചുവെങ്കിലും ശാസ്ത്രിക്കും ഹിർവാനിക്കും മുൻപിൽ വീണു .പക്ഷെ അയാൾ നേടിയ 46 ,31 റൺസുകൾ നിർണായകം തന്നെയായിരുന്നു .

പഠിച്ച പാഠങ്ങൾ മുഴുവൻ അയാൾ ഹൈദരാബാദിലെ മൂന്നാം ടെസ്റ്റിൽ പയറ്റി . പല്ലും നഖവും കൊണ്ടാണ് ഗ്രേറ്റ് ബാച് പോരാടിയത്. ആദ്യദിവസം ന്യൂസിലാൻഡ് 6 വിക്കറ്റിന് 220 ലെത്തിയപ്പോൾ ഗ്രേറ്റ് ബാച്ച് 70 റൺസിനടുത്തായിരുന്നു. രണ്ടാം ദിവസം 30 റൺസ് എടുക്കുന്നതിടെ 4 വിക്കറ്റ് നഷ്ടപ്പെട്ടതോടെ നാലാമനായി ഇറങ്ങിയ ഗ്രേറ്റ് ബാച്ചിന് അർഹിച്ച സെഞ്ചുറി നഷ്ടമായി .244 പന്തുകൾ അതിജീവിച്ച അയാൾ 90 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യ 10 വിക്കറ്റിന് ജയിച്ചു കളിയിൽ പക്ഷെ കീവീസ് ടെസ്റ്റ് ക്രിക്കറ്റിന് പ്രതീക്ഷയായി മാറാൻ ഗ്രേറ്റ് ബാച്ചിന് പറ്റി .ടെസ്റ്റിൻ്റെ അതിജീവന പാഠങ്ങൾ പഠിച്ച് കട്ട് ഷോട്ടുകൾക്ക് മുതിരാതെ സ്ട്രെയിറ്റ് ബാറ്റ് മാത്രം ഉപയോഗിച്ച് ബാറ്റ് ചെയ്യുകയായിരുന്നു ഗ്രേറ്റ് ബാച്ചിൻ്റെ തന്ത്രം .

പാക്കിസ്ഥാനെതിരായ അടുത്ത ടെസ്റ്റിലും തകർപ്പൻ പ്രകടനം ആയിരുന്നു .ആറാമനായി ഇറങ്ങി അബ്ദുൾ കാതറിൻ്റെ പന്തിൽ പുറത്താകുമ്പോഴേക്കും 379 പന്തുകൾ അതിജീവിച്ചു കഴിഞ്ഞിരുന്നു .76 റൺസ് നേടിയ ഗ്രേറ്റ് ബാച്ചിൻ്റെ പ്രകടനം പ്രകടനം 616 എന്ന കൂറ്റൻ സ്കോർ നേടിയിട്ടും പാകിസ്ഥാനെതിരെ സമനില നേടാൻ ന്യൂസിലണ്ടിനെ സഹായിച്ചു. 130 റൺസിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലാൻഡിനെ കരകയറ്റിയ ആ ഇന്നിങ്സിന് 194 പന്തിൽ 78 റൺ നേടിയ മാർട്ടിൻ ക്രോവിൻ്റെ ഇന്നിങ്സിനോളം തന്നെ മൂല്യമുണ്ടായിരുന്നു .

