വയറിളകിയ ഫാസ്റ്റ് പാസഞ്ചര്‍ – രഘുനാഥന്‍ കഥകള്‍

224

fast

ഹരിപ്പാട് നിന്നും പുറപ്പെട്ട് ആലപ്പുഴ ചേര്‍ത്തല വഴി നേരെ എറണാകുളത്തിനു വച്ചു പിടിക്കാനായി നില്‍ക്കുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ്, തന്റെ ഓട്ടം തുടങ്ങാനുള്ള അനുമതിയായ ഡബിള്‍ ബെല്ലിനു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഒറ്റ നോട്ടത്തില്‍ യശ:ശരീരനായ ശ്രീ നവാബ് രാജേന്ദ്രന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിക്കൊണ്ട് ഓടി വന്നു കയറിയത്. അയാള്‍ െ്രെഡവറുടെ സീറ്റിന്റെ അടുത്തായി നിന്നിട്ട് സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങള്‍ പുറത്തെടുത്തു. പിന്നീട് അതില്‍ നിന്നും ഒരു പുസ്തകം ബസ്സിലിരിക്കുന്ന ഞാനടക്കമുള്ള യാത്രക്കാരുടെ നേരെ തുറന്നുപിടിച്ചിട്ട് ഏറു കൊണ്ട ശുനകന്റെ സ്വര സൌകുമാര്യത്തോടെ ഒരു ചോദ്യം..!!

‘മഴ പെയ്യുമ്പോള്‍ മാക്രികള്‍ കരയുന്നത് എന്തുകൊണ്ട്? ‘

ഏറെ നേരമായിട്ടും ബസ് വിടാത്തതില്‍ കുന്ടിതപ്പെട്ടിരുന്ന ഒരു യാത്രികന് താടിയും മുടിയും നീട്ടി കാഷായ വേഷധാരിയായ അയാളുടെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ മറുപടി കൊടുത്തു.

‘അത് താന്‍ പോയി മാക്രിയോടു ചോദിക്ക്. ഇവിടെ വണ്ടി വിടാന്‍ നോക്കിയിരിക്കുമ്പോഴാ അങ്ങേരുടെ ഒരു മാക്രി’
‘അമ്മായി അമ്മയെ കാണുമ്പോള്‍ മരുമകളുടെ ശരീരം ചൊറിഞ്ഞു കയറുന്നത് എന്തുകൊണ്ട്?’

മുന്‍സീറ്റില്‍ ഇരിക്കുന്ന അമ്മയേയും മകളെയും നോക്കി കാഷായ വേഷധാരി അടുത്ത ചോദ്യം ഉന്നയിച്ചതോടെ നേരെ പുറകിലത്തെ സീറ്റില്‍ ഇരുന്ന ചെറുപ്പക്കാരന്‍ തലയുയര്‍ത്തി രൂക്ഷമായി അയാളെ നോക്കി. അത് മൈന്‍ഡ് ചെയ്യാതെ കാഷായവേഷം ഉടന്‍ തന്റെ അടുത്ത ചോദ്യവും പുറത്തു വിട്ടു.

‘വെള്ളമടിച്ചു വീലൂരി വരുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ ഭാര്യ അരിവാള്‍, വെട്ടുകത്തി, ഉലക്ക മുതലായ മാരകായുധങ്ങള്‍ എടുക്കുന്നത് എന്ത് കൊണ്ട്?’
ആ ചോദ്യം കേട്ട് പുറകു വശത്തെ ഡോറിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന മധ്യവയസ്‌കന്‍ അടുത്തിരുന്ന തന്റെ ഭാര്യയേയും, ഭാര്യ അയാളേയും അര്‍ദ്ധഗര്‍ഭമായി ഒന്ന് ഒളി കണ്ണിട്ടു നോക്കി. ഇതെല്ലാം കണ്ടും കേട്ടും ഏറ്റവും പുറകില്‍ ഇരുന്നിരുന്ന ഞാന്‍ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വച്ചിട്ടു കാഷായ വേഷത്തിന്റെ അടുത്ത ചോദ്യം എന്തായിരിക്കും എന്നാലോചിച്ചു.

