മനുഷ്യന് മുൻപേ നടന്ന നായ

247

Dibin Jacob എഴുതുന്നു 

മനുഷ്യന് മുൻപേ നടന്ന നായ

ഗഗനചാരിയായ ഗഗാറിനു മുൻപ് ലെയ്ക്ക ഉണ്ടായിരുന്നു.
ശൂന്യാകാശത്ത് സഞ്ചരിച്ച
ആദ്യത്തെ ജീവി മനുഷ്യനല്ല, മൃഗമാണ്.
ലെയ്ക്ക എന്ന നായ.

ശീതയുദ്ധത്തിൽ മുഴുകിയ അമേരിക്കയും
സോവിയറ്റ് യൂണിയനും, 1950-കളിൽ സാൻകേതിക വിദ്യയിലൂടെ ശൂന്യാകാശം കയ്യടക്കാനുള്ള തീവ്ര ശ്രമത്തിലാണ്ടു.
സോവിയറ്റ് യൂണിയനായിരുന്നു മേൽക്കൈ.
ലോകത്തിലാദ്യമായി ബാലറ്റിലൂടെ ഒരു കമ്യൂണിസ്റ്റ് ഗവണ്മെന്റ് കേരളത്തിൽ അധികാരത്തിൽ വന്ന അതേ വർഷമാണ്(1957), സോവിയറ്റ് യൂണിയൻ ലെയ്ക്ക എന്ന നായയെ സ്പുട്നിക്ക്-2 എന്ന റോക്കറ്റിൽ ശൂന്യാകാശത്തേക്ക് അയച്ചത്.

ആ വിജയം 1958-ൽ നാസയ്ക്ക് രൂപം നൽകാൻ
അമേരിക്കയെ പ്രേരിപ്പിച്ചു.
1961-ൽ യൂറി ഗഗാറിൻ എന്ന മനുഷ്യനെ
ശൂന്യാകാശത്തു വിട്ട് സോവിയറ്റ് യൂണിയൻ
അടുത്ത ഗോളടിച്ചു.
അതിന് തിരിച്ചടി നൽകാനുള്ള അമേരിക്കയുടെ ശ്രമം,ഒട്ടേറെ പരാജയങ്ങൾക്കു ശേഷം,1969-ൽ
നീൽ ആംസ്ട്രോംഗിനെ ചന്ദ്രനിൽ ഇറക്കുന്നതിലാണ് ചെന്നെത്തിയത്.
ഈ രണ്ടു വൻശക്തികളുടെ കിടമൽസരം
ശാസ്ത്രത്തിനും ലോകത്തിനും ഗുണം ചെയ്തു.
1958-68 കാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും ചേർന്ന്, ഏതാണ്ട് അയ്യായിരം കൃത്രിമ ഉപഗ്രഹങ്ങളാണ് ശൂന്യാകാശത്ത് വിട്ടത്.

സ്പെയ്സിലെ മനുഷ്യന്റെ ചുവടു വയ്പിന് ഊർജ്ജം നൽകിയത് ലെയ്ക്ക
എന്ന പെൺനായയാണ്. അവളെ വച്ചു നടത്തിയ പരീക്ഷണമാണ് മനുഷ്യന് വഴിവെട്ടിയത്.
തുൻപയിൽ വിക്രം സാരാഭായ് സ്പെയ്സ്
സെന്ററിൽ സീനിയർ എൻജിനീയറായ വി ജെ ജയിംസ് എഴുതിയ ‘ലെയ്ക്ക’ എന്ന ലഘുനോവൽ, ശൂന്യാകാശ പര്യവേക്ഷണത്തിന്റെ ഉദ്വേഗവും,
മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും മൃഗവും തമ്മിലുമുള്ള ഇഴയടുപ്പത്തിന്റെ വൈകാരിതയും ഒരുപോലെ നിലനിർത്തുന്നു.

