പൊതുജനങ്ങളെ കബളിപ്പിച്ച് ഫൈസലിനെ ജയിപ്പിച്ചേ അടങ്ങൂ എന്ന സിപിഎം വാശി, കൊടുവള്ളിയിൽ സിപിഎം സ്ഥാനാർഥി പോലും തനിക്കു വോട്ട് ചെയ്യാതെ ഫൈസലിനാണ് വോട്ട് ചെയ്തതെന്ന്….

  0
  133

  Dharma Raj Madappally

  ജനാധിപത്യത്തിലെ വിഷവള്ളികൾ

  ജനാധിപത്യത്തിന് ഭൂരിപക്ഷം മതി, ബുദ്ധിയുള്ള ഭൂരിപക്ഷം വേണമെന്നില്ല എന്നൊരു ചൊല്ലുണ്ട്.നമുക്ക് നമ്മുടേതായ എല്ലാ ജയങ്ങളും ബുദ്ധി ഇടപെടുന്ന മനോഹരമായ ഒന്നാണ്.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നിലെ ജനാധിപത്യ വിശ്വാസിയെ ആനന്ദിപ്പിച്ച ഒരു തോൽവിയും വേദനിപ്പിച്ച ഒരു ജയവുമുണ്ട്. ജനാധിപത്യത്തിന്റെ ആനന്ദം എന്നത് ബി. ഗോപാലകൃഷ്ണനെപ്പോലെ മതച്ചാണകം കളഭമായി തിരുനെറ്റിയിൽ തൊടുകുറിയായി തൊടുന്ന ഒരാളുടെ തോൽവിയുടേതാണ്. ആലയിൽനിന്നിറക്കിവിട്ടിട്ടും ഞാനീ അങ്ങാടിയിലൊക്കെ കാണും എന്ന ഭീഷണിയുമായാണ് ആ പശു തെരഞ്ഞെടുപ്പ് ഫലത്തെ അഭിസംബോധന ചെയ്തത്.അതിനെ ട്രോളിലേക്ക് ഫലിതതർജ്ജമ ചെയ്യുന്നതിനിടെ നാം വിശകലനം ചെയ്യാൻ ബോധപൂർവ്വം മറന്നുപോയൊരു അതിഭീബത്സതയാണ് കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ വിജയം.ഇന്ത്യയിൽ ഇത്രമേൽ ബോധമുള്ളൊരു ജനതയാണ് നാമെന്ന് നിരന്തരം സ്വയം അറ്റസ്റ്റുചെയ്തൊരു ബയോഡാറ്റയുമായാണ് നമ്മുടെ നടപ്പ്.അവിടെയാണ് ജനാധിപത്യത്തിലെ വിഷവള്ളികളുടെ പൊട്ടിപ്പടരലുകൾ.ഈ പടർപ്പ് ഇടതുപക്ഷം ആർജ്ജിച്ച വിജയത്തെ അപ്പാടെ റദ്ദുചെയ്തുകളയുന്നുണ്ട് എന്നിലെ ഇടതുപക്ഷവിശ്വാസി. വസ്തുതകളിലേക്കുവരാം.

