പരാജിതന്റെ മറക്കാനാകാത്ത സെഞ്ചുറി

0
154

Dhanesh Damodaran

പരാജിതന്റെ മറക്കാനാകാത്ത സെഞ്ചുറി

2006 മാർച്ച് 14 ന് വാണ്ടറേഴ്സിൽ ആസ്ട്രേലിയയെ പിന്തുടർന്ന് 438 ലെത്തി ക്രിക്കറ്റിലെ ലോകാത്ഭുതം സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക ചരിത്രം സൃഷ്ടിച്ചപ്പോൾ അതിലെ വീരനായകൻ 175 റൺസെടുത്ത ഹെർഷൽ ഗിബ്സ് ആയിരുന്നു .ക്രിക്കറ്റ് ഉള്ളിടത്തോളം ഗിബ്സിന്റെ വീരഗാഥ വാഴ്ത്തപ്പെടും .എന്നാൽ അന്ന് ദക്ഷിണാഫ്രിക്ക ഒന്നോ രണ്ടോ റൺസിന് തോറ്റിരുന്നെങ്കിൽ ഗിബ്സിന്റെ ഇന്നിങ്ങ്സിന്റെ വിലയെന്താകുമായിരുന്നു എന്ന് ആരും ഓർത്തു കാണില്ല .യാതൊരു സംശയവുമില്ല ,സച്ചിന്റെ ആസ്ട്രേലിയക്കെതിരായ 175 റൺസിന്റെ ഒറ്റയാൾ പട്ടാളം പോലെ വാഴ്ത്തപ്പെടാതെ പോകുമായിരുന്നു ആ ഇതിഹാസ ഇന്നിങ്സും .

അതെ .ലോകം എപ്പോഴും വിജയികളുടെ കൂടെയാണ് .വിജയിച്ചവന്റെ ഇന്നിങ്ങ്സ് വാഴ്ത്താനേ ചരിത്രത്തിന് താൽപര്യമുള്ളൂ .പരാജിതന്റെ ഇന്നിങ്സിനെ ആ ഒരു ദിവസം മാത്രമേ ചരിത്രം ഓർക്കൂ .അങ്ങനെ വിസ്മരിക്കപ്പെട്ട എത്രയോ പ്രകടനങ്ങൾ കാണാം .
1996 ലോകകപ്പിൽ ഒരു മാർച്ച് 11 ന് ചെന്നൈ ചെപ്പോക്കിൽ ആസ്ട്രേലിയ X ന്യൂസിലണ്ട് രാത്രി പകൽക്വാർട്ടർ ഫൈനൽ മത്സരത്തിൽ അത്തരമൊരു ഇന്നിങ്സ് സംഭവിച്ചു .ദൗർഭാഗ്യകരമെന്ന് പറയട്ടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഇന്നിങ്സ് കാഴ്ച വെച്ചിട്ടും കരിയറിൽ തന്റെ ഒരേയൊരു സെഞ്ചുറി പാഴായി പോകുന്നത് നോക്കി നിൽക്കാനായിരുന്നു ആ ദൗർഭാഗ്യവാന്റെ വിധി .

Former Black Cap Chris Harris, 45, top scores in Christchurch club cricket  | Stuff.co.nzടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആ മത്സരത്തിൽ കരുത്തരായ ബാറ്റിങ് പടയും റീഫൽ ,മക്ഗ്രാത്ത് ,ഫ്ലെമിങ് ,ഷെയ്ൻ വോൺ ഉൾപ്പെട്ട ബൗളിങ് നിരയേയും അതിജീവിച്ച് സെമി ഫൈനലിൽ കടക്കാൻ ന്യൂസിലണ്ടിന് യാതൊരു സാധ്യതയും ക്രിക്കറ്റ് വിദഗ്ധൻമാർ കല്പിച്ചിരുന്നില്ല .കിവീസിന്റെ മുഴുവൻ പ്രതീക്ഷയുമായ നാതൻ ആസ്റ്റ്ലെ സ്കോർ 15 ലെത്തിയപ്പോൾ പുറത്തായതിനു പിന്നാലെ സ്പിയർമാനും അവരുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ സ്റ്റീഫൻ ഫ്ളെമിങ്ങും മടങ്ങിയതോടെ ന്യുസിലണ്ടിന്റെ പോരാട്ടം അവസാനിച്ചു എന്നുറപ്പിച്ചതായിരുന്നു .