1989 ആസ്ട്രേലിയക്കെതിരെ പെർത്ത് വാക്ക ഗ്രൗണ്ടിൽ നടന്ന അടുത്ത ടെസ്റ്റ് ഗ്രേറ്റ് ബാച്ചിനെ ശരിക്കും” Great ” ആക്കി മാറ്റി . ബാച്ചിൻ്റെ കളിമികവ് തിരിച്ചറിഞ്ഞ ക്യാപ്റ്റൻ അദ്ദേഹത്തെ വൺ ഡൗൺ പൊസിഷനിൽ ആണ് ഇറക്കിയത്. ഒരു പുതിയ പ്രതിഭയുടെ ഉദയം തോന്നിച്ച പ്രകടനമായിരുന്നു മാർക്ക് ഗ്രേറ്റ് ബാച്ച്ൻ്റേത്. ഓപ്പണർ ഡേവിഡ് ബൂണിൻറെ 200ൻ്റേയും ഡീൻ ജോൺസിൻ്റെയും 99ൻ്റേയും ബലത്തിൽ ആസ്ട്രേലിയ 521 റൺസ് അടിച്ചതോടെ ന്യൂസിലാൻഡ് തോൽവി ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. ഹാഡ്ലി ഇല്ലാത്ത ന്യൂസിലണ്ട് 231 റൺസിന് പുറത്തായതോടെ വിധി ഉറപ്പിച്ചതായിരുന്നു. ന്യൂസിലണ്ടിൻ്റെ ടോപ്സ്കോറർ 139 പന്ത് നേരിട്ട് 76 റൺസ് എടുത്ത ഗ്രേറ്റ് ബാച്ച് തന്നെയായിരുന്നു .169 പന്തുകൾ തന്നെ നേരിട്ട ക്യാപ്റ്റൻ ക്രോ 62 റൺസ് നേടിയതൊഴിച്ചാൽ മറ്റാരും തന്നെ കാര്യമായ സംഭാവനകൾ നൽകിയില്ല.

290 റൺ കുടിശ്ശികയുമായി ഫോളോ ഓൺ ഇറങ്ങിയ ന്യൂസിലാൻഡ് തോൽവി ഉറപ്പിച്ച പോലെയായിരുന്നു കാര്യങ്ങൾ നീങ്ങിയത് .11 റൺസെടുക്കുന്നതിനിടെ ഇരു ഓപ്പണർമാർമാരും പവലിയനിലേക്ക് മടങ്ങിയതിനു പിന്നാലെ 30 റൺസ് നേടിയ ക്രോ 79 ൽ നിൽക്കെ പുറത്തായതോടെ കൂടി ടെസ്റ്റിന് ഏതാണ്ട് തീരുമാനമായി . 107ലെത്തിയപ്പോഴേക്കും നാലാമനും പോയെങ്കിലും പിന്നെ കണ്ടത് സമാനതകളില്ലാത്ത ഒരു ചെറുത്തുനിൽപ്പായിരുന്നു. ഗ്രേറ്റ് ബാച്ച് പാറയെ പോലെ ഉറച്ചു നിന്നു .115 പന്തിൽ 49 റൺ നേടിയ ജെഫ് ക്രോ 189 വെച്ച് പുറത്തായി തൊട്ടടുത്ത അതേ സ്കോറിൽ തൊട്ടടുത്ത പന്തിൽ പട്ടേലും പുറത്തായതോടെ കൂടി വീണ്ടും തോൽവി മണത്തു .

ക്രിസ് കെയിൻസിനൊപ്പം ഗ്രേറ്റ് ബാച്ച് വീണ്ടും പട നയിച്ചു . 67 പന്തിൽ 28 റൺസ് നേടികെയിൻസ് മടങ്ങിയെങ്കിലും പിന്നാലെ വന്ന മാർട്ടിൻ സ്നീഡൻ്റത് അത്ഭുതകരമായ ഒരു ചെറുത്തുനിൽപ്പായിരുന്നു .സ്നീഡൻ 142 പന്തുകൾ നേരിട്ട് 33 റൺസുമായി നിന്നപ്പോൾ 234 റൺസിന് 7 വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലൻഡ് ഒടുവിൽ കളി തീരുമ്പോഴേക്കും പിന്നീടൊരു വിക്കറ്റും നഷ്ടപ്പെടാതെ 322 ൽ എത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ അത്ഭുതകരമായ ഒരു അതിജീവനത്തിൻ്റെ പോരാട്ടത്തിൽ ഹീറോ ആയത് 2 ദിവസവും പതിനാലര മണിക്കൂറും 485 പന്തുകളും അതിജീവിച്ച മീശക്കാരൻ ഗ്രേറ്റ് ബാച്ച് ആയിരുന്നു . മെർവ് ഹ്യൂസിനോ ,,ടെറി ആൾഡർമാനോ, ലോസണോ ,റാക്ക്മാനോ ഗ്രേറ്റ് ബാച്ചിനെ അലോസരപ്പെടുത്താൻ പറ്റിയില്ല .

