കമ്മ്യൂണിസം വേരോടിയ മണ്ണിൽ മറഡോണയുടെ ചിലവിൽ ക്യാപിറ്റലിസത്തിന്റെ ആഘോഷം

30

ഡിബിൻ ജേക്കബ്

രജതരാജ്യത്തെ മാന്ത്രികൻ

1990-ൽ ഇറ്റലിയിലെ ലോകകപ്പിലാണ് ഡീഗോ മറഡോണയെ ഞാൻ ആദ്യമായി കാണുന്നത്. ഫൈനലിൽ ജർമനിയോട്  എതിരില്ലാത്ത ഒരു പെനാൽറ്റി ഗോളിന് തോറ്റ് കിരീടം അടിയറ വച്ചപ്പോൾ അയാൾ കരഞ്ഞു.ആദ്യ കളിയിൽ കാമറൂണിന്റെ ആഫ്രിക്കൻ കരുത്തിനോട് തോറ്റ അർജന്റീനയെ ക്ളോഡിയോ കനീജിയയുടെ സഹായത്തോടെ ഫൈനൽ വരെ കൊണ്ടുപോയത് മറഡോണയാണ്. തന്റെ പാസിൽ ഗോളടിക്കുന്ന കനീജിയയെ അയാൾ ചുണ്ടുകളിൽ ചുംബിച്ചു. ഭാര്യയുടെ പരാതിയിൽ ചുംബനം നിർത്തി. മെക്സിക്കോ സിറ്റിയിലെ ആസ്റ്റെക് സ്റ്റേഡിയത്തിൽ ഡീഗോ അർമാൻഡോ മറഡോണ അർജന്റീനയെ ലോകകിരീടം ചൂടിച്ചിട്ട് കൃത്യം നാലു വർഷം കഴിഞ്ഞിരുന്നു അപ്പോൾ. തെക്കേ അമേരിക്കൻ ഫുട്‌ബോൾ മാന്ത്രികരായ അർജന്റീനയുടെ വെള്ളയും നീലയും കുപ്പായത്തിന് ലോകം മുഴുവൻ ആരാധകർ ജനിക്കുന്നത് അതിനും മുമ്പാണ്.

1978-ഞാൻ ജനിച്ച വർഷം. മുന്നേറ്റ നിരയിലെ മരിയോ കെംപസ് ബ്യൂണസ് ഐറിസിൽ ആദ്യമായി രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ നിർത്തി. സെമിയിലും ഫൈനലിലും ഇരട്ട ഗോൾ. ആറ് ഗോളുമായി ടോപ് സ്കോറർ. മുമ്പേ പറന്ന പക്ഷിയുടെ തലയെടുപ്പുണ്ട്,പക്ഷേ ‘രജതരാജ്യ’ത്തിന്റെ ഏറ്റവും വലിയ സ്പോർട്ടിംഗ് ഹീറോ കെംപസല്ല,മറഡോണയാണ്. 1986-ലെ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ളണ്ടിനെതിരെ കളിച്ച കളിയാണ് മറഡോണയ്ക്ക് ലോകത്തിന്റെ ഹൃദയത്തിൽ സ്ഥിരമായ ഇരിപ്പിടം നൽകിയത്.കൊളോണിയലിസത്തിന്റെ അവശേഷിപ്പായ ഫോക്ലാൻഡ് ദ്വീപുകൾക്ക് വേണ്ടി, ബ്രിട്ടനും അർജന്റീനയും യുദ്ധം ചെയ്ത് നാലു വർഷത്തിനു ശേഷമായിരുന്നു ഈ മൽസരം.ഫുട്‌ബോൾ എക്കാലവും ദേശീയതയുടെ വിളനിലമാണ്. കൈ കൊണ്ടും കാലു കൊണ്ടും നേടിയ രണ്ടു ഗോളുകളിലൂടെ മറഡോണ പഴയ ‘സൂര്യൻ അസ്തമിക്കാത്ത’ സാമ്റാജ്യത്തിന് പുറത്തേക്കുള്ള വഴി കാണിച്ചു.അതിൽ ആദ്യ ഗോൾ ഇപ്പോഴും വിവാദവിഷയമാണ്, രണ്ടാം ഗോൾ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ചതും.