‘അങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന നൂറ്റി ഒന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതാ വെറും പത്തു രൂപയ്ക്ക്. വാങ്ങൂ.. വായിക്കൂ സംശയങ്ങളില്‍ നിന്നും മുക്തി നേടൂ’ കാഷായധാരി തന്റെ പ്രസംഗം ഉപസംഹരിച്ചിട്ട് പുസ്തകങ്ങളുമായി യാത്രക്കാരുടെ അരികിലേയ്ക്ക് നീങ്ങി.
ഇതിനിടയില്‍ കണ്ടക്ടര്‍ കേറുകയും ഡബിള്‍ ബെല്‍ മുഴങ്ങുകയും വണ്ടി നീങ്ങുകയും ചെയ്തു. നീങ്ങിത്തുടങ്ങിയ വണ്ടിയുടെ പുറകില്‍ നിന്നും ഒരു വൃദ്ധയുടെ ദീനമായ ശബ്ദം കേട്ടത് അപ്പോഴാണ്.
‘അയ്യോ വണ്ടി വിടല്ലേ… ഞാനും വരുന്നു…എന്നേം കൂടെ കൊണ്ട് പോണേ’

ചട്ടയും മുണ്ടും ധരിച്ച ഒരു വല്യമ്മ കയ്യില്‍ ഒരു കാലന്‍ കുടയും പിടിച്ചു കൊണ്ട് വണ്ടിയുടെ പിറകെ ഓടുന്നു. അത് കണ്ട കണ്ടക്ടര്‍ വീണ്ടും ബെല്ലടിച്ചു വണ്ടി നിര്‍ത്തി. ഓടിവന്ന വല്യമ്മ വണ്ടിയില്‍ ചാടിക്കയറി. കയറിയ ഉടന്‍ വെപ്രാളത്തോടെ ഇരിക്കാനുള്ള സീറ്റിനു വേണ്ടി പരതി. വണ്ടി വീണ്ടും യാത്ര തുടങ്ങി.

‘വല്യമ്മേ വാതിലിനടുത്ത് നിന്ന് അങ്ങോട്ട് മാറി നില്ല്… റോഡു മോശമാ… ഉരുണ്ടു വീണു വല്ലോം പറ്റിയാല്‍ പിന്നെ ഞാന്‍ തൂങ്ങണം.’
വാതിലിനടുത്ത് തന്നെ നിന്ന് സീറ്റിനു വേണ്ടി പരതിക്കൊണ്ടിരുന്ന വല്യമ്മയെ നോക്കി കണ്ടക്ടര്‍ മുന്നറിയിപ്പ് കൊടുത്തു. അത് കേട്ട വല്യമ്മ കാലന്‍ കുട കക്ഷത്തില്‍ ഒതുക്കി പിടിച്ചു കൊണ്ട് ആളുകളുടെ ഇടയിലേയ്ക്കു ഇടിച്ചു കയറി.
‘അയ്യോ എന്റെ മുണ്ട്…. ദേണ്ടെ എന്റെ മുണ്ടും കൊണ്ട് പോകുന്നു ‘

പോകുന്ന വഴിയില്‍ വല്യമ്മയുടെ കക്ഷത്തിലിരുന്ന കാലന്‍ കുടയുടെ വളഞ്ഞ പിടി അടുത്തു നിന്ന ഒരു വല്യപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്റെ മടക്കില്‍ കയറിപ്പിടിച്ചതും നിന്ന നില്പില്‍ ദിഗംബരനായ വല്യപ്പന്‍ തന്റെ മുണ്ടിനു വേണ്ടി കുടയുടെ കാലില്‍ കയറിപ്പിടിച്ചതുമൊന്നും വല്യമ്മ ഗൌനിച്ചില്ല. അവര്‍ ഇടിച്ചു തള്ളി മുന്‍പിലേയ്ക്ക് പോയി.

‘ഹോ.. പിരി ഇളകിയ ഓരോന്ന് വന്നു കേറിക്കോളും..മനുഷ്യനെ നാണം കെടുത്താന്‍’

മുണ്ട് തിരിച്ചു കിട്ടിയ വല്യപ്പന്‍ അത് വീണ്ടും തന്റെ ശരീരത്തില്‍ ബന്ധിക്കുന്നതിനിടയില്‍ ആവലാതിപ്പെട്ടു.