ഗ്രേറ്റ് ബാച്ചിൻ്റെ പ്രകടനം ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് സേവിങ് ഇന്നിങ്സ് ആയി വാഴ്ത്തപ്പെടുന്നു. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പ് ആയ പെർത്തിൽ ആണ് ആ പ്രകടനം നടന്നതെന്നത് ആ ഇന്നിങ്ങ്സിൻ്റെ മാറ്റ് കൂട്ടുന്നു .അന്ന് ഹോട്ടൽ മുറിയിൽ വച്ച് തൻറെ അധികമുള്ള പാൻറ്സ് മറന്നുവച്ച ഗ്രേറ്റ് ബാച്ചിന് മുഷിഞ്ഞ പാൻറ്സിന് പകരം അണിയാൻ കിട്ടാതെ ഒടുവിൽ സഹതാരം ബ്രേസ് വെല്ലിൻ്റ പാകമാകാത്ത പാൻ്റ്സ് ആണ് ഉപയോഗിച്ചത് .കൂട്ടത്തിൽ ശരീരവലിപ്പം കൂടിയത് കൊണ്ടുതന്നെ മറ്റുള്ളവരുടെ ഡ്രസ്സ് പാകമാകാത്ത അവസ്ഥയായിരുന്നു . ബൗളർമാരെക്കാളും തന്നെ അലോസരപ്പെടുത്തിയത് അയഞ്ഞ പാൻ്റ്സ് ആണെന്ന് ബാച്ച് പിന്നീട് പറയുകയുണ്ടായി. ആസ്ട്രേലിയൻ താരങ്ങളുടെ സ്ളെഡ്ജിങ്ങ്,കടുത്ത ക്ഷീണം എല്ലാത്തിനെയും അതിജീവിച്ചായിരുന്നു ഗ്രേറ്റ് ബാച്ചിൻ്റെ പോരാട്ടം.

വൻ പ്രതീക്ഷകൾ സമ്മാനിച്ച ഗ്രേറ്റ് ബാച്ചിന് പക്ഷെ പ്രതീക്ഷകൾ നിലനിർത്താനായില്ല. തുടരെത്തുടരെയുള്ള മോശം പ്രകടനങ്ങൾ 77 എന്ന ശരാശരിയെ 35ലെത്തിച്ചു .92 ലോകകപ്പിനു ശേഷം വീണ്ടും ആത്മവിശ്വാസം നൽകിയപ്പോൾ ഓപ്പണിങ് റോളിലെത്തി സിംബാബ്വേ ക്കെതിരെ 1992 നടന്ന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 87 ഉം രണ്ടാമിന്നിങ്സിൽ 88 നേടി തിരിച്ചുവരവ് പ്രഖ്യാപിച്ച ഗ്രേറ്റ് ബാച്ച് തൊട്ടടുത്ത ടെസ്റ്റിൽ 55 റൺസും നേടി .തൊട്ടടുത്ത ടെസ്റ്റിൽ പാകിസ്ഥാനെതിരെ 317 പന്തിൽ 133 റൺസുമായി തകർത്താടിയപ്പോൾ എതിർപക്ഷത്തെ ബൗളർമാർ വസിം അക്രമും ,വഖാർ യൂനിസും ,മുഷ്താഖ് അഹമ്മദും അക്വിബ് ജാവേദും ആയിരുന്നു .അന്ന് കിവീസ് 264 റൺസിന് പുറത്തായപ്പോൾ മറ്റൊരാൾക്ക് പോലും 43 റൺസിലധികം നേടാൻ കഴിഞ്ഞില്ല .

