കമ്മ്യൂണിസ്റ്റ് പച്ച , ധൃതരാഷ്ട്രപ്പച്ച എന്നി സസ്യങ്ങൾക്ക് എങ്ങനെയാണ് ആ പേര് വന്നത്?
അറിവ് തേടുന്ന പാവം പ്രവാസി
👉കമ്മ്യൂണിസ്റ്റ് പച്ച എന്ന ചെടിയെ പെട്ടെന്ന് മുറിവുണക്കാനുള്ള വിശിഷ്ട ഔഷധമായ കുറ്റിച്ചെടിയായിട്ടാണ് കണക്കാക്കുന്നത്.മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. തീവ്രമായ വംശവർധനശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്.
ഇലകൾ പൊട്ടിച്ചു ഞെരുടുമ്പോൾ ഒരു പ്രത്യേക ഗന്ധം പ്രസരിക്കുന്നുണ്ട്. അതിനാൽ സംസ്കൃതത്തിൽ ഇതിനെ തീവ്രഗന്ധ എന്നു വിളിക്കുന്നു.സ്ഥലഭേദമനുസരിച്ച് മുറിപ്പച്ച, ഐമുപ്പച്ച, കാട്ടപ്പ, നീലപ്പീലി, നായ് തുളസി, പൂച്ചെടി, അപ്പ ,വേനപ്പച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. പച്ചനിറമുള്ള ഇലകളും , വെളുത്ത ചെറിയ കായ്കളുമുള്ള ഈ ചെടി ഏത് രാജ്യത്തെ മണ്ണിലും, എത്ര വരണ്ട കാലാവസ്ഥയിലും, അരണ്ട ചുറ്റുപാടിലും വേരൂന്നി സംഘം ചേർന്നു വളർന്നു സ്ഥലം പിടിച്ചെടുക്കും.
കമ്മ്യൂണിസ്റ്റ് പച്ച ഇന്ത്യയിലേക്ക് കടൽ കടന്ന് വന്ന ഒരു സസ്യമാണ്.തെക്കേ അമേരിക്കയും , മധ്യ അമേരിക്കയും ആണ് സ്വദേശം. പക്ഷെ ഇന്ന് ഏഷ്യയിലും , ആഫ്രിക്കയിലും , പസിഫിക് മേഖലയിലും വരെ ഇവൻ കുടിയേറിയിരിക്കുന്നു. ‘വന്നു കണ്ടു കീഴടക്കി’ എന്നതാണ് മൂപ്പരുടെ നയം. തീവ്രമായ വംശവർധനശേഷിമൂലം സംരക്ഷിത വനമേഖലകൾക്കും , ജൈവവൈവിധ്യത്തിനും വരെ ഭീഷണിയാണ് കണ്ടാൽ പച്ചപാവമായ ഈ വിരുതൻ. വിത്തുപൊട്ടിയാലും , തണ്ടു കിളിർത്താലും ആയിരംമേനി കൂട്ടംകൂട്ടമായി കളയായി വളർന്നങ്ങനെ പെരുകും.
രണ്ടാംലോകമഹായുദ്ധകാലത്ത് ബ്രിട്ടൻ ഇന്ത്യയിൽ നിന്നും ഒരുപാടു പേരെ പട്ടാളത്തിലേക്കു റിക്രൂട്ട് ചെയ്തിരുന്നു. പണവും , അന്തസും മോഹിച്ചു ‘ജനകീയ യുദ്ധത്തിന്’ പോയി തിരിച്ചു വന്നവരുടെ വസ്ത്രത്തിലും മറ്റും പറ്റിപിടിച്ചാണ് സിയാം വീഡ്(Siam Weed) എന്ന ഈ പന്നൽച്ചെടി നമ്മുടെ നാട്ടിലെത്തിയത് എന്ന് പറയപ്പെടുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് അമരം പിടിച്ച കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന കാലഘട്ടത്തിലാണ് യാദൃച്ഛികമായി ഈ അധിനിവേശസസ്യം ഇവിടം വല്ലാതെ പെരുകിയത്.കേരളത്തിൽ കമ്യൂണിസ്റ്റ് ജനായത്ത സർക്കാർ ഉണ്ടായ 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്.
അങ്ങനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് സമാന്തരമായി ഇവിടെ വ്യാപിച്ച ഈ സിയാം കളയെ നാട്ടുകാർ ‘കമ്മ്യൂണിസ്റ്റ് പച്ച’ എന്ന ഓമനപ്പേരിൽ വിളിക്കാൻ തുടങ്ങി. പിന്നീട് കമ്യൂണിസ്റ്റ് അപ്പ എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിയെ വിളിക്കാൻ തുടങ്ങി. സിയാം കള (Siam Weed), ക്രിസ്മസ് ബുഷ് (Christmas Bush), ഡെവിൾ കള (Devil Weed), കാംഫർ ഗ്രാസ്സ് (Camfhur Grass) ഫോസ്സ് ഫ്ളവർ (Common Floss Flower) എന്നീ വിവിധപേരുകളിൽ കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നു.
📌ഇതേ പോലെ വിചിത്രമായ പേരുള്ള മറ്റൊരു സസ്യമാണ് ധൃതരാഷ്ട്രപ്പച്ച.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞെത്തിയ ഭീമനെ ആലിംഗനം ചെയ്യാൻ തുനിഞ്ഞ അന്ധനായ ധൃതരാഷ്ട്രർ . ആനയെമെരുക്കാൻ ശക്തിയുള്ള സ്വന്തം കയ്യാൽ തന്റെ പുത്രമാരെ കൊന്നൊടുക്കിയ ഭീമനെ ഞെരിച്ചു കൊല്ലാനായിരുന്നു മനസിലുറച്ചത്. എപ്പോഴും എന്ന പോലെ തക്കസമയത്ത് കൃഷ്‌ണൻ തന്ത്രപൂർവം ഒരു ലോഹപ്രതിമയെ ഭീമന് പകരം പുണരാൻ കൊടുത്തു.
ആ ‘ധൃതരാഷ്ട്രാലിംഗന’ത്തിൽ പ്രതിമ തവിടുപൊടിയായി. അതേപോലെ നമ്മുടെ നാടൻ ചെടികളെ വരിഞ്ഞു മുറുക്കി ഒരുതുള്ളി സൂര്യപ്രകാശം പോലും കൊടുക്കാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന കളസസ്യമാണ് ധൃതരാഷ്ട്രപ്പച്ച. ഇതും ജൈവവൈവിധ്യത്തിനു വലിയ വെല്ലുവിളിയുയർത്തുന്ന വരത്തൻ കളയാണ്.അമേരിക്കൻ വള്ളി, കൈപ്പുവള്ളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട് . 24 മണിക്കൂർ കൊണ്ട് 8 മുതൽ 10 സെന്റീമീറ്റർ വരെ വളരാൻ കഴിവുള്ള ഈ സസ്യം മറ്റ് സസ്യജാലങ്ങൾക്ക് മീതേ വളരെ വേഗമാണ് പടർന്ന് പന്തലിക്കുന്നത്.