ഡിബിൻ റോസ് ജേക്കബ്

വിംബിൾഡണിൽ മേയുന്ന ആട്
ജൂലൈ 2021.

പ്രിയദർശന്റെ പഴയൊരു സിനിമയുണ്ട്.മോഹൻലാൽ നായകനും ശ്രീനിവാസൻ വില്ലനുമായ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ (1988). സരസമായ ചിത്രത്തിലെ ഒരു രംഗത്തിൽ തട്ടിപ്പുകാരനായ ശ്രീനിവാസൻ എംജി സോമൻ മാനേജിംഗ് ഡയറക്ടറായ ഒരു ഷൂ കമ്പനിയുമായി ബിസിനസ് ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ചെക്കോസ്ലോവാക്യൻ കളിക്കാരൻ, ലോക ഒന്നാം നമ്പർ ടെന്നിസ് താരം ഇവാൻ ലെൻഡലിന്റെ ഫാനാണ് സോമൻ. ടെന്നിസിൽ വലിയ വിവരമില്ലാത്ത ശ്രീനിവാസൻ തട്ടിപ്പു തൊഴിലിൽ മികച്ച ഹോംവർക്ക് നടത്തും. നിലവിലെ മികച്ച താരങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ബുക്ക് സ്റ്റോളിൽ കയറി, സ്പോർട്സ് മാസികകൾ മറിച്ചു നോക്കി പബ്ലിക് ലൈബ്രറിയിൽ എന്ന പോലെ നോട്ട് എടുക്കുന്നു. സഹികെട്ട ഉടമ മാസിക തട്ടിപ്പറിച്ച് ശ്രീനിയെ പുറത്തു വിടുന്നു. “താനിനി കാശ് തന്നിട്ട് വായിച്ചാ മതി.” പിറ്റേന്ന് നഗരത്തിലെ ടെന്നീസ് കോർട്ടിൽ രാവിലെ പരിശീലിക്കാൻ വെളുത്ത ഷോർട്സും ടീഷർട്ടുമണിഞ്ഞ സോമൻ. സൈഡ്ലൈനിൽ നിന്ന് ശ്രീനി പറയുന്നു. “ഇവാൻ ലെൻഡൽ ഇന്ന് ജപ്പാനിലെ നിഹോ ഒഹാമയിൽ സ്റ്റെഫാൻ എഡ്ബർഗുമായി കളിക്കുന്നുണ്ട്.”
എവിടെ? നിഹോ ഒഹാമ. ഓ…..

ഞാൻ ദിനപത്രത്തിലെ കായിക പേജ് വായിച്ചു തുടങ്ങുന്ന കാലത്ത് ഇവാൻ ലെൻഡലും ജർമനിയുടെ ബോറിസ് ബെക്കറും സ്വീഡന്റെ എഡ്ബർഗുമായിരുന്നു പുരുഷ ടെന്നിസിലെ മുടിചൂടാമന്നന്മാർ. ലെൻഡലിന് കളിമൺ- ഹാർഡ് കോർട്ട് മേധാവിത്വം; ബെക്കർ ഗ്രാസ് കോർട്ടിന്റെ രാജാവ്, പതിനേഴാം വയസിൽ കിരീടം നേടി വിംബിൾഡണിന്റെ ഓമന. എഡ്ബർഗ് ഇവർക്ക് വെല്ലുവിളി. ഞാനാദ്യം ലെൻഡൽ ഫാനായിരുന്നു, പിന്നീട് ബെക്കറിനെ ഇഷ്ടപ്പെട്ടു. ബെക്കർ ഒരിക്കലും ഫ്രഞ്ച് ഓപ്പൺ നേടിയില്ല. മൂന്നു തവണ സെമിയിൽ തോറ്റു, കളിമണ്ണിനെ അയാൾ വെറുത്തു. ലെൻഡൽ വിംബിൾഡണും നേടിയില്ല, രണ്ടു തവണ ഫൈനലിൽ വീണു. മൂവരും എക്കാലത്തെയും മികച്ച താരങ്ങൾ. ആയിരം കളികൾ ജയിച്ച് 94 സിംഗിൾസ് കിരീടം നേടിയ ലെൻഡലിനെ പത്രക്കാർ പുൽപ്രതലത്തിലെ തോൽവികൾ ഓർമിപ്പിച്ചപ്പോൾ അയാൾ സഹികെട്ട് പറഞ്ഞു: വിംബിൾഡണിലെ പുല്ല് പശുക്കൾക്കുള്ളതാണ്!