  എല്‍ഡിഎഫിനെ സംപൂജ്യരാക്കി, വീണ്ടും കൂപ്പറിലേറി കാരാട്ട് ഫൈസല്‍! | Karat Faisal On New Mini Cooper For Road Showകേരളത്തിൽ കൊടുവള്ളി എന്നൊരു ഗ്രാമമുണ്ട്. പെട്ടിക്കടകൾപോലെ സ്വർണ്ണജ്വല്ലറികളുള്ളൊരു ചെറുഗ്രാമം.ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഒളിഞ്ഞും തെളിഞ്ഞും സ്വർണ്ണം ലഭിക്കുന്ന ഇടം.വിവാഹം നിശ്ചയിക്കപ്പെട്ട വീടുകളിലെ വേണ്ടപ്പെട്ടവർ ഗൂഗിളിൽ റൂട്ട് മാപ്പുവെച്ച് വണ്ടിയോടിച്ചുവന്നിറങ്ങുന്ന ഇടം. അതാണ് നമ്മുടെ കഥാപരിസരം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനം, ടി വി സ്ക്രീനിലെ സ്ക്രോളിംഗ് ബാറിലെ ആ വാർത്തകണ്ട് വിദൂരങ്ങളിലെ ഇടതുപക്ഷ വിശ്വാസികൾ കഥയറിയാതെ ഇത്തിരിയെങ്കിലും സങ്കടപ്പെട്ടിട്ടുണ്ടാവാം. ആ വാർത്ത ഇങ്ങനെയായിരുന്നു. ‘കൊടുവള്ളി ചുണ്ടക്കുളം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിന് ലഭിച്ച വോട്ട് പൂജ്യം.’ ഇതെങ്ങിനെ സംഭവിച്ചു എന്നത് അത്ഭുതം.

  സ്ഥാനാർത്ഥിപോലും തനിക്കു വോട്ടുചെയ്തില്ലെ എന്നത് സ്വാഭാവിക സംശയം. ഞാനതിനെ മറികടന്നത്, വാർഡുതല മത്സരമല്ലേ, സ്ഥാനാർത്ഥിക്ക് അതേ വാർഡിൽത്തന്നെ വോട്ടുവേണമെന്നില്ലല്ലോ എന്ന ആലോചനയാലാണ്.പക്ഷേ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട സാക്ഷികൾ ? അവരിൽ ഒരാളുപോലും അതേ മണ്ഡലത്തിലുള്ളവരായിരുന്നില്ലേ? അതും ആകണമെന്നില്ലല്ലോ എന്നു ഞാൻ സ്വയം ചോദിച്ചു. ഇല്ല എന്നു ഞാൻ എന്നൊടുതന്നെ ഉത്തരം പറഞ്ഞു. എങ്കിൽ അയാൾക്കുവേണ്ടി വോട്ടഭ്യർത്ഥിച്ചു നടന്നവരാരുംതന്നെ അയാൾക്കു വോട്ടു ചെയ്തില്ലേ?അല്ലെങ്കിൽ അയാൾക്കുവേണ്ടി ആരും വോട്ടഭ്യർത്ഥിച്ചു നടന്നിരുന്നില്ലേ? പ്രദേശത്തെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ തിരക്കി. അറിഞ്ഞത് ഈ വിധം. ആദ്യം എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ആളാണ് കടുംചുവപ്പൻ സഖാവ് ഗർഭശ്രീമാൻ സ്വർണശ്രീ കാരാട്ടുഫൈസൽ. സ്വർണക്കടത്തു കേസ്സിൽ കസ്റ്റംസിനാൽ ചോദ്യം ചെയ്യപ്പെട്ടതോടെ ജനവികാരം മാനിച്ചെന്നഭിനയിച്ച് പാർട്ടി നേതൃത്വം ഇടപെട്ട് അയാളുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചു.അതുകേട്ടപ്പോൾ എത്ര നല്ല പാർട്ടി എന്ന് നമുക്കതിനെ ഉമ്മവെക്കാൻ തോന്നും.

