ഒഴിവുദിനം ധർമ്മസ്ഥലയ്‌ക്കു പോകാം

1143

കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ തീർത്ഥാടന -വിനോദസഞ്ചാര കേന്ദ്രമാണ് ധർമ്മസ്ഥല. മാംഗ്ലൂരിൽ നിന്നും മൂന്നുമണിക്കൂർ ബസ് യാത്രയാണ് (75കിലോമീറ്റർ ) ധർമ്മസ്ഥലയ്ക്കു. മാംഗ്ലൂർ ബസ്റ്റാന്റിൽ നിന്നും ഇവിടേയ്ക്ക് സുലഭമായി ബസുകൾ ലഭിക്കും. ഞാൻ ധർമ്മസ്ഥല സന്ദർശിച്ചത് 2018 ജനുവരി മാസത്തിലായിരുന്നു. ഏറ്റവും അടുത്ത പട്ടണം ഉജിറെ.

ധർമ്മസ്ഥല എന്ന് കേൾക്കുമ്പോൾ തന്നെ ചരിത്രപരമായി എന്തൊക്കയോ ബന്ധമുണ്ടെന്ന് നമുക്ക് തോന്നും. മഞ്ജുനാഥേശ്വര ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. സാക്ഷാൽ ശിവൻ തന്നെയാണ് മഞ്ജുനാഥൻ . ദിവസേന പതിനായിക്കണക്കിനു ഭക്തജനങ്ങൾ ഇന്ത്യയുടെ എല്ലാ കോണിൽ നിന്നും ഇവിടെ എത്തുന്നു. വലിയ ക്യൂവിൽ നിന്നാൽമാത്രമേ മഞ്ജുനാഥനെ ദർശിക്കാൻ സാധിക്കൂ. ഭാഗ്യാന്വേഷികളും

ധർമ്മസ്ഥല കവാടം

ആത്മാന്വേഷികളും ഇടകലർന്ന ജനക്കൂട്ടത്തിൽ അലിഞ്ഞില്ലാതായി ഞാൻ കഴിഞ്ഞ രണ്ടുദിവസങ്ങൾ.. ക്ഷേത്രത്തിനു ഇടതുവശത്തുള്ള അന്നപൂർണ്ണ എന്ന വിശാലമായ മണ്ഡപത്തിൽ എല്ലാ ദിവസവും ജാതിമതഭേദമന്യേ അന്നദാനം നൽകിവരുന്നു. മന്ദാരത്തിന്റെ ഇല തുന്നിക്കെട്ടിയതിലാണ് ഭക്ഷണം വിളമ്പുന്നത്. യന്ത്രവത്കൃത അടുക്കളയിലാണത്രെ പാചകം. ശരിയാണ്…അനുദിനം പതിനായിരങ്ങൾക്ക് വിളമ്പാൻ മനുഷ്യപ്രയത്നം പോരാതെവരും.

വളരെ കുറഞ്ഞവാടയ്ക്കു മുറികൾ ഇവിടെ ലഭിക്കുമെങ്കിലും അവധിദിവസങ്ങളിൽ അതുപ്രതീക്ഷിച്ചു ചെന്നാൽ നിരാശയാകും ഫലം. അത്രമാത്രം തീർത്ഥാടകരും സഞ്ചാരികളുമാണ് ഇന്ത്യയിലെല്ലായിടത്തു നിന്നും അവിടെ വന്നെത്തുന്നത്. ഇവിടെ സമ്പന്നനും ദരിദ്രനും

അന്നപൂർണ്ണ

ഇല്ല. എല്ലാ മതവിശ്വാസികളും ഇവിടെ വിനോദസഞ്ചാരത്തിനു എത്തിച്ചേരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ദുരാചാരമായ സ്ത്രീധനസമ്പ്രദായത്തെ നിഷേധിച്ചുകൊണ്ട് വർഷംതോറും ഇവിടെ സമൂഹവിവാഹങ്ങൾ