ക്രിസ് എവർട്ട്, മാർട്ടിന നവരത്തിലോവ യുഗത്തിന് അന്ത്യം കുറിച്ച് സ്റ്റെഫി ഗ്രാഫ് എന്ന ജർമൻ പെൺകുട്ടി തേരോട്ടം തുടങ്ങിയ കാലമാണത്. ഞാൻ സ്റ്റെഫിയുടെ ആരാധകൻ. സ്പെയിനിന്റെ അരാന്ദ സാഞ്ചസ്, കൊഞ്ചിത മാർട്ടിനെസ്, അർജന്റീനിയൻ സുന്ദരി ഗബ്രിയേല സബാട്ടിനി, സ്ലോവാക്യയുടെ യാന നോവോട്ന എന്നിവർ സ്റ്റെഫിയുടെ എതിരാളികൾ. 1988-ൽ നാല് ഗ്രാന്റ് സ്ലാം കൂടാതെ ഒളിംപിക് സ്വർണവും നേടി ഗോൾഡൻ സ്ലാം കരസ്ഥമാക്കി ഗോൾഡൻ ഗേൾ എന്ന വിളിപ്പേര് നേടി. ആ പ്രയാണം 22 ഗ്രാന്റ് സ്ലാം കിരീടങ്ങളിലാണ് അവസാനിച്ചത്.സ്റ്റെഫിയുടെ കരിയറിൽ ഏറ്റവും വലിയ ഭീഷണി ഉയർത്തിയത് യൂഗോസ്ലാവ്യയുടെ മോണിക്ക സെലസ്. കനത്ത സെർവ്, അസാമാന്യ മികവ്. പവർ ടെന്നിസ് അവതരിച്ച കാലം. പതിനാറാം വയസ്സിൽ ഫ്രഞ്ച്‌ ഓപ്പൺ കിരീടം, കൗമാരം തീരുന്നതിനു മുമ്പ് എട്ട് ഗ്രാന്റ് സ്ലാം! ആധുനിക വനിത ടെന്നിസിൽ ഉദിച്ച മഹാ പ്രതിഭയായിരുന്നു സെലസ്. നിലവിലുള്ള
ചാംപ്യൻ സ്റ്റെഫി സെലസിനു മുന്നിൽ പതറി.ജർമൻ സുന്ദരിയുടെ തോൽവികൾ നാട്ടുകാരനായ ആരാധകന് സഹിച്ചില്ല. WTA സർക്യൂട്ടിലെ ഒരു മൽസരത്തിനിടയിൽ കളത്തിൽ കടന്നു കയറിയ അയാൾ സെലസിനെ കുത്തി, ഒരു സർജന്റെ പ്രസിഷനോടെ വലതു തോളിൽ. ഇനിയൊരിക്കലും നീ സെർവ് ചെയ്യരുത്! ടെന്നീസ് ലോകം നടുങ്ങി. സ്റ്റെഫി അറിഞ്ഞ കാര്യമല്ല, പക്ഷേ അതൊരു കറുത്ത പാടായി.

രണ്ടു വർഷം കഴിഞ്ഞ് സെലസ് പരിക്ക് ഭേദമായി മടങ്ങി വന്നു, പഴയ മികവ് പുലർത്താനായില്ല. 1996-ൽ നേടിയ ഓസ്‌ട്രേലിയൻ ഓപ്പൺ മനസ്സിന്റെ ദൃഢത വിളിച്ചോതി, പക്ഷേ ആ കുത്ത് അവളുടെ തോളിന്റെ ശക്തി ചോർത്തിയിരുന്നു, സ്റ്റെഫിയുടെ പാത എളുപ്പമായി. ഇപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു: പൂർണക്ഷമതയുള്ള സെലസും സ്റ്റെഫിയും തമ്മിലുള്ള വൈരം അവരെ ഇതിലും മേലേക്ക് കൊണ്ടു പോകുമായിരുന്നില്ലേ? പ്രത്യക്ഷത്തിൽ ശത്രു എന്ന് കരുതുന്നവരാണ് നിങ്ങളെ ഏറ്റവുമധികം സഹായിക്കുന്നത്. നിങ്ങളിലുള്ള ഏറ്റവും മികച്ചത് പുറത്തു കൊണ്ടു വരുന്ന അവർക്ക് നന്ദി പറയുക.

