10-8-3-4 ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച, ഒരു സാധാരണക്കാരന്റെ ബൗളിംഗ് പ്രകടനം, ഇനിയൊരിക്കലും അത് സംഭവിക്കില്ല

40

Dhanesh Damodaran

സാധാരണക്കാരിൽ സാധാരണക്കാരന്റെ അസാധാരണങ്ങളിൽ അസാധാരണമായ പ്രകടനം

143 ഏകദിന മാച്ചുകളിൽ നിന്നും 83 വിക്കറ്റുകൾ മാത്രം നേടിയ ഒരു കളിക്കാരൻ ,പ്രത്യേകിച്ച് ഒരു പാർട്- ടൈം ബൗളറായ ,ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രം ടീം കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഒരു ടോപ് ഓർഡർ ബാറ്റ്സ്മാൻ എത്രയൊക്കെ നന്നായി പന്തെറിഞ്ഞാലും അയാളുടെ നേട്ടത്തിന് ഒരു പരിധിയൊക്കൊ ഉണ്ടാകും. ബാറ്റ് കൊണ്ട് അയാൾക്ക് ചിലപ്പോ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റുമെങ്കിലും .
എന്നാൽ 1992 ഡിസംബർ 17ന് സിഡ്നിയിൽ വെച്ച് നടന്ന ബെൻസൺ & ഹെഡ്ജസ് ടൂർണെമെന്റിൽ നടന്ന പാകിസ്ഥാനും വിൻഡീസും തമ്മിൽ നടന്ന ഒരു മത്സരത്തിൽ ഇദ്ദേഹം നടത്തിയ സവിശേഷ പ്രകടനം ക്രിക്കറ്റ് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു .ഒരു പക്ഷെ ഒരിക്കലും ആവർത്തിക്കാൻ സാധ്യതയില്ലാത്ത ഒരു പ്രകടനം .

ടൂർണമെന്റിലെ 8 മത്തേതായിരുന്നു ആ മത്സരം . ആസ്ട്രേലിയ കുടി ഉൾപ്പെട്ട ആ ത്രിരാഷ്ട്ര സീരീസിൽ ഇരു ടീമുകളും ഫൈനൽ ബർത്തിന് വേണ്ടി ആഞ്ഞു ശ്രമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 214 എന്ന ചെറിയ സ്കോറിലൊതുങ്ങി. അക്കാലത്ത് ഒരു മത്സരത്തിൽ മിക്കവാറും 4 ൽ താഴെ മാത്രം എക്കണോമിയിൽ പന്തെറിയുന്ന വസീമിന്റെയും വഖാറിന്റെയും തീ തുപ്പുന്ന പന്തുകളിൽ എതിരാളികൾ ഇതുപോലെ ചുരുങ്ങിയ സ്കോറുകളിൽ ഒതുങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയാണ് .തന്റെ കരിയറിന്റെ അവസാന നാളുകളിലെത്തിയ അക്കാലത്തെ ഏറ്റവും തികച്ച ഏകദിന ബാറ്റ്സ്മാൻ ഡെസ്മണ്ട് ഹെയിൻസിന്റെ 4 റൺ മാത്രം അകലത്തിൽ നഷ്ടപ്പെട്ട സെഞ്ചുറി പ്രകടനം ഒഴിച്ചു നിർത്തിയാൽ പറയാൻ മാത്രം ഒന്നുമില്ലായിരുന്നു വിൻഡീസ് ഇന്നിങ്ങ്സിൽ .10 ഓവറിൽ 29 റൺ മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ വഖാർ ആയിരുന്നു വെസ്റ്റ് ഇൻഡീസ് നാശം വിതച്ചവരിൽ പ്രധാനി.

