ഒഴിവാക്കേണ്ട പ്രസവ ഡയലോഗുകൾ, ഇനി ചോദിച്ചാൽ അതിനുള്ള മറുപടികളും

113

നെൽസൺ ജോസഫ്

ഒഴിവാക്കേണ്ട പ്രസവ ഡയലോഗുകൾ, ഇനി ചോദിച്ചാൽ അതിനുള്ള മറുപടികളും

1. പാൽ
” അവൾക്ക് ഒട്ടും പാലില്ല ”
– എന്ത്യേ, കറന്ന് വിറ്റോളാന്ന് വല്ല കരാറുമുണ്ടാരുന്നോ?
” കുഞ്ഞിനോട് സ്നേഹം ഇല്ലാത്തകൊണ്ടാ പാൽ വരാത്തേ ”
– ഫ, കടക്ക് പുറത്ത്..
” ആ കൊച്ച് കിടന്ന് കരയുന്നത് കണ്ടില്ലേ? അതിന് പാല് തെകയുന്നില്ലാരിക്കും”
– തണുപ്പടിച്ചപ്പൊ കരഞ്ഞ വാവ : ” താനെന്ത് തേങ്ങയാടോ ഈ പറയുന്നത്.”
” മൂന്ന് മാസമായില്ലേ, ഇനി കുറുക്കൊക്കെ കൊടുക്കാം. പാല് കൊണ്ട് മാത്രം കൊച്ചിൻ്റെ വിശപ്പ് മാറുന്നുണ്ടാവില്ല ”
– എന്ന് കൊച്ച് നിങ്ങളോട് പറഞ്ഞോ?
” ഈ പാല് കൊണ്ട് മാത്രം എന്താവാനാ? ”
– നന്നാവാനാ

2. അമ്മ
” വണ്ണം കൂടിയല്ലോ, കുറയ്ക്കണം കേട്ടോ? ”
– സൗകര്യമില്ല
” സുഖപ്രസവമല്ലാരുന്നോ? ”
– ഓ, അത്ര സുഖമൊന്നുമില്ലാരുന്നു.
” സിസേറിയനല്ലാരുന്നോ? വേദന അറിഞ്ഞില്ലാരിക്കുമല്ലോ ”
– യേയ്..ഡോക്ടറ് പൂവിതളോണ്ടാ കീറിയത്. അപ്പത്തന്നെ മുറിവ് കരിയുകേം ചെയ്തു…”
” പ്രസവിച്ചിട്ടും തീരെ വണ്ണം വച്ചില്ലല്ലോ? ”
– അയിന്?… ഈ പ്രദേശത്തൊക്കെ വണ്ണം വയ്ക്കാനായിരുന്നോ പ്രസവം?
” പകൽ ഒറങ്ങരുത് ”
– ആയ്ക്കോട്ടെ..രാത്രീ നിങ്ങൾ കൊച്ചിനെ നോക്കിത്തന്നാ മതി.
” പ്രസവിച്ച സ്ത്രീകളെ ഭർത്താവ് കാണാൻ പാടില്ല ”
– ഞാൻ കണ്ണ് പൊത്തിക്കോളാം അമ്മേ.

3. കുഞ്ഞ്
” ശോ…അച്ഛനെ വാർത്ത് വച്ചപോലുണ്ട്, നിൻ്റെ ഒന്നും കിട്ടിയിട്ടില്ല ”
– എന്നാപ്പിന്നെ അവിടിരുന്ന് വാർത്തൂടായിരുന്നോ? പത്ത് മാസം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നല്ലോ.
” ആങ്കുട്ട്യാ അല്ലേ?…കോളടിച്ചല്ലോ..ഡബിൾ ചിലവ് വേണം ”
– അതെന്താടാ? പെണ്ണായാൽ ലഡു നിനക്ക് ഇറങ്ങില്ലേ?
” ഞാൻ ഓർത്തത് ആൺകുഞ്ഞാരിക്കും എന്നാ ”
– ആരെങ്കിലും നിർബന്ധിച്ചാരുന്നോ ഓർക്കാൻ?
” പെങ്കൊച്ചാ അല്ലേ? കുടുംബം നിലനിൽക്കണേൽ ആങ്കുട്ടി ഉണ്ടാവണം ”
– ഈ ടൈപ്പ് ചിന്തയുള്ള കുടുംബം നിലനിൽക്കാത്തതാ നല്ലത്.
” പെങ്കൊച്ചാ അല്ലേ…നഷ്ടാല്ലോ ”
– വിൽക്കുന്നില്ല അമ്മാവാ.. കുഞ്ഞിനെ വളർത്തി പഠിപ്പിച്ച് നല്ല നിലയിലാക്കാം എന്നാ തീരുമാനം.
” കുഞ്ഞിനെ അരയ്ക്ക് താഴോട്ട് മണ്ണിനകത്തിരുത്തണം. നടു ഉറയ്ക്കാനാ ”
– ന്നാ കുറച്ച് സിമൻ്റൂടെ ഇട്ടുകൊട്, ശരിക്ക് ഉറയ്ക്കട്ടെ.
” കൊച്ചിനെങ്ങനാ, നിറമൊക്കെ ഉണ്ടോ? ”
– ഇല്ല ബ്ലാക്ക് ആൻഡ് വൈറ്റാ.
” കൊച്ചിനെ കുളിപ്പിക്കുമ്പൊ വേണം തല ഉരുട്ടിയെടുക്കാൻ..മൂക്കൊക്കെ വലിച്ചുഴിഞ്ഞാലേ നീളൂ. ശരിക്കൊന്ന് തിരുമ്മി കുളിപ്പിക്കണം…ഒര മരുന്നൊന്നും കൊടുത്തില്ലേ? ”
– അല്ല എന്താ ഉദ്ദേശ്യം? കുഞ്ഞിനെ വളർത്താൻ തന്നെ അല്ലേ?
” ഒരു കൊച്ചൊക്കെയായില്ലേ? ഇനി ജോലിക്കൊക്കെ പോണോ? ”
– മക്കളെയൊക്കെ കെട്ടിച്ചുവിട്ടതല്ലേ? ഇനി തിന്നാനൊന്നും വേണ്ടാരിക്കൂല്ലോ?
” ഡോക്ടർ അങ്ങനെ പലതും പറയും…മൈൻഡ് ചെയ്യണ്ട”
– വഴിയേ പോവുന്നവർ ഇങ്ങനെ പലതും പറയും, മൈൻഡ് ചെയ്യണ്ടെന്ന് ഡോക്ടറും പറഞ്ഞാരുന്നു.
” മൂന്ന് മാസായി, ഇനി കൊച്ചിന് കട്ടിക്കെന്നേലും തിന്നാൻ കൊടുക്കാം ”
– അമ്മിക്കല്ലായാലോ?
. ” ഇതൊക്കെ പ്രസവരക്ഷേടെ ഭാഗാ പെണ്ണേ ”
– ഓ, ഞാൻ കരുതി എനിക്കുള്ള ശിക്ഷയാന്ന്.
” പ്രസവം നിർത്തിയോ മോളേ? ”
– തുടരുമ്പൊ അറിയിക്കാം അമ്മച്ചീ..
വാൽക്കഷണം രണ്ടെണ്ണം :
” വിശേഷം ഒന്നും ആയില്ലേ? ”
– ആവുമ്പൊ അറിയിക്കാം അമ്മാവാ
” അടുത്തത് എന്നാ? ”
– ഇതൊരു കോമ്പറ്റീഷൻ ഐറ്റം അല്ല.