ഇന്നിങ്സിൻ്റെ പകുതിയിലധികം റൺസും പിറന്നത് ഗ്രേറ്റ് ബാച്ചിൻ്റെ ബാറ്റിൽ നിന്നായിരുന്നു പിറന്നത് . പാകിസ്താൻ 33 റൺസിന് ജയിച്ച മാച്ചിൽ മാരകമായി പന്തെറിഞ്ഞ ആക്രമായിരുന്നു മാൻ ഓഫ് ദ മാച്ച് . 127 റൺസ് ചേസ് ചെയ്യാൻ പറ്റാതെ 93 റൺസിന് കിവീസ് പുറത്തായപ്പോൾ അക്രമും വഖാറും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് വീതം പിഴുതു . പിന്നീടുള്ള 33 ഇന്നിംഗ്സുകളിൽ ബാച്ചിന് നേടാൻ പറ്റിയത് രണ്ട് അർദ്ധസെഞ്ചുറികൾ മാത്രമായിരുന്നു . ഒടുവിൽ 1996 ൽ പാകിസ്ഥാനെതിരെ റാവൽപിണ്ടിയിൽ ബാച്ച് ടെസ്റ്റ്നോട് വിട പറഞ്ഞു. 41 ടെസ്റ്റുകളിലെ 2021 റൺസ് എന്ന കണക്ക് നോക്കിയാൽ ഗ്രേറ്റ് ബാച്ച് തൻ്റെ കഴിവുകളോട് തീരെ നീതി കാണിച്ചില്ലെന്ന് തന്നെ പറയേണ്ടിവരും. പ്രത്യേകിച്ചും കരിയറിൽ ഒരു മികച്ച തുടക്കം കിട്ടിയിട്ടും.Dhanam Cric

1988ൽ തന്നെ ഏകദിന ക്രിക്കറ്റിലും ഇംഗ്ളണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ന്യൂസിലാൻഡ് തോറ്റ കളിയിൽ 48 പന്തിൽ 28 റൺസ് നേടിയാണ് തുടങ്ങിയ ഗ്രേറ്റ് ബാച്ച് മൂന്നാമത്തെ മേച്ചിൽ 74 പന്തിൽ പുറത്താകാതെ 64 റൺസ് നേടി ന്യൂസിലാൻഡിന് 7 വിക്കറ്റ് വിജയം നൽകിയ കളിയിൽ 101 റൺ നേടിയ ജോൺ റൈറ്റിനൊപ്പം 110 റൺസ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു.1988 ൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായ മത്സരങ്ങളിൽ 64 ,പുറത്താകാതെ 84, പുറത്താകാതെ 35 എന്നിങ്ങനെ നേടിയതോടെ ടീമിലെ സ്ഥിരം സാന്നിധ്യമായി .

ഇതിൽ 84 റൺസടിച്ച മാച്ചിൽ 67 പന്ത് നേരിട്ട 8 ഫോറും 2 സിക്സറും പറത്തി വെടിക്കെട്ട് പ്രകടനം നടത്തിയിട്ടും ആ ഇന്നിങ്സ് ശ്രദ്ധിക്കപ്പെടാതെ പോയി .കിവിസ് ഉയർത്തിയ 278 റൺസ് ചെയ്ത ഇന്ത്യ 130 റൺസിന് 5 വിക്കറ്റ് നഷ്ടപെട്ട് പരാജയം തുറിച്ചു നോക്കിയ സമയമായത്ത് വെറും 65 പന്തിൽ 108 റൺസ് നേടി അതിവേഗ സെഞ്ച്വറിയിൽ ലോക റെക്കോർഡ് കുറിച്ച മുഹമ്മദ് അസ്ഹറുദ്ദീൻ അത്ഭുതകരമായ വിജയം സമ്മാനിച്ചതോടെ ഗ്രേറ്റ് ബാച്ചിൻ്റെ ഇന്നിങ്സ് എല്ലാവരും മറന്നു .
ഏകദിന ക്രിക്കറ്റിലെ ഗ്രേറ്റ് ബാച്ചിൻ്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് 1990 ൽ ആയിരുന്നു. ഇംഗ്ലണ്ടിനെതിരെ തുടർച്ചയായ മത്സരങ്ങളിൽ നേടിയ സെഞ്ച്വറികൾ ഗ്രേറ്റ് ബാച്ചിൻ്റെ മികവ് തെളിയിക്കുന്നതായിരുന്നു .ഹെഡിങ്ങ്ലിയിൽ 104 പന്തിൽ പുറത്താകാതെ നേടിയ 102 റൺസും കെൻസിങ് ടൺ ഓവലിൽ 130 പന്തിൽ 111 റൺസും . ആദ്യമാച്ചിൽ 55 ഓവറിൽ 295 എന്ന കൂറ്റൻ ലക്ഷ്യത്തെ നാലാമനായി ഇറങ്ങിയ മാൻ ഓഫ് ദ മാച്ച് ആയ ഗ്രേറ്റ് ബാച്ചിൻ്റെ മികവിൽ കിവീസ് 4 വിക്കറ്റിന് വിജയിക്കുമ്പോൾ ഒരു പന്ത് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