പാരീസിൽ ഒരു ശാസ്ത്രസമ്മേളനത്തിൽ
പൻകെടുക്കാൻ ഭാര്യയോടും കുഞ്ഞുമകളോടുമൊപ്പം പോയ യുവ മലയാളി
ബഹിരാകാശ ശാസ്ത്രജ്ഞൻ, വിമാനത്താവളത്തിൽ വച്ച് ഒരു റഷ്യൻ ശാസ്ത്രജ്ഞനുമായി പരിചയത്തിലാവുന്നു.
ലെയ്ക്കയെ ശൂന്യകാശത്തേക്കയച്ച ശാസ്ത്ര
സംഘത്തിൽ ഒരംഗമായിരുന്നു അയാൾ.

പിന്നീട് നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം
മലയാളിക്ക് റഷ്യക്കാരന്റെ ഭാര്യ അയക്കുന്ന
ഒരു കത്തിലൂടെ, ഡെനിസോവിച്ച് എന്ന ആ ശാസ്ത്രജ്ഞന്റെ ജീവിതം ഇതൾ വിരിയുന്നു.

ലെയ്ക്ക എന്നത് ഒരൊറ്റ നായയുടെ പേരല്ല.
ഒരു നായവർഗത്തിന്റെ പേരാണ്.
വേട്ടക്കായി മനുഷ്യൻ ഉപയോഗിക്കുന്ന ചടുലതയുള്ള ഒരു നായ. ചെറിയ ഉടലായതു കൊണ്ട് റോക്കറ്റിന്റെ ഇടുങ്ങിയ പേലോഡ്
അറയ്ക്കുള്ളിൽ ഉൾക്കൊള്ളിക്കാനും സൗകര്യം.
നായ്ക്കളുടെ ചോരയോട്ടവും ശ്വസനവും
മനുഷ്യന്റേതിന് സമാനമാണ് എന്നതും അതിനെ
തിരഞ്ഞെടുക്കാൻ കാരണമായി.

മനുഷ്യനു മുൻപേ നടന്ന നായ,
അതായിരുന്നു ലെയ്ക്ക.

ഡെനിസോവിച്ച് ലെയ്ക്കയെ യാത്രക്ക് തയ്യാറാക്കുന്നതിനിടയിൽ അവളുമായി
വൈകാരികമായ ഒരു ബന്ധം രൂപപ്പെടുന്നു.
അയാളുടെ കൊച്ചുമകൾക്ക് ആ നായയെ
ഏറെ ഇഷ്ടമാണ്. ലെയ്ക്കയുടെ കഥകൾ
കേട്ട് അവൾ ആവേശഭരിതയാണ്.
ഡെനിസോവിച്ചിനും ഭാര്യയ്ക്കും ജീവനാണ് മകൾ.

വിക്ഷേപണത്തിന് നാലുനാൾ മുൻപേ ലെയ്ക്കയെ പേലോഡ് അറയ്ക്കുള്ളിൽ ബന്ധിച്ചു. സൂര്യകിരണങ്ങളെ പഠിക്കാനുള്ള ഉപകരണം,റേഡിയോ ട്രാൻസ്മിറ്റർ,താപ നിയന്ത്രണ സംവിധാനം, ശ്വാസവും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും അളക്കുന്ന
ഇലക്ട്രോഡുകൾ-ഇതൊക്കെയാണ്
മറ്റു സന്നാഹങ്ങൾ.

വിക്ഷേപണം വൻവിജയമായി.

ആകാര വലുപ്പം കുറഞ്ഞ ഒരു പെൺപട്ടി
ലോകത്തിന്റെ നെറുകയിൽ കയറി നിന്ന നിമിഷം. ലോകം ഒരു നായയെ ഭ്രമണം ചെയ്തു.
ലെയ്ക്ക ലോക പ്രശസ്തയായി.
അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണമുണ്ടായി.
വൈകാതെ മനുഷ്യനും ശൂന്യാകാശത്ത് പോകുമെന്ന വലിയ പ്രതീക്ഷ ലോകം മുഴുവനും
പടർന്നു.പക്ഷേ ശാസ്ത്രത്തിന് വിലപ്പെട്ട വിവരങ്ങൾ നൽകിയ ശേഷം ശൂന്യാകാശത്ത്
മരണത്തെ പുൽകാനാണ് ലെയ്ക്കയുടെ വിധി.
ഭ്രമണപഥത്തിൽ നിന്നും ഉപഗ്രഹത്തെ തിരിച്ചു
കൊണ്ടു വരാനുള്ള ശാസ്ത്രജ്ഞാനം അന്ന് നിലവിലില്ല.

