ക്രീസിൽ വൈദ്യുത തരംഗങ്ങൾ തീർത്ത ഇലക്ട്രിക്കൽ എൻജിനീയർ

0
24

Dhanesh Damodaran

“നിങ്ങൾ പറഞ്ഞത് ശരിതന്നെ. കയ്യിൽ വരകളില്ലാത്തതു കൊണ്ട് നിങ്ങൾക്ക് ഒന്നും ഭയപ്പെടേണ്ടതില്ല. ഭയപ്പെടേണ്ടത് നിങ്ങൾക്കെതിരെ എറിയുന്ന ബൗളർമാരാണല്ലോ”

അത്യാവശ്യം ഹസ്ത ശാസ്ത്രം കൂടി അറിയുന്ന കോച്ച് വാസു പരാഞ്ജ്പേ കൈ നോക്കാം എന്നു പറഞ്ഞപ്പോൾ തൻറെ കയ്യിൽ വരകളില്ല എന്ന് തമാശയായി പറഞ്ഞ ശ്രീകാന്തിന് ഒരു എപ്പിക് റിപ്ലൈ ആണ് കോച്ച് നൽകിയത് .പരാഞ്ജ്പെ പറഞ്ഞ തമാശയിൽ പകുതി കാര്യമായിരുന്നു. ശ്രീകാന്ത് ക്രീസിൽ നിൽക്കുമ്പോൾ ഭയം ബൗളർമാർക്ക് ആയിരുന്നു .എത്ര വലിയ ബൗളർ ആയാലും ശ്രീകാന്ത് ക്രീസിൽ നിൽക്കുമ്പോൾ അവരുടെ സുരക്ഷിതത്വ ബോധത്തിൽ വല്ലാത്ത ആശങ്കകളായിരുന്നു ഉടലെടുത്തിരുന്നത്.

K-Srikkanth - CricketAddictorസാമ്പ്രദായിക രീതികളെ തച്ചുടച്ച സമയത്ത് ശ്രീകാന്തിൻ്റെ വഴികളിൽ അയാൾ ഒറ്റക്ക് മാത്രമായിരുന്നു .പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ശ്രീകാന്തിൻ്റെ സ്വാഭാവിക ശൈലിയെ കൗശലക്കാർ ഒരു തന്ത്രമായി രൂപപ്പെടുത്തിയെടുക്കുമ്പോൾ ശ്രീകാന്ത് എന്ന ഹാർഡ് ഹിറ്റർ വീണ്ടും ഓർമ്മിപ്പിക്കപ്പെടുകയായിരുന്നു. കൗശലക്കാർ രൂപപ്പെടുത്തിയെടുത്ത പന്തുകൾ അടിച്ചകറ്റപ്പെടേണ്ടതാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ശ്രീകാന്തിൻ്റെ ഓരോ സ്ട്രോക്കുകളും . 90 കൾക്കു ശേഷം വെടിക്കെട്ട്കാരുടെ കുത്തൊഴുക്ക് നടന്നപ്പോൾ 80 കളിൽ ഒരേ ഒരു ഒറ്റയാൻ ശ്രീകാന്ത് മാത്രമായിരുന്നു.

ഒരു ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീകാന്ത് പിച്ചിൽ ഉള്ള ഓരോ സമയത്തും ഗ്രൗണ്ടിൽ വൈദ്യുത തരംഗങ്ങൾ സൃഷ്ടിക്കപ്പെട്ട പോലെയായിരുന്നു ആ ബാറ്റിംഗ്. ബൗളർമാരിൽ നിരന്തരം സമ്മർദ്ദം സൃഷ്ടിക്കുന്ന ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഓരോ ചലനങ്ങളും. ഇന്ത്യൻ ക്രിക്കറ്റിന് ശ്രീകാന്തിൻ്റെ ഏറ്റവും വലിയ ശ്രീകാന്ത് ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാം ,അത് 1983 ലോകകപ്പ് ഫൈനലിലെ വിലപ്പെട്ട 38 റൺസായിരുന്നു. ഇന്ത്യൻ 183 റൺസ് മാത്രം നേടിയ കളിയിൽ 43 റൺസിന് ജയിച്ചപ്പോൾ ടോപ്പ് സ്കോറായ ശ്രീകാന്തിൻ്റെ 38 റൺസിൻ്റെ മൂല്യത്തിന് വിലയിടാൻ പറ്റുമായിരുന്നില്ല . സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റിലെയും ഏകദിനത്തിലെയും ആദ്യ നായകൻ എന്ന നിലയിലും ശ്രീകാന്ത് ചരിത്ര പുസ്തകത്തിൽ ഇടം നേടി .