യാത്രക്കാരുടെ മുതുക് തന്റെ ഇരിപ്പിടമാക്കിയ കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു കൊടുത്തു മുന്‍പോട്ടു പോയി. സ്‌റ്റോപ്പുകളില്‍ നിറുത്താതെയും സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് നിറുത്തിയും ചിലപ്പോള്‍ സുപ്പര്‍ ഫാസ്റ്റു പോലെ പറന്നും മറ്റു ചിലപ്പോള്‍ ഓര്‍ഡിനറി പോലെ ഇഴഞ്ഞും സര്‍ക്കാര്‍ അധീനതയിലുള്ള ആ ‘ത്വരിതഗമന ശകടം’ മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഇതിനിടയില്‍ മുന്‍ വശത്ത് നിന്നും വല്യമ്മയുടെ കാലന്‍ കുടയുടെ പരാക്രമത്തിനിരയായ മറ്റൊരു വനിത അവരെ ഉച്ചത്തില്‍ ശാസിക്കുന്നത് കേട്ടു. കളര്‍ കോട് ജങ്ങ്ഷന്‍ കഴിഞ്ഞപ്പോഴാണ് വണ്ടിയുടെ മുന്‍ഭാഗത്ത് നിന്നും ഉച്ചത്തിലുള്ള ആ നിലവിളി കേട്ടത്.
‘അയ്യോ എനിക്ക് വെളിക്കിറങ്ങണം ‘

‘വല്യമ്മേ ഇത് ലിമിറ്റഡ് സ്‌റ്റോപ്പാ. ഇനി വണ്ടി മെഡിക്കല്‍ കോളേജ് ജങ്ഷനിലേ നിര്‍ത്തൂ. അവിടെ ഇറക്കാം’ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.

‘അയ്യോ എനിക്കുടനെ വെളിക്കിറങ്ങണം. വണ്ടി നിര്‍ത്തെടാ കൊച്ചനെ’ വല്യമ്മ െ്രെഡവറെ നോക്കി വെപ്രാളത്തോടെ പറഞ്ഞു.

‘അവര്‍ക്ക് വയറ്റില്‍ വല്ല അസുഖവും കാണും. വെളിക്കിറങ്ങണമെന്ന് പറയുന്നത് കേട്ടില്ലേ? ‘ വല്യമ്മയുടെ അടുത്തിരുന്ന ഒരു യാത്രക്കാരന്‍ െ്രെഡവറോട് കയര്‍ത്തു.

ചെറുപ്പക്കാരനായ െ്രെഡവര്‍ ധര്‍മ സങ്കടത്തിലായെന്നു തോന്നുന്നു. പ്രായമായ ഒരു വല്യമ്മയാണ് അപേക്ഷിക്കുന്നത്. വെളിക്കിറങ്ങാന്‍ മുട്ടുന്ന അവരെ എങ്ങനെ ഇറക്കാതിരിക്കും? വല്ല പ്രഷറോ ഷുഗറോ ഉള്ള ആളാണെങ്കില്‍ ഇപ്പോഴത്തെ പ്രഷര്‍ കൂടുമ്പോള്‍ ഒപ്പം മറ്റേ പ്രഷറും കൂടിയാല്‍ കുഴപ്പമാകില്ലേ? ഇറക്കിയാല്‍ തന്നെ എവിടെ ഇറക്കും? പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യങ്ങള്‍ ഉള്ളിടത്തല്ലേ ഇറക്കാന്‍ പറ്റൂ? അയാള്‍ വണ്ടി നിര്‍ത്തണോ വേണ്ടയോ എന്നറിയാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു പിറകില്‍ ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നകണ്ടക്ടറെ നോക്കി.