തൊണ്ണൂറുകളുടെ പാതിയിൽ ലെൻഡൽ-ബെക്കർ- എഡ്ബർഗ് ത്രയം മങ്ങി, ബൂട്ടഴിച്ചു.രണ്ട് അമേരിക്കൻ യുവാക്കൾ ബാറ്റൺ ഏറ്റെടുത്തു- പീറ്റ് സാംപ്രസ്, ആന്ദേ അഗാസി. കനമുള്ള കറുത്ത മുടിയുള്ള അസ്സൽ പ്രഫഷണൽ സാംപ്രസും, നീണ്ട സ്വർണമുടി ബേസ് ബോൾ ക്യാപിനു പിന്നിലൂടെ തൂക്കിയിട്ട് കാതിൽ കുരിശ് ധരിച്ച പ്ളേബോയ് അഗാസിയും പ്രതിഭയിൽ തുല്യരായിരുന്നു. ചിട്ടയായ പരിശീലനത്തിലൂടെ ഗെയിമിന്റെ നിലവാരം ഉയർത്തിയ സാംപ്രസ് എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലേക്ക് കയറി, ജീവിതാനന്ദം ആവോളം നുകർന്ന അഗാസി താഴേക്ക് പോയി. വഴികൾ തിരുത്തി അയാൾ തിരിച്ചു വന്നു, വീണ്ടും ഗ്രാന്റ് സ്ലാം നേടി സാംപ്രസിന് ഒത്ത എതിരാളിയായികോർട്ടിനെ പോരാട്ടവീര്യത്താൽ ജ്വലിപ്പിച്ചു.
2003-ൽ പതിനാലാം ഗ്രാന്റ് സ്ലാം നേടി

സാംപ്രസ് കളം വിട്ടു. അതേ വർഷം അഗാസിയെ കസേരയിൽ നിന്നിറക്കി സൗമ്യനും സുന്ദരനുമായ ഒരു സ്വിസ് യുവാവിന്റെ കിരീടധാരണം- റോജർ ഫെഡറർ. സ്വപ്നസമാനമായ കളി. അതിനു മുമ്പുള്ള താരങ്ങൾ ഒന്നുകിൽ കലാപരതയിൽ, അല്ലെങ്കിൽ കാര്യക്ഷമതയിൽ മുന്നിൽ.ഇയാൾ രണ്ടിലും അഗ്രഗണ്യൻ.
പരിപൂർണതയോട് ഏറ്റവും അടുത്തവൻ.ആന്റി റോഡിക്, മാരറ്റ് സാഫിൻ, ലെയ്ട്ടൺ ഹെവിറ്റ്, ഗ്രെഗ് റുസദെസ്കി- സമകാലീനർ ചെറിയ പുള്ളികൾ അല്ലായിരുന്നു, പക്ഷേ ഫെഡറർക്കു മുന്നിൽ അവർ വെറും സാധാരണ കളിക്കാർ. ഏഴു വർഷം അയാൾ ടെന്നീസിനെ ഭരിച്ചു, അപ്പോൾ സ്പെയിനിലെ മയോർക്ക ദ്വീപിൽ നിന്ന് പുറപ്പെട്ട ഒരു പയ്യൻ വഴിയിൽ തടസമായി- റാഫേൽ നദാൽ. റോജർ ഫെഡററിന്റെ അന്തകൻ.