രണ്ടാം ലോകകപ്പ് ജയത്തോടെ അർജന്റീന ബ്രസീലിനോട് കിടപിടിക്കുന്ന,തെക്കേ അമേരിക്കൻ പാരമ്പര്യത്തിന്റെ നവ വക്താക്കളായി സ്വയം അടയാളപ്പെടുത്തി. അങ്ങ് കേരളത്തിലെ കൊച്ചു ഗ്രാമങ്ങളിൽ വരെ ആരാധകർ പിറന്നു. 90-കളുടെ തുടക്കത്തിൽ,ഹൈസ്കൂൾ വിദ്യാർത്ഥിയായ ഞാൻ ‘പൂമ്പാറ്റ’യിൽ നിന്ന് കിട്ടിയ മറഡോണയുടെ ഒരു ചെറിയ പോസ്റ്റർ,മുറിയിലെ ചുവരിൽ പതിപ്പിച്ചു.
പിന്നീട് ചുവര് കാണാത്ത വിധം നിറഞ്ഞ കായിക താരങ്ങളുടെ വരവിന് കാരണഭൂതനായി ലാറ്റിൻ അമേരിക്കൻ മാന്ത്രികൻ.1994-ലെ വേനലിൽ(കേരളത്തിൽ മഴക്കാലത്ത്)അമേരിക്കൻ ലോകകപ്പ് തുടങ്ങുമ്പോൾ ഏത് ടീമിനെ തുണയ്ക്കണം എന്ന ധർമ സങ്കടത്തിലാണ് ഞാൻ. ബ്രസീലോ അർജന്റീനയോ? പ്രാഥമിക റൗണ്ടിൽ രണ്ടു ടീമും വലിയ തടസ്സമില്ലാതെ മുന്നോട്ടു പോയി.

മൂന്നാമത്തെ മൽസരത്തിൽ ഗ്രീസിനെതിരെ പെനാൽറ്റി ബോക്സിൽ വെട്ടിത്തിരിഞ്ഞ് മറഡോണ ഗോൾ നേടിയപ്പോൾ,ഞാനും അപ്പച്ചനും ഒരുമിച്ചാണ് ആർത്തു വിളിച്ചത്. അപ്പച്ചന് ഫുട്‌ബോളിൽ പക്ഷഭേദമില്ല; ചന്തമുള്ള കളി ആര് കളിച്ചാലും കയ്യടിക്കും.യൂറോപ്,ആഫ്രിക്ക,ഏഷ്യ- ഇങ്ങനെ വ്യത്യാസമില്ല; തെക്കേ അമേരിക്കയോട് ചെറിയൊരു ചായ് വ് ഉണ്ടെന്നു മാത്രം. പക്ഷം പിടിച്ച് വികാരം കൊള്ളാതെ കളിയിൽ ആവേശമുണ്ടാകില്ല എന്ന പക്ഷക്കാരനായിരുന്നു ഞാൻ.അതിനുള്ള അവസരം മറഡോണ തന്നെഒരുക്കി തന്നു: പ്രീക്വാർട്ടർ മൽസരത്തിനു മുമ്പ് മറഡോണയെ ലോകകപ്പിൽ നിന്ന് ഫിഫ പുറത്താക്കി എന്ന വാർത്ത കേട്ട് ഞെട്ടി; നിരോധിത ഉത്തേജക മരുന്നുകൾ ഉപയോഗിച്ചതാണ് കാരണം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പ്രീഡിഗ്രി ദിനങ്ങളിൽ സംഭവം ചൂടുള്ള ചർച്ചയായി.

‘Oh,what a fall!’ എന്ന് സ്പോർട്സ്റ്റാർ കവർ സ്റ്റോറി എഴുതി.നായകനെ നഷ്ടമായി കളത്തിൽ ഇറങ്ങിയ അർജന്റീന ബൾഗേറിയയോട് തോറ്റു പുറത്തായി. എന്റെ ആവേശം ബ്രസീൽ എന്ന ഒരൊറ്റ ടീമിലേക്ക് ചുരുങ്ങി,രണ്ടാഴ്ച കഴിഞ്ഞ് മഞ്ഞക്കിളികളുടെ ക്യാപ്റ്റൻ ദുംഗ ലോസ് ആഞ്ജലസിലെ റോസ് ബൗളിൽ കിരീടം ഉയർത്തി, എന്റെ ഹൃദയം ബ്രസീലിനായി തുടിച്ചു, അർജന്റീനയെ ഞാൻ കൈവിട്ടു.
ബുധനാഴ്ച രാവിലെ മറഡോണ കടന്നു പോയ വാർത്ത അത്ഭുതകരമായി തോന്നിയില്ല.മെക്സിക്കൻ ലോകജയത്തിനു ശേഷം ഇറ്റലിയിലെ നാപ്പോളി ക്ളബിന് വേണ്ടി കളി തുടങ്ങിയ കാലം മുതലേ മറഡോണ മയക്കുമരുന്നിന് അടിമയാണ്.