‘സാറേ നിങ്ങള്‍ വണ്ടി എങ്ങും നിര്‍ത്താതെ നേരെ സ്റ്റാന്റിലേക്ക് വിട്. പറപ്പിച്ചു വിട്ടാല്‍ അഞ്ചു മിനിട്ട് കൊണ്ട് സ്റ്റാന്റില്‍ എത്താം. അവിടെയാകുമ്പോള്‍ വല്യമ്മയ്ക്ക് കക്കൂസ്സില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല’

വല്യമ്മയുടെ അവസ്ഥ മനസ്സിലാക്കിയ നല്ല ശമരിയാക്കാരനായ ഒരു മാന്യന്‍ െ്രെഡവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അത് കേട്ട െ്രെഡവര്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കക്കൂസ്സില്‍ പോകാന്‍ വൈകിയാലുണ്ടാവുന്ന വെപ്രാളം നന്നായി അറിയാവുന്നവനെപ്പോലെ അയാള്‍ വണ്ടി പറപ്പിച്ചു വിട്ടു. എതിരെ വരുന്ന വാഹനങ്ങള്‍ കെ എസ് ആര്‍ ടി സി ബസ്സിന്റെ മരണപ്പാച്ചില്‍ കണ്ടു അന്തം വിട്ടു. ഇരു ചക്ര വാഹനക്കാര്‍ ബസ്സിന്റെ വരവ് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി അകലെ വച്ചു തന്നെ സൈഡില്‍ ഒതുക്കി. മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്നിരുന്ന ട്രാഫിക് പോലീസ്സുകാരന്‍ കഥ എന്തെന്നറിയാതെ ഹെഡ് ലൈറ്റ് ഇട്ടു, ഹോണ്‍ നീട്ടിയടിയടിച്ചു കൊണ്ട് പാഞ്ഞവരുന്ന ബസ്സിനു പോകാനുള്ള സൗകര്യം പെട്ടെന്ന് ഉണ്ടാക്കിക്കൊടുത്തു. ഒപ്പം തന്നെ അടുത്ത ട്രാഫിക് സിഗ്‌നലില്‍ നില്‍കുന്ന പോലീസ്സുകാരനുള്ള മെസ്സേജ് വാക്കി ടോക്കിയിലൂടെ നല്‍കുന്നതും കണ്ടു.

ബസ് സ്റ്റാന്റിനെ ചുറ്റി തെക്ക് ഭാഗത്തുള്ള പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന്റെ മുന്‍പിലേയ്ക്ക് പാഞ്ഞെത്തിയ ബസ്സിനെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ബസ്സിന്റെ ബ്രേക്ക് ഫെയില്‍ ആയിട്ടുണ്ടാകുമെന്നുള്ള ശങ്കയോടെ ഓടിമാറി. കംഫര്‍ട്ട് സ്‌റ്റേഷന്റെ മുന്‍പില്‍ എത്തിയ ബസ് ഒരു അലര്‍ച്ചയോടെ നിരങ്ങി നിന്നു. ഇതിനകം തന്നെ യാത്രക്കാര്‍ വല്യമ്മയ്ക്ക് പെട്ടെന്ന് ഇറങ്ങാനുള്ള സൌകര്യത്തിനായി വഴി ഉണ്ടാക്കിയിരുന്നു.
‘വല്യമ്മേ ദേ കക്കൂസ് ..പെട്ടെന്ന് ഇറങ്ങിക്കോ…’ െ്രെഡവര്‍ വല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.

‘ബ്ഭാ കളര്‍കോട്ട് ഇറങ്ങാനുള്ള എന്നെ കക്കൂസ്സിലാണോടാ ഇറക്കുന്നത്? കുരുത്തം കെട്ടവനേ ‘

ബസ് സ്റ്റാണ്ട് വിറയ്ക്കുന്ന രീതിയിലുള്ള ആക്രോശം കേട്ട െ്രെഡവര്‍ അന്തം വിട്ടിരുന്നു. വല്യമ്മയുടെ വെപ്രാളം കണ്ടു വണ്ടി പറപ്പിച്ചു വിടാന്‍ െ്രെഡവറോട് ആജ്ഞാപിച്ച നല്ല ശമരിയാക്കാരനായ യാത്രക്കാരന്‍ അതുവഴി വന്ന മറ്റൊരു ബസ്സില്‍ കയറിപ്പോയത് െ്രെഡവര്‍ മാത്രം കണ്ടില്ല.