215 എന്ന ടാർഗറ്റ് ലക്ഷ്യമിട്ട പാകിസ്ഥാൻ വളരെ എളുപ്പത്തിൽ ജയിക്കുമെന്നണ് കരുതപ്പെട്ടത്.പ്രത്യേകിച്ച് ലോക ചാംപ്യൻമാരുടെ ബാറ്റിങ്ങ് വലുപ്പം നോക്കുമ്പോൾ. പാട്രിക് പാറ്റേഴ്സന്റെ ആദ്യ ഓവറിൽ തന്നെ ആദ്യ വെടി പൊട്ടി.ഒപ്പണർ റമീസ് രാജ പുറതായപ്പോൾ വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ ഒരു സൂചനയാണെന്ന് ആരും കരുതിയില്ല. രണ്ടാമത്തെ ഓവർ സ്വാഭാവികമായും കാർട്ലി ആംബ്രോസ് എറിയും എന്ന് കരുതിയവരെ ഞെട്ടിച്ച് നായകൻ റിച്ചി റിച്ചർഡ്സൺ പന്ത് നൽകിയത് തന്റെ കരിയറിൽ പറയത്തക്ക വിധത്തിലുള്ള യാതൊരു വിധം ബൗളിങ് പ്രകടനത്തിന്റെ പേരിലും അറിയപ്പെടാത്ത ,വൺ ഡൗൺ ബാറ്റ്സമാൻ കുടി ആയ ഫിൽ സിമ്മൺസ് എന്ന 90 കളിലെ ഹാർഡ് ഹിറ്ററെ ആയിരുന്നു.

ആദ്യ വിക്കറ്റ് നഷ്ടമായ സമ്മർദ്ദത്തിൽ കളിച്ച പാക്കിസ്ഥാൻ ഇന്നിങ്സിൽ സുനാമി വീശിയടിച്ചത് വളരെ പെട്ടെന്നായിരുന്നു. വെറും 10 റൺസിനിടെ വീണത് 4 വിക്കറ്റുകൾ .റമീസിന് പിന്നാലെ ആസിഫ് മുജ്താബ്., അമീർ സൊഹൈൽ, സലീം മാലിക് എന്നിവർക്ക് പിറകെ സ്കോർ 14 ലെത്തിയപ്പോൾ കപ്പിത്താൻ ജാവേദ് മിയാൻദാദ് കൂടി അഞ്ചാമനായി മടങ്ങിയതോടെ പാകിസ്ഥാൻ നിലയില്ലാ കയത്തിലായി.5 ൽ 4 വിക്കറ്റും വീഴ്ത്തിയത് സിമ്മൺസ് തന്നെയായിരുന്നു.

ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിൽ പുറത്താകുമെന്ന ഭീഷണി ഉയർന്നതോടെ ടെസ്റ്റിനേക്കാൾ പ്രതിരോധിച്ചാണ് പാകിസ്ഥാൻ പിന്നീട് കളിച്ചത് .സ്വതവേ വേഗത്തിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ റഷീദ് ലത്തീഫ് 8 റൺസെടുക്കാൻ നേരിട്ടത് 72 പന്ത് ആയിരുന്നുവെന്നത് മാത്രം പറയും അവരുടെ ദയനീവാസ്ഥ. അതു മുതലാക്കി തന്ത്ര പരമായ ബൗളിങ്ങായിരുന്നു സി മൺസിന്റേത് .ഒരു റണ്ണിന് പോലും ശ്രമിക്കാതെ പ്രതിരോധം മാത്രം ലക്ഷ്യമിട്ടപ്പോൾ സിമ്മൺസ് എറിഞ്ഞത് മെയ്ഡൻ ഓവറുകളുടെ പരമ്പരമായിരുന്നു.

തന്റെ 10 ഓവറുകൾ തുടരെ തുടരെ എറിഞ്ഞ് സിമ്മൺസ് കണ്ണടച്ച് തുറക്കും മുൻപെ ഓവറുകൾ തീർത്തു.48 ഓവറിൽ 81 റൺസിന് എല്ലാവരും പുറത്തായപ്പോൾ പാകിസ്ഥാന്റെ റൺറേറ്റ് 2 ലും താഴെ (1.68) ആയിരുന്നു. മത്സരം കഴിഞ്ഞപ്പോൾ സിമൺ സിനന്റെ ബൗളിംഗ് ഫിഗർ കണ്ടപ്പോൾ സ്വന്തം ടീമും എതിർ ടീമും കാണികളും ക്രിക്കറ്റ് പ്രേമികളും ഒടുവിൽ സിമൺസ് തന്നെയും വിശ്വസിക്കാനാകാതെ തലയിൽ കൈ വെച്ചു പോയി
0.30 ഇക്കണോമിയിൽ
10-8-3-4
35 റൺസിന് 7 വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ രണ്ടക്കം കണ്ടത് 47 പന്തിൽ 17 റൺ നേടിയ ഇൻസമാം മാത്രമായിരുന്നു .3 പേർ പുജ്യമാരായി.50 റൺ പോലും തികക്കില്ല എന്ന് കരുതിയ പാകിസ്ഥാനെ വാലറ്റക്കാരായ വഖാറിന്റെ 17 റൺസും മുഷ്താഖിന്റെ 15 റൺസും ആയിരുന്നു വൻ നാണക്കേടിൽ നിന്നും കരകയറ്റിയത്.പാക് ഇന്നിങ്സിൽ ആകെ ഉണ്ടായിരുന്നത് 2 ബൗണ്ടറികൾ മാത്രമായിരുന്നു എന്നത് മറ്റാരു കൗതുകം.