മഞ്ജുനാഥേശ്വരക്ഷേത്രം

നടക്കുന്നു. ശ്രീ.വീരേന്ദ്രഹെഗ്‌ഡെ ആണ് ഇവയുടെയെല്ലാം പ്രധാനനടത്തിപ്പുകാരൻ.അദ്ദേഹം ജൈനമത വിശ്വാസിയാണ്. ജൈനമതക്കാർ നടത്തുന്ന ശിവക്ഷേത്രം എന്നത് അത്ഭുതകരമായും വിരോധാഭാസവുമായും തോന്നുമെങ്കിലും സംഗതി ശരിയാണ്. ക്ഷേത്രത്തിന്റെ പരിസത്തു പഴയകാല രഥങ്ങൾ പ്രദർശനത്തിന് വച്ചിട്ടുണ്ട്. ഇവിടെയൊരു ജൈനബസതിയുണ്ട് ചന്ദ്രനാഥബസതി. സഞ്ചാരികളുടെ സൗകര്യാർത്ഥം അനവധി പബ്ലിക്ക് ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലേക്ക് കടക്കുന്ന പാതയുടെ വലതുവശത്തുള്ള ഉദ്യാനത്തിൽ സജ്ജീകരിച്ചുള്ള അക്വേറിയം വിവിധജാതി വർണ്ണ മത്സ്യങ്ങളുടെ അപൂർവ്വശേഖരം തന്നെ കാഴ്ചവയ്ക്കുന്നു. മാംസക്കൊതിയനായ പിരാനയും ഇവിടത്തെ പ്രധാന ആകർഷണമാണ്. ധർമ്മസ്ഥലയിലെ മറ്റൊരു പ്രധാന ആകർഷണം

പാർക്ക്

മഞ്ജുഷ മ്യൂസിയം ആണ്. (ക്യാമറയ്ക്കു പ്രവേശനം ഇല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ സാധിച്ചില്ല). രണ്ടു മണിക്കൂറോളം കാണാനുള്ള അപൂർവ്വ ശേഖരങ്ങൾ ഈ മ്യൂസിയത്തിലുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ രാജവംശങ്ങൾ ഉപയോഗിച്ച വസ്തുക്കൾ, ആയുധങ്ങൾ , നാണയങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ചരിത്രകുതുഹിയായ എന്നെ സംബന്ധിച്ചടുത്തോളം നല്ലൊരു അനുഭവമാണ് ആ മ്യൂസിയം. മാത്രമല്ല നമ്മളിന്ന് ഉപയോഗിക്കുന്ന ആധുനിക വസ്തുക്കളുടെ പരിണാമവഴികൾ കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ട്. കണ്ടാലും തീരാത്ത അപൂർവ്വ കാഴ്ചകളുടെ അത്ഭുതകരമായ ശേഖരമാണ് മഞ്ജുഷ മ്യൂസിയം. അതുപോലെ മഞ്ജുഷ കാർ മ്യൂസിയവും അല്പം അകലെയായി ഉണ്ട്. ഇന്നത്തെ പല മോഡേൺ കാറുകളുടെയും മുതുമുത്തച്ഛന്മാർ എങ്ങനെ ആയിരുന്നു എന്ന്

രഥങ്ങൾ

കണ്ടുതന്നെ മനസിലാക്കേണ്ടതുണ്ട്. നമ്മുടെ പൂർവ്വികരായ പത്രാസുകാർ ചീറിപ്പാഞ്ഞ വണ്ടികൾ ആർക്കൊക്കെയോ കാണാൻ നിരന്നു കിടക്കുമ്പോൾ അവയുടെ ഗതകാല വേഗതയൊരു നിശ്വാസമായി ഉയരുന്നോ എന്ന് തോന്നിയേക്കാം .