കാനിസ്റ്ററിലെ ഉയർന്ന താപനിലയിൽ ഹൃദയം
നിലച്ച് ലെയ്ക്ക എരിഞ്ഞടങ്ങി.
മാസങ്ങൾ കഴിഞ്ഞ് അവളെ വഹിച്ച ശൂന്യാകാശ പേടകം അപകേന്ദ്രബലം ക്ഷയിച്ച്, ഭ്രമണവ്യാസം
കുറഞ്ഞ് അന്തരീക്ഷത്തിലേക്ക് വീണ് കത്തി
ച്ചാൻപലായിട്ടുണ്ടാകും.അവളുടെ ജഡം ചാരമായി പ്രപഞ്ചത്തിന്റെ നാനാ ദിക്കിലുമായി
വർഷിക്കപ്പെട്ടിരിക്കാം.
2003-ൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചു കയറുൻപോൾ കത്തിയമർന്ന,
കൊളംബിയ എന്ന സ്പെയ്സ് ഷട്ടിലിലെ കൽപനാ ചൗളയെ പോലെ.

ഡെനിസോവിച്ചിന് ലെയ്ക്ക ഒരു വേദനയായി.
അതിന്റെ ആക്കം കൂട്ടി അൽപകാലത്തിനകം
സ്വന്തം മകളും അയാൾക്ക് നഷ്ടമായി.
പിന്നീടുള്ള കാലം അയാളും ഭാര്യയും ആ ദുഖം പേറിയാണ് ജീവിച്ചത്.
അവർ ആശ്വാസം കണ്ടെത്തിയത്
അനന്തത എന്ന യാഥാർത്ഥ്യത്തിലും.
നോവലിസ്റ്റ് തന്റെ ആഖ്യാനത്തിന്റെ
അടിത്തറയായി അവതരിപ്പിച്ച ആശയമാണ് അത്. ഡെനിസോവിച്ച് എഴുതി:

“ശൂന്യത ഒരത്ഭുത വസ്തുവാണ്.
സാക്ഷാൽക്കരിക്കാൻ ശ്രമിക്കും തോറും
അത് നിറഞ്ഞു നിറഞ്ഞു വരും.
ഒടുവിൽ നിറവിന്റെ ഒരു പൂർണതയിലെത്തുൻപോൾ ശൂന്യത ഒരു അനുഭവമാകുകയും ചെയ്യും.
അതിനാൽ,ശൂന്യാകാശത്തെ അന്വേഷിച്ചു ചെല്ലുൻപോൾ അത് പൂർണത തേടിയുള്ള അന്വേഷണത്തൊട് ഏറെ അടുത്തു ചെല്ലും.

പക്ഷേ ഗവേഷകരിൽ ഏറെപ്പേരും ഈ പൊരുളിനോട് താദാത്മ്യപ്പെടാത്തവരായിരുന്നു.
കൊച്ചു കൊച്ചു ഉപഗ്രഹങ്ങളെ ആകാശത്തേക്ക്
എയ്തുവിടാൻ മൽസരിക്കുന്ന മനസ്സായിരുന്നു
ഭൂരിപക്ഷവും.മാനത്തേക്ക് കടലാസ് വിമാനം
അയക്കുന്ന കുട്ടിയിൽനിന്ന് ഏറെയൊന്നും
പിന്നിലല്ലാത്ത നില. മനസ്സ് കടലാസ് വിമാനത്തിൽ അർപിച്ച് ഊണും ഉറക്കവും ബന്ധങ്ങളും വിസ്മൃതമായ കുട്ടികൾ.
എന്നാൽ എന്റെ സ്ഥിതിയാകട്ടെ ശൂന്യതക്കും നിറവിനുമിടയിലെ ഏതോ നിയോഗബിന്ദുവിൽ
തടവിൽ പെട്ടപോലെയായിരുന്നു.
മനുഷ്യാവസ്ഥയുടെ ഉൽഭവത്തിലെവിടെയോ
വഴിതെറ്റിച്ചെന്ന് പാടില്ലാത്ത വിധം ഞാൻ
ലെയ്ക്കയെ കുറിച്ച് ഖിന്നനായിക്കൊണ്ടിരുന്നു.”