മൃദുസ്പർശവും ഘോരശക്തിയും തമ്മിലുള്ള കിടമൽസരം. വിജയദാഹത്തിൽ അവർ തുല്യർ. നാളിതു വരെ പാരീസിലെ റോളങ് ഗാരോസ് കളിമൺ കോർട്ട് നദാലിന് തറവാട്ട് സ്വത്ത് പോലെയാണ്, ഇരുപത് ഗ്രാന്റ് സ്ലാമിൽ പതിമൂന്നെണ്ണം അവിടെ നിന്ന്.2010-നു ശേഷം സ്വിസ് മാസ്റ്റർ കൊടുമുടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങി. തുടരെ പരുക്കുകൾ, ശസ്ത്രക്രിയ, നീണ്ട ഇടവേളകൾ. അവസരം മുതലെടുത്ത എതിരാളികൾ പിന്തുടർന്ന് പിടിച്ചു. പക്ഷേ മലയിറക്കത്തിൽ നേടിയത് അഞ്ചു ഗ്രാന്റ് സ്ലാമും 36 സിംഗിൾസ് കിരീടവും. അയാളുടെ ക്ളാസ് വ്യക്തമാകുന്നു. രണ്ട് കൂറ്റന്മാരോട് തോൽക്കാൻ മാത്രം യോഗമുണ്ടായിരുന്ന സെർബിയൻ നൊവാക് ജോക്കോവിച്ച്‌ തുടർന്ന് വന്ന ദശകത്തിൽ കളം പിടിച്ചു. ഫെഡറർ പ്രചോദിപ്പിച്ച ഒരു തലമുറ ഫെഡററിന് വെല്ലുവിളിയായി, പക്ഷേ കളിക്കും കാണികൾക്കും പരമാനന്ദം. സ്വിസ് ജീനിയസിന്റെ ഓൾ ടൈം റെക്കോർഡ് നദാൽ കൈപ്പിടിയിൽ ഒതുക്കുമെന്ന് ടെന്നീസ് ലോകം ഉറപ്പിച്ച നേരത്താണ് ജോക്കോവിച്ച്‌ അടിച്ചു കയറിയത്. നദാൽ ഫെഡററുടെ അന്തകനെങ്കിൽ, നദാലിന്റെ അന്തകൻ ജോക്കോവിച്ച്‌! ഇരയും വേട്ടക്കാരനും മാറിമറിയുന്ന ടെന്നിസ് വനം.

നദാലിന്റെ ഫ്രഞ്ച് കളിമൺ കോട്ട ഇളകാൻ തുടങ്ങി, എട്ട് കിരീടം നേടിയ ഫെഡ് എക്സ്പ്രസിന്റെ വിംബിൾഡൺ പുൽമേടിന് ജോക്കോ തീയിട്ടു. 20 വീതം ഗ്രാന്റ് സ്ലാം വീതം നേടി മൂവർ സംഘം ഇപ്പോൾ തുല്യത പാലിക്കുന്നു. പതിനേഴ് വർഷത്തിൽ അവർക്കിടയിൽ അറുപത് ശ്രേഷ്ഠ കിരീടങ്ങൾ. ഇത്തരം കടുത്ത മാൽസര്യം ഗെയിമിന്റെ ചരിത്രത്തിൽ ആദ്യം. ഈ തലമുറയിൽ കളിച്ചു തെളിഞ്ഞവർ അനേകരുണ്ട്. പലരുടേയും പേരുകൾ വിസ്മൃതമായി. അവരെ ഈ മൂന്നു പേർ മായിച്ചു കളഞ്ഞു. ബ്രിട്ടന്റെ ആന്റി മറേയും ഫെഡററുടെ നാട്ടുകാരൻ സ്റ്റാൻ വറിങ്കയും മാത്രമാണ് ചെറിയ തടസ്സം ഉണ്ടാക്കിയത്. ഇവാൻ ലെൻഡൽ പരിശീലകനായ കാലത്ത് പിഴവുകൾ തിരുത്തിയ മറേ വിജയപീഠം കയറി, മൂന്ന് ഗ്രാന്റ് സ്ലാമും ലണ്ടൻ ഒളിംപിക്‌ സ്വർണവും നേടി (2012) ഒന്നാം നമ്പറുമായി. ബിഗ് ത്രീ എന്നതിന് പകരം ബിഗ് ഫോർ എന്ന് പറഞ്ഞിരുന്ന ആ കാലം. എന്നാൽ ലെൻഡൽ വിട്ടുപോയപ്പോൾ മറേ താഴേക്ക് പോയി.