ഹൈന്ദവമായി മാത്രമല്ല ജൈനമതക്കാർക്കും ധർമ്മസ്ഥല പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ്. ധർമ്മസ്ഥലയുടെ കവാടത്തിലേക്ക് വരുന്ന വഴി വലതുവശത്തായി ഒരു കുന്നിനുമുകളിൽ രത്നഗിരി ബാഹുബലിവിഹാർ സ്ഥിതിചെയ്യുന്നു. അഞ്ഞൂറോളം പടികയറി ചെന്നാൽ ഒറ്റക്കല്ലിൽ തീർത്ത ബാഹുബലിയുടെ വലിയ പ്രതിമ

ബാഹുബലിവിഹാർ

കാണാം.മുന്നിലൊരു വലിയ സ്തംഭവും ഉണ്ട്. അതും ഒറ്റക്കല്ലിൽ തീർത്തതത്രെ. ഗോമഡേശ്വര പ്രതിഷ്ഠയുടെ ശില വളരെ വിശേഷപ്പെട്ടതാണ് . അതു നിർമ്മിക്കാനുള്ള ഒറ്റശില ഒരിടത്തും കിട്ടാതെ വന്നപ്പോൾ വീരേന്ദ്ര ഹെഗ്‌ഡെയുടെ അമ്മക്ക്‌ സ്വപ്നദർശനം ലഭിച്ചസ്ഥലത്ത് നിന്നാണത്രെ ആ ഒറ്റ ശില കിട്ടിയതു. പടികയറുമ്പോൾ തലയ്ക്കു മുകളിലെ വൃക്ഷച്ചില്ലകളിൽ വാനരക്കൂട്ടം നിങ്ങളെ അഭിവാദ്യം ചെയ്യണ്ടാകും. ബാഹുബലിവിഹാറിൽ നിന്നുള്ള പ്രകൃതിദൃശ്യം അത്യന്തം മനോഹരംതന്നെ..

ധർമ്മസ്ഥലയിൽ നിന്നും പത്തുകിലോമീറ്റർ അകലെയാണ് ഉജിറെ.  ഇവിടം അനവധി വിദ്യാഭ്യാസ-ആരോഗ്യ കേന്ദ്രങ്ങളാൽ സമ്പന്നമാണ്. പ്രശസ്തമായ എസ്.ഡി.എം പ്രകൃതിചികിത്സ മെഡിക്കൽ കോളേജും ഇവിടെയാണ്. എസ്.ഡി.എം ട്രസ്റ്റിന്റെ കീഴിൽ അനവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.

ഇവിടെ ഒരു ജഗന്നാഥ ക്ഷേത്രവും സൂര്യ ക്ഷേത്രവും(സൂര്യസദാ ശിവരുദ്ര)നിലകൊള്ളുന്നു. ധർമ്മസ്ഥലയിലെ പോലെ തിരക്കൊന്നും ഇല്ലാത്ത ശാന്തമായ ക്ഷേത്രങ്ങൾ. ഉജിറെ നിന്നും ധർമ്മസ്ഥലയ്ക്കു പോകുന്നവഴി ഒരു

ശ്രീരാംമന്ദിർ ഉജിറെ

ശ്രീരാമ മന്ദിർ ഉണ്ട്. രൂപം കൊണ്ട് വളരെ പ്രൗഢ ഗംഭീരമായ ക്ഷേത്രം. ഉള്ളിൽ വെണ്ണക്കല്ലിൽ ഉണ്ടാക്കിയ വിഗ്രഹങ്ങൾ ആണ് . ക്ഷേത്ര ചുമരിൽ സ്വര്ണനിറത്തിലെ ശില്പങ്ങൾ വളരെ ആകർഷകമാണ്. അതെ വഴിയിൽ തന്നെ നേത്രാവതി ഒഴുകുന്നുണ്ട്. ഭക്‌തർക്ക്‌ കുളിക്കാനുള്ള സൗകര്യവും ഉണ്ട്. വിശ്വാസപരമായും വിനോദപരമായും ചരിത്രപരമായും വിജ്ഞാനപരമായും ധർമ്മസ്ഥലെ -ഉജിറെ ട്രിപ്പ് നിങ്ങള്ക്ക് വളരെ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.