ഒരു റൺ പോലും നേടാതെ ,ഒരൊറ്റ ക്യാച്ച് പോലും എടുക്കാതെ വിക്കറ്റ് കീപ്പിങ്ങിൽ ലോകറെക്കോർഡ് തീർത്ത ഒരാൾ

0
121

Dhanesh Damodaran

ഒരു ക്യാച്ച് പോലുമെടുക്കാതെ കീപ്പിങ്ങിൽ അത്ഭുതമായ താരം

മഹേന്ദ്ര സിങ് ധോണി എന്ന ചാണക്യൻ്റെ ഉദയത്തോടെ അസ്തമിച്ചത്, വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചു കൊണ്ടിരുന്ന ഒരു ഗതികേട് ആയിരുന്നു .പലപ്പോഴും ബൗളർമാർക്ക് പിന്തുണയുമായി വിക്കറ്റിനു പിറകിൽ ഗ്ലൗസ് അണിഞ്ഞ് നിൽക്കുക എന്നല്ലാതെ എതിർ ബൗളർമാരെ വെല്ലുവിളിച്ച് വിക്കറ്റിന് മുന്നിൽ വന്ന് ബാറ്റുമെടുത്ത് വെല്ലുവിളിക്കുക എന്ന ഹീറോയിസം ഇന്ത്യൻ ക്രിക്കറ്റിൽ അതു വരെ ഇല്ലായിരുന്നു .എന്നാൽ ബാറ്റിങിലെ പോരായ്മ അതിസമർത്ഥമായി മറച്ചു പിടിക്കാൻ പറ്റുന്ന തരത്തിലുള്ള കീപ്പിങ് വൈദഗ്ധ്യം പലരും കാഴ്ച വെച്ചിരുന്നു .പ്രത്യേകിച്ച് മിന്നൽ സ്റ്റംപിങ്ങിലൂടെ ബാറ്റ്സ്മാൻമാരേയും കാണികളേയും അമ്പരപ്പിക്കുന്ന ഇന്ദ്രജാലക്കാരായിരുന്നു അവരിൽ ചിലർ .

കളിക്കാൻ അവസരം ലഭിച്ച ഒരേയൊരു ടെസ്റ്റിൽ ,ബാറ്റ് ചെയ്യാതെ ,ഒരൊറ്റ ക്യാച്ച് പോലും എടുക്കാതെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു അപൂർവ നേട്ടത്തിനുടമയായ ഒരാളെ ചരിത്ര പുസ്തകത്തിൻ്റെ താളുകൾ മറിച്ചാൽ കാണാം .ഒരൊറ്റ ക്യാച്ച് പോലും എടുത്തില്ലെങ്കിലും എണ്ണം പറഞ്ഞ 4 സ്റ്റംപിങ്ങുകൾ അയാളെ എത്തിച്ചത് ചരിത്രത്തിലേക്ക് .ധോണി എന്ന സ്റ്റംപിങ് രാജാവിൻ്റെ മുൻഗാമികളായ പല മിടുക്കൻമാരെയും കാണാം .സാക്ഷാൽ ഡോൺ ബ്രാഡ്മാനെ സ്റ്റംപ് ചെയ്ത് ചരിത്രം സൃഷ്ടിച്ച പ്രൊബിർ മൂതൽ സ്റ്റംപിങ്ങിൽ ലോക റെക്കോർഡ് സൃഷ്ടിച്ച കിരൺ മോറെ വരെ നീളുന്നു ധോണിക്ക് മുൻപുള്ള സ്റ്റംപർമാരുടെ നിര

വിജയ് രജീന്ദർനാഥ് എന്ന പ്രതിഭാധനനായ വിക്കറ്റ് കീപ്പർക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല .എന്നാൽ പ്രൊബിർ സെൻ ,തരേൻ തമാനെ മാർ അരങ്ങു വാഴുകയും മാനവ് മന്ത്രി ,ഇബ്രാഹിം മാക്ക.നാന ജോഷി എന്നിവർ പിറകെ തന്നെ അണിനിരക്കുകയും ചെയ്ത സമൃദ്ധമായ വിക്കറ്റ് കീപ്പിങ്ങ് കാലഘട്ടത്തിൽ കളിച്ചത് കൊണ്ട് മാത്രം കളിച്ച ഒരേയൊരു ടെസ്റ്റിൽ അതിഗംഭീര പ്രകടനം കാഴ്ച വെച്ചിട്ടും ഭാഗ്യമില്ലാതെ പോയി അദ്ദേഹത്തിന് .ഒരു പക്ഷെ മറ്റൊരാൾക്കും സംഭവിക്കാത്ത നിർഭാഗ്യം .

സാധാരണ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ നിന്നും വിഭിന്നമായി അത്യാവശ്യം ഉയരക്കാരനായ രജീന്ദർ നാഥ് ക്യാച്ചുകളെടുക്കുന്നതിനേക്കാൾ മിന്നൽ വേഗത്തിൽ ബെയിലുകൾ തട്ടിത്തെറിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തിയിരുന്നത് . ഫസ്റ്റ് ക്ലാസിൽ 28 മാച്ചുകളിൽ നടത്തിയ 59 പുറത്താക്കലുകളിൽ 24 ഉം സ്റ്റംപിങ് വഴിയായിരുന്നുവെന്ന് തന്നെ ആ കലയിലെ അദ്ദേഹത്തിൻ്റെ കഴിവിൻ്റെ സാക്ഷ്യപത്രമാണ്