വിംബിൾഡണിലെ പുല്ല് പശുക്കൾക്കുള്ളതാണ് എന്ന ലെൻഡൽ വചനവും ഒരാഴ്ച മുമ്പ് ആറാം വിംബിൾഡൺ കിരീടം നേടിയ ജോക്കോ സെന്റർ കോർട്ടിലെ പുല്ല് പറിച്ചു തിന്നുന്ന ചിത്രവും ചേർത്തു വച്ചാൽ? കലാശപ്പോരാട്ടം കഴിഞ്ഞ് പുല്ല് ചവയ്ക്കുന്നത് അയാളുടെ ശീലമാണത്രേ! ഇതിനു മുമ്പ് അഞ്ചു തവണയും അത് ചെയ്തിട്ടുണ്ട്. ടെന്നീസ് താരങ്ങളുടെ പോസ്റ്ററുകൾ മുറിയിൽ പതിച്ച്, വളർന്നു വലുതാകുമ്പോൾ വിംബിൾഡൺ ചാംപ്യനാകുന്നത് സ്വപ്നം കണ്ട ഒരു ബാല്യം ഉണ്ടായിരുന്നു. മെൻസ് സർക്യൂട്ടിൽ ഗ്രാസ് കോർട്ടിൽ ഫെഡറർ ജോക്കോയെ പന്ത് തട്ടുന്ന പോലെ തട്ടിയ കാലത്ത് ആ സ്വപ്നം അസാധ്യമെന്ന് കരുതി. ഫെഡറർ ഇറങ്ങാൻ തുടങ്ങിയ ഗ്യാപിൽ വിശുദ്ധമായ പുൽകോർട്ടിൽ നദാൽ കയറി,ഇവർക്കിടയിൽ ഒരു മറയായി ആൻഡി മറേ. 2011-ൽ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ നദാലിനെ പിന്തള്ളി വിംബിൾഡൺ കിരീടം പിടിച്ച ജോക്കോ കരിയറിന് ഭീഷണി ഉയർത്തിയ പരിക്കും മറികടന്ന് സെന്റർ കോർട്ടിൽ കോട്ട പണിയുമ്പോൾ നെഞ്ചു പൊള്ളുന്നത് ഞാനടക്കമുള്ള ഫെഡറർ ഫാൻസിനാണ്.
പുല്ല് തീറ്റ ഒരു പ്രതീകമാണ്, ഒരിക്കൽ അപ്രാപ്യമായ മേട്ടിൽ വീണ്ടും വീണ്ടും ഞാൻ മേയും എന്ന അസന്ദിഗ്ധമായ പ്രഖ്യാപനം.അപ്പോൾ ഒരു ചോദ്യം ഉയരുന്നു? ആരാണ് പുരുഷ ടെന്നിസ് ചരിത്രത്തിലെ ആട്?
The GOAT?
Greatest Of All Time?
~
അനുബന്ധം: ജൂലൈ 2022
ഒരു വർഷം മുമ്പ് ഈ ലേഖനം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ വലിയ പ്രതികരണം ലഭിച്ചിരുന്നു. ഏറെപ്പേരെ സ്പർശിച്ചു, അവർ വീരനായകരെ ഓർത്തു. യൗവനത്തിലേക്ക് തിരിച്ചു പോയി. ഗൃഹാതുരത്വം ഉണർന്നു, ആവേശകരമായ ചർച്ച നടന്നു. ഞാൻ പരാമർശിക്കാതിരുന്ന ലജൻഡുകളേയും എതിരാളികളേയും വായനക്കാർ ഓർമിപ്പിച്ചു. അവരുടെ ഫേവറിറ്റുകളെ വിട്ടുകളഞ്ഞതിന് ചിലർ പരാതിപ്പെട്ടി തുറന്നു, രണ്ടാം ഭാഗം എഴുതാമെന്ന് ഞാൻ വാക്കു കൊടുത്തു.ഇത് ടെന്നീസിന്റെ സമ്പൂർണ ചരിത്രമല്ല, പക്ഷേ കളിയാവേശത്തെ ഉണർത്താൻ പര്യാപ്തമായിരുന്നു. ഈ കളിയെ സ്നേഹിക്കുന്ന ഇത്രയധികം മലയാളികൾ ഇപ്പോഴുമുണ്ട് എന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തി.