ശൂന്യത എന്നാൽ ഇല്ലായ്മയല്ല.
നിറവിന്റെ ഉറവിടമാണ്.

റഷ്യൻ ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലിൽ പലയിടത്തും
മഞ്ഞ് ഇടതടവില്ലാതെ പെയ്യുന്നുണ്ട്.
മോസ്കൊയിലെ ജോലിസ്ഥലത്തു നിന്നും
തന്റെ ഗ്രാമത്തിലേക്കുള്ള തീവണ്ടി യാത്രക്കിടയിൽ, ഡെനിസോവിച്ച് വരച്ചിടുന്ന
ചിത്രങ്ങൾ അതിമനോഹരമാണ്.
ഇലപൊഴിച്ച മരങ്ങളും തണുത്തുറഞ്ഞ
തടാകങ്ങളും ശീതനിദ്രയിലാണ്ട ജീവിതവും.

ജനുവരിയിൽ നാട്ടിൽ പോയപ്പോൾ പ്രതീക്ഷിക്കാതെ കയ്യിൽക്കിട്ടിയതാണ്
‘ലെയ്ക്കയെ’. വാൻകൂവറിൽ തിരിച്ചെത്തി,
മഞ്ഞുവീഴുന്ന ഒരു പ്രഭാതത്തിൽ മൂന്നു മണിക്കൂർകൊണ്ട് അത് വായിച്ചു തീർത്തു.
കണ്ണും മനസ്സും നിറഞ്ഞു.
എഴുത്തുകാരനെ പറ്റിയുള്ള കുറിപ്പ് വായിച്ചപ്പോൾ അന്ന് അദ്ദേഹത്തിന്റെ ജൻമദിനമാണെന്നു കണ്ടു.
ഇമെയിൽ വിലാസമുണ്ട്.

ആശംസകൾ നേർന്ന്,നോവലിന് ചെറിയൊരു
ആസ്വാദനവുമെഴുതി അയച്ചു.
രണ്ടു ദിവസം കഴിഞ്ഞാണ് മറുപടി വന്നത്.
വൈകിയതിന് ക്ഷമാപണം.
കാനഡയിലെ വാൻകൂവർ പോലുള്ള ദൂരദേശത്തു പോലും ‘ലെയ്ക്ക’യെ വായിക്കുന്നവർ ഉണ്ട് എന്നതിൽ
എഴുത്തുകാരൻ ആനന്ദം പ്രകടിപ്പിച്ചു.
മഞ്ഞുപെയ്യുൻപോൾ അത് വായിക്കുന്നത്‌
സംവേദനം മറ്റൊരു തലത്തിലെത്തിക്കുമെന്നും
പറഞ്ഞു. എന്നെൻകിലുമൊരിക്കൽ നാട്ടിൽ വച്ചു നേരിൽക്കാണാം എന്നു പറഞ്ഞുകൊണ്ടാണ് ആ സന്ദേശം അവസാനിച്ചത്.

ലെയ്ക്കയുടെ ഓർമ്മകൾ റഷ്യയിലും ശാസ്ത്രലോകത്തും ഇന്നും നിലനിൽക്കുന്നു.
ആ നായക്ക് മലയാള സാഹിത്യത്തിൽ ഉചിതമായ ഒരു സ്ഥാനം നൽകിയ വി ജെ ജെയിംസ്, ലളിതമായ ഈ നോവലിൽ ആഴമുള്ള ആശയങ്ങൾ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.

മനുഷ്യനേയും ജീവികളേയും സസ്യജാലങ്ങളേയും
ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ചരടുണ്ട്,
പ്രകൃതിയിൽ.
ശൂന്യതയും നിറവും പരസ്പര പൂരകമാണ്.
ഒന്നില്ലാതെ മറ്റൊന്നില്ല.
ഏതു ചെറിയ ജീവിതവും അനന്തയെ പറ്റിയുള്ള
ഒരു അന്വേഷണവുമാണ്.

~ഡിബിൻ ജേക്കബ്~

Advertisements