1952 ലെ പാകിസ്ഥാൻ്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റ് 1-1 ൽ നിൽക്കെയാണ് ബോംബെയിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ രജീന്ദർ നാഥ് ഉൾപ്പെടുന്നത് .മാധവ് ആപ്തെക്കും ബൽദാനിക്കുമൊപ്പം അദ്ദേഹവും അരങ്ങേറി .ആ പരമ്പരയ്ക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പിങ് ചരിത്രത്തിലെ തന്നെ അപൂർവത ഉണ്ടായിരുന്നു 5 ടെസ്റ്റുകളിൽ ഇന്ത്യക്ക് വേണ്ടി ഗ്ലൗസ് അണിഞ്ഞത് 4 പേർ .അതിൽ 2 പേർ കളിച്ചത് അവസാന ടെസ്റ്റും .ആദ്യ ടെസ്റ്റിൽ പ്രൊബിർ സെന്നും രണ്ടാം ടെസ്റ്റിൽ ജോഷിയും കീപ്പ് ചെയ്തപ്പോൾ മൂന്നാം ടെസ്റ്റിൽ രജീന്ദർ അരങ്ങേറി .നാലാം ടെസ്റ്റിൽ ഇബ്രാഹിം മാക്ക യ്ക്ക് അവസരം കിട്ടിയപ്പോൾ അഞ്ചാം ടെസ്റ്റിൽ തിരിച്ചു വന്ന പ്രൊബിർ സെൻ കരിയറിലെ അവസാന ടെസ്റ്റ് കളിച്ചു .

ടോസ് നേടിയ പാക്നായകൻ അബ്ദുൾ ഹഫീസ് കർദാർ ബാറ്റിങ്ങ് തെരഞ്ഞെടുത്തുന്നു .വിനു മങ്കാദും ലാലാ അമർനാഥും തിരിച്ചടിച്ചതോടെ 60 ന് 6 എന്ന നിലയിൽ തകർന്ന പാകിസ്ഥാൻ 186 ന് ഓൾ ഔട്ടായി .ആദ്യ ഇന്നിങ്സിൽ മങ്കാദിൻ്റെയും സുഭാഷ് ഗുപ്തയുടെയും പന്തിൽ രജീന്ദർ നാഥ് 2 സ്റ്റംപിങുകൾ നടത്തി .

മറുപടി ബാറ്റിങ്ങിൽ ഹസാരെയും ഉമ്രിഗറും സെഞ്ചുറി നേടിയപ്പോൾ ഇന്ത്യ 387 ന് 4 ൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു .പാകിസ്ഥാനെ രണ്ടാമിന്നിങ്സിൽ 242 റൺസിന് പുറത്താക്കിയപ്പോൾ സുഭാഷ് ഗുപ്തെ യുടെ പന്തിൽ 2 തകർപ്പൻ സ്റ്റംപിങുമായി രജീന്ദർ ശ്രദ്ധേയനായി .അരങ്ങേറ്റ ടെസ്റ്റിൽ 4 സ്റ്റംപിങ് എന്ന ഗിൽ ലാങ്ലെയുടെ റെക്കോർഡിന്ന് ഒപ്പവുമെത്തി .

ടെസ്റ്റ് ഇന്ത്യ 10 വിക്കറ്റിന് ജയിച്ചു .എന്നാൽ അടുത്ത ടെസ്റ്റിൽ അപ്രതീക്ഷിതമായി വിക്കറ്റ് കീപ്പർ ആയത് മാക്ക .തൻ്റെ ആദ്യ ടെസ്റ്റിൽ ബാറ്റ് പോലും ചെയ്യാൻ അവസരം കിട്ടാതെ പോയ വിജയ് രജീന്ദർ നാഥിന് പിന്നീടൊരിക്കലും ഒരു ടെസ്റ്റ് പോലും കളിക്കാൻ കഴിഞ്ഞില്ല .അതോടെ ഒരു ക്യാച്ച് പോലും എടുക്കാത്ത വിക്കറ്റ് കീപ്പർമാരിൽ ഏറ്റവുമധികം സ്റ്റംപിങ് എന്ന കൗതുകകരമായ ലോക റെക്കോർഡ് ആ നിർഭാഗ്യവാൻ്റെ പേരിലായി .

ആഭ്യന്തര ക്രിക്കറ്റിൽ 15 രഞ്ജി മാച്ചുകൾ കളിച്ച രജീന്ദർ അതിൽ തന്നെ നോർത്തേൺ ഇന്ത്യ ,യുണെറ്റഡ് പ്രോവിൻസ് ,സതേൺ പഞ്ചാബ് ,ബീഹാർ ,ഈസ്റ്റേൺ പഞ്ചാബ് എന്നിങ്ങനെ 5 ടീമുകൾക്ക് വേണ്ടി കളിച്ചു എന്നത് മറ്റൊരു കൗതുകം .
19 48-49 ൽ ഇന്ത്യൻ പര്യടനത്തിന് വന്ന വെസ്റ്റ് ഇൻഡീസ് ടീമിനെതിരെ ജോർജ് ഹെഡ്ലിയെ ക്യാച്ചെടുത്ത് പുറത്താക്കിയ രജീന്ദർ അതേ മാച്ചിൽ 223 റൺസടിച്ച ലാല അമർനാഥിനൊപ്പം 92 മിനിട്ട് പിടിച്ച് നിന്ന ഐതിഹാസിക കൂട്ടുകെട്ടിൽ പങ്കാളിയായും ശ്രദ്ധേയനായിരുന്നു .
1989 ൽ മരണപ്പെട്ട രജീന്ദർ ഒരു ടെസ്റ്റ് മാത്രം കളിച്ച അത്ഭുതങ്ങളുടെ പട്ടികയിലെ ഒരു അത്യപൂർവ റെക്കോർഡിൻ്റെ പേരിൽ ഇന്നും ഓർമ്മിക്കപ്പെടുന്നു .