ടെന്നിസിലെ എക്കാലത്തെയും മികച്ച പുരുഷ താരം ആര് എന്ന ചോദ്യമാണ് ഞാൻ ഈ ലേഖനത്തിൽ ഉയർത്തിയത്. GOAT- Greatest Of All Time. രണ്ടാം ഭാഗത്തിൽ വ്യക്തമായ ഉത്തരം തേടാമെന്ന് കരുതി, എന്നാൽ ഇനിയത് എഴുതുന്നില്ല. GOAT അനുചിതമായ ഒരു പേരാകുന്നു, അതുകൊണ്ടാണ് ഒരു ചോദ്യമാക്കിയത്. കണക്കുകൾക്ക് അപ്പുറമാണ് മഹത്വം. കളിച്ച കാലം, നിലവാരം, നിയമം, എതിരാളി, പ്രതലം, രാഷ്ട്രീയം, ചരിത്രം, സംസ്കാരം, സാമ്പത്തികം- എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. പല തലമുറയിലെ താരങ്ങളെ താരതമ്യം ചെയ്യൽ എളുപ്പമല്ല, ഒരേ തലമുറയെതാരതമ്യം ചെയ്യുന്നതിലും പിശകുണ്ട്.

കളി രസിപ്പിച്ചോ, സൗന്ദര്യം ഉണ്ടായിരുന്നോ? കാണിയെ പ്രചോദിപ്പിച്ചോ? നിങ്ങളിലെ വീര്യം ഉണർത്തിയോ? കൗമാരത്തിൽ ലോകം കീഴടക്കി, ഒരു കത്തിമുനയിൽ അർധവിരാമം പോലെ കരിയർ അവസാനിച്ച മോണിക്ക സെലസ് എവിടെ നിൽക്കും? കറതീർന്ന പ്രഫഷണൽ സാംപ്രസ്? അടിത്തട്ട് കണ്ടു മടങ്ങി വീണ്ടും ഒന്നാമനായ അഗാസി? മരറാക്കറ്റുമായിഇറങ്ങി കളം കീഴടക്കി, മുപ്പത് വയസിന് മുമ്പ് കളി നിർത്തിയ സ്വീഡന്റെ ബ്യോൺ ബോർഗ്? അമേരിക്കയുടെ വികൃതിപ്പയ്യൻ മക്കൻറോ?

167 സിംഗിൾസ് കിരീടം നേടിയ മാർട്ടിന നവ്രത്തിലോവ? അയത്ന ലാളിത്യമുള്ള ക്രിസ് എവർട്ട്? കോർട്ടിലെ ആദ്യ ഫെമിനിസ്റ്റ് ബില്ലി ജീൻ കിംഗ്? 24 ഗ്രാന്റ് സ്ലാം നേടിയ മാർഗരറ്റ് കോർട്ട്? സെറീനയുടേയും വീനസിന്റേയും നേട്ടങ്ങൾ ഐതിഹാസികം, പക്ഷേ ടെന്നിസ് ചരിതം അവരിൽ തുടങ്ങി അവരിൽ അവസാനിക്കില്ല.ഇന്ത്യക്കാർക്ക് സച്ചിൻ ദേവതുല്യനാകാം.പക്ഷേ വെസ്റ്റ് ഇൻഡീസിന് ബ്രയൻ ലാറയുടെ
അപ്പുറം ആരുമില്ല. തൊട്ടു മുമ്പുള്ള തലമുറയുടെ രാജാവ് വിവിയൻ റിച്ചാർഡ്സ് ഇന്നും രാജാവാണ്. സച്ചിനെ ബഹുമാനിക്കും, പക്ഷേ ഓസ്‌ട്രേലിയയുടെ ഒന്നാമൻ എന്നും ഡോൺ ബ്രാഡ്മാൻ ആയിരിക്കും. മൂന്ന് ഒളിംപിക്സിലായി ഒമ്പത് സ്വർണം നേടിയ മഹാനായ അത്ലറ്റ് കാൾ ലൂയിസിനെ, ബർലിൻ ഒളിംപിക്സിൽ ഹിറ്റ്ലറുടെ ആര്യൻ മേധാവിത്വത്തെ ട്രാക്കിൽ ഒറ്റയ്ക്ക് വെല്ലുവിളിച്ച ജെസ്സി ഓവൻസുമായി താരതമ്യം ചെയ്യുന്നത് അനുചിതമാകും. സ്വദേശത്തു പോലും വംശവിദ്വേഷം നേരിട്ട് പൊരുതി മുന്നേറിയ ഇതിഹാസമാണ് ഓവൻസ്. നാലു സ്വർണം നേടി മടങ്ങി വന്നിട്ടു പോലും ജെസ്സിയെ അംഗീകരിക്കാതിരുന്ന സമൂഹമായിരുന്നു അന്നത്തെ അമേരിക്ക. തന്റെ ബഹുമാനാർത്ഥം ഒരു ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ, പ്രധാന വാതിലിലൂടെ വേദിയിൽ പ്രവേശിക്കാൻ പോലും ജെസ്സിയെഅനുവദിച്ചില്ല. നിവൃത്തിയില്ലാതെ ഒളിംപ്യന് അടുക്കള വഴി അകത്തു കടക്കേണ്ടി വന്നു.