പക്ഷേ കാലുകളിലെ നൃത്തച്ചുവടുകൾ പുറത്തെടുത്ത് കാണികളെ നിർവൃതിയിൽ ആറാടിക്കുന്നതിൽ നിന്നത് ഡീഗോയെ തടഞ്ഞില്ല.അഞ്ചു വർഷം കൊണ്ട് നാപ്പോളിക്ക് ക്ളബ് ഫുട്‌ബോളിൽ നേടാവുന്നതെല്ലാം നേടിക്കൊടുത്തു.നേപ്പിൾസിൽ അയാൾ ഇപ്പോഴും ഒരു അർധദൈവമാണ്.ഇറ്റാലിയൻ ഫുട്‌ബോളിലെ മികവിന്റെ ദിനങ്ങൾക്കു ശേഷം,മറഡോണയുടെ ആശുപത്രി വാസത്തിന്റെ എണ്ണം വർധിച്ചു.ലഹരിയിൽ മുങ്ങി മരണത്തിലേക്കുള്ള യാത്ര അന്നേ തുടങ്ങിയതാണ്.ഫിദൽ കാസ്ട്രോ ഉൾപ്പെടെ പ്രശസ്തരായ സുഹൃത്തുക്കൾ ഡീഗോയെ ജീവിത്തിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും,ഇതിൽ നിന്ന് മോചനമില്ല എന്ന ബോധ്യത്തിലേക്ക് അയാൾ അതിവേഗം നടന്നടുത്തു.പക്ഷേ ഫുട്‌ബോളിൽ മറഡോണ അവസാനമായി ഒരങ്കം മാറ്റി വച്ചിരുന്നു.2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ദേശീയ ടീം പരിശീലകൻ.മെസി എന്ന് പേരുള്ള യുവരാജാവിനെ തനിക്കു പോന്നവനാക്കി കിരീടം ചൂടിക്കേണ്ട ഉത്തരവാദിത്വം.

കളത്തിനു പുറത്ത് അങ്ങേയറ്റം വികാരഭരിതനും പ്രകടനപരനുമായി മറഡോണ. കളിയുടെ ആന്ദോലനത്തിനു ചുവടു പിടിച്ച് മുഖത്ത് മിന്നിമാഞ്ഞ നവരസങ്ങൾ ക്യാമറകൾക്ക് വിരുന്നായി.പക്ഷേ വികാരതീക്ഷ്ണത കൊണ്ടു മാത്രം കളി ജയിക്കുന്ന കാലം കഴിഞ്ഞിരുന്നു.ഫുട്‌ബോൾ കൂടുതൽ തന്ത്രപരവും മാനസിക-ശാരീരിക ക്ഷമതയിൽ ഊന്നിയതുമായി.അർജന്റീനയുടെ യാത്ര ക്വാർട്ടറിൽ ജർമനിയുടെ മുന്നിൽ അവസാനിച്ചു,നിരാശനായി മറഡോണ വീണ്ടും കളമൊഴിഞ്ഞു.

പിന്നീട് ബോബി ചെമ്മണ്ണൂരിന്റെ പരസ്യ പലകയായി മലബാറിൽ അയാളെ കണ്ടു. കമ്യൂണിസം വേരോടിയ മണ്ണിൽ മറഡോണയുടെ ചിലവിൽ ക്യാപിറ്റലിസത്തിന്റെ ആഘോഷം.ഇതിഹാസത്തെ നെഞ്ചിലേറ്റുന്ന കേരളത്തിലെ പതിനായിരങ്ങൾക്ക് ഒരു നോക്ക് കാണാനായി എന്ന യാഥാർത്ഥ്യം ബാക്കി.2014-ൽ ബ്രസീലിലെ ഫൈനലിൽ,അധിക സമയത്ത് ജർമനിയുടെ മരിയോ
ഗോട്സെ അർജന്റീനയുടെ വിധി എഴുതുമ്പോൾ മറഡോണ കൈകളിൽ മുഖം പൂഴ്ത്തി.രാജ്യം ഒരിക്കൽ കൂടി കിരീടം നേടണമെന്ന ചിന്ത ഡീഗോയെ മഥിച്ചിരിരുന്നു.2018-ൽ റഷ്യയിൽ മെസ്സിയുടെ സേന ഇറങ്ങുമ്പോൾ വിഐപി ബോക്സിൽ ഡീഗോ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. അമിത മാധ്യമശ്രദ്ധ ടീമിന് അലോസരമായി.