അന്ന് പതിവിന് വിപരീതമായി വലിയ ബാറ്റിങ്ങ് മികവൊന്നും അവകാശപ്പെടാൻ ഇല്ലാത്ത വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ലീ ജർമൻ വൺ ഡൗൺ പൊസിഷനിലായിരുന്നു ഇറങ്ങിയത് .ക്യാപ്റ്റനൊപ്പം ഓൾറൗണ്ടർ ക്രിസ് ഹാരിസ് ഒത്തു ചേർന്നതോടെ കളിയുടെ ഗതി മാറി .ഇരുവരും തകർച്ചടിച്ചതോടെ സ്കോർ ബോർഡിൽ റണ്ണൊഴുകൻ തുടങ്ങി.അപാര ടൈമിംഗ് പ്രദർശിപ്പിച്ച ഹാരിസ് പുൾ ഷോട്ടുകളും സ്വീപ് ഷോട്ടുകളുമായി കളം നിറഞ്ഞു .4 മം വിക്കറ്റിൽ പാളയത്തിലേക്ക് പട നയിച്ച ഇരുവരും 15 ഓവറിൽ 100 കടത്തി. ബൗളർമാർ ഗതി കിട്ടാതെ അലഞ്ഞു .33 ഓവറിൽ സ്കോർ 200 കടന്നതോടെ ന്യൂസിലണ്ട് 300 കടക്കും എന്നുറപ്പിച്ചു .

മനോഹരമായി കളിച്ച ലീ ജർമൻ 96 പന്തിൽ 89 റണ്ണടിച്ച് പുറത്താകുമ്പോൾ സ്കോർ 212 .അതിനകം ജർമനും ഹാരിസും കൂട്ടിച്ചേർത്തത് 162 പന്തിൽ 168 .പിന്നാലെ റോജർ ട്വോസും പറോറിയും പുറത്തായെങ്കിലും ഹാരിസ് പോരാട്ടം തുടരുന്നു .38.4 ഓവറിൽ സ്കോർ 226 ൽ നിൽക്കെ ഹാരിസ് 96 പന്തിൽ 100 തികച്ച് ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ സെഞ്ചുറി അടിച്ച ആദ്യ ന്യൂസിലണ്ടുകാരനായി .ഒടുവിൽ 48.5 മം ഓവറിൽ പുറത്താകുമ്പോൾ ഹാരിസ് നേടിയത് 124 പന്തിൽ 130 റൺസ് .

സമാനതകളില്ലാത്ത ഹാരിസിൻ്റെ പ്രകടനത്തെ 13 ഫോറുകളും 4 സിക്സറുകളും അലങ്കരിച്ചു .ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഇന്നിങ്സ് കളിച്ച ഹാരിസ് ന്യുസിലണ്ടിന് നേടിക്കൊടുത്തത് 286 റൺസ് എന്ന വിജയം ഉറപ്പിച്ച ഒരു സ്കോർ .മറുപടി ബാറ്റിങ്ങിൽ സ്കോർ 19 ൽ വെച്ച് നായകൻ ടെയ്ലറെയും 84 ൽ വെച്ച് യുവ വാഗ്ദാനം റിക്കി പോണ്ടിങ്ങിനെയും നഷ്ടപ്പെട്ടതോടെ ഓസീസ് പരാജയത്തിലേക്കെന്നു തോന്നിച്ചു.സ്കോറിങിന് വേഗം കൂട്ടാൻ അപ്രതീക്ഷിത നീക്കത്തിലൂടെ എത്തിയ ഷെയ്‌ൻ വോണിൻ്റെ 14 പന്തിൽ നേടിയ 24 റൺ നിർണായകമായി .ടൂർണമെൻ്റ്ൽ അസാധ്യ ഫോമിൽ ഉണ്ടായിരുന്ന മാർക് വോ ഒരറ്റത്ത് പിടിച്ചു നിന്നതോടെ ഓസീസ് ലക്ഷ്യത്തിലേക്ക് മുന്നേറി.