  പകരം അബ്ദുൾ റഷീദ് എന്നയാളെ പാർട്ടി സ്ഥാനാർത്ഥിയായി അവരോധിച്ചു.ഈ വേട്ടാവളിയനു കിട്ടിയ വോട്ടുകണക്കുവെച്ചാണ് കൊടുവള്ളിയിൽ എൽ. ഡി എഫ് സ്ഥാനാർത്ഥിക്കു കിട്ടിയത് പൂജ്യം വോട്ട് എന്ന ചാനൽ സ്ക്രോൾ ബോർഡിലെ ആ കൗതുക വാർത്ത നമ്മുടെ കൺമുന്നിലൂടെ ഇഴഞ്ഞുപോയത്. അയാൾപോലും അയാൾക്ക് വോട്ടു ചെയ്തില്ലെന്ന വിധം സ്വന്തം കൈകൾ പിടിച്ചു കെട്ടപ്പെട്ട ഒരടിമ ജീവിതം.അതിന്റെ ശംബളം പറ്റി അവൻ ജീവിതകാലം മുഴുവൻ അത്യുന്നത കമ്മ്യൂണിസ്റ്റെന്ന രീതിയിൽ പ്രദേശത്ത് ഒരു ജീവിതം ജീവിച്ചു തീർക്കുമായിരിക്കും. പാർട്ടി നമുക്കുമുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി റഷീദിനെ അവതരിപ്പിച്ചതിൽപ്പിന്നെ ഒരു വാശിക്ക് സ്വയം മത്സരിക്കുന്നു എന്നു നമ്മേ ധരിപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കുകയും അയാളെ ജയിപ്പിച്ചെടുക്കുകയും ചെയ്യുന്ന കൺകെട്ടു വിദ്യ സി. പി. എം എത്ര ലളിതമായാണ് നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത് ! അയാളുടെ ഭൂരിപക്ഷം എത്രയെന്നോ 568 വോട്ടുകൾ!

  കൊടുവള്ളിയിലെ ഇടതുപക്ഷക്കാർ ഒന്നടങ്കം അതായത് ഇടതുപക്ഷ സ്ഥാനാർത്ഥിപോലും തനിക്കു വോട്ടുചെയ്യാതെ ഫൈസലിനെ വിജയിപ്പിച്ചുകൊണ്ട് നമ്മോടുപറയുന്ന കമ്മ്യൂണിസ്റ്റ് ആശയമെന്താണ്? ഇതേ ഫൈസലിന്റെ കൂപ്പറിലാണ് പണ്ടൊരു ജനകീയോദ്ധാരണയാത്രയിൽ കോടിയേരി എന്ന പൂർവ്വ പാർട്ടിസെക്രട്ടറി ഓടിക്കയറിയത് എന്നതും നമ്മുടെ ബോധധാരയുടെ ഇടതുപക്ഷ ജനകീയതയാണ് തെളിയിക്കുന്നത്. എന്താണ് പാർട്ടിക്ക് ഈ കനകനിധിയോടുള്ള ഇത്രമേൽ ഉന്നതമായ പോരിശ?
  ഇനി കാരാട്ടു ഫൈസലിനെ വിജയിപ്പിച്ചത് തങ്ങളല്ല എന്നാണ് പാർട്ടിപക്ഷമെങ്കിൽ ആ വാർഡിൽ ഒരു ഇടതുപക്ഷക്കാരൻപോലും ഉണ്ടായിരുന്നില്ലേ തെളിച്ചത്തിൽ പാർട്ടി നിർത്തിയ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ!പാർട്ടി തീരുമാനമെടുത്താൽ ഒന്നടങ്കം വോട്ടുകൾ എങ്ങോട്ടും മറിക്കാം എന്നതിന്റെ കൃത്യമായ ഉദാഹരണമല്ലേ ഈ സുവർണ്ണവിജയം? മാദ്ധ്യമസിന്ധിക്കേറ്റുകൾ പണം കൈപ്പറ്റിയാണ് വാർത്തകൾ ചമക്കുന്നതെന്നു പ്രചരിപ്പിക്കുന്ന ഇടതുപക്ഷം, ഈ വാർത്തയുടെ പിന്നാമ്പുറകഥകളുടെ ചർച്ചകൾ പ്രക്ഷേപണം ചെയ്യപ്പെടാതെ വായടപ്പിച്ചത് എങ്ങിനെയാവാം?