കായിക വേദിയിൽ രണ്ടു തരം പ്രതിഭകളുണ്ട്: സംശുദ്ധ പ്രതിഭ(Pure genius),കളങ്കിത പ്രതിഭ(Flawed genius). പെലെ,ബ്യോൺ ബോർഗ്,സച്ചിൻ,സാംപ്രസ്,ഫെഡറർ,സ്റ്റെഫി ഗ്രാഫ് മുതൽപ്പേർ ആദ്യ ഗണത്തിൽ വരും.ഇവരുടെ കളി ഉദാത്തവും പൂർണതയോട് അടുത്തു നിൽക്കുന്നതുമാണ്.സ്വഭാവ-പെരുമാറ്റ രീതികളിലും അതേ പൂർണത കാണാം.മാന്യരും സൗമ്യരും മാതൃകാപുരുഷരും.ഒരു പിഴവും വരുത്താൻ കഴിയാത്തവർ,അഥവാ പിഴവുകൾ വരാൻ പാടില്ലെന്ന് സമൂഹം അനുശാസിക്കുന്നവർ. സംസാരിക്കുമ്പോൾ പൊളിറ്റിക്കലി കറക്ട്,പൊതുവേദിയിൽ പ്രസന്നർ. കായികതാരവും വ്യക്തിയുമെന്ന നിലയിൽ അവരുടെ വികാസത്തിന്റെ ബാക്കി പത്രമാണിത്, പക്ഷേ പലപ്പോഴും അവർ ഈ രൂപക്കൂടിന് പുറത്തു പോകാനാകാതെ വലയുന്നതും കാണാം. വിരമിച്ചാലും മോചനമില്ല. സോഷ്യൽ മീഡിയ വഴി നിരന്തരം നിരീക്ഷിക്കുന്ന ലോകം അവരെ ഈ ചില്ലുകൂട്ടിൽ ബന്ധിതരാക്കുന്നു.ജോൺ മക്കെൻറോ,ഷെയ്ൻ വോൺ, ബ്രയൻ ലാറ,ടൈഗർ വുഡ്സ്,റൊമാരിയോ,ആന്ദ്രെ അഗാസി,ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നർ തുടങ്ങിയവർ രണ്ടാമത്തെ ഗണത്തിൽ.ഈ ടീമിന്റെ ക്യാപ്റ്റനാണ് മറഡോണ.

ഒരു ദിവസം കളി മികവിന്റെ നെറുകയിൽ നിൽക്കുന്ന ഇവർ അടുത്ത ദിവസം തോൽവിയുടെ ആഴത്തിലേക്ക് പോകും. ഒരിക്കലും തിരിച്ചു വരില്ല എന്ന് ലോകം വിധിയെഴുതുമ്പോൾ മടങ്ങി വന്ന് പുതിയ ചരിത്രമെഴുതും. ചെത്തിമിനുക്കിയ വിധം പൂർണരോ മാതൃകയോ അല്ല, വികാര വിക്ഷോഭങ്ങളുടെ ഒരു ശ്രേണി അവരിൽ കാണാം.ആദ്യ ഗണത്തിലെ താരങ്ങളുടെ അമ്പരപ്പിക്കുന്ന,ചിലപ്പോൾ വിരസതയുണ്ടാക്കുന്ന സ്ഥിരത രണ്ടാം ഗണത്തിനില്ല. പക്ഷേ പലപ്പോഴും അവർ തങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു.ദൈവത്തിനും ചെകുത്താനും ഇടയിൽ വിഭജിക്കപ്പെട്ടു പോയതാണ് അവരുടെ ഇരവുകളും പകലുകളും. എത്ര പതിതരായാലും അവരെ സ്നേഹിക്കുന്ന ജനസാഗരമുണ്ട്. ബലഹീനരായ മനുഷ്യർക്ക് അവരിൽ തങ്ങളെ കാണുന്നതാണ് എളുപ്പം.

മികവിന്റെ ഉപാസകരായത് ഒരിക്കലും ആദ്യ ഗണത്തിന്റെ കുറവല്ല. പക്ഷേ അച്ചടക്കമില്ലാത്ത ദുരന്ത നായകർക്ക് അവരുടേതായ ആരാധക വൃന്ദമുണ്ട്,ആരും ആരുടേയും പിന്നിലല്ല. പ്രതിരോധം മറന്നു കളിക്കുന്ന തെക്കേ അമേരിക്കൻ കളിക്കാരുടെ അതേ രീതിയാണ് മറഡോണ ജീവിതത്തിലും പിന്തുടർന്നത്. മാർക്കേസിന്റേയും ബോർഹെസിന്റേയും കഥാപാത്രങ്ങളെ ചൂഴുന്ന നിഗൂഢതയും അപ്രവചീനയതയും മാന്ത്രിക യാഥാർഥ്യവും മറഡോണയിലും മറഞ്ഞു നിൽക്കുന്നു.കൃത്യമായി വരച്ചിട്ട കളങ്ങൾക്ക് പുറത്ത് ജീവിതത്തിന്റെ എല്ലാ രസങ്ങളും ആവോളം നുകർന്നാണ് അയാൾ കളിച്ചത്. തൽക്കാലം നമുക്ക് അയാളുടെ മരണത്തിൽ വിലപിക്കാം, ശേഷം മരണമില്ലാത്ത അയാളുടെ കളിയെ ആഘോഷിക്കാം.