കാണികളുടെ ഓമനയായ ശ്രീകാന്തിൽ നിന്ന് ഓരോ പന്തിലും സിക്സറുകൾ ആണ് കാണികൾ പ്രതീക്ഷിച്ചത് .കാണികൾക്ക് വേണ്ടി കളിച്ചത് കൊണ്ട് മാത്രമാകാം കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്ന തൻറെ കരിയറിലെ രണ്ട് ഫോർമാറ്റുകളിലും 29 എന്ന ശരാശരിയിലും താഴ്ന്ന കണക്കുകൾ ശ്രീകാന്ത് എന്ന ഓപ്പണറുടെ പേരിൽ കുറിക്കപ്പെട്ടതും . എക്സ്പ്രസ്സ് വേഗക്കാരായ വിൻഡീസ് പേസർമാർക്കെതിരെയും ഇമ്രാനും അക്രമുമടങ്ങുന്ന ബോളർമാർക്കെതിരെ നേടിയ ഇന്നിങ്സുകൾ ശ്രീകാന്ത് എത്രമാത്രം അപകടകാരിയായിരുന്നു എന്നതിൻ്റെ ഉദാഹരണങ്ങളായിരുന്നു.

103 ഏകദിനത്തിൽ 13 തവണ തൻറെ ഓഫ് ബ്രേക്ക് പരീക്ഷിച്ച ശ്രീകാന്ത് ഏകദിന ക്രിക്കറ്റിൽ രണ്ടുതവണ 5 വിക്കറ്റ് എന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരൻ ആണ് എന്നത് അതിശയകരമായി തോന്നാം .അതിലും വലിയ അത്ഭുതം അതും വെറും 3 ഏകദിന മത്സരങ്ങളുടെ ഇടവേളയിൽ ആയിരുന്നു എന്നതാണ് . മാത്രമല്ല വിശാഖപട്ടണത്ത് ന്യൂസിലാൻഡിനെതിരെ 5 വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ശ്രീകാന്ത് 196 ചേസ് ചെയ്യാൻ ഇറങ്ങി 70 റൺസ് അടിച്ചപ്പോൾ ഒരു മാച്ചിൽ അർധ സെഞ്ചുറിയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ച ആദ്യത്തെ ഇന്ത്യക്കാരൻ എന്ന നിലയിലും ശ്രീകാന്ത് ചരിത്രത്താളുകളിൽ തൻ്റെ പേര് എഴുതി കുറിച്ചു . 1989 ൽ വെങ്ങ്സർക്കർക്ക് പകരം ഇന്ത്യൻ നായകൻ ആയ ശ്രീകാന്ത് പാക് പര്യടനത്തിൽ ഇമ്രാൻ ,അക്രം ,യൂനിസ് മാർ ഉൾപ്പെട്ട കരുത്തരായ ടീമിനെ 4 ടെസ്റ്റ് പരമ്പരയിൽ സമനിലയിൽ തളച്ചു .

ഗവസ്കർകൊപ്പം ഓപ്പണിങ് ഇറങ്ങിയ ശ്രീകാന്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ജോഡി കൂടി ആയിരുന്നു .ഒരു വശത്ത് ഗാവസ്കർ എന്ന പ്രതിരോധക്കാരനും മറുവശത്ത് ശ്രീകാന്ത് എന്ന ആക്രമണകാരികാരിയും അണി നിരന്ന വൈരുദ്ധ്യാത്മകത ഇന്ത്യക്ക് മികച്ച കുറെ വിജയങ്ങൾ സമ്മാനിക്കുകയുണ്ടായി. 1985 ൽ ഒരു ഏകദിനത്തിൽ 117 അടിച്ച മത്സരത്തിൽ 85 റൺസും ശ്രീകാന്ത് നേടിയത് സട്രെയിറ്റ് ഡ്രൈവിലൂടെ ആയിരുന്നു .റെക്കോർഡുകളുടെ മുടിചൂടാമന്നനായ ഗവസ്കറിന് ഏറ്റവും വലിയ ആഗ്രഹമായിന്നു ഒരു മത്സരത്തിലെങ്കിലും ശ്രീകാന്തിനെക്കാൾ വേഗത്തിൽ ഒരു അർധസെഞ്ച്വറി നേടുകയെന്നത് . മദ്രാസ് ടെസ്റ്റിൽ ഏതാണ്ട് ആ ആഗ്രഹം ഏതാണ്ട് സഫലീകരിച്ചതായിരുന്നു.

ഗാവസ്കർ 30 നിൽക്കുമ്പോൾ ശ്രീകാന്ത് നേടിയത് വെറും 6 മാത്രമായിരുന്നു എന്നാൽ പിന്നീട് കണ്ടത് ശ്രീകാന്തിനെ വിളയാട്ടമായിരുന്നു. ഇമ്രാൻ ഖാൻ്റെ രണ്ടാമത്തെ പന്ത് സ്ക്വയർ ലെഗിലുടെ ബൗണ്ടറി കടത്തി. അടുത്ത പന്ത് മിഡ് വിക്കറ്റിലൂടെ ക്രിക്കറ്റിലൂടെ ഫോർ. ഷോട്ട് ഓഫ് ലെംഗ്ത്ത് എറിഞ്ഞ നാലാമത്തെ പന്ത് ശ്രീകാന്ത് ഗാലറിയിലേക്ക് പറഞ്ഞി .കാണികൾ ശ്രീകാന്തിൻ്റെ പേര് പറഞ്ഞ് ആർത്തു വിളിക്കുകയായിരുന്നു .