  പൊതുജനങ്ങളെ കബളിപ്പിച്ച് ഫൈസലിനെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശി എത്രക്ക് ജനാധിപത്യ വിരുദ്ധമാണ്! പാർട്ടി സ്ഥാനാർത്ഥി റഫീക്കിന് വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ച് നടന്നവരിൽ ഒരാളുപോലും അയാൾക്കു വോട്ടു ചെയ്യാത്തവിധം കൈകൾ കെട്ടിയിട്ട് നമ്മളീപ്പറയുന്ന ഇടതുപക്ഷം എന്ന ഹൃദയപക്ഷം നൽകുന്ന സൂചനകൾ എന്താണ്? ജനാധിപത്യത്തിലെ ചില ജയങ്ങൾ പരാജയങ്ങളേക്കാൾ ബീഭത്സമാണ്. ചെങ്കൊടിയിലെ അരിവാൾചുറ്റികനക്ഷത്രം കൊടുവള്ളിയിലെങ്കിലും സുവർണ്ണനിറത്തിലുള്ളതാണ്.നാഴികക്ക് മൂന്നുതവണ പാർട്ടിക്യാപ്സൂൾ വിഴുങ്ങി ജീവൻ നിലനിർത്തുന്ന ഉഭയജീവികളിൽ ഒരാൾപോലും ഇവിടെ എൽ. ഡി. എഫിന്റെ സ്ഥാനാർത്ഥിക്ക് അയാൾപോലും വോട്ടു ചെയ്യാതെ തോറ്റുപോയതിനേപ്രതി സങ്കടം തോന്നാതിരുന്നത് എന്തുകൊണ്ടാവാം.

  ഫൈസലില്ലാതെ പാർട്ടിക്ക് ജീവിക്കാനാവില്ലെങ്കിൽ പത്തു പതിനഞ്ചുവോട്ടെങ്കിലും പാർട്ടി സ്ഥാനാർത്ഥിക്ക് ചെയ്യിച്ച് സംശയത്തിനിട നൽകാതെ ഫൈസലിനെ വിജയിപ്പിക്കേണ്ടതായിരുന്നില്ലേ? അത് പാർട്ടിക്ക് അറിയാഞ്ഞിട്ടല്ല. അതിലേറേയാവാം ഒരുപക്ഷേ പാർട്ടിക്ക് ഫൈസലിനോടുള്ള കൂറ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏറ്റവും ജാഗ്രതകാണിച്ച ഏക ഇടം ഒരുപക്ഷെ കൊടുവള്ളിയിലെ ചൂണ്ടക്കുളം വാർഡാവും!സ്ഥാനാർത്ഥിയുടേയോ അയാൾക്കൊപ്പം വോട്ടഭ്യർത്ഥിച്ചു നടന്ന് കോമാളിവേഷം കെട്ടിയവരിൽ ഒന്നിന്റേതുപോലുമോ വോട്ട് അതിലേക്കു വീഴിക്കാതെ കാത്ത ജാഗ്രതയുണ്ടല്ലോ!എന്താണ് നിങ്ങളീ ജാഗ്രതകൊണ്ട് പൊതു സമൂഹത്തോടു പറഞ്ഞുവെക്കുന്നത്? ഇടതുപക്ഷക്കാർതന്നെയാണ് ഈ ചോദ്യം ഉച്ചത്തിൽ ചോദിക്കേണ്ടത്. കയ്യിൽകാശുള്ളവന്റെ കാര്യമാവുമ്പോൾ മറുപക്ഷത്തിനും ചോദ്യംചെയ്യാൻ മുട്ടിടിക്കും. ബി. ഗോപാലകൃഷ്ണൻ പരാജയപ്പെട്ടതിലെ ആനന്ദത്തിന്റെ ആഴംപോലെത്തന്നെ ഇടതുപക്ഷമറവിൽ കാരാട്ടുഫൈസലിന്റെ വിജയത്തിൽ വേദനിക്കുകയും ചെയ്യുക എന്നതാണ് ഉത്കൃഷ്ട ജനാധിപത്യ ബോധത്തിന്റെ യുക്തി.