ഓവലിൽ പക്ഷേ ഗ്രേറ്റ് ബാച്ച് 111 റൺസ് അടിച്ചിട്ടും ന്യൂസിലാൻഡിൻ്റെ മറ്റൊരു ബാറ്റ്സ്മാൻ പോലും 25 റൺസ് മറികടക്കാതിരുന്നപ്പോൾ ഓപ്പണർ ഗ്രഹാം ഗൂച്ച് നേടിയ 112 റൺസ് ഇംഗ്ളണ്ടിന് അനായാസ വിജയം നൽകി.പക്ഷെ തൊട്ടടുത്ത ഇംഗ്ളണ്ടിൻ്റെ ന്യൂസിലണ്ട് പര്യടനത്തിൽ പക്ഷേ 5 മച്ചിൽ 31 റൺസ് മാത്രം നേടി ദയനീയ പ്രകടനം കാഴ്ചവെച്ച ഗ്രേറ്റ് ബാച്ചിന് ലോകകപ്പ് സ്ക്വാഡിൽ ഇടം കിട്ടിയെങ്കിലും ആദ്യ രണ്ട് കളികളിൽ അവസരം ലഭിച്ചില്ല .സ്ഥിരം ഓപ്പണർ ജോൺ റൈറ്റിന് പറ്റിയ പരിക്ക് കൊണ്ട് മാത്രം അവസരം കിട്ടിയ ഗ്രേറ്റ് ബാ ച്ചിന് ലോകക്രിക്കറ്റിൽ സവിശേഷ സ്ഥാനം കൂടിയാണ് ലഭിച്ചത് .

92 ലെ മാസ്മരിക പ്രകടനത്തിനുശേഷം തൊട്ടടുത്ത മത്സരത്തിൽ സിംബാബ് വെക്കെതിരെ 11 പന്തിൽ 22 റൺസ് അടിച്ച് നയം വ്യക്തമാക്കിയ ഗ്രേറ്റ് ബാച്ച് അടുത്ത മാച്ചിൽ 55 റൺസടിച്ചു . ഒരു പ്രതിഭാസമായി ഉയർന്നുവെങ്കിലും പിന്നീട് പരാജയം ആകാൻ തുടങ്ങിയ ഗ്രേറ്റ് ബാച്ചിൻ്റെ പ്രഹരശേഷിയിലും ഇടിവ് വരാൻ തുടങ്ങി. ഒടുവിൽ 1996 ൽ പാകിസ്ഥാനെതിരെ കളിച്ചു കരിയറിനോട് വിട പറയുമ്പോൾ ഏകദിന ക്രിക്കറ്റിൽ 2206 റൺസായിരുന്നു സമ്പാദ്യം .പിന്നീട് കോച്ചിംഗ് റോളിലും സെലക്ടർ റോളിലും അദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി .

മറ്റുള്ളവർ 70 സ്ട്രൈക്ക് റേറ്റ് പുലർത്താൻ പാടുപെടുമ്പോൾ 90നടുത്ത് പ്രഹരശേഷി കണ്ടെത്തി എന്നത് തന്നെയായിരുന്നു ആ ലോകകപ്പിൽ ഗ്രേറ്റ് ബാച്ചിനെ വേറിട്ട് നിർത്തിയത്. ഇന്നത്തെ T20 യുഗവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രേറ്റ് ബാച്ച് നടത്തിയത് വലിയൊരു കാര്യമായി തോന്നില്ലെങ്കിലും പുതിയ പന്തിൻ്റെ തിളക്കം ഇല്ലാതാക്കാൻ പരമാവധി പിടിച്ചു നിൽക്കുക എന്ന ഓപ്പണിങ് റോളിന് വേറിട്ട മുഖം നൽകിയത് ഗ്രേറ്റ് ബാച്ച് ”ഷോ” തന്നെയായിരുന്നു .അതിനുമുമ്പ് ഗോർഡൻ ഗ്രീനിഡ്ജും ശ്രീകാന്തും സമാന ശൈലിയിൽ ബാറ്റ് ചെയ്തിരുന്നുവെങ്കിലും അതൊക്കെ സ്വാഭാവിക ശൈലി മാത്രം ആയിരുന്നു. തന്ത്രം ആയിരുന്നില്ല .