112 പന്തിൽ 6 ഫോറുകളും 2 സിക്സറുകളും പറത്തി 110 റൺസടിച്ച് ഒരു ലോകകപ്പിൽ 3 സെഞ്ചുറികൾ എന്ന റെക്കോർഡ് സൃഷ്ടിച്ച് മാർക് വോ മടങ്ങുമ്പോൾ സ്കോർ 213/4 .മാർക്കിൻ്റെ ഇരട്ട സഹോദരൻ സ്റ്റീവ് വോ 59 ഉം സ്റ്റുവർട്ട് ലോ 42 ഉം റണ്ണടിച്ച് പുറത്താകാതെ നിന്നതോടെ 47.5 ഓവറിൽ ഓസീസ് 6 വിക്കറ്റിന് പോരാട്ടം ജയിച്ചപ്പോൾ ലോക ക്രിക്കറ്റിലും ന്യുസിലണ്ട് ചരിത്രത്തിലും അടയാളപ്പെടുത്തുമായിരുന്ന ഹാരിസിൻ്റെ സെഞ്ചുറി ഇന്നിങ്ങ്സ് പാഴായി. അന്ന് കളി ജയിച്ചാൽ ദേശീയ ഹീറോ ആയി നിറഞ്ഞ് പുഞ്ചിരിക്കേണ്ട ഹാരിസിന് കണ്ണുനീർ പൊഴിക്കാനായിരുന്നു വിധി.

ഏകദിന ക്രിക്കറ്റിൽ 4000 ത്തിലധികം റൺസും 200 ലധികം വിക്കറ്റുമെടുത്ത ക്രിസ് ഹാരിസ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും അണ്ടർ റേറ്റഡ് ഓൾറൗണ്ടർ ആയാണ് വിലയിരുത്തപ്പെടുന്നത് .1992 മുതൽ 2004 വരെ ന്യുസിലണ്ട് ടീമിൽ കളിച്ച ഹാരിസ് 150 ,200 ,250 ഏകദിനങ്ങൾ കളിച്ച ആദ്യത്തെയും 200 വിക്കറ്റുകൾ വീഴ്ത്തിയ ആദ്യത്തെയും ന്യൂസിലണ്ടുകാരനാണ് .

തൻ്റെ കൗശലം നിറഞ്ഞ മീഡിയം പേസ് ബൗളിങിലൂടെ റൺ വിട്ടു കൊടുക്കാത്ത പിശുക്കൻ ബൗളിങും മിഡിൽ ഓർഡറിലും ലോവർ ഓർഡറിലും ഇറങ്ങി തകർച്ചകൾക്കിടയിൽ നിർണ്ണായക ഇന്നിങ്ങ്സുകൾ കാഴ്ച വെച്ച് ശ്രദ്ധേയനായ ഹാരിസ് ന്യൂസിലണ്ടിൻ്റെ എക്കാലത്തേയും മികച്ച ഫീൽഡർ കൂടിയാണ് .

കൃത്യതയർന്ന ത്രോ കളിലൂടെ റണ്ണൗട്ടുകൾ സൃഷ്ടിക്കുന്നതിൽ വിദഗ്ദനായ ഹാരിസിൻ്റെ സ്വന്തം ബൗളിങിൽ ക്യാച്ചെടുക്കുന്നതിലുള്ള മിടുക്ക് അദ്വിതീയമായിരുന്നു .ആ മേഖലയിലുള്ള ഹാരിസിൻ്റെ റെക്കോർഡുകൾ അതിശയപ്പെടുത്തുന്നതാണ്.

ഏകദിന ക്രിക്കറ്റിൽ No.7 പൊസിഷനിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡ് ഇന്നും കാത്തു സൂക്ഷിക്കുന്ന ,എന്നും പുഞ്ചിരിക്കുന്ന ,ആരാലും വെറുക്കപ്പെടാത്ത ന്യൂസിലണ്ടിൻ്റെ സൗമ്യ മുഖം ക്രിസ് ഹാരിസിൻ്റെ ചെന്നൈയിലെ ആ സന്ധ്യയിലെ പാഴായ സെഞ്ചുറി കടുത്ത ഓസീസ് ആരാധകരെ പോലും വേദനിപ്പിച്ചിട്ടുണ്ടാകാം. “ഇന്ന് ക്രിസ് ഹാരിസിൻ്റെ ജൻമദിനമാണ് “