എന്നാൽ 23 സ്വർണ മെഡൽ നേടിയ, നീന്തൽക്കുളത്തിലെ സൂപ്പർമാൻ മൈക്കൽ ഫെൽപ്‌സിനേക്കാൾ മഹത്വം ജെസ്സി ഓവൻസിൽ കാണുന്നവരുണ്ട്. നമ്മുടെ ഇഷ്ടവും ആസ്വാദനവും അനുഭവവും വ്യക്തിപരം. പക്ഷം ചേരാതെ കാണുന്ന കളിയേക്കാൾ വിരസമായി മറ്റൊന്നില്ല. വ്യക്തിപരമായ ഇഷ്ടം കളിക്കാരുടെ മഹത്വം നിർണ്ണയിക്കാനുള്ള അളവായി മാറുമ്പോഴാണ് പ്രശ്നം. നിർഭാഗ്യവശാൽ, കാണികൾക്ക് വിപരീത ദ്വന്ദം (dichotomy) ഇല്ലാതെ മൂല്യം അളക്കാൻ കഴിയാറില്ല. ഒരാൾ മികച്ചവനെന്നു സ്ഥാപിക്കാൻ മറ്റൊരാൾ മോശമെന്നു പറയേണ്ടി വരുന്നു- സ്പോർട്സിൽ മാത്രമല്ല,മറ്റെല്ലാ രംഗത്തും. മാധ്യമങ്ങൾ പ്രോൽസാഹിപ്പിക്കും. അവർക്ക് സെൻസേഷൻ ഉണ്ടാക്കി കച്ചവടം കൂട്ടണം. ലൈവ് ടെലിവിഷന്റെ സ്വാധീനവുമുണ്ട്. കൺമുന്നിൽ കാണുന്നതാണ് സത്യമെന്ന് കരുതും. കഴിഞ്ഞു പോയ തലമുറയുടെ മഹത്വം ഇന്നുള്ളവർക്ക് വെറും പഴങ്കഥ. പെലെ- മറഡോണ, സെന്ന-ഷൂമാക്കർ, അലി- ടൈസൺ, ഫിഷർ- കാസ്പറോവ്– ഇവരിൽ കൂടുതൽ മഹത്വം ആർക്കാണെന്ന് നിശ്ചയിക്കുക കഠിനം. ശൈലിയിൽ അങ്ങേയറ്റം വ്യത്യസ്തരായ ആ പ്രതിഭകൾ അവരുടെ കേളീരംഗത്തെ ധന്യമാക്കി, ആ കാലത്തെ ആനന്ദിപ്പിച്ചു; പിന്നാലെ വന്നവരെപ്രചോദിപ്പിച്ചു. അവരിൽ ചിലരെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ആനന്ദത്തിന് അവരും കാരണമായി. സമഗ്രമായ കാഴ്ചയിലാണ് സ്പോർട്സ് അതിന്റെ ലക്ഷ്യം നേടുന്നത്.