മറ്റൊരു രസകരമായ ,അത്ഭുതപ്പെടുത്തുന്ന പ്രത്യേകത കുടി വിൻസീസ് ബൗളർമാരുടെ പ്രകടനത്തിനുണ്ടായിരുന്നു. സിമ്മൺസിനെ കൂടാതെ ആംബ്രോസ് (10 – 4 – 19-0) ,പാറ്റേഴ്സൺ (9-2-19-2 ) ,കെന്നത്ത് ബെഞ്ചമിൻ (9-1-28-2 ) ,സ്പിന്നർമാരായ ഹൂപ്പർ (6-2-10 -1 ), തന്റെ ആദ്യ ഏകദിനം കളിച്ച ജിമ്മി ആദംസ് (4-2-2-1) എന്നിങ്ങനെ ആയിരുന്നു മറ്റു ബൗളർമാരുടെ അനാലിസിസ് .അതായത് എറിഞ്ഞ 6 ബൗളർമാരിൽ ഒരാൾ പോലും 3 .11 ലധികം റൺ വഴങ്ങിയില്ല എന്ന അപൂർവ സവിശേഷത .

ഏകദിന ക്രിക്കറ്റിന്റ ചരിത്രത്തിലെ 782 മം മത്സരത്തിൽ സിമ്മൺസ് നടത്തിയ റെക്കോർഡ് പ്രകടനത്തിന് വർഷം 28 കഴിഞ്ഞിട്ടും അടുത്തെത്താൻ പോലും മറ്റുള്ളവർക്ക് കഴിഞ്ഞിട്ടില്ല. ഇനി ഒരിക്കലും തകരാനും പോന്നില്ല. ദിവസം കഴിയും തോറും ബാറ്റ്സ്മാൻമാരുടെ ഗെയിം ആയി മാറുന്ന ക്രിക്കറ്റിൽ മറ്റേതൊരു റെക്കോർഡ് തകർന്നാലും തകരാൻ സാധ്യതയില്ലാത്ത പ്രകടനം .10 ഓവറെങ്കിലും ബൗൾ ചെയ്തവരിൽ 1975 ലെ ആദ്യ ലോകകപ്പിൽ ഹെഡിങ് ലിയിൽ ഇന്ത്യൻ സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി സ്ഥാപിച്ച 12-8-6-1 എന്ന നേട്ടത്തെയാണ് സിമ്മൺസ് മറി കടന്നത്.

ചില പ്രകടനങ്ങൾ അങ്ങനെയാണ്. ലോകത്തെ ഏറ്റവും മികച്ച ബൗളർമാർക്കു പോലും സാധിക്കാത്ത അത്ഭുത പ്രകടനങ്ങൾ പാർട് ടൈം ബൗളർമാരിൽ നിന്നും ,അല്ലെങ്കിൽ സാധാരണ ബൗളർമാരിൽ നിന്നും ഉണ്ടാകാറുള്ള ഒരു പാട് ഉദാഹരണങ്ങൾ ലോകക്രികറ്റിന്റെ ചരിത്ര പുസ്തകത്തിൽ കാണാം. അത്തരം പ്രകടനങ്ങളുടെ ” എവറസ്റ്റ് കൊടുമുടി ” എന്ന് വിശേഷിപ്പിക്കാം ഫിൽ സിമ്മൺസിന്റെ പ്രകടനത്തെ ..
ചരിത്ര പ്രകടനം സംഭവിച്ചിട്ട് ഇന്നേക്ക് 28 വർഷം .