ഒന്നാംതരം ഒരു ഫീൽഡ് കൂടിയായിരുന്ന ഗ്രേറ്റ് ബാച്ച് ഒരു മച്ചിൽ മാർക് വോയെ പുറത്താക്കാൻ എടുത്ത ക്യാച്ച് ലോക ക്രിക്കറ്റിലെ സംസാര വിഷയമായിരുന്നു . ഓരോ പന്തിലും റൺ നേടുക എന്ന ഇന്നത്തെ അവസ്ഥ വരുന്നതിനു മുമ്പ് 1960 മുതൽ തുടങ്ങിയ ഏകദിന ക്രിക്കറ്റിൽ പിടിച്ചുനിന്നു വിക്കറ്റ് കയ്യിൽ വച്ച് അവസാനം ആഞ്ഞടിക്കുക എന്ന സ്ഥിരം നയം മാറ്റിമറിച്ചതിൻ്റെ വക്താവായ ഗ്രേറ്റ് ബാച്ചിൻ്റെ പാത പിന്തുടർന്ന് അതേ ലോകകപ്പിൽ ഇംഗ്ലണ്ട് ബോതമിനെ വെച്ച് ചൂതാട്ടം നടത്തിയെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. അന്ന് ബൗളർമാരും ക്യാപ്റ്റൻമാരും ഫീൽഡർമാരും മറുതന്ത്രമില്ലാതെ വിഷമിക്കുന്ന കാഴ്ചയായിരുന്നു ലോകകപ്പിൽ ഉടനീളം കണ്ടത്. ആ ലോകകപ്പിൽ ഒരു കളി പോലും ആ കളിക്കില്ലെന്ന് കരുതിയ ഗ്രേറ്റ് ബാച്ച് ഒടുവിൽ ടൂർണമെൻ്റിലെ തന്നെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറിയത് യക്ഷിക്കഥകളെ വെല്ലുന്ന രീതിയിലുള്ള സംഭവവികാസങ്ങളിലൂടെ ആയിരുന്നു.

അടിസ്ഥാനപരമായി പ്രതിരോധ ബാറ്റിംഗിൻ്റെ വക്താവായ ഒരാൾ പക്ഷേ അറിയപ്പെടുന്നത് ആക്രമണക്രിക്കറ്റിൻ്റെ വക്താവായിട്ടാണ് എന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം .ഒരു പക്ഷേ ന്യുസിലണ്ട് ആ ലോകകപ്പ് ഉയർത്തിയിരുന്നുവെങ്കിൽ ജയസൂര്യ ,കലുവിതരണെ തുടങ്ങി മറ്റു പലരിലൂടെ സഞ്ചരിച്ച് നിൽക്കുന്ന എല്ലാ വിപ്ലവകാരികളും ഗ്രേറ്റ് ബാച്ച് എന്ന മഹാനായ വിപ്ലവകാരിയുടെ താഴെ മാത്രമേ നിലകൊള്ളമായിരുന്നുള്ളൂ. ഒപ്പം പ്രതിസന്ധികളിൽ എന്നും അവസരങ്ങൾ കണ്ടെത്തുന്ന മാർട്ടിൻ ക്രോ എന്ന വീരനായകൻ്റെ തൊപ്പിയിലെ ഒരു പൊൻതൂവൽ കൂടി ആയേനെ അന്ന് ന്യൂസിലാൻഡ് കിരീടം ഉയർത്തിയിരുന്നെങ്കിൽ .