20 ഗ്രാന്റ്സ്ലാം നേടിയ ഫെഡററിന്റെ യാത്ര ഏതാണ്ട് തീർന്നിരിക്കുന്നു. ഒരു വർഷത്തിനിടയിൽ നദാൽ രണ്ടു ഗ്രാന്റ്സ്ലാം കൂടി നേടി. ജോക്കോ വിംബിൾഡണിൽ വീണ്ടും വാണു. നദാലിനെ മറികടന്ന് ഏറ്റവും കൂടുതൽ ഗ്രാന്റ്സ്ലാം നേടിയ റെക്കോർഡ് ജോക്കോ നേടാനാണ് എല്ലാ സാധ്യതയും. അതുകൊണ്ട് അയാൾ എക്കാലത്തെയും മികച്ച താരമാകുമോ? നദാലിന്റേയും ഫെഡററിന്റേയുംമഹത്വം അൽപം പോലും കുറയില്ല. ഇരുപത് കിരീടങ്ങൾ മനുഷ്യസാധ്യമല്ലെന്ന് ടെന്നിസ് ലോകം കരുതിയ ഒരു കാലമുണ്ടായിരുന്നു.ഇനി ജോക്കോ എത്ര തവണ വിജയസോപാനംകയറിയാലും എന്റെ ഹീറോ റോജർ ഫെഡറർ ആയിരിക്കും. കാരണം ഞാനൊരു സൗന്ദര്യാസ്വാദകനാണ്, രൂപത്തേക്കാൾ ഉപരി കളിയിലെ ചാരുത.  ലെൻഡലും ബെക്കറും അഗാസിയും സ്റ്റെഫിയും എന്റെ മനസ്സിൽ മായാതെ നിൽക്കും. കണക്കുകൾ വെളിപ്പെടുത്തുന്നതിനേക്കാൾ ഏറെ മറച്ചു വയ്ക്കുന്നു. നമുക്കെല്ലാവർക്കും നമ്മുടെ പ്രിയങ്കരരുണ്ട്. തർക്കിക്കാൻ രസമാണ്, പക്ഷേ ഏതൊരു കായിക ഇനത്തിലും ആരാണ് എക്കാലത്തേയും ഒന്നാമൻ എന്ന ചോദ്യത്തിന് ഉത്തരമില്ല. അഭിപ്രായ സമന്വയത്തിലൂടെ കണ്ടെത്താനാവില്ല. തുല്യരിൽ ഒന്നാമനെ നിർയയിക്കാൻ ആസ്വാദകർക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ആ തിരഞ്ഞെടുപ്പ് തികച്ചും വ്യക്തിപരമായിരിക്കും. മറ്റൊരാളുടെ മാനദണ്ഡവും അഭിപ്രായവും മറ്റൊന്നാവും. തന്റെ വീരന്മാരോടൊപ്പം ഒരു കാണി കളിക്കുന്ന കളി മറ്റാർക്കും കാണാനാകില്ല.

Leave a Reply
You May Also Like

തോമസ്‌ മുള്ളറുടെ കോപ്രായങ്ങള്‍ അഥവാ ഒരു പിറന്നാള്‍ സമ്മാനം

അത്ര മനോഹരമാണ് ഈ വീഡിയോ..ഒന്ന് കണ്ടു നോക്കു…

മലയോളം നേടിയിട്ടും കുന്നോളം അവശേഷിപ്പിക്കാൻ സാധിക്കാത്ത പ്രതിഭ

2006 – 07 ൽ BBC TV യുടെ ഡാൻസ് റിയാലിറ്റി ഷോയിൽ ഒരു അപൂർവത…

ചരിത്രത്തിലെ ഏറ്റവും ഭീകരമായ സ്പോര്‍ട്സ്‌ ആക്സിഡന്റുകള്‍

ചിലരുടെ അപകട നിമിഷങ്ങളിലൂടെ നമുക്കൊന്ന് കടന്നു പോകാം.

250 വിക്കറ്റുകൾ പലരും നേടിയിട്ടുണ്ടെങ്കിലും കെമർ റോച്ചിന്റെ നേട്ടം എടുത്തുപറയാൻ കാരണമുണ്ട്

പ്രതാപം ക്ഷയിച്ച തറവാട്ടിലെ പോരാളി സിറിൾ വാഴൂർ ലോകക്രിക്കറ്റിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പേരുകളിൽ ഒന്നായ…