നിർത്തിയില്ല, അടുത്ത ഓവറിൽ അക്കാലത്തെ ഏറ്റവും മികച്ച സ്പിന്നർ അബ്ദുൽഖാദറിനെ മൂന്ന് ഫോറുകൾക്ക് ശിക്ഷിച്ച ശ്രീകാന്ത് വെറും ഏഴ് പന്തുകൾക്കിടെ 16 ൽ നിന്നും 43 ലെത്തി .വെറും 149 പന്തിൽ 18 ഫോറുകളും 1 സിക്സറും അടക്കം 123 റൺസ് അടിച്ചു കൂട്ടിയപ്പോൾ ശ്രീകാന്ത് അർധ സെഞ്ചുറിയിലെത്തു മ്പോൾ ഗാവസ്കർ 40 കളിലായിരുന്നു . അതേ പരമ്പരയിൽ ഏകദിനത്തിൽ 103 പന്തിൽ 123 അടിച്ച ശ്രീകാന്ത് 14 ഫോറുകളും ഒരു സിക്സറുമാണ് പറത്തിയത് . Dhanam Cric
ആസ്ട്രേലിയൻ ടൂറിൽ ഗവാസ്കറിന് സമാനമായ അനുഭവമുണ്ടായി .ഗാവസ്കർ 27 ൽ നിൽക്കുമ്പോൾ ശ്രീകാന്ത് 26 റൺസിലായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശ്രീകാന്ത് 72 ലെത്തി . ഗാവസ്കർ അപ്പോഴും 27 ൽ തന്നെയായിരുന്നു .അതിൽ 22 റൺസും പിറന്നത് പിറന്നത് ഒരു ഓവറിൽ ആയിരുന്നു. 4,6 ,4, 4 ,4. 117 പന്തിലാണ് ശ്രീകാന്ത് അന്ന് സെഞ്ച്വറി പിറന്നത്. ശ്രീകാന്ത് എന്നും തിരക
വ്യക്തി ജീവിതത്തിലും പഠനത്തിലും ശ്രീകാന്ത് തിരക്കു പിടിക്കുന്നതിലും റിസ്ക്കുകൾ എടുക്കുന്നതിലും താൽപര്യപ്പെടുന്ന ഒരു മനുഷ്യനായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു .

” For my examinations If there were 20 topics ,l would gamble & study only 15 of them”
സ്കൂൾ കാലഘട്ടത്തിൽ 100 മീറ്ററിലും ലോംഗ്ജമ്പിലും ട്രിപ്പിൾ ജംപിലുമൊക്കെ ചാമ്പ്യനായ ശ്രീകാന്ത് ഒരു സ്വാഭാവിക അത് ലറ്റ് തന്നെയായിരുന്നു .ശ്രീകാന്ത് മാരക ഫോമിൽ ബാറ്റ് ചെയ്യുമ്പോൾ ഇടിയും മിന്നലും പോലുള്ള പ്രതീതിയാണുണ്ടായിരുന്നെത് ബിഷൻ സിംഗ് ബേദി പറഞ്ഞതിൽ നിന്ന് മാത്രം മനസ്സിലാക്കാം ശ്രീകാന്ത് എന്ന ബാറ്റ്സ്മാൻ ആ കാലഘട്ടത്തിൽ എന്തായിരുന്നുവെന്ന്. വിരമിക്കുമ്പോൾ ശ്രീകാന്തിൻ്റെ പേരിലായിരുന്നു ഏകദിന ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവുമധികം റൺസിൻ്റേയും സെഞ്ചുറികളുടേയും റെക്കോർഡ് .ശ്രീകാന്തിൻ്റെ അപ്രവചനീയ ബാറ്റിങ്ങിനെ ഗാവസ്കർ വിശേഷിപ്പിച്ചത് വളരെ രസകരമാണ് .
” Some of his Shots were probably not in the book even before B.C ”

ഒരുകാലത്ത് ബ്രൂട്ടൽ ഹീറ്റിംഗിൻ്റെ പര്യായമായ ആ ഒറ്റയാൻ്റെ രീതികളാണ് ഇന്നും ആധുനിക ക്രിക്കറ്റിൽ ഏവരും ഇഷ്ടപ്പെടുന്നതും അത് പലരും ഒരു തന്ത്രമായി മാറ്റിയെടുത്തു എന്നതു തന്നെയാണ് ശ്രീകാന്തിനെ പ്രസക്തിയും . ഇന്നത്തെ T 20 യുഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദിന ക്രിക്കറ്റിലെ ശ്രീകാന്തിൻ്റെ 71 എന്ന പ്രഹരശേഷിയിൽ വലിയ അത്ഭുതം ഇല്ലായിരിക്കാം .പക്ഷേ ആ കാലഘട്ടത്തിൽ ഒരു ബാറ്റ്സ്മാന് സ്വപ്നം പോലും കാണാൻ പറ്റാത്തത്രയും മാരകമായിരുന്നു ആ തമിഴ് നാട്ടുകാരൻ്റെ വിസ്ഫോടനശേഷി .

ഡിസംബർ 21, കൃഷ്ണമാചാരി ശ്രീകാന്തിൻ്റെ